TopTop

ഹാപ്പി വെഡ്ഡിംഗിനെക്കാള്‍ കോമഡി ആയിരിക്കും ചങ്ക്‌സ്: സംവിധായകന്‍ ഒമര്‍ ലുലു/ അഭിമുഖം

ഹാപ്പി വെഡ്ഡിംഗിനെക്കാള്‍ കോമഡി ആയിരിക്കും ചങ്ക്‌സ്:  സംവിധായകന്‍ ഒമര്‍ ലുലു/ അഭിമുഖം
സൂപ്പര്‍ താരങ്ങളോ ആരവങ്ങളോ ഒന്നുമില്ലാതെ വന്ന് വലിയ വിജയം നേടിയ സിനിമയായിരുന്നു ഹാപ്പി വെഡ്ഡിംഗ്. പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ഈ ചിത്രത്തിലൂടെ സംവിധായകന്‍ ഒമര്‍ ലുലു പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധനേടുകയും ചെയ്തു. ഹാപ്പി വെഡ്ഡിംഗിന്റെ വിജയത്തിനു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ചങ്ക്സ്. ജൂലൈ മാസത്തില്‍ ചിത്രം റിലീസ് ചെയ്യും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയായി ചങ്ക്സ് ഇതിനകം മാറിക്കഴിഞ്ഞു. തന്റെ പുതിയ സിനിമയുടെ വിശേഷങ്ങള്‍ സംവിധായകന്‍
ഒമര്‍ ലുലു
, മാധ്യമ പ്രവര്‍ത്തക അനു ചന്ദ്രയുമായി പങ്കുവയ്ക്കുന്നു.


അനു: ഹാപ്പി വെഡ്ഡിംഗ് യുവാക്കള്‍ക്കിടയിലാണ് വലിയ വിജയമായത്. ഈ കാരണം തന്നെയാണോ രണ്ടാമത്തെ സിനിമയും യൂത്ത് ഓറിയന്റഡ് ആകുന്നത്?

ഒമര്‍: അങ്ങനെയല്ല. ഒരു സിനിമ ചെയ്യണമെങ്കില്‍, അല്ലെങ്കില്‍ വിജയിപ്പിക്കണമെങ്കില്‍ അതിലൊരു പ്രധാനഘടകം വലിയ താരങ്ങളുടെ പങ്കാളിത്തമാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ അതിനുവേണ്ടി കുറെനാള്‍ കാത്തിരിക്കേണ്ടതായി വരും. അപ്പോഴുണ്ടാകുന്ന അടുത്ത ചോയ്സ് യൂത്ത് ആണ്. യുവത്വത്തിന്റെ കഥ പറയുന്ന സിനിമ ചെയ്താല്‍ അതിനു പ്രേക്ഷകര്‍ എപ്പോഴും, ഏത് കാലഘട്ടത്തിലും ഉണ്ടാകും. ഇനീഷ്യലായിട്ട് കിട്ടുന്ന യൂത്ത് സ്റ്റാര്‍സ് നിവിനും, ദുല്‍ഖറുമാണ്. അവരുടെ ഡേറ്റ് 2019 വരെ ഇല്ല. അപ്പോള്‍, ഉളള ആര്‍ട്ടിസ്റ്റിനെ വെച്ച് പ്രൊഡ്യൂസറെ സെയ്ഫ് ആക്കുന്ന രീതിയില്‍ പടം പിടിക്കുക എന്ന ഒരു ചിന്താഗതിയിലാണു മുമ്പോട്ട് പോകുന്നത്.അനു: ഈയൊരു മാര്‍ഗത്തിലെ വിജയം ഭാവിയില്‍ സൂപ്പര്‍ സ്റ്റാറുകളെ വെച്ച് പടമെടുക്കുന്നതിനുളള അവസരത്തില്‍ നിന്ന് പിന്മാറാന്‍ പ്രേരകമാകുമോ?

ഒമര്‍: ഇല്ല. മമ്മൂക്കയെ വെച്ച് ഒരു കഥ ഡെവലപ്പ് ചെയ്യുന്നുണ്ട്. ആദ്യം കഥ പറഞ്ഞിട്ടുളളത് മമ്മൂക്കയുടെ അടുത്താണ്. ജോര്‍ജ്ജേട്ടന്റെ അടുത്ത് കഥ പറഞ്ഞപ്പോള്‍ പുളളി താത്പര്യം പ്രകടിപ്പിച്ചു. എഴുതാന്‍ പറഞ്ഞു. പൂര്‍ത്തിയായശേഷം അറിയിക്കാനാണു പറഞ്ഞിരിക്കുന്നത്.

അനു: ആദ്യ സിനിമയിലെ പോലെ തമാശകള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന സിനിമയാണോ ചങ്ക്സ്?


ഒമര്‍: ചങ്ക്സ് ഒരു പക്കാ കോമഡി എന്റര്‍ടെയ്നര്‍ ആണ്. ഹാപ്പി വെഡ്ഡിംഗിനെക്കാളും കോമഡി ആയിരിക്കും. സൂപ്പര്‍ സ്റ്റാര്‍സ് ഒന്നുമില്ലെങ്കിലും എല്ലാവര്‍ക്കും ഒരുപാടിഷ്ടമുള്ള ആര്‍ട്ടിസ്റ്റുകള്‍ ഈ ചിത്രത്തിലുണ്ട്. മൊത്തത്തില്‍ ഒരു fun treatment ആണ്. സീരിയസ് ഒന്നുമില്ല. രണ്ട് മണിക്കൂര്‍ ആളുകള്‍ക്ക് തിയേറററുകളില്‍ വന്ന് കണ്ട് സുഖമായി തിരിച്ച് പോകാവുന്ന തരത്തിലുളള ഒരു സിനിമ.

അനു: ഹണി റോസ്-ബാലു വര്‍ഗ്ഗീസ് ജോഡികളിലെ തെരഞ്ഞെടുപ്പ് പ്രേക്ഷകരിലൊരു കൗതുകമുണര്‍ത്തുന്നില്ലെ?


ഒമര്‍: ആദ്യമേ എനിക്കാവശ്യവും അത്തരത്തിലൊരു കോമ്പിനേഷനായിരുന്നു. അലുവയും മത്തിക്കറിയും പോലൊന്ന്. ബാലുവിനെ തുടക്കത്തിലേ ഫിക്സ് ചെയ്തു. ഹണി ചെയ്യുന്ന കഥാപാത്രത്തെ ആയിരുന്നു ആരു ചെയ്യണമെന്ന് തീരുമാനിക്കാതിരുന്നത്. രണ്ട് മൂന്ന് ഓപ്ഷനൊക്കെ നായികക്കായി നോക്കിയിരുന്നു. പക്ഷേ ആരെയും കിട്ടുന്നില്ല. ഭയങ്കര ഫ്രീക്കായിട്ടുളള കഥാപാത്രമാണ് അത്. അങ്ങനെ നില്‍ക്കുമ്പോഴാണ് മൂവി സ്ട്രീറ്റ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ മീറ്റില്‍ വെച്ച് ഹണിയെ ആദ്യമായി കാണുന്നത്. അപ്പൊ ഹണി കുറച്ച് തടി ഒക്കെ ഉളള സമയമായിരുന്നു. അപ്പോഴാണ് പാവാട സിനിമയുടെ സംവിധായകന്‍ മാര്‍ത്താണ്ഡന്‍ ഹണിയെ കുറിച്ചു എന്നോട് പറയുന്നത്. പുളളി ഇതില്‍ സഹനിര്‍മ്മാതാവും കൂടിയാണ്. അങ്ങനെയാണ് ഞങ്ങള്‍ ഹണി റോസിനെ കാണാന്‍ പോകുന്നത്. അങ്ങനെ ഓകെ പറഞ്ഞു. നായകനായ ബാലുവിനെക്കാളും രണ്ടര വയസ്സ് കൂടുതല്‍ ഉളള നായികാ കഥാപാത്രമാണ് ഹണി ഇതില്‍ ചെയ്യുന്നത്. അതിന് വേണ്ടി ഹണി ഒന്നു കൂടി തടി കുറച്ചു. ഗെറ്റപ്പ് മാറ്റി, ഹെയര്‍ സ്റ്റൈല്‍ മാറ്റി. അവരുടെ ആ ഒരു കോമ്പിനേഷന്‍ തുടങ്ങുന്നതങ്ങനെയാണ്.അനു: ഇത്തരത്തിലൊരു മെയ്ക്ക് ഓവര്‍ നടത്തുന്നതിയതിലൂടെ ഹണി ചെയ്യുന്ന കഥാപാത്രത്തിന് സാധ്യതകളേറുന്നുണ്ടോ?

ഒമര്‍: ഇത്രയും കാലം ഹണി ചെയ്തതില്‍ നിന്നെല്ലാം വ്യത്യസ്തമായ കഥാപാത്രമാണിതില്‍ എന്ന നിലയിലാണ് സാധ്യതകള്‍ കടന്നു വരുന്നത്. ഇത് വരെ എല്ലാത്തിലും നെഗറ്റീവ് ക്യാരക്ടര്‍ ചെയ്തിട്ടുളള ആളാണ് ഹണി. പക്ഷേ ഇതില്‍ ഒരു പക്കാ അടിച്ചു പൊളി, ന്യൂജെന്‍ കഥാപാത്രമാണ്. അതായത് ബാംഗ്ലൂരിലെ എഞ്ചിനീയര്‍ കോളേജിലെ മെക്കാനിക്ക് സ്റ്റുഡന്റായ ഹണിയുടെ കഥാപാത്രം രണ്ട് വര്‍ഷം ഇയര്‍ ഔട്ടാകുന്ന സാഹചര്യത്തില്‍ വീട്ടുകാര്‍ പിടിച്ചു കൊണ്ട് വന്ന് കേരളത്തിലെ ഒരു എഞ്ചിനീയര്‍ കോളേജില്‍ ചേര്‍ക്കുന്നു. അതും പെണ്‍കുട്ടികളില്ലാത്ത മെക്കാനിക്കല്‍ ബ്രാഞ്ചിലെത്തുന്നതോടെ നടക്കുന്ന രസകരമായ സംഭവങ്ങളാണ് പറയുന്നത്. വര്‍ക്ക് കഴിഞ്ഞ സമയത്ത് ഹണി തന്നെ പറഞ്ഞു, ഹണിയുടെ യഥാര്‍ഥ ക്യാരക്ടറുമായി സാമ്യമുളള ഒരു കഥാപാത്രം അവര്‍ക്ക് ജീവിതത്തിലാദ്യമായാ കിട്ടുന്നതെന്ന്. ഒരു ഫണ്‍ ടൈപ്പ് കഥാപാത്രമാണ്.

അനു: ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ ഗെറ്റപ്പിലുമില്ലേ വ്യത്യസ്തത ?

ഒമര്‍: ഞാനാദ്യം ഷറഫുദ്ദീനെയാണ് ഉദ്ദേശിച്ചത്. പക്ഷേ ഷറഫ് തിരക്കിലായത് കൊണ്ട് പ്രേക്ഷകര്‍ക്കിഷ്ടപ്പെടുന്ന ഒരാളെ ആവശ്യമായി വന്നു. കാരണം പടത്തിലെ പ്രധാന കോമഡി കഥാപാത്രം തന്നെ അതാണ്. അങ്ങനെ ഇരിക്കുമ്പോഴാണ് ഞാന്‍ കട്ടപ്പനയിലെ സ്‌കൂള്‍ സീന്‍ കാണുന്നത്. അത് രണ്ടാമത് ഒരിക്കല്‍ കൂടി കണ്ടു. ധര്‍മ്മജന്‍ അതില്‍ പത്താം ക്ലാസുകാരനായി അഭിനയിക്കുമ്പോള്‍ നമുക്കതില്‍ കൃത്രിമത്വം പ്രകടമാകാത്ത സ്ഥിതിക്ക് ലാറ്ററല്‍ എന്‍ട്രി കഴിഞ്ഞ ബിടെക് സ്റ്റുഡന്റെ് എന്നത് ആളുകളെ സംബന്ധിച്ച് പ്രശ്നമല്ലെന്ന് തോന്നി. അങ്ങനെയാണ് ധര്‍മ്മജന്‍ വരുന്നത്. അതിലെ ഒരു വലിയ നേട്ടമെന്ന് പറയുന്നത് ധര്‍മ്മജനില്‍ നിന്നും പ്രതീക്ഷിച്ചതിലും മൂന്നിരട്ടി കോണ്‍ട്രിബ്യൂഷന്‍ തന്നു എന്നതാണ്.

അനു: പുതിയ എഴുത്തുക്കാരെ തെരഞ്ഞെടുക്കാന്‍ കാരണമെന്താണ്?

ഒമര്‍: പുതിയ ആളുകളാകുമ്പോള്‍, ഒരു വ്യത്യസ്ത കഥകള്‍ ഉപയോഗിച്ച് മുമ്പോട്ട് പോകുന്ന എനിക്ക് ഒരു ഫ്രെഷ്നസ്സ് ലഭിക്കും എന്നത് കൊണ്ടാണ്. കാരണം അവര്‍ക്ക് സ്ഥിരം ഒരു കണ്‍വെന്‍ഷ്ണല്‍ സ്റൈറല്‍ ബ്രെയ്ക്ക് ചെയ്ത് എഴുതാന്‍ പറ്റും. നമ്മളുമായി മിങ്കിളായി ആ ഒരു ഫ്രെഷ്നസ്സ് ഉണ്ടാകും. അതുകൊണ്ടാണ് ഹാപ്പി വെഡ്ഡിങ്ങിലാണെങ്കിലും ചങ്ക്സിലാണെങ്കിലും പുതിയ എഴുത്തുകാര്‍ വരുന്നത്.

അനു: ആദ്യ സിനിനയായ ഹാപ്പി വെഡ്ഡിങ്ങ് ഒരുപാട് പേര്‍ക്ക് ബ്രെയ്ക്ക് നല്‍കിയ ഒരു സിനിമയല്ലെ?

ഒമര്‍: ഹാപ്പി വെഡ്ഡിങ്ങില്‍ ഞാനാദ്യം ഉദ്ദേശിച്ചിരുന്നത് ബാലു വര്‍ഗ്ഗീസ് - ശ്രീനാഥ് ഭാസി പെയറായിരുന്നു. ആ സമയത്ത് കിംങ് ലെയറിന്റെ ഷൂട്ട് ഒക്കെയായി ബാലു തിരക്കിലായിരുന്നു. അപ്പോഴാണ് കട്ടന്‍ കാപ്പി എന്ന ഷോട്ട് ഫിലിം കാണുന്നതും അങ്ങനെ സിജു വില്‍സണിലേക്കും പിന്നീട് ഷറഫുദ്ദീനിലേക്കും എത്തുന്നത്. അത് സിജു, ഷറഫുദ്ദീന്‍, അനു സിത്താര, മെറീന അങ്ങനെ എല്ലാവര്‍ക്കും ഒരു ബ്രെയ്ക്ക് നല്‍കിയ സിനിമയാണ്.അനു: ആദ്യ സിനിമ ചെയ്തു കഴിഞ്ഞ് രണ്ടാമത്തെ സിനിമയിലെത്തി. അനായാസമായി തോന്നുന്നുണ്ടോ ജോലി ഇപ്പോള്‍ ?

ഒമര്‍: സിനിമ ഒരുപാടാഗ്രഹിച്ചിരുന്ന ഒരാളാണ് ഞാന്‍. ഒരുപാട് അവസരങ്ങള്‍ ചോദിച്ചു. എഞ്ചിനീയറിങിന് പഠിക്കുമ്പോഴായിരുന്നു ആദ്യത്തെ ശ്രമം. പിന്നീട് അതൊക്കെ കഴിഞ്ഞ് ആഗ്രഹം തുടര്‍ന്നപ്പോള്‍ ഞങ്ങള്‍ മൂന്ന് സുഹൃത്തുകള്‍ ചേര്‍ന്ന് കുറച്ചു പൈസ ഒക്കെ എടുത്ത് ആദ്യ സിനിമാ ശ്രമം തുടങ്ങി. അതിന് മുമ്പേ ചങ്ക്സിന്റെ കഥ മനസ്സിലുണ്ടായിരുന്നു. പക്ഷെ ബഡ്ജററ് കൂടുതലായിരുന്നത് കൊണ്ട് ഹാപ്പി വെഡ്ഡിങ്ങിലേക്ക് തിരിഞ്ഞു. പിന്നെ എല്ലാവരോടും പുതിയ ആളാണ്, വര്‍ക്ക് ചെയ്തിട്ടില്ലാന്ന് ആദ്യമേ പറയും. പിന്നെ ക്യാമാറാമാന്മാരെല്ലാം ഒത്തിരി സഹായിക്കുന്നു, സഹകരിക്കുന്നു.

അനു: അടുത്ത സിനിമയിലോട്ടുളള ശ്രമം?

ഒമര്‍: പുതിയ കുട്ടികളെ വെച്ച് വെറൈററി ഒന്ന് പ്ലാന്‍ ചെയ്യുന്നുണ്ട്. അതിനോടൊപ്പം മമ്മൂക്കയ്ക്കൊപ്പമുള്ള വര്‍ക്കിനായി എഴുത്ത് നടക്കുന്നു. ഭാര്യ റിന്‍ഷി, മക്കളായ ഇഷാന്‍, ഐറിന്‍ എന്നിവരോടൊപ്പം സുഖമായിരിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories