TopTop
Begin typing your search above and press return to search.

ചൊറിയാത്ത പത്രക്കാരെ മാത്രമേ ഊര്‍മ്മിള ഉണ്ണി കണ്ടിട്ടുള്ളൂ; അവരെ കുറ്റപ്പെടുത്തരുത്

ചൊറിയാത്ത പത്രക്കാരെ മാത്രമേ ഊര്‍മ്മിള ഉണ്ണി കണ്ടിട്ടുള്ളൂ; അവരെ കുറ്റപ്പെടുത്തരുത്

കുറച്ചുകാലം മുമ്പാണ്. ഒരു സിനിമ സെറ്റ്. ചെന്നൈയ്ക്ക് സമീപമുള്ള ഒരു സ്ഥലത്താണ് സെറ്റിട്ടിരിക്കുന്നത്. സൂപ്പര്‍ താരം നായകനായുള്ള അങ്കംവെട്ട് കുറ്റാന്വേഷണ സിനിമയാണ്. അന്ന് സ്വന്തം പേരില്‍ ഹിറ്റുകള്‍ മാത്രം കുറിച്ചിരുന്ന ആളാണ് സംവിധായകന്‍. നായിക പുതുമുഖം എന്ന് വിളിക്കാനാവില്ലെങ്കിലും ഒത്തിരി സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ല. എല്ലാം കൊണ്ടും പത്രക്കാരെ ആകര്‍ഷിക്കാന്‍ പോന്ന ഘടകങ്ങളെല്ലാം അടങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് ചിത്രഭൂമിയുടെ ലേഖകന്‍ പോകുന്നു. ചെന്നപ്പോള്‍ നായിക നടിയുടെ പിറന്നാള്‍ ആഘോഷമാണ്. ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ പ്രസ്തുത ലേഖകന്‍ നടിയുടെ എത്രാമത്തെ പിറന്നാള്‍ ആണെന്ന നിര്‍ണായക ചോദ്യം ചോദിക്കുന്നു. നടി വയലന്റാകുന്നു. സൂപ്പര്‍ സ്റ്റാറും അദ്ദേഹത്തിന്റെ ഗുണ്ടകളും വയലന്റാകുന്നു. സെറ്റാകെ വയലന്റാകുന്നു. പ്രസ്തുത ലേഖകന് ഒന്നുരണ്ട് പൂശ് കിട്ടുന്നു. പക്ഷെ അതിനേക്കാള്‍ ഭീകരമായിരുന്നു സൂപ്പര്‍ സ്റ്റാറിന്റെ ഭീഷണി. 'ഗംഗാധരേട്ടനോട് പറഞ്ഞ് നിന്റെ പണി ഞാന്‍ കളയിക്കും' എന്നായിരുന്നു അത്. ഏതായാലും സൂപ്പര്‍ സ്റ്റാര്‍ പറയാതിരുന്നത് കൊണ്ടാണോ അതോ പറഞ്ഞത് ഗംഗാധരേട്ടന്‍ കേള്‍ക്കാതിരുന്നത് കൊണ്ടാണോ എന്നറിയില്ല പ്രസ്തുത ലേഖകന്‍ ഇപ്പോഴും മാതൃഭൂമി സ്ഥാപനങ്ങളിലൊന്നില്‍ തന്നെ തുടരുന്നുണ്ട്.

മറ്റൊരു സംഭവം. കോടമ്പാക്കത്തെ സിനിമ ജീവിതങ്ങള്‍ മലയാളത്തിന് പരിചയപ്പെടുത്തിയ പത്രലേഖകനാണ്. അക്കാലത്ത് പ്രശസ്തമായിരുന്ന ഒരു സിനിമ വാരികയുടെ ഔദ്യോഗിക ലേഖകന്‍. പക്ഷെ ശമ്പളം കഷ്ടിയാണ്. ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബത്തിന് അതിജീവിക്കാന്‍ തന്നെ പ്രയാസം. ആ പത്രലേഖകന്‍ വീടുവച്ചപ്പോള്‍ ഒരു സൂപ്പര്‍ താരം കുറച്ചു കാശ് നല്‍കി സഹായിച്ചു. പിന്നീട് ആ സൂപ്പര്‍ താരത്തിനെതിരെ ഒരു വരിപോലും എഴുതാന്‍ ആ ലേഖകന് കഴിഞ്ഞില്ല.

ഇനി മൂന്നാമതൊരു സംഭവം. ഒരു പ്രമുഖ വാരികയുടെ മുതിര്‍ന്ന ലേഖകന്‍ പ്രസിദ്ധീകരണത്തിന്റെ വാര്‍ഷീക പതിപ്പുമായി ബന്ധപ്പെട്ട് സൂപ്പര്‍ താരത്തിന്റെ അഭിമുഖം എടുക്കാന്‍ പോകുന്നു. താരം ഊട്ടിയില്‍ ഷൂട്ടിംഗിലാണ്. ലൊക്കേഷനില്‍ എത്തി മുന്‍പരിചയമുള്ള താരത്തെ ലേഖകന്‍ കാണുന്നു. അന്ന് ഊട്ടിയിലെ ഏറ്റവും വലിയ ഹോട്ടലിന്റെ പേര് പറഞ്ഞിട്ട് സൂപ്പര്‍ താരം പറഞ്ഞു, ഷൂട്ടിംഗ് കഴിഞ്ഞ് ഞാന്‍ അവിടെ കാണും. അവിടെ ഇത്രാം നമ്പര്‍ മുറിയിലാണ് താമസിക്കുന്നത് എന്ന്. ലേഖകന്റെ മറുപടി ഇങ്ങനെ: 'അപ്പൊ എന്റെ തൊട്ടടുത്ത മുറിയില്‍ തന്നെയാണല്ലോ? വരുമ്പോള്‍ ജസ്റ്റ് ഒന്ന് വിളിച്ചാല്‍ മതി. ഞാന്‍ അങ്ങോട്ട് വരാം'. സൂപ്പര്‍ താരത്തിന്റെ ജാഡ ഒലിച്ചുപോവുകയും ചോദിച്ച ചോദ്യങ്ങള്‍ക്കൊക്കെ മണിപോലെ ഉത്തരം ലഭിക്കുകയും ചെയ്തുവെന്ന് ലേഖകന്റെ പിന്നീടെത്തെ സാക്ഷ്യം. അന്ന് അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനത്തിന് ഒരു നിര്‍ബന്ധമുണ്ടായിരുന്നു. തങ്ങളുടെ ലേഖകര്‍ എവിടെ റിപ്പോര്‍ട്ടിംഗിന് പോയാലും ആ പ്രദേശത്തെ ഏറ്റവും മുന്തിയ ഹോട്ടലില്‍ മാത്രമേ താമസിക്കാവൂ എന്ന്!

സമഭാവന, സഹാനുഭൂതി, ജനാധിപത്യം തുടങ്ങിയവയൊന്നും നിങ്ങള്‍ സിനിമ മേഖലയില്‍ പ്രതീക്ഷിക്കരുത് എന്ന് പറയാന്‍ വേണ്ടിയാണ് ഇത്രയും പറഞ്ഞത്. വ്യവസായ സിനിമയെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ കാര്യമല്ല. മലയാളത്തിലെ ഒരു മുന്‍കാല സൂപ്പര്‍ താരത്തെ ഒരു സിനിമ മുതലാളി വിളിച്ചിരുന്നത് ജാതിപ്പേര് പറഞ്ഞായിരുന്നു. കാരണം അന്ന് മുതലാളിമാരായിരുന്നു രംഗം ഭരിച്ചിരുന്നത്. പിന്നീട് അത് കമ്പോളമൂല്യമുള്ള സൂപ്പര്‍ താരങ്ങളിലേക്ക് മാറി എന്ന് മാത്രമേ ഉള്ളു. അവരെ സംബന്ധിച്ചിടത്തോളം സാമാന്യബോധം എന്നത് അന്യമാണ്. കുറെ ആളുകള്‍ ഒരാളുടെ ചുറ്റും നിന്ന് ഇരുപത്തിനാല് മണിക്കൂറും സ്തുതിഗീതങ്ങള്‍ മാത്രം പാടുമ്പോള്‍, വെളിയില്‍ ഇറങ്ങുമ്പോള്‍ ആയിരക്കണക്കിനോ ലക്ഷക്കണക്കിനോ ആയ ആരാധകര്‍ ഒരു നോക്ക് കാണാന്‍ വേണ്ടി കാത്തുനില്‍ക്കുമ്പോള്‍, അഭിമുഖത്തിന് എത്തുന്ന പത്രലേഖകര്‍ പ്രകീര്‍ത്തിക്കുന്ന ചോദ്യങ്ങള്‍ മാത്രം ചോദിക്കുമ്പോള്‍, പൊതുചടങ്ങുകളില്‍ അപദാനങ്ങള്‍ മാത്രം മുഴങ്ങിക്കേള്‍ക്കുമ്പോള്‍, കണക്കില്ലാത്ത സ്വത്തിന്റെ ശീതളിമ ഇളങ്കാറ്റായി എപ്പോഴും വീശിക്കൊണ്ടിരിക്കുമ്പോള്‍ താനാരാണെന്ന് അവര്‍ എപ്പോഴെങ്കിലും തിരിച്ചറിഞ്ഞാല്‍ മാത്രമേ അത്ഭുതത്തിന് അവകാശമുള്ളു. മണ്ണില്‍ ഇറങ്ങി നടക്കുന്നവര്‍ക്ക് മാത്രമേ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കൂ. അവര്‍ മണ്ണില്‍ നിന്നും എന്നോ ഉയര്‍ന്നുപോയ ഗഗനചാരികളാണ്. അതുകൊണ്ട് തന്നെ ഉറങ്ങുന്ന സമയത്തൊഴികെ അവര്‍ ഭൂതാവേശത്തിലായിരിക്കും. സ്വന്തം സ്വത്വം എന്നോ കൈമോശം വന്നവരാണവര്‍. അതുകൊണ്ട് അവരെ കുറ്റപ്പെടുത്താതിരിക്കുക.

പണ്ടൊക്കെ കോടമ്പാക്കത്ത് കുറെ തെണ്ടി നടന്നാലേ ഒരു വേഷം ലഭിക്കുമായിരുന്നുള്ളു. അതും നല്ല പട്ടിണിയും സഹിക്കേണ്ടി വരുമായിരുന്നു. വീട്ടില്‍ കാശുള്ള അപൂര്‍വം പേരൊഴികെ അക്കാല താരങ്ങളില്‍ പട്ടിണിയുടെ രുചി അറിയാത്തവര്‍ കുറവായിരുന്നു. മാത്രമല്ല, ഒരു പത്ത് സിനിമയിലെങ്കിലും മാന്യമായ വേഷം കിട്ടാതെ ജനം അംഗീകരിക്കുകയും ചെയ്യുമായിരുന്നില്ല. അത്രയും നാളെങ്കിലും മര്യാദക്കാരായി ഭാവിച്ചേ മതിയാവൂ എന്ന നിലയുണ്ടായിരുന്നു. ഇന്നതല്ല, എല്ലാം ക്ഷിപ്ര സാധ്യമാണ്. ഒറ്റ സിനിമ കൊണ്ട് രാത്രി വെളുക്കുന്നതിന് മുമ്പ് താരങ്ങളായി മാറുന്നവരാണ്; അപ്പോള്‍ ജാഡ കൂടും.

സിനിമയില്‍ മത്സരം അഥവാ പാരവെപ്പും അതിന്റെ കൂടെപ്പിറപ്പാണ്. കാരണം തനിക്ക് കിട്ടേണ്ട സൗഭാഗ്യങ്ങള്‍ മറ്റൊരാള്‍ തട്ടിയെടുത്താലോ എന്ന അസ്തിത്വ പ്രശ്‌നം തന്നെയാണ്. അതുകൊണ്ട് തന്നെ സിനിമയിലെ നിലനില്‍പ്പിന്റെ മാനദണ്ഡം കഴിവു മാത്രമാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. അപരന് പാരവെക്കാനും അപരന്റെ പാര താങ്ങാനും കെല്‍പ്പില്ലാത്ത ആര്‍ക്കും തന്നെ വ്യവസായ സിനിമാ ലോകത്ത് നിലനില്‍ക്കുക ബുദ്ധിമുട്ടാണ്. വര്‍ക്കി എം എം സിനിമയെ കുറിച്ച് എഴുതി ഒരു പുസ്തകത്തില്‍ നിര്‍മ്മാതാവും വിതരണക്കാരനും തമ്മിലുള്ള ബന്ധത്തെ നിര്‍ണയിക്കുന്നത് ഇങ്ങനെയാണ്: 'എന്‍ ആസനം നീ ചൊറിഞ്ഞീടുകില്‍ നിന്‍ ആസനം ഞാന്‍ ചൊറിയുമല്ലോ,' എന്ന്. ഇത് നിര്‍മ്മാതാവും സംവിധായകനും തമ്മിലുള്ള ബന്ധത്തിന്റെ നിര്‍വചനം മാത്രമല്ല. വ്യവസായ സിനിമ രംഗത്ത് വിജയിക്കുന്ന എല്ലാവരുടെയും പിന്നിലുള്ള മന്ത്രം ഇത് തന്നെയാണ്. ഏറ്റവും താഴേക്കിടയിലുള്ള ഒരു താരം പോലും മിക്കപ്പോഴും സ്തുതിപാഠകരുടെ നടുവിലാവും. അല്ലെങ്കില്‍ അവര്‍ അവര്‍ക്ക് മുകളിലുള്ളവര്‍ക്ക് സ്തുതിപാഠിക്കൊണ്ടിരിക്കുകയായിരിക്കും. അവരെ നയിക്കുന്നത് അവരല്ല. സ്തുതിപാഠകരാണ്. അങ്ങനെയല്ലാത്ത താരങ്ങള്‍ മലയാള സിനിമയില്‍ ഇല്ലെന്നല്ല. പക്ഷെ അവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമായിരിക്കും.

പറഞ്ഞുവരുന്നത്, അവരുടെ കണ്ണുകള്‍ കൊണ്ടല്ല അവര്‍ ലോകത്തെ കാണുന്നത്. അവരുടെ മനസുകൊണ്ടല്ല അവര്‍ ലോകത്തെ വായിക്കുന്നത്. സ്തുതിപാഠകരുടെ കണ്ണുകൊണ്ടും മനസുകൊണ്ടുമാണ്. അതിനാല്‍ തന്നെ സിനിമയിലെന്നപോലെ ജീവിതത്തിലും അതിമാനുഷരും അനുഗ്രഹിക്കപ്പെട്ടവരുമാണ് തങ്ങളെന്ന് അവര്‍ സ്വയം വിശ്വസിക്കുന്നു. തങ്ങള്‍ക്ക് ചില പ്രത്യേക അധികാര, അവകാശങ്ങള്‍ പതിച്ചു കിട്ടിയിട്ടുണ്ടെന്ന് അവര്‍ സങ്കല്‍പിക്കുന്നു. നിയമം നിര്‍മ്മിക്കുന്നവരിലും നിയമം നടപ്പാക്കുന്നതിലും ഏര്‍പ്പെടുന്ന ഭൂരിപക്ഷം പേരും ഇവരുടെ ആരാധകരായിരിക്കും എന്നതിനാല്‍ തങ്ങള്‍ നിയമത്തിന് അതീതരാണെന്ന് അവര്‍ സത്യസന്ധമായി തന്നെ വിചാരിക്കുന്നു. അനര്‍ഹവും അപ്രാപ്യവുമായ ബഹുമതികളും പ്രശംസകളും സമ്പത്തും ഏറ്റുവാങ്ങി ശീലച്ചതിന്റെ മാനസിക ക്ഷീണം മൂലം സംഭവിക്കുന്ന ഒരു ദുര്‍വ്യാധിയാണത്.

ഇവര്‍ക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ ബഹുവചനം മഹാനടന്മാര്‍/നടികള്‍ എന്നാണ്. ഇത്തരത്തില്‍ വിശേഷണം ലഭിച്ച ഒരു മഹാനടിയാണ് ഊര്‍മ്മിള ഉണ്ണി. ജീവിതസൗഭാഗ്യത്തിന്റെ മഹായന്ത്രങ്ങള്‍ വരെ വില്‍ക്കുന്നതിന് കുടപിടിക്കുന്ന വിധം ധാര്‍മ്മിക ബോധവും ചിന്താശേഷിയുമുള്ള ഒരു സ്ത്രീരത്മാണ് അവര്‍. അങ്ങനെയുള്ള ഒരാള്‍ പറയുന്നതായതു കൊണ്ട് ആ സര്‍വൈശ്വര്യ യന്ത്രങ്ങള്‍ മലയാളികള്‍ വാങ്ങിക്കൂട്ടുന്നുമുണ്ടാവണം. അതുകൊണ്ട് തന്നെ ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തെ 'ഏതോ പത്രക്കാരന്‍ ചൊറിഞ്ഞു കയറി' എന്ന് വിശേഷിപ്പിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. എന്തെന്നാല്‍ ചൊറിയാത്ത പത്രക്കാരെ മാത്രമേ ആയമ്മ കണ്ട് ശീലിച്ചിട്ടുള്ളൂ.

ഫേസ്ബുക്കിന് സ്വയം എഡിറ്റ് ചെയ്യാന്‍ കെല്‍പില്ലാത്തതിന് നന്ദി പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് അവര്‍ ഇക്കാര്യം പറയുന്നത് (ആരോ ചൊറിഞ്ഞതുകൊണ്ടാണോ എന്തോ ആയമ്മ പോസ്റ്റ് പിന്‍വലിച്ചു). ഇതുമാത്രമല്ല പറയുന്നത്. ദിലീപ് താമസിച്ചതില്‍ വളരെ ഉത്കണ്ഠാകുലയായിരുന്നു അവര്‍. ഏതായാലും ദിലീപ് എത്തിയതോടെ അവര്‍ക്ക് ആശ്വാസമായി. അതുനല്ലത് തന്നെ. പക്ഷെ, ക്യൂ നിന്ന് ടിക്കറ്റെടുക്കുകയും പോക്കറ്റിലെ കാശുകൊടുത്ത് സിനിമ കാണുകയും താരങ്ങള്‍ വരുമ്പോള്‍ ഒരു പണിയുമില്ലാതെ ആര്‍പ്പുവിളിക്കുകയും ചെയ്യുന്ന ഊളകള്‍ (ജനത്തിന്റെ മുജ്ജന്മ സുകൃതം കൊണ്ടാവാം ആ വാക്ക് ഈ പോസ്റ്റില്‍ ഉപയോഗിക്കപ്പെട്ടിട്ടില്ല) ചെയ്യുന്ന കടുംദ്രോഹത്തെ കുറിച്ചുള്ള ധാര്‍മ്മിക രോഷമാണ് പോസ്റ്റിന്റെ മര്‍മ്മം. 'എന്തായാലും സിനിമാ താരങ്ങളെ കരിവാരിത്തേച്ചാല്‍ 'സാധാരണക്കാരന്' കിട്ടുന്ന ഒരു സുഖം അത്, ഒന്നു വേറെ തന്നെ,' എന്ന് പറയാനുള്ള തന്റേടം അവര്‍ ആര്‍ജ്ജിക്കുന്നു എന്നിടത്താണ് വ്യവസായ സിനിമയുടെ അടിസ്ഥാന പാഠം കിടക്കുന്നത്. (സാധാരണക്കാരന് എന്ന പ്രയോഗം പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നതിനാല്‍ ലേഖകനാണ് അതിന് സൂചക ചിഹ്നം നല്‍കിയിരിക്കുന്നത്).

അതെ സാധാരണക്കാരില്‍ നിന്നും ഏറ്റവും അകലം പാലിക്കുന്നവരാണ് വ്യവസായ സിനിമയില്‍ ഏറ്റവും വിജയിക്കുന്നവര്‍. അവര്‍ ആക്രോശിക്കും, പുലഭ്യം പറയും, അപമാനിക്കും. അതിനുള്ള അവകാശം അവര്‍ക്ക് സ്തുതിപാഠകര്‍ ചാര്‍ത്തി നല്‍കിയിട്ടുണ്ട്. അതൊന്നും സ്വന്തം സ്വത്വത്തില്‍ നിന്നോ സംസ്‌കാരത്തില്‍ നിന്നോ വരുന്നതല്ല. അതൊക്കെ എന്നോ നഷ്ടപ്പെട്ടവരാണവര്‍. സാധാരണക്കാര്‍ക്ക് ഇല്ലാത്ത തലച്ചോറും ഹൃദയവും ഉള്‍പ്പെടെ മനുഷ്യശരീരത്തിലെ ഒരവയവും അധികമായി അവര്‍ക്കില്ലെന്ന് തിരിച്ചറായാനാകാത്ത വിധം ഭ്രമാത്മകമായ ഒരു ജീവിതമാണ് അവര്‍ നയിക്കുന്നത്. സിനിമയില്‍ മാത്രമല്ല അവര്‍ 'മാറാട്ടം' നടത്തുന്നത്. അത് എന്നോ ജീവിതത്തിലേക്കും പകര്‍ന്നു കഴിഞ്ഞു. സിനിമയിലെ മാറാട്ടത്തില്‍ നിന്നും ജീവിതത്തിലെ ആള്‍മാറാട്ടത്തിലേക്കുള്ള വഴികളാണ് കൂടുതല്‍ വിജയകരമെന്ന് തിരിച്ചറിഞ്ഞവരാണ് അവര്‍. അത് തുടര്‍ന്നുകൊണ്ടേയിരിക്കും.

അടിക്കുറിപ്പ്: പ്രമുഖ നടന്‍ ഉമ്മറിന്റെ അവസാനകാലം. അദ്ദേഹത്തിന്റെ ഒരു വീഡിയോ അഭിമുഖം ഷൂട്ട് ചെയ്യുന്നതിനായി ചെന്നൈയിലെ വീട്ടിലേക്ക് ചെന്നു. അന്ന് അദ്ദേഹത്തിന് സിനിമകള്‍ വളരെ കുറവായിരുന്നു എന്നല്ല, ഇല്ലെന്ന് തന്നെ പറയാം. മിന്നാരത്തിന് ശേഷം ഒരു പടവും അഭിനയിക്കാന്‍ കിട്ടാതിരിക്കുന്ന കാലമാണ്. പഴയ ബീറ്റ ക്യാമറയിലായിരുന്നു ഷൂട്ട്. അതിന്റെ ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍ ക്യാമറയുടെ കൂടെയുണ്ടായിരുന്ന ആള്‍ സ്വിച്ച് അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, 'മോനേ, കറണ്ടൊന്നും ഒരുപാടെടുക്കരുത്. ഇപ്പോള്‍ ബ്ലാക്ക് മണിയുടെ വരവ് കുറവാ', എന്നിട്ട് ഉറക്കെ പൊട്ടിച്ചിരിച്ചു. സ്വതസിദ്ധമായ ചിരി. പക്ഷെ ഇപ്പോഴത്തെ താരങ്ങള്‍ക്ക് അങ്ങനെയൊരു ബുദ്ധിമുട്ട് വരില്ല. സിനിമയില്ലെങ്കിലും.

ഊര്‍മിള ഉണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

face book നു നന്ദി പറഞ്ഞു തുടങ്ങാം .കാരണം അതിന് സ്വയം എഡിറ്റ് ചെയ്യാന്‍ കഴിവില്ലല്ലോ. നമുക്കു പറയാനുള്ളത് സത്യസന്ധമായി പറയാം .രണ്ടു ദിവസമായി മാധ്യമങ്ങള്‍ ആഘോഷിക്കുന്ന ദിലീപ് പ്രശ്‌നം കാണാന്‍ ഞാനും TV യുടെ മുമ്പില്‍ ഇരുന്നിട്ടുണ്ട് .കണ്ടിരുന്ന എല്ലാവരുടേയും മനസ്സില്‍ ആശങ്കയുണ്ടായിരുന്നു .. ഇന്നലെ അമ്മ’യുടെ മീറ്റിങ്ങിനു ചെന്നു കയറിയപ്പോള്‍ ആകെ ഒരു മൂകത .. ആരും അധികം സംസാരിക്കുന്നില്ല .യോഗം തുടങ്ങി. ഇന്നേട്ടന്‍ പ്രസംഗിച്ചു തുടങ്ങി രണ്ടു വാചകം കഴിഞ്ഞില്ല ഹാളില്‍ ചിരി തുടങ്ങി .. പിന്നങ്ങോട്ട് മമ്മുക്കയും ലാലേട്ടനും മുകേഷും ഗണേശനും ഒക്കെ ഏറ്റുപിടിച്ചു ..എല്ലാവരും relaxed ആയി. ദിലീപ് വന്നു .എല്ലാവര്‍ക്കും ആശ്വാസമായി. കേട്ടിരിക്കുന്ന ആര്‍ക്കും എന്തും ചോദിക്കാം എന്ന് എടുത്തെടുത്ത് ഇന്നട്ടനും ഗണേശനും പറഞ്ഞു .ആരും ഒന്നും ചോദിച്ചില്ല .കാരണം ഞങ്ങളെല്ലാം അവരുടെ വാക്കുകളില്‍ തൃപ്തരായിരുന്നു. ദിലീപും നടിയും അമ്മയുടെ പ്രിയ മക്കളാണെന്നും രണ്ടു പേരെയും നമുക്ക് സംരക്ഷിക്കേണ്ടതുണ്ട് അക്കാര്യം മാധ്യമങ്ങളില്‍ ആരും വിളിച്ചു കൂവേണ്ടതില്ലെന്നും ഇന്നേട്ടന്‍ ആവര്‍ത്തിച്ചു പറഞ്ഞതോര്‍ക്കുന്നു .വൈകിട്ട് Press meet സമയത്ത് പൊതുയോഗത്തിന്റെ തീരുമാനങ്ങളെല്ലാം അറിയിച്ച ശേഷം സഭ പിരിയാറായപ്പോള്‍ ഏതോ പത്രക്കാരന്‍ ചൊറിഞ്ഞ് കയറുന്നതു കണ്ടു. പക്വമതികളായ മമ്മുക്കയും ലാലേട്ടനും മൗനം പാലിച്ചു പക്ഷെ ഗണേശനും മുകേഷും തത്സമയം ചൂടായി .സ്വന്തം വീട്ടിലെ പ്രശ്‌നം ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഇടം കോലിട്ടാല്‍ ആരാണു ചൂടാവാതിരിക്കുക ? ഇവിടെ വലിയ പ്രശ്‌നമൊന്നുമില്ല എന്ന ഉത്തരം മാധ്യമങ്ങള്‍ക്കു തൃപ്തികരമല്ല എന്ന് ഞാന്‍ അനുമാനിക്കുന്നു. അവര്‍ക്ക് വാര്‍ത്ത വേണമല്ലോ ! ഞാന്‍ തിരിച്ചെത്തി സന്ധ്യാ വാര്‍ത്ത TV യില്‍ കണ്ടു .പിന്നീട് 8 മണിയുടെ ചര്‍ച്ചകളും .ഞാന്‍ അന്നത്തെ ദിവസം കണ്ടതിനും കേട്ടതിനും നേരെ വിപരീതമായിരുന്നു വാര്‍ത്തകള്‍ .വളരെ സമാധാനമായി പിരിഞ്ഞ ഞങ്ങളുടെ മീറ്റിങ്ങിനെ തരം താഴ്ത്തി കാണിക്കുന്ന ചര്‍ച്ചകള്‍!അമ്മയുടെ മീറ്റിങ്ങില്‍ പങ്കെടുത്ത ആരും ഇതിലൊന്നും ഇല്ല എന്നതാണ് സത്യം .എല്ലാവരും സ്വന്തം ഭാവനയില്‍ തോന്നുന്നത് ഇരുന്നു വീമ്പിളക്കുന്നു .സിനിമ യുമായി ബന്ധപ്പെട്ടവര്‍ വൃത്തിയായി കാര്യങ്ങള്‍ പറയുന്നുമുണ്ട്.

മഞ്ജുവും ,ഗീതുവും മറ്റും ചേര്‍ന്ന് തുടങ്ങിയ പുതിയ വനിതാ സംഘടനയെ പൂര്‍ണ്ണമായി അമ്മ’ പിന്‍തുണക്കുന്നു എന്നും അതിന് ഗീതു സ്‌റേറജില്‍ കയറി നന്ദി പറഞ്ഞതും ഞാന്‍ കണ്ടതാണ് .. TV യില്‍ എല്ലാ ചാനലുകളു അതിനു നേര്‍ വിപരീതം എഴുതി കാണിക്കുന്നു .കഷ്ടം!ആരാന്റമ്മക്കു പ്രാന്തിളകുമ്പോള്‍ കണ്ടു നില്‍ക്കാന്‍ നല്ല രസം എന്ന പറഞ്ഞ പോലെ … അറിയപ്പെടുന്ന ഒരു നടനും നടിയുമാണ് കഥാപാത്രങ്ങള്‍. നടിക്കു പ്രശ്‌നമുണ്ടായ ഉടനെ EKMല്‍ പൊതുയോഗം വിളിച്ചു കൂട്ടുകയും നടീനടന്മാരും സാങ്കേതിക വിദഗ്ദരും ചേര്‍ന്ന് പ്രാര്‍ത്ഥന നടത്തിയതും കേസിന്റെ ഗതി അമ്മ തന്നെ പിന്നാലെ അന്വേഷണം നടത്തിയതുമൊക്കെ ഈ മാധ്യമങ്ങള്‍ മറന്നു പോയ പോലെ നടിക്കു വേണ്ടി അമ്മ ഒന്നും ചെയ്തില്ലേന്നും പറഞ്ഞ് ഇപ്പൊ ബഹളം വെക്കുന്നു .ദിലീപിനു പ്രശ്‌നം വന്നപ്പോള്‍ അതിനും അമ്മ കൂടെ നിന്നപ്പോള്‍ അമ്മക്കു മകള്‍ വേണ്ടേ .. മകന്‍ മതിയേ … ന്നും പറഞ്ഞ് മാധ്യമബഹളം .പോരാത്തതിന് സിനിമക്കാരുടെ സംസ്‌കാരത്തെ ചൂണ്ടി കുറെ ചാനലുകാര്‍ ! ഒരു പ്രശ്‌നവും ,ഡൈവോഴ്‌സും നടക്കാത്ത എത്ര കുടുംബങ്ങളുണ്ട് ഇവരുടെയൊക്കെ ഇടയില്‍ എന്നൊന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു !എന്തായാലും സിനിമാ താരങ്ങളെ കരിവാരിതേച്ചാല്‍ സാധാരണക്കാരനു കിട്ടുന്ന ഒരു സുഖം അത് ഒന്നു വേറെ തന്നെ . ഒരു പ്രശ്‌നം വരുമ്പോള്‍ ഒറ്റകെട്ടായി നില്‍ക്കണമെന്ന് അമ്മ’ തെളിയിച്ചു കഴിഞ്ഞു. ദിലീപിനേയും നടിയേയും ഞങ്ങളെല്ലാവരും സ്‌നേഹിക്കുന്നു. ഇവരിലാരെങ്കിലും കുഴപ്പക്കാരാണെന്നു അമ്മ’ സമ്മതിച്ചാല്‍ സാധാരണക്കാര്‍ക്കും, മാധ്യമങ്ങള്‍ക്കും ഒക്കെ സമാധാനമായേനെ…

ഈ പ്രശ്‌നങ്ങളൊക്കെ സ്വന്തം വീട്ടിലായിരുന്നെങ്കില്‍ എല്ലാരുംമൂടിവെക്കാന്‍ ശ്രമിച്ചേനെ… വേറെ യാതൊരു പണിയുമില്ലാത്തവര്‍ .. വാര്‍ത്തകള്‍ സൃഷ്ടിക്കാനും വളച്ചൊടിക്കാനും കുറേ മാധ്യമങ്ങള്‍ .. എനിക്ക് അനുഭവമുള്ളതുകൊണ്ട് പറയുകയാണ് വളര്‍ന്നു വരുന്ന ഒരു മകള്‍ക്ക് ഒരു പ്രശ്‌നം വരുമ്പോള്‍ എല്ലാരും കൂടി ചളി വാരി എറിയുകയല്ല വേണ്ടത് .. ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുക .ആര്‍ക്കും ഈ ഗതി വരാം .. ജാഗ്രത !ശരിതെറ്റുകള്‍ അറിയാതെ ആരും ഒന്നും വിളിച്ചു കൂവരുത് . സത്യം തെളിയിക്കാനാണ് ഇവിടെ പോലീസും കോടതിയുമൊക്കെയുള്ളത് സത്യത്തിനു നീതി ലഭിക്കട്ടെ. കുറ്റം ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടട്ടെ… വീണ്ടും പറയട്ടെ നന്ദി face book. നീ എഡിറ്റ് ചെയ്യില്ലല്ലോ ..

ഊര്‍മ്മിള ഉണ്ണി

Also Read: ഏതോ പത്രക്കാരന്‍ ചൊറിഞ്ഞു കയറി; പക്വമതികളായ മമ്മുക്കയും ലാലേട്ടനും മൗനം പാലിച്ചു; ‘അമ്മ’യെ ന്യായീകരിച്ച് ഊര്‍മിള ഉണ്ണി


Next Story

Related Stories