Top

ഒരുപാട് പേര്‍ അവരുടെ വിയര്‍പ്പ് പിഴിഞ്ഞെടുത്ത് ഉണ്ടാക്കിയ സിനിമ; കുമ്പളങ്ങിയിലെ തീയോര്‍മകള്‍ പങ്കുവച്ച് അസിസ്റ്റന്റ് ഡയറക്റ്റർ

ഒരുപാട് പേര്‍ അവരുടെ വിയര്‍പ്പ് പിഴിഞ്ഞെടുത്ത് ഉണ്ടാക്കിയ സിനിമ;  കുമ്പളങ്ങിയിലെ തീയോര്‍മകള്‍ പങ്കുവച്ച് അസിസ്റ്റന്റ് ഡയറക്റ്റർ
മികച്ച പ്രതികരണങ്ങൾ നേടി 'കുമ്പളങ്ങി നൈറ്റ്സ്' എന്ന ചിത്രം പ്രദർശനം തുടരുകയാണ്. നവാഗതനായ മധു സി നാരായണന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ഷൈൻ നിഗം,ഗ്രേസ് ആന്റണി തുടങ്ങിയവർ പ്രധന വേഷത്തിൽ എത്തിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്യാം പുഷ്കരനാണ്.

കുമ്പളങ്ങിയിലെ രാത്രി ഓർമ്മകൾ പങ്കുവെക്കുകയാണ് ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്റ്ററായ ദേവദത്ത് ഷാജി. അബദ്ധങ്ങള്‍ പറ്റുന്ന സമയങ്ങളില്‍ ശ്യാം പുഷ്കരന്‍ സാറിന്റെ കൗണ്ടര്‍ അദ്ദേഹത്തിന്റെ സ്ക്രിപ്റ്റുകള്‍ പോലെ തന്നെയാണ്. രണ്ടാമത് ആലോചിക്കുമ്പോള്‍ പുതിയത് പലതും കിട്ടുന്ന ഐറ്റങ്ങള്‍. കൂട്ടിക്കിഴിച്ചു നോക്കുമ്പോള്‍ ടെക്നിക്കലായും അല്ലാതെയും പറ്റിയ തെറ്റുകളാണ് ഓര്‍മ്മയിലാദ്യം. പക്ഷെ അതെല്ലാം തന്നെയാണ് കുമ്പളങ്ങി തന്ന പാഠങ്ങളും എന്ന് അസിസ്റ്റന്റ് ഡയറക്റ്റർ ദേവദത്ത് പറയുന്നു.

നിരവധി ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാവുകയും, 'എന്റെ സ്വന്തം കാര്യം'എന്ന ഹ്രസ്വ ചിത്രത്തിലൂടെ ദിലീഷ് പോത്തന്റെ ശ്രദ്ധ നേടുകയും അങ്ങനെ പോത്തേട്ടന്റെ ക്ഷണത്തിലൂടെ കുമ്പളങ്ങി നൈറ്റ്‌സിൽ എത്തുകയും ചെയ്ത യുവ സംവിധയകനാണ് ദേവദത്ത്. കുമ്പളങ്ങിയിലെ തീയോർമ്മകൾ എന്ന പേരിൽ ദേവദത്ത് തന്റെ ആദ്യ സിനിമ അനുഭവം പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യങ്ങൾ പറയുന്നത്.കുമ്പളങ്ങിയിലെ തീയോർമ്മകൾ...

രാത്രികളായിരുന്നു ഏറെയും.സൂര്യപ്രകാശം വന്നു തുടങ്ങുമ്പോള്‍ ഷൂട്ട് നിര്‍ത്തും.വെളുപ്പിന് ആറു മണിയൊക്കെ ആവുമ്പോഴേയ്ക്കും സെറ്റില്‍ തന്നെ പ്രാതല്‍ കഴിച്ച് നേരെ റൂമിലേയ്ക്ക് പോകും.ഉച്ചയ്ക്ക് ശേഷമേ പിന്നീട് ഷൂട്ട് ഉണ്ടാവൂ.പക്ഷെ പകലുറക്കത്തിന് ഒരു പ്രശ്നമുണ്ട്.ഇടയിലെങ്ങാനും എഴുന്നറ്റ് പോയാല്‍ പിന്നെ ഉറങ്ങാന്‍ സാധിയ്ക്കില്ല.എന്നാലും നെപ്പോളിയന്റെ മക്കളുടെ വാതിലില്ലാത്ത വീട്ടിലും, കുടുംബത്തെ അളവറ്റ് സ്നേഹിച്ച ഷമ്മിയുടെ ഭാര്യവീട്ടിലുമായി നഷ്ടപ്പെട്ട ഈ ഉറക്കമില്ലാത്ത രാത്രികൾ ഹൃദയത്തോട് വല്ലാതെ ചേർന്ന് നില്ക്കുന്നു...


ഷൂട്ട് തുടങ്ങിയ ദിവസം.അതായത് സെപ്തംബര്‍ 12.ക്ലാപ്പില്‍ "Pooja" എന്നെഴുതാന്‍ പേനയെടുത്തു.കൈവിറയ്ക്കുന്നത് കൊണ്ട് നേരെ എഴുതാന്‍ സാധിയ്ക്കുന്നുണ്ടായില്ല.പടത്തിന്റെ അസോസിയേറ്റ് ബിബിന്‍ ഇത് കാണുന്നുണ്ടായി..."ചെറുതടിയ്ക്കാത്തോണ്ടല്ല കേട്ടോ കൈവിറ...ആദ്യ പടമായോണ്ടാണ്... "

"അത് മനസ്സിലായി അളിയാ..." എന്ന് പറഞ്ഞുകൊണ്ട് ബിബിന്‍ പേന വാങ്ങിയെഴുതി.പിന്നീടൊരു അറുപതില്‍പ്പരം ദിവസങ്ങള്‍.കൈവിറ ആദ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.പക്ഷെ അവസാനത്തെ പാക്കപ്പ് ഷോട്ട് എടുക്കുന്നതിന് മുന്നേ വരെ ക്ലാപ്പടിയ്ക്കുമ്പൊ ചങ്കിടിപ്പ് ക്രമാതീതമായിരുന്നു. അതിനു കാരണം വേറൊന്നുമല്ല.ആ സമയം സംവിധായകനും ക്യാമറാമാനും ഉള്‍പ്പടെ എല്ലാവരും അത്രമേല്‍ പ്രഷറിലാണ്.അതിനിടേല്‍ ക്ലാപ്പൊരു കോപ്രായമായാല്‍ അവരെ അത് വല്ലാതെ ശല്യം ചെയ്യും.പക്ഷെ അവിടെയാണ് മധു സി.നാരായണനും ശ്യാം പുഷ്കരനും ഷൈജു ഖാലിദും ദിലീഷ് പോത്തനുമെല്ലാം പ്രിയപ്പെട്ടവരാകുന്നത്. കേട്ടറിഞ്ഞ കണ്‍വെന്‍ഷണല്‍ സിനിമാ തിയറികളിൽ നിന്ന് മാറി,നമുക്ക് പറ്റുന്ന തെറ്റുകള്‍ തമാശ രൂപേണ തിരുത്തി ശരി പറഞ്ഞു തന്ന ഗുരുക്കന്മാര്‍...ഇടയ്ക്ക് ക്യാമറയ്ക്ക് മുന്നില്‍ അറിയാതെ വന്നു പോയ മണ്ടത്തരങ്ങള്‍ സംഭവിച്ചപ്പോൾ മധു സാറും ഷൈജുക്കയും ഇടയ്ക്ക് പറഞ്ഞു..


"ഇവന്‍ ഫ്രെയ്മില്‍ കയറി കൊളമാക്കുന്ന ക്ലിപ്പൊക്കെ ആദ്യ പടത്തിന്റെ ഓര്‍മ്മയ്ക്കായി വീട്ടിലേക്ക് അയച്ച് കൊടുക്കണം"

അതേ സമയം അബദ്ധങ്ങള്‍ പറ്റുന്ന സമയങ്ങളില്‍ ശ്യാം പുഷ്കരന്‍ സാറിന്റെ കൗണ്ടര്‍ അദ്ദേഹത്തിന്റെ സ്ക്രിപ്റ്റുകള്‍ പോലെ തന്നെയാണ്. രണ്ടാമത് ആലോചിക്കുമ്പോള്‍ പുതിയത് പലതും കിട്ടുന്ന ഐറ്റങ്ങള്‍. കൂട്ടിക്കിഴിച്ചു നോക്കുമ്പോള്‍ ടെക്നിക്കലായും അല്ലാതെയും പറ്റിയ തെറ്റുകളാണ് ഓര്‍മ്മയിലാദ്യം. പക്ഷെ അതെല്ലാം തന്നെയാണ് കുമ്പളങ്ങി തന്ന പാഠങ്ങളും...


ഫഹദ് ഫാസിലും സൗബിന്‍ ഷാഹിറും ഷെയ്ന്‍ നിഗവും ശ്രീനാഥ് ഭാസിയുമെല്ലാം അഭിനയിയ്ക്കുന്നത് സൂക്ഷ്മമായി നിരീക്ഷിക്കാനും മധു നാരായണനും ശ്യാം പുഷ്കരനും ഷൈജു ഖാലിദുമെല്ലാം അവരിലെ 'ബെസ്റ്റ്' ക്യാമറകൊണ്ട് ഒപ്പിയെടുക്കുന്നത് കണ്ട് പഠിയ്ക്കാനും സാധിച്ചത് ഈശ്വരാനുഗ്രഹമായി എപ്പോഴും കാണുന്നു.ഒരുപാട് പേര്‍ അവരുടെ വിയര്‍പ്പ് പിഴിഞ്ഞെടുത്ത് 'കുമ്പളങ്ങി നൈറ്റ്സ്' ഉണ്ടാക്കിയപ്പോള്‍ അതിലെനിയ്ക്കും രണ്ടു തുള്ളി വിയർപ്പ് കൊടുക്കാന്‍ സാധിച്ചല്ലോ എന്ന ചാരിതാര്‍ത്ഥ്യവും...


നന്ദി.. ഒരായിരം നന്ദി... കുമ്പളങ്ങി കുടുംബത്തിലെ ഓരോരുത്തർക്കും പ്രേക്ഷകർക്കും...

പടത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ദിലീഷ് പോത്തന്‍ സര്‍ ഷൂട്ട് തുടങ്ങുന്നതിന് മുന്നേ വിളിച്ച് പറഞ്ഞ വാക്കുകൾ ഇതായിരുന്നു...

"എടാ രണ്ട് മാസത്തേക്ക് നമുക്കൊരു യാത്ര പോകാം...വേറെങ്ങോടുമല്ല.. കുമ്പളങ്ങിയിലേക്ക്...നീ ആവശ്യത്തിനുള്ള ഡ്രെസ്സൊക്കെ പാക്ക് ചെയ്ത് പോരേ.... "

അദ്ദേഹം യാത്രയൊക്കെ കൊണ്ടുപോയി..പക്ഷെ എന്നെ അവിടുന്ന് തിരികെ കൊണ്ടുവന്നില്ല... ഇപ്പോഴും കുമ്പളങ്ങിയിൽ തന്നെയാണ്.. അവിടുത്തെ കായലോരങ്ങളിലാണ്... കുമ്പളങ്ങിയിലെ തീയോർമ്മകളിലാണ്....


Next Story

Related Stories