TopTop
Begin typing your search above and press return to search.

ചോക്ലേറ്റ് പ്രണയ കഥയായ ദേവ്; അനുരാഗ് കാശ്യപ് എന്ന ആശാന്റെ പാതയിലല്ല ശിഷ്യന്‍

ചോക്ലേറ്റ് പ്രണയ കഥയായ ദേവ്; അനുരാഗ് കാശ്യപ് എന്ന ആശാന്റെ പാതയിലല്ല ശിഷ്യന്‍

നെഗറ്റീവ് റിവ്യൂസ് ആവോളം വായിച്ചാണ് കാർത്തിയുടെ ദേവ് കാണാൻ പോയത്. അതുകൊണ്ടാണോ എന്തോ അതിനെ അത്ര ബോറൻ അനുഭവമായി തോന്നിയില്ല. മികച്ചതെന്ന് പറയാനായി ഒന്നുമില്ലെങ്കിലും സീറ്റിൽ ചാഞ്ഞിരുന്നു ലൈറ്റ് മൂഡിൽ ചോക്ലേറ്റ് പോലെ ആസ്വദിച്ചു കളർഫുള്ളായ ഒരു ലവ്സ്റ്റോറി.

എല്ലാ അർത്ഥത്തിലും തല്ലിപ്പൊളിയായിരുന്നു ഇതിനു മുന്‍പേ വന്ന കാർത്തിസിനിമയായ കടയ്ക്കുട്ടി സിങ്കം, എന്നിട്ടും അത് കഴിഞ്ഞ വർഷത്തെ തമിഴിലെ മെഗാഹിറ്റുകളിൽ ഒന്നായിരുന്നു. സ്പൂഫ് പോലെയുള്ള കടയ്ക്കുട്ടിയെ വിജയിപ്പിച്ചവർ തന്നെയാണ് അതിസമ്പന്നരുടെ പ്രണയകഥയായ ദേവിനെ തള്ളിപ്പറയുന്നത് എന്നതാണ് വൈപരീത്യം. അല്ലെങ്കിലും പണക്കാർക്കിവിടെ ചോദിക്കാനും പറയാനും ആരുമില്ലല്ലോ…!

സമ്പന്നനായ രാമലിംഗത്തിന്റെ മകൻ ദേവും സ്വന്തം നിലയിൽ സാൻഫ്രാൻസിസ്കോയിൽ ഒരു വൻകിട കമ്പനിയുടെ സി ഇ ഓ ആയ മേഘ്‌ന പദ്മാവതിയും തമ്മിലുള്ള പ്രണയവും പ്രതിസന്ധികളും ഒത്തുചേരലും ആണ് അനുരാഗ് കശ്യപിന്റെ അസിസ്റ്റന്റ് ആയിരുന്ന രജത് രവിശങ്കർ തന്റെ ആദ്യ സിനിമയ്ക്ക് പ്രമേയമായി തെരഞ്ഞഞ്ഞെടുത്തിരിക്കുന്നത്. ആശാന്റെ പാതയിൽ അല്ല ശിഷ്യന്റെ വരവ്. പക്ഷെ, പ്രണയമെന്നത് എത്ര ആവർത്തിച്ചാലും വാച്ചബിൾ ആയ ഒരു ഐറ്റമാണല്ലോ. കൂട്ടത്തിൽ എവറസ്റ്റ് ആരോഹണം പോലെ വറൈറ്റി നമ്പറുകളും ബ്ലെൻഡ് ചെയ്തിട്ടുണ്ട്.

കഷ്ടപ്പാടുകളിലൂടെ വളർന്ന മേഘ്‌നയ്ക്ക് പണം സമ്പാദിക്കുന്നതും അത് വർധിപ്പിക്കുന്നതും ആണ് ജീവിതലക്ഷ്യം എങ്കിൽ, സമ്പത്തിൽ ജനിച്ചുവളർന്ന ദേവിന് അത് ചെലവഴിക്കുന്നതും കൂൾ ആയി അടിച്ചുപൊളിച്ച് ജീവിക്കുന്നതും ആണ് ഹോബി. "നീ അലസമായി എന്നെയും സ്നേഹിച്ച് ജീവിച്ചോ, ഞാൻ നിന്നെ നോക്കി സംരക്ഷിച്ച്ക്കൊള്ളാം” എന്ന് നായകനോട് പറയുന്ന നായിക സിനിമാ ചരിത്രത്തിൽ അപൂര്‍വ്വമായിരിക്കും.

രാകുൽ പ്രീത് സിംഗ് ഇതുവരെ കണ്ടതിൽ ഏറ്റവും ഗ്ലാമറസ് ആയാണ് മേഘ്‌ന ആയി വരുന്നത്. ഐകാൻഡി എന്നൊക്കെയുള്ള പ്രയോഗം അന്വർത്ഥമാക്കും വിധം! കാർത്തിയാകട്ടെ വൃത്തിയും മെനയുമുള്ള ഹെയർസ്റ്റൈലിലും കോസ്റ്റ്യൂംസിലും കൂടുതൽ സുന്ദരനായിരിക്കുന്നു. പടം മുഷിയാത്തതിന് കാരണം ഇവർ കൂടിയാണ്. പിന്നെ അമ്മയുടെയും അച്ഛന്റെയും വാത്സല്യം ഒറ്റയടിക്ക് എക്സ്പ്രസ് ചെയ്യാൻ കഴിയുന്ന പ്രകാശ് രാജ്. മേഘ്‌നയുടെ അമ്മയായ രമ്യാകൃഷ്ണനെ പക്ഷെ ഒതുക്കിക്കളഞ്ഞു.

ഉക്രെയിൻ, സാൻഫ്രാൻസിസ്കോ, ഹിമാലയം പോലുള്ള ലൊക്കേഷൻസ്, അതിനൊത്ത ക്യാമറാ ഫ്രയിംസ്, മുട്ടിന് മുട്ടിനുള്ള ഹാരിസ് ജയരാജിന്റെ പാട്ടുകൾ, അന്‍പറിവ്‌ കൊറിയോഗ്രഫി ചെയ്ത കിടിലനൊരു ഫൈറ്റ് അങ്ങനെ പല ചേരുവകൾ പരമ്പരാഗതപ്രേക്ഷകനെ സുഖിപ്പിക്കാനായി ഉണ്ട്. ഴോണർ അറിഞ്ഞ് സീറ്റിലിരിക്കണം എന്നേ ഉള്ളൂ.

“ഒരു നൂറു മുറൈ വന്തു പോന പാതൈ..” എന്നാണ് പാട്ടുകളിൽ ഒന്നിന് താമരൈ എഴുതിയ ലിറിക്സിലെ പല്ലവി. സിനിമയെപ്പറ്റിയും അങ്ങനെ തന്നെ പറയാം. പക്ഷെ, പോകുന്ന പാതയെ കുറിച്ച് ധാരണയുണ്ടെങ്കിൽ നൂറാമത് പോവുമ്പോഴും ഒരേ പാതയിലൂടെ ആസ്വദിച്ച് പോവാം. വിഷയം പ്രണയമായത് കൊണ്ട് തന്നെ.


Next Story

Related Stories