Top

വയലൻസിന്റെ പുതിയ ഭൂപടങ്ങൾ (മലയാള സിനിമയുടെയും); വന്യമാണ് ലില്ലി-ശൈലന്‍ എഴുതുന്നു

വയലൻസിന്റെ പുതിയ ഭൂപടങ്ങൾ (മലയാള സിനിമയുടെയും); വന്യമാണ് ലില്ലി-ശൈലന്‍ എഴുതുന്നു
'ഇ ഫോർ എന്റർടെയിൻമെന്റ്' എന്ന പേരിൽ സിനിമകൾ നിർമ്മിക്കുന്ന പ്രൊഡക്ഷൻ കമ്പനി 'ഇ ഫോർ എക്സ്പെരിമെന്റ്' എന്നൊരു പുതിയ ബാനറിൽ ആണ് 'ലില്ലി' എന്ന പുതിയ മലയാളസിനിമ തിയേറ്ററിലെത്തിച്ചിരിക്കുന്നത് എന്നത് കണ്ട് പരീക്ഷണം എന്ന പേരിലുള്ള എന്തെങ്കിലുമൊക്കെ കണ്ടേയ്ക്കുമെന്ന കേവലകൗതുകം മാത്രം വച്ചാണ് ലില്ലി കാണാൻ തിയേറ്ററിൽ കേറിയത്. വ്യത്യസ്തമായ പോസ്റ്ററുകളും അതിൽ വലിയൊരു 'എ' സിംബലും ഉണ്ട് എന്നതിലുപരി ആളുകളെ ആകർഷിക്കാനുള്ള യാതൊരു മുന്നണി-പിന്നണി വിഭാഗങ്ങളും ആ സിനിമയ്ക്കുള്ളതായി ശ്രദ്ധയിൽ പെട്ടിരുന്നതുമില്ല. എന്നാൽ സിനിമ കണ്ടിരുന്നപ്പോൾ ശരിയ്ക്കും ഞെട്ടിപ്പോയി. ആ ഞെട്ടൽ, പടം തീരും വരെ തുടരുകയും തിയേറ്ററിൽ നിന്നുമിറങ്ങുമ്പോൾ കൂടെപ്പോരികയും ചെയ്യുന്നു എന്നതിനാൽ ലില്ലി'യെ ഒരു ഗംഭീരസിനിമാനുഭവമായിത്തന്നെ ഞാൻ അടയാളപ്പെടുത്തുന്നു.

മലയാളസിനിമ ഒരുപക്ഷെ, ഇന്നേവരെ കണ്ടിട്ടില്ലാത്രയ്ക്കും ഉയർന്ന ലെവലിൽ നിറഞ്ഞുനിൽക്കുന്ന വയലൻസ് ആണ് ലില്ലിയിലെ മുഖ്യ കഥാപാത്രം എന്ന് വേണമെങ്കിൽ പറയാം. ഫ്രെയിമിൽ നിന്നും ഫ്രെയിമിലേക്ക് ഒഴുകിപ്പരക്കുന്ന രക്തത്തിന്റെ മൂക്കുതുളയ്ക്കുന്ന ഗന്ധത്തിനാൽ പ്രേക്ഷകന്റെ മനസിൽ വയലൻസിന്റെ പുതുഭൂപടം തീർക്കുകയാണ് ലില്ലിയുടെ സംവിധായകൻ. അതാകട്ടെ മലയാളസിനിമയുടെ തന്നെ ഒരു പുതുഭൂപടമായതിനാൽ മലയാളസിനിമയുടെ നാൾവഴികൾ രേഖപ്പെടുത്തുന്ന ഒരാൾക്ക് തീരെ അവഗണിക്കാനാവാത്ത ഒന്നുമാണ്.

വയലൻസുമായി ഇഴപിരിക്കാനാവാത്ത വിധം കെട്ടുപിണഞ്ഞുകിടക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര് കൂടിയാണ് സിനിമയുടെ ശീർഷകമായ ലില്ലി എന്നത്. ഇൻഡ്യൻ സിനിമ കണ്ട ബോൾഡ് നായികമാരുടെ നിരയിൽ തന്നെ ഇനി മുതൽ ഈ ലില്ലി ഉണ്ടാവും അത്രമേൽ അപ്രവചനീയവും ചടുലവും പ്രതികാരാത്മകവുമാണ് പൂർണ്ണ ഗർഭിണിയെന്ന അവസ്ഥയിൽ തീർത്തും സ്വാഭാവികമായി തുടരുന്നതിനിടയിലുള്ള ലില്ലിയുടെ പടത്തിലുടനീളമുള്ള ചലനങ്ങളും നീക്കങ്ങളും.

സുജോയ്ഘോഷിന്റെ വിദ്യാബാലൻ ചിത്രമായ കഹാനിയിലാണ് ഇതിനുമുൻപ് ഒരു പൂർണഗർഭിണിയെ മുഴുനീള കഥാപാത്രമായി സ്വാഭാവിക ചലനങ്ങളോടെ ഇൻഡ്യൻ സിനിമയിൽ കണ്ടിട്ടുള്ളത്. എന്നാൽ വിദ്യാബാലനെയും കടത്തിവെട്ടുന്ന പ്രകടനമികവാണ് സംയുക്തമേനോൻ എന്ന യുവനടി ലില്ലിയിലുടനീളം കാഴ്ചവെക്കുന്നത്. ഇതിനുമുൻപ് തീവണ്ടിയിലെ നായികാ റോളിൽ മാത്രം കണ്ടു പരിചയമുള്ള സംയുക്തയിൽ നിന്നും ആരുമൊരിക്കലും ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പെർഫോമൻസ് ആണ് ലില്ലിയെ വേറെ ലെവലാക്കി മാറ്റുന്നത്.

രാത്രി ഷിഫ്റ്റിൽ ജോലിചെയ്യുന്ന ഭർത്താവ് അജിത്തിന് അപകടം പിണഞ്ഞെന്ന മുറിഞ്ഞ ഫോൺകോൾ കേട്ട് പാതിരാത്രിയിൽ കാറുമെടുത്തിറങ്ങുന്ന പൂർണഗർഭിണിയായ ലില്ലിയ്ക്ക് വഴിയിൽ നേരിടേണ്ടിവരുന്ന അപകടവും തട്ടിക്കൊണ്ടുപോവലും ഗർഭിണിയെന്ന പരിഗണനയൊട്ടും കിട്ടാതെ അവൾക്ക് നേരിടേണ്ടി വരുന്ന പീഡനങ്ങളും അവളുടെ തിരിച്ചടികളും അപ്രതീക്ഷിതമായി വരുന്ന ഫ്ലാഷ്ബാക്കുകളും ട്വിസ്റ്റുകളുമൊക്കെയാണ് ഒറ്റ വാചകത്തിൽ പറഞ്ഞാൽ ലില്ലിയെന്ന സിനിമയുടെ ഉള്ളടക്കം. തീർത്തും അമച്വറെന്ന് തോന്നിപ്പിക്കുന്ന മട്ടിൽ തുടങ്ങുന്ന സിനിമ പതിനഞ്ച്-ഇരുപത് മിനിറ്റാവുമ്പോഴെക്കും ഗിയർ മാറ്റിയിട്ട് പിന്നെ പരിമിതികളെക്കുറിച്ച് ചിന്തിക്കാൻ അവസരം കൊടുക്കാത്ത വിധത്തിൽ ആണ് പോവുന്നത്. പ്രേക്ഷകർ മനസിലെഴുതിക്കാത്തിരിക്കുന്ന സ്ക്രിപ്റ്റിലോ ട്രീറ്റ്മെന്റിലോ അല്ല ഒരു ഘട്ടത്തിലും മുന്നോട്ടുപോവുന്നത് എന്നിടത്താണ് പ്രശോഭ് വിജയൻ സംവിധായകൻ എന്ന നിലയിലും തിരക്കഥാകൃത്ത് എന്ന നിലയിലും വെറുമൊരു പുതുമുഖം മാത്രമല്ലാതാവുന്നത്. മലയാളത്തിൽ മുൻനിരക്കാർ എന്ന് അവകാശപ്പെടുന്ന സംവിധായകർക്ക് പോലും ഒരുപാട് പഠിക്കാനുണ്ട് ഇയാളുടെ കോമ്പ്രമൈസിംഗില്ലാത്ത മെയ്ക്കിംഗ് സ്റ്റൈലിൽ നിന്നും.

ഇത്രയൊക്കെ പറയുമ്പോഴും പരിമിതികൾ ഒരുപാടുള്ള സിനിമ തന്നെയാണ് ലില്ലി. അഡൾട്ട് ഒൺലി സർട്ടിഫിക്കറ്റ് ഉള്ള ലില്ലിയിലെ വയലൻസിന്റെ സ്കെയിൽ പ്രായപൂർത്തിയായി എന്നതിന്റെ മാത്രം പേരിൽ ഒരാൾക്ക് താങ്ങാൻ കഴിഞ്ഞുകൊള്ളണമെന്നില്ല. രക്തം കണ്ടാൽ മോഹാലസ്യപ്പെടുന്നവരൊന്നും ആ വഴിക്ക് പോവാതിരിക്കുന്നത് തന്നെയാവും ഉചിതം. ഒരു പൂർണഗർഭിണിയോടുള്ള അതിക്രമമൊന്നും ഇത്ര കൂടിയ അളവിൽ വേറൊരു പടത്തിലും ചിത്രീകരിച്ചിട്ടുണ്ടാവണമെന്നില്ല. പടത്തിന്റെ മൊത്തത്തിലുള്ള വയലന്റ് മൂഡിന് സിങ്കാവുന്ന അക്രമോൽസുകമായ ഫ്രെയിമുകളും ഷെയിഡുകളും പശ്ചാത്തലവും ബീജിയെമ്മും തന്നെയാണ് ലില്ലിയിലുടനീളം. അതുപോലെ ഒരു ലോലമനസ്കന്റെ മനോനിലയെ സ്വാധീനിച്ചേക്കാം. ഛായാഗ്രഹണം - ശ്രീരാജ് രവീന്ദ്രൻ. സംഗീതം- സുഷിൻ ശ്യാം എന്നിവരുടെ പേരുകൾ വിട്ടുകളയാനാവാത്തതാണ്.

സംയുക്തയുടെ ഗംഭീരപ്രകടനത്തിനപ്പുറം താരതമ്യേന പുതുമുഖങ്ങൾ എന്നുപറയാവുന്ന മറ്റു കഥാപാത്രങ്ങളുടെ സ്വാഭാവികതയും പടത്തിന് കനത്ത പിൻബലമാണ്. ആര്യൻ, കണ്ണൻ നായർ , ധനേഷ്, കെവിൻ, സജിൻ എന്നിവരെയൊക്കെ എടുത്തുപറയണം. ഉള്ളിൽ നിറഞ്ഞ് കവിയുന്ന അക്രമാസക്തി ഓരോ ചലനങ്ങളിലും അസ്വസ്ഥതകളിലും പ്രകടമാക്കുന്ന ധനേഷ് ആനന്ദാണ് കൂട്ടത്തിൽ ഹെവി.

ഒരിക്കൽ കൂടി ആവർത്തിക്കുന്നു. ഒരു സിനിമാവിദ്യാർത്ഥിക്ക് ഒരിക്കലും ഒഴിവാക്കാനാവാത്ത വന്യമായ ഒരു ദൃശ്യാനുഭവമാണ് ലില്ലി. അതൊരു പെണ്ണിന്റെ സമാനതകളില്ലാത്ത പ്രതികാരജ്വാല കൂടി ആണ്. പ്രശോഭ് വിജയനെയും സംയുക്താമേനോനെയും മനസ്സ് നിറഞ്ഞ് അഭിനന്ദിക്കാതിരിക്കാൻ പറ്റില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/film-interview-with-actress-samyuktha-menon-by-veena/

https://www.azhimukham.com/cinema-new-malayalam-movie-lilli-actor-aaryan-krishna-menon-s-interview-by-anu-chandra/

Next Story

Related Stories