സിനിമ

രണ്ടു പേർ ചുംബിച്ചാല്‍ മലയാള സിനിമ മാറുമോ?

ആയതിനാൽ, കണ്ടുമടുത്ത മരം ചുറ്റി പ്രേമത്തെ മലയാളം മൊഴി ചൊല്ലുകയാണ്. സിനിമയിൽ പ്രണയം കുറേക്കൂടി റിയലിസ്റ്റിക്കാകുന്നുണ്ട്.

നീ മധു പകരൂ, മലർ ചൊരിയൂ എന്നും പാടി പ്രേംനസീർ മന്ദംമന്ദം ചാരെ വരുമ്പോൾ നാണിച്ച് ഓടിയകലുന്ന ഷീലയായിരുന്നു ബ്ലാക്ക് ആൻഡ് വൈറ്റിൽ മലയാള സിനിമ. ഷീലയും നസീറും മാറി പലരും വന്നുപോയെങ്കിലും ആ നാണവും കാൽനഖം കൊണ്ട് കളം വരയ്ക്കലും മുഖം കുനിയ്ക്കലും പിന്നെയും തുടർന്നു മലയാളം ഏറെക്കാലം. പുഴയോരവും നിലാവും പ്രണയരാവുകളെ ഉന്മത്തമാക്കിയപ്പോഴും തൊടാൻ വേണ്ടി തൊട്ടതുപോൽ നായകനും നാണിക്കാനായി മാത്രം സ്പർശമേറ്റതുപോൽ നായികയും ക്യാമറക്ക് മുന്നിൽ കാമുകനും കാമുകിയും കളിച്ചു. രാജീവം വിടരും നിൻ മിഴികൾ, കാശ്മീരം ഉതിരും നിൻ ചൊടികൾ എന്ന് ഗാനഗന്ധർവ്വൻ പാടി തകർത്ത സിനിമയുടെ കളർ കാലത്തും ഈ കളി തുടർന്നു. പാടം പൂത്ത കാലം പാടി ലാലേട്ടൻ വന്നിട്ടും മലയാള സിനിമ മരം ചുറ്റിയോടുക തന്നെയായിരുന്നു.

മലയാളത്തിന് മലയാളത്തിന്‍റേതായ പ്രണയ മാതൃകകൾ ഒട്ടുമില്ലായിരുന്നു. നായകനും നായികയും പരസ്പരം ആദ്യം കാണുമ്പോൾ, പ്രണയം തുറന്ന് പറയുമ്പോൾ എല്ലാം എന്നാൽ ഇനിയൊരു ഗാനം എന്ന ബോളിവുഡ്, തമിഴ് ശൈലി തന്നെയാണ് നമ്മളും പിന്തുടർന്നത്. അതിലാകട്ടെ ഇരുവർക്കൊപ്പം ചുരുങ്ങിയത് ഇരുപത് നർത്തകരെങ്കിലും പൊടുന്നനെ പ്രത്യക്ഷപ്പെടുകയും ലാലാല ലാലാല പാടി വലംവെക്കുകയും ചെയ്യും. അവർക്കും നമുക്കും ഒരേ ഒരു ഊട്ടി, ഒരേ ചുവടുകൾ. കൈവിരലുകൾ കോർത്ത് നായികയും നായകനും നൃത്തമാടി. അധരം തൊടാതെ ചുംബനങ്ങൾ പറന്നു.

ലിപ് ലോക്ക് എന്നാൽ മലയാള സിനിമക്ക് മഹാസംഭവമായിരുന്നു. ബോംബെ അധോലോകം എന്നൊക്കെ കേൾക്കുന്നതു പോലൊന്ന്. ബോളിവുഡിലെ ലിപ് ലോക്കുകൾ നാനയിലും വെള്ളിനക്ഷത്രത്തിലും കണ്ടും വായിച്ചും മലയാളത്തിന്‍റെ കൗമാരവും യൗവ്വനവും നെടുവീർപ്പിട്ടു. അപ്പോഴേക്കും കുറേയൊക്കെ പരസ്പരം ഉടൽ തൊടാനുള്ള മടിയെല്ലാം മാറിയിരുന്നു. ഋഷ്യശ്രംഗന്‍റെ രാത്രികളെ ഇന്ദുപുഷ്പം ചൂടിച്ച് വൈശാലിയും, എന്‍റെ തടി കൺട്രാക്ടറേ എന്നും വിളിച്ച് തൂവാനത്തുമ്പികളിൽ ക്ളാരയും കൗമാരത്തിന്‍റെ തീരത്ത് തിരയായി, പിന്നെ കടലായി. ആ കടലിന്‍റെ കാമുകരായി മലയാളം മാറുകയായി. അപ്പോഴും പതിവ് ആട്ടവും പാട്ടും തുടർന്നവർ ഏറെ. കൂടുമ്പോൾ കൈകോർത്താടിയും പിരിയുമ്പോൾ പിണങ്ങി കരഞ്ഞും വിരഹത്തിൽ വിലപിച്ചും വർഷങ്ങൾ പിന്നെയും കടന്നുപോയി.

എന്നിട്ടും ചുണ്ടുകൾ കോർക്കാൻ മടിച്ച മലയാളത്തെ ഞെട്ടിച്ചത് ചാപ്പാക്കുരിശിൽ ഫഹദും രമ്യാ നമ്പീശനും ചേർന്നാണ്. 2011ൽ ചാപ്പാക്കുരിശ് പുറത്തിറങ്ങിയപ്പോൾ സിനിമയേക്കാൾ കൂടുതൽ ചർച്ചയായത് ഈ ലിപ് ലോക്ക് സീൻ തന്നെ. വിമർശനങ്ങളെ സധൈര്യം നേരിട്ടു രമ്യയും ഫഹദും. ഇങ്ങനെയൊക്കെ ആകാമോ എന്ന് അപ്പോഴും ചിലർ ചോദിച്ചു കൊണ്ടിരുന്നെങ്കിലും കാലം മാറുകയായിരുന്നു, സിനിമയും. അതിനാൽ, 2017ൽ മായാനദിയിൽ അത്രകണ്ട് ഭയക്കേണ്ടി വന്നില്ല ടൊവിനോയ്ക്കും ഐശ്വര്യ ലക്ഷ്മിക്കും. എന്തിനേറെ, പരസ്പരം രതിയിൽ ഏർപ്പെട്ടതിനു ശേഷം വൺസ് മോർ എന്ന് കൂടി പറഞ്ഞു അപു എന്ന അപർണ. അതും കടന്ന ധീരതയായി സെക്സ് ഈസ് നോട്ട് എ പ്രോമിസ് എന്ന അപുവിന്‍റെ പ്രസ്താവന.

ടൊവിനോയുടെ സമീപകാല വരവ് ഒരു തീവണ്ടി നിറയെ ഉമ്മകളുമായാണ്. ആദ്യം സിഗരറ്റ് വലി നിർത്ത്, എന്നിട്ടാകാം ഉമ്മ എന്നും പറഞ്ഞ് കാമുകി ദേവി ആദ്യചുംബനത്തെ നിരസിക്കുമ്പോഴും പിന്മാറുന്നില്ല ബിനീഷ് ദാമോദരൻ. പിന്നീടൊരു രാവിലേക്ക് നീട്ടിവെച്ച ആ ഉമ്മയിൽ അവൻ അവളെ കോർക്കുന്നത്, ചിത്രത്തിന്‍റെ ഒടുവിൽ വീടിന്‍റെ ചുമരിൽ ചാരി വെച്ച കോണിയിൽ അവളെ ചേർത്ത് നിർത്തിയാണ്. ഒരുപക്ഷെ, ചാപ്പാക്കുരിശിലേയും മായാനദിയിലേയും നഗര ചുംബനങ്ങൾ വിട്ട് നാട്ടിൻപുറത്തേക്ക് വന്ന ആദ്യ ലിപ് ലോക്ക് ആകാം തീവണ്ടിയിലേത്. പഴയതുപോലെ ചോദ്യങ്ങളൊന്നും ഉയരുന്നില്ല. ടൊവിനോയും സംയുക്തയും മറുപടി പറഞ്ഞ് തളരുന്നുമില്ല. മലയാളത്തിന്‍റെ ജോൺ എബ്രഹാമെന്നും ഇമ്രാന്‍ ഹാഷ്മിയെന്നുമൊക്കെ എന്ന് ചിലര്‍ ടൊവിനോയെ വിളിച്ച് തുടങ്ങിയെന്ന് കേട്ടു. വിളിക്കട്ടെ, അതിനെന്താ, ടൊവിനോ എക്സ്പ്രസ് കുതിക്കട്ടെ.

ആയതിനാൽ, കണ്ടുമടുത്ത മരം ചുറ്റി പ്രേമത്തെ മലയാളം മൊഴി ചൊല്ലുകയാണ്. സിനിമയിൽ പ്രണയം കുറേക്കൂടി റിയലിസ്റ്റിക്കാകുന്നുണ്ട്. ആണിനെ മറികടന്ന് പെണ്ണ് അധീശത്വം നേടുന്നുമുണ്ട്. കാമുകനെ കാണാൻ പാതിരാത്രി അവന്‍റെ വീടിന്‍റെ ചുമരിൽ കോണി ചാരിവെച്ച് അതിന്മേൽ പിടിച്ച് കയറി വരികയാണ് കാമുകി. മതിൽചാടി അവളെ തേടി അങ്ങോട്ട് പോകുന്ന കാലത്തെ തീവണ്ടിയിൽ ടി പി ഫെല്ലിനി എന്ന നവാഗത സംവിധായകൻ എത്ര കൂളായാണ് അട്ടിമറിക്കുന്നത്, പിന്നല്ലേ ലിപ് ലോക്ക്. രണ്ടു പേർ ചുംബിക്കുമ്പോൾ ലോകം മാത്രമല്ല കാലവും സിനിമയും മാറുകയാണ്. അതെ, ഇക്കാലമത്രയും അധരം തൊടാതെ പറന്ന ശലഭങ്ങൾ തിരികെ വരികയാണ്.

സുബീഷ് തെക്കൂട്ട്

സുബീഷ് തെക്കൂട്ട്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍