Top

ഒടുവില്‍ എന്നെ അതില്‍ നിന്നും രക്ഷിച്ചത് ഒരു കളരി ഗുരുക്കള്‍; മഡോണ

ഒടുവില്‍ എന്നെ അതില്‍ നിന്നും രക്ഷിച്ചത് ഒരു കളരി ഗുരുക്കള്‍;  മഡോണ
പ്രേമം എന്ന ആദ്യ ചിത്രം കൊണ്ട് തെന്നിന്ത്യയില്‍ മൊത്തം ആരാധകരെ നേടിയ നടിയാണ് മഡോണ സെബാസ്റ്റിയന്‍. ആദ്യ ചിത്രത്തിനു പിന്നാലെ മഡോണയെ തേടി വ്യത്യസ്ത ഭാഷകളില്‍ നിന്നും അവസരങ്ങള്‍ വന്നു. തമിഴിലും തെലുങ്കിലും അവര്‍ സിനിമകള്‍ ചെയ്ത് ശ്രദ്ധേയയായി. എന്നാല്‍ പ്രേമത്തിനു ശേഷം മലയാളത്തില്‍ ദിലീപിന്റെ നായികയായി കിംഗ് ലയര്‍ എന്ന ചിത്രം മാത്രമായിരുന്നു മഡോണയുടേതായി വന്നത്. അതിനുശേഷം ഏറെ നാളുകളായി ഈ നായികയെ മലയാളത്തില്‍ കണ്ടില്ല. അവര്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നു.

എന്നാല്‍ ഈ ഊഹാപോഹങ്ങളെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് വീണ്ടും മഡോണ തന്റെ മൂന്നാമത്തെ മലയാള സിനിമ ചെയ്യുകയാണ്. ആസിഫ് അലിയുടെ നായികയായി ഇബ്‌ലീസ് എന്ന ചിത്രം. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ സിനിമയില്‍ ഗ്യാപ്പ് എടുത്തതിന്റെ യഥാര്‍ത്ഥ കാരണവും മഡോണ പങ്കുവയ്ക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ ഒട്ടും വിശ്രമമില്ലാതെ ജോലി ചെയ്യുകയായിരുന്നു താനെന്നും അതുമൂലമുണ്ടായ ശാരീരക വിഷമതകളാണ് കുറച്ചു നാള്‍ മാറിനില്‍ക്കേണ്ട സാഹചര്യം ഉണ്ടാക്കിയതെന്നുമാണ് മഡോണ പറയുന്നത്. ഒപ്പം തന്നെ മോഹിപ്പിക്കുന്ന ഒരു കഥാപാത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പും. അല്ലാതെ താന്‍ സിനിമ വിട്ട് ഒരിടത്തേക്കും പോയില്ലെന്നും മഡോണ ചിരിയോടെ തന്റെ നേര്‍ക്കുയര്‍ന്ന ചോദ്യത്തിന് മറുപടി നല്‍കുന്നു.

കഴിഞ്ഞ വര്‍ഷത്തെ ആദ്യ ആറുമാസത്തില്‍ ഒട്ടും വിശ്രമം ഇല്ലാതെ ഷൂട്ടിംഗ് തിരക്കായിരുന്നു. മനസും ശരീരവും ഒരുപോലെ ക്ഷീണിച്ചു. ജോലിക്കിടയില്‍ ആവശ്യമായ വിശ്രമസമയം ലഭിച്ചതേയില്ല. ഈ സമയം കഠിനമായ തലവേദനയും പിടിപെട്ടു. ഷൂട്ടിംഗ് ലൊക്കേഷനിലെ പൊടിയും ചൂടും വല്ലാതെ വലച്ചു. ശരീരം നോക്കാനെ സാധിച്ചില്ല, ഒപ്പം മാനസിക പിരിമുറുക്കവും. എല്ലാവരും പറയുന്നത് ഞാന്‍ വളരെ കോണ്‍ഫിഡന്റായ പെണ്‍കുട്ടിയാണെന്നാണ്. എന്നാല്‍ എപ്പോഴും ഒരു പിന്തുണ വേണ്ടിവരുന്നയാളാണ് ഞാനെന്നതാണ് യാഥാര്‍ത്ഥ്യം. പലചോദ്യങ്ങളും ഇതിനിടയില്‍ നേരിടണം, വിവാഹം എന്നാണ്? പഠനം എങ്ങനെ? പിഎച്ച്ഡി എടുക്കുമോ? തുടങ്ങി പലപല ചോദ്യങ്ങളാണ്. ഈയൊരുവസ്ഥയില്‍ ഞാന്‍ പല ഡോക്ടര്‍മാരെയും പോയി കണ്ടു. പക്ഷേ ഒരു പ്രയോജനവും കിട്ടിയില്ല. അങ്ങനെ ഒടുവില്‍ ഒരു കരളി ഗുരുക്കളുടെ അടുത്തുപോയി. അദ്ദേഹം എനിക്കൊരു എണ്ണ തന്നു. അത് ഉപയോഗിക്കുന്നതിനൊപ്പം യോഗ ചെയ്യുന്നതും ആരംഭിച്ചു. ഇവ രണ്ടും എന്നെ സഹായിച്ചു. ഒരു മായാജാലം എന്നപോലെ വെറും അഞ്ചു ദിവസം കൊണ്ട് എന്റെ അവശതകള്‍ മാറി. ഇപ്പോള്‍ ഞാന്‍ പൂര്‍ണ ആരോഗ്യവതിയാണ്; മഡോണ അഭിമുഖത്തില്‍ പറയുന്നു.

അതു കഴിഞ്ഞുള്ള കുറച്ചു മാസങ്ങള്‍ ഞാന്‍ ധാരളം യാത്രകള്‍ ചെയ്തു. ഗോവയില്‍ രണ്ടു തവണ പോയി. മണാലി, അബുദാബി എന്നിവിടങ്ങളിലും പോയി. മൂന്നാറിലും പലതവണ പോയി. വീട്ടുകാരോടൊപ്പം സമയം ചെലവഴിച്ചു. അതിനിടയിലാണ് ഇബ്‌ലീസിന്റെ കഥ കേള്‍ക്കുന്നതും ചെയ്യാന്‍ തീരുമാനിക്കുന്നതും; മഡോണ പറയുന്നു.

http://www.azhimukham.com/madona-actress-fb-page-hacked/

Next Story

Related Stories