TopTop

'വിവാഹത്തിന്റെ മംഗളാശംസകൾ നേരുന്നു'; മുൻ ഭർത്താവ് എ.എൽ വിജയ്‌യുടെ വിവാഹം: അമല പോളിന്റെ പ്രതികരണം ഇങ്ങനെ

മുൻ ഭർത്താവ് സംവിധായകൻ എ.എൽ. വിജയ്‌യ്ക്കു വിവാഹാശംസകൾ നേർന്ന് നടി അമല പോൾ. അദ്ദേഹം നല്ലൊരു വ്യക്തിത്വത്തിനുടമയാണെന്നും അദ്ദേഹത്തിന് വിവാഹമംഗളങ്ങൾ ആശംസിക്കുന്നുവെന്നും അമല പോൾ പറഞ്ഞു. തന്റെ പുതിയ ചിത്രമായ ചിത്രം 'ആടൈ'യുടെ പ്രചാരണ പരിപാടിക്കിടയിലാണ് മുൻ ഭർത്താവിനെക്കുറിച്ച് താരം സംസാരിച്ചത്. ഈ മാസം ജൂലൈ 11നായിരുന്നു വിജയ്‌യുടെ വിവാഹം. ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയാണ് വധു.

വിജയ് നല്ലൊരു വ്യക്തിത്വത്തിനുടമയാണ്. എ ഫന്റാസ്റ്റിക് ഹ്യൂമൻ. പൂര്‍ണമനസ്സോടെ അദ്ദേഹത്തിന് വിവാഹത്തിന്റെ മംഗളാശംസകൾ നേരുന്നു. ദമ്പതികൾക്ക് ഒരുപാട് കുഞ്ഞുങ്ങൾ ഉണ്ടാകട്ടെ.’–അമല പോൾ പറഞ്ഞു.

'വിജയ്‌യുമായുള്ള വിവാഹമോചനത്തിനു ശേഷം തനിക്ക് സിനിമയിൽ വേഷങ്ങൾ കുറയുമെന്ന് ഭയപ്പെട്ടിരുന്നതായും അമല പറഞ്ഞു. ‘ വിവാഹമോചനത്തിനുശേഷം സഹോദരിയുടെ വേഷം, അല്ലെങ്കിൽ നായികയുടെ സുഹൃത്ത് ഇങ്ങനെയുള്ള കഥാപാത്രങ്ങളെ ലഭിക്കൂ എന്ന ആശങ്ക ഉണ്ടായിരുന്നു. അതിജീവനത്തിനായി ടിവി സീരിയലുകളിൽ അഭിനയിക്കേണ്ടി വരുമോ എന്നുപോലും ഞാൻ ഭയപ്പെട്ടു. ഇപ്പോൾ ഒരുകാര്യം മനസ്സിലായി. കഴിവുണ്ടെങ്കിൽ നമ്മളെ തോൽപിക്കാൻ ആർക്കും സാധിക്കില്ല.’–അമല വ്യക്തമാക്കി.


2014 ജൂണ്‍ 12നായിരുന്നു അമലപോളിന്റെയും വിജയ്‍യുടെയും വിവാഹം. മൂന്ന് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടപ്പോൾ ഇരുവരും വിവാഹമോചനഹർജി സമർപ്പിച്ചു. തുടർന്ന് ഫെബ്രുവരി 2017ൽ ഇരുവരും നിയമപരമായി വിവാഹമോചിതരായി.

'ആടൈ'യുടെ പുറത്ത് വിട്ട ആദ്യ ടീസർ ഏറെ ചർച്ചയായിരുന്നു.
ടീസറില്‍ അർദ്ധനഗ്നയായാണ് അമല പോൾ എത്തിയത്. ഇതേ തുടർന്ന് ടീസർ ഏറെ ചർച്ചയാവുകയും നിരവധി ട്രോളുകൾ അടക്കം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് ആണ്. വയലൻസ് രംഗങ്ങളുടെ അതിപ്രസരമാണ് എ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാരണമായത്.

ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം രത്‌നകുമാറാണ് സംവിധാനം ചെയ്യുന്നത്. കാമിനി എന്ന കഥാപാത്രത്തെയാണ് അമല പോള്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥകേട്ട് മറ്റ് പ്രോജക്ടുകള്‍ വേണ്ടെന്നു വച്ചിട്ടാണ് ആടൈ സ്വീകരിച്ചതെന്ന് നേരത്തെ അമല പോള്‍ പറഞ്ഞിരുന്നു.

Next Story

Related Stories