TopTop
Begin typing your search above and press return to search.

മുഷ്ടി ചുരുട്ടി, കൊടി പറപ്പിക്കുന്നതല്ല രാഷ്ട്രീയ സിനിമ; എന്റേത് മനുഷ്യന് അഭിമാനത്തോടെ ജീവിക്കാനുള്ള രാഷ്ട്രീയം- ശ്യാമപ്രസാദ്‌/അഭിമുഖം

മുഷ്ടി ചുരുട്ടി, കൊടി പറപ്പിക്കുന്നതല്ല രാഷ്ട്രീയ സിനിമ; എന്റേത് മനുഷ്യന് അഭിമാനത്തോടെ ജീവിക്കാനുള്ള രാഷ്ട്രീയം- ശ്യാമപ്രസാദ്‌/അഭിമുഖം

സാറാ ജോസഫിന്റെ പ്രശസ്ത നോവൽ ആളോഹരി ആനന്ദത്തിനൊരു സിനിമ ഭാഷ്യം വരുന്നു. ശ്യാമപ്രസാദാണ് ഇത് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. 20 കൊല്ലത്തോളമാവുന്നു ശ്യാമപ്രസാദ് മലയാള സിനിമയുടെ ഭാഗമായിട്ട്. അതിനു മുന്നേ ദൂരദർശൻ കാലം മുതൽ ഇവിടത്തെ ഭാവുകത്വ പരിണാമങ്ങളിൽ സജീവ സാന്നിധ്യമാണ്. സാഹിത്യകൃതികൾ അവലംബിച്ച തിരക്കഥകളും സൂക്ഷമമായ ദൃശ്യ ഭാഷയുമാണ് ശ്യാമപ്രസാദ് എന്ന സംവിധായകനെ വ്യത്യസ്തമായി അടയാളപ്പെടുത്തുന്നുന്നത്. വിമർശനങ്ങൾക്കിടയിലും സിനിമക്ക് അതിവേഗത്തിൽ സംഭവിക്കുന്ന ഭാവുകത്വ പരിണാമങ്ങൾക്കിടയിലും തന്റെ സിനിമാ രീതിയെ കൈവിടാതെ അദ്ദേഹം ഇവിടെ തന്നെയുണ്ട്. ശ്യാമപ്രസാദ് അപര്‍ണയുമായി സംസാരിക്കുന്നു, പുതിയ സിനിമകളെ കുറിച്ച്, സിനിമാ ചിന്തകളെയും അനുഭവങ്ങളെയും കുറിച്ച്..

അപര്‍ണ: ഹേ ജൂഡ് ആണ് താങ്കളുടെ പുതുതായി അനൗൺസ് ചെയ്ത സിനിമ? എന്താണ് ഹേ ജൂഡ്? എവിടെ വരെയായി അതിന്റെ പ്രവർത്തനങ്ങൾ?

ശ്യാമപ്രസാദ്: ജൂൺ അവസാന ആഴ്ചയിലാണ് ഷൂട്ടിങ് തുടങ്ങുന്നത്. സിനിമയുടെ കഥയെ പറ്റിയും മറ്റുമൊന്നും അധികം പറയുന്നില്ല. ഇത് ജൂഡ് എന്ന ഒരാളുടെ കഥയാണ്. അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന പരിണാമങ്ങളെ പറ്റിയാണ് സിനിമ സംസാരിക്കുന്നത്, വളരെ പ്രത്യേകതകൾ ഉള്ള ആളാണ് ജൂഡ്. നിവിൻ പോളിയാണ് ജൂഡ് ആവുന്നത്. തൃഷയാണ് മുഖ്യ സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൊച്ചിയിലും മംഗലാപുരത്തും ഗോവയിലും ഒക്കെയായാണ് ഷൂട്ടിങ് തീരുമാനിച്ചിട്ടുള്ളത്. മുകേഷ്, പ്രതാപ് പോത്തൻ പിന്നെ കുറച്ചു പുതുമുഖങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നു.

അപ: ദൂരദർശൻ കാലത്ത് താങ്കൾ ചെയ്ത ടെലിഫിലിമുകൾ സിനിമകളോളം തന്നെ ശ്രദ്ധിക്കപ്പെട്ടവയാണ്. പക്ഷേ ഇപ്പോൾ നമ്മുടെ ടി.വി കാണൽ രീതിയും പരിപാടികളുടെ രീതികളും ആകെ മാറി. അത്തരത്തിൽ ഉണ്ടായ മാറ്റങ്ങൾ ശ്രദ്ധിക്കാറുണ്ടോ...

ശ്യാമ: ദൂരദർശനില്‍ അന്ന് അത്തരത്തിലുള്ള ചിത്രങ്ങൾ ചെയ്യാൻ പറ്റിയത് ഭാഗ്യമായി തന്നെ കാണുന്നു. അന്ന് യാതൊരു തരത്തിലുമുള്ള വിപണിയുടെ സമ്മർദങ്ങളും ഉണ്ടായിരുന്നില്ല. എനിക്കിഷ്ടമുള്ള കഥകളിലും ഒക്കെ എന്റേതായ തിരക്കഥകൾ ഉണ്ടാക്കാൻ സാധിച്ചു. പ്രേക്ഷകർ അവയിൽ പലതിനെയും നന്നായിത്തന്നെ സ്വീകരിച്ചു. അന്ന് മറ്റു ചാനലുകൾ ഒന്നും ഇല്ല എന്നത് കൂടിയാവാം ഇങ്ങനെ ശ്രദ്ധ കിട്ടിയതിന് കാരണം. ഇന്നങ്ങനെയൊന്നും നടക്കാൻ ഉള്ള ഒരു സാധ്യതയും ഇല്ല. ഇപ്പോഴും ഞാൻ ഒരു വിനോദ ചാനലിന്റെ ഭാഗമായി പ്രവർത്തിക്കുക കൂടി ചെയ്യുന്നതു കൊണ്ട് അതിന്റെ കുറെ യാഥാർഥ്യങ്ങൾ നന്നായി അറിയാം. ടി.വി മാധ്യമലോകം ഇന്ന് പൂർണമായും ഒരു കച്ചവട വ്യവസ്ഥയിൽ മാത്രമാണ് നിലനിൽക്കുന്നത്. കലയ്‌ക്കോ സംസ്കാരത്തിനോ ഒന്നും അവിടെ യാതൊരു സ്ഥാനവും ഇല്ല. ഞാൻ ചെയ്തതൊക്കെ ദൂരദർശന്റെ ഒരു കാലത്തിന്റെ ഒക്കെ മാത്രം സവിശേഷതയും സൗഭാഗ്യവും ആണ്.

അപ: ഇപ്പോൾ ടെലിഫിലിം നിർമാണത്തിന് കുറച്ചുകൂടി തുറസായ സാധ്യതകൾ ഉണ്ടല്ലോ. മൊബൈൽ ഫോൺ മുതൽ എന്തും ഉപയോഗിക്കാം. സമൂഹ മാധ്യമങ്ങളിലൂടെ കാണികളിൽ എത്തിക്കാം. എന്ത് തോന്നുന്നു?

ശ്യാമ: വളരെ നല്ല ഒരു കാര്യമാണത്; ഒരു മാധ്യമത്തിന്റെ ജനാധിപത്യവത്കരണം ആയി തന്നെയാണ് ഞാൻ അതിനെ കാണുന്നത്. പക്ഷേ, തീർച്ചയായും അതിനൊരു മറുവശം കൂടിയുണ്ട്. ആർക്കും എങ്ങനെയും ഇത്തരം സാധ്യതയെ ഉപയോഗിക്കാം എന്ന ഒരു അപകടമുണ്ട് ഇതിൽ. ഒരു കാലത്ത് അതിസൂക്ഷ്മമായി, കുറച്ചു വിദഗ്ദർ മാത്രം കൈകാര്യം ചെയ്തിരുന്ന കാര്യങ്ങൾ ഇന്ന് അലസമായും അശ്രദ്ധമായും കൈകാര്യം ചെയ്യുന്ന അവസ്ഥ കാണുമ്പോൾ ചിലപ്പോൾ നിരാശ തോന്നാറുണ്ട്. എല്ലാ നിയമങ്ങളും ഇല്ലാതാവുന്നു. ജീവിതത്തോട്, കലയോട് ഒക്കെ പൂർണമായി സത്യസന്ധതയോടെ അവതരിപ്പിക്കാൻ ഇത്തരം സ്വാതന്ത്ര്യ പ്രഖ്യാപനം നല്ലതു തന്നെ, പക്ഷെ അത് മിക്കപ്പോഴും കൃത്യതയില്ലായ്മയുടെയും ഉപരിപ്ലവതയുടെയും നിദര്‍ശമായി തീരുന്നതാണ് ഇന്ന് കാണുന്നത്.

അപ: സ്നേഹം, വ്യക്തിബന്ധങ്ങളിലെ സംഘർഷങ്ങൾ, വ്യക്തിക്കുള്ളിലെ ആശയക്കുഴപ്പങ്ങൾ ഒക്കെയാണ് ആദ്യം മുതൽ താങ്കൾ സിനിമയിലൂടെ പറയാറുള്ളത്. ഇതിനെ കുറിച്ചൊക്കെ ഉള്ള സങ്കല്പങ്ങൾ കാലാനുസൃതമായി ഓരോ വ്യക്തിക്കുള്ളിലും മാറാം. അത്തരം ഒരു മാറ്റം മുൻകാല സിനിമകളിൽ പറഞ്ഞ ഏതെങ്കിലും അനുഭവത്തെ റദ്ദു ചെയ്യാൻ പാകത്തിൽ ഉണ്ടായിട്ടുണ്ടോ?

ശ്യാമ: അത് ഒരു നല്ല ചോദ്യമാണ്, ആരും എന്നോട് ഇതുവരെ ചോദിക്കാത്ത ഒന്നാണിത്. ഇല്ല, എനിക്ക് തോന്നുന്നില്ല, എന്റെ മുൻപ് ചെയ്ത സൃഷ്ടികളിൽ നിന്നും അടിസ്ഥാനപരമായുള്ള എന്തിനെയെങ്കിലും റദ്ദു ചെയ്യേണ്ടതായി ഉണ്ടെന്ന്. സാങ്കേതികമായ ചില മാറ്റങ്ങൾ ഒക്കെ ചെയ്യാൻ സാധിക്കുമായിരുന്നെങ്കിൽ എന്ന് പലപ്പോഴും തോന്നാറുണ്ട്. കല്ല് കൊണ്ടൊരു പെണ്ണിന്റെ നിർമിതിയിലെ പല വശങ്ങളെയും പരസ്യമായി തന്നെ റദ്ദു ചെയ്തതാണ്. ഇൻഡസ്ട്രിയിൽ വന്ന ആദ്യകാലത്തിന്റെയൊക്കെ അബദ്ധ ധാരണകൾ ഒക്കെ മേക്കിങ്ങിൽ ഉണ്ടായിരുന്നു. അതുപോലെ അഗ്നിസാക്ഷിയുടെ നിര്‍മിതിയിലും എനിക്ക് തൃപ്തി തരാത്ത പല സാങ്കേതിക ഘടകങ്ങളും ഉണ്ട്. പക്ഷെ കോർ ആയി, കഥാവസ്തുവിന്റെ കാര്യത്തിലോ, കലാസമീപനങ്ങളുടെ കാര്യത്തിലോ പിൽക്കാലത്ത് തള്ളിപ്പറയേണ്ടവ ചെയ്തുവെന്ന് എനിക്ക് തോന്നുന്നില്ല. പലപ്പോഴും എന്റെ സിനിമകൾ പരമ്പരാഗത മൂല്യങ്ങളെയും സദാചാര നിയമങ്ങളെയും ഒക്കെ ധിക്കരിക്കുന്ന നിലപാട് കൈക്കൊണ്ടിട്ടുണ്ട്. സിനിമ എന്ന വ്യവസായത്തിന്റെ ഭാഗമായി, പൊതുജന സമ്മതിക്കായി അത്തരം ചിന്തകളിൽ വെള്ളം ചേർക്കാനോ, സത്യത്തെ മറച്ചുപിടിക്കാനോ ഞാൻ ശ്രമിച്ചിട്ടില്ലെന്നത് എനിക്ക് ഉറപ്പുണ്ട്.

പിന്നെ മറ്റൊരു കാര്യം കൂടിയുണ്ട്. മഹത്തായ എഴുത്തുകാരുടെ കഥാവസ്തുക്കൾ ഉപയോഗിച്ചാണെല്ലോ ഞാൻ അധികവും സിനിമകൾ ചെയ്തത്. അഗ്നിസാക്ഷി ചെയ്യുമ്പോൾ ഞാൻ ഒരു മുപ്പതുകാരൻ ആയിരുന്നു. പക്ഷെ അത് 70 വയസ്സ് കഴിഞ്ഞ ഒരമ്മ എഴുതിയതാണ്. എന്നിലൂടെ പുനർപ്രകാശനം നടക്കുകയാണുണ്ടായത്. ആ പ്രക്രിയക്കിടയിൽ ആ എഴുത്തുകാരിയുടെ മനസ്സും ചിന്തയുമായി ഐക്യപ്പെടാൻ സാധിച്ചിട്ടുണ്ട്. ടെന്നിസി വില്യംസിന്റെ നാടകം സിനിമയാക്കിയപ്പോഴും അതൊരിക്കലും 20 വയസുകാരന്റെയോ 30 വയസുകാരന്റെയോ ജീവിത വീക്ഷണത്തിനിൽ നിന്ന് രൂപം കൊണ്ടതായിരുന്നില്ല. എന്റെ 25 -ആം വയസിൽ ഞാൻ എന്റെ മാത്രം കഥ സിനിമയാക്കിയിരുന്നെങ്കിൽ ഒരുപക്ഷേ പത്തിരുപത് വർഷങ്ങൾ കഴിഞ്ഞ്, ഇന്ന് റദ്ദ് ചെയ്യാനായി പലതും ശ്രദ്ധയിൽ വന്നേനെ.

അപ: സ്ത്രീകഥാപാത്രങ്ങൾ നയിച്ച് കൊണ്ട് പോകുന്നതോ സ്ത്രീ കഥാപത്രങ്ങൾക്ക് വലിയ പ്രാധാന്യമുള്ളതോ ആയ സിനിമകൾ മാത്രമേ താങ്കൾ ചെയ്തിട്ടുള്ളു. അത് ഈ ഇൻഡസ്ട്രിയിൽ നിൽക്കുമ്പോൾ ഒരു വെല്ലുവിളി ആയി തോന്നിയിട്ടുണ്ടോ?

ശ്യാമ: വെല്ലുവിളി തന്നെയാണ്. പക്ഷെ എനിക്ക് എങ്ങനെയൊക്കെയോ അത് ചെയ്യാൻ സാധിക്കാറുണ്ട്. ഇപ്പോൾ, ഒരേ കടൽ പോലൊരു സിനിമ വാസ്തവത്തിൽ പറയുന്നത് ദീപ്തിയുടെ കഥയാണ്. പക്ഷെ നാഥൻ എന്ന കഥാപാത്രത്തിന്റെ ശക്തമായ സാന്നിധ്യം എപ്പോഴും ഉണ്ട്. അങ്ങനെ ചില പുരുഷ കഥാപാത്രങ്ങൾക്ക് കിട്ടുന്ന ഇടം കൊണ്ട് കൂടിയാവാം ഞാൻ ആ വെല്ലുവിളിയെ മറികടക്കുന്നത് അല്ലെങ്കിൽ ബാലൻസ് ചെയ്‌തെങ്കിലും പോകുന്നത്. അഗ്നിസാക്ഷിയുടെ കാര്യത്തിൽ ഒക്കെ എനിക്ക് അത്തരം പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു. കാരണം ശോഭന മാത്രമേ അതിൽ അത്തരത്തിൽ ഉണ്ടായിരുന്നുള്ളു. പ്രസക്തമായ കാര്യം ഇതാണ്‌. മലയാള സാഹിത്യത്തിലായാലും വിശ്വസാഹിത്യത്തിന്റെ കാര്യം എടുത്താലും കനപ്പെട്ട സൃഷ്ടികൾ അധികവും സ്ത്രീ ജീവിതത്തെക്കുറിച്ചാണ്‌. എന്നെ സംബന്ധിച്ചിടത്തോളം പറയാൻ എന്തോ പ്രത്യേകമായ ഒരു ഉത്സാഹവും ഉണ്ട്‌.

അപ: ടെലിഫിലിമുകളും ആദ്യ കാലത്തെ സിനിമകളും സാഹിത്യകൃതികൾ മുൻനിർത്തി എടുത്തതാണ്. ഇപ്പോൾ സ്വന്തം സ്ക്രിപ്റ്റുകളിൽ നിന്നും സിനിമകൾ ചെയ്യുന്നു. ഈ മാറ്റം മനഃപൂർവം സംഭവിച്ചതാണോ?

ശ്യാമ: ആദ്യം മുതലേ എന്റെ സ്ക്രിപ്റ്റുകളിൽ നിന്ന് തന്നെയാണ് ഞാൻ സിനിമകൾ ചെയ്തിട്ടുള്ളത്. അഗ്നിസാക്ഷിക്കും ഞാൻ തന്നെയാണ് തിരക്കഥ എഴുതിയത്. സാഹിത്യകൃതികളെ അധികരിച്ച് സിനിമകൾ എടുക്കുന്നു എന്ന് മാത്രം. ചിലപ്പോഴൊക്കെ മറ്റു തിരക്കഥാകൃത്തുക്കളുടെ രചനകൾ സ്വീകരിച്ചു. ഋതു, ഇംഗ്ലീഷ്, ഇവിടെ എന്നീ സിനിമകളിൽ. സാഹിത്യകൃതികൾ മുൻനിർത്തി സിനിമയെടുക്കുന്നു എന്നത് അങ്ങനെ പ്രത്യേകിച്ച് ആധിയോടെ സംസാരിക്കേണ്ട വിഷയം ആണെന്ന് എനിക്ക് തോന്നുന്നില്ല. പത്രവാർത്തയിൽ നിന്നോ, ജീവിതാനുഭവങ്ങളിൽ നിന്നോ പ്രമേയം സ്വീകരിക്കുന്നത് പോലെ തന്നെ ഉള്ളൂ ഇതും, അടിസ്ഥാനപരമായി. എപ്പോഴും എനിക്ക് ഈ ചോദ്യം നേരിടേണ്ടി വരുന്നുണ്ട്. സത്യജിത്ത് റേയുടെ 90 ശതമാനം സിനിമകളും മറ്റുള്ളവരുടെ നോവലുകളെ മുൻനിർത്തി ഉണ്ടായവയാണ്. ഒരു എഴുത്തുകാരൻ സൃഷ്ടിച്ച ലോകത്തിന് സജീവമായ ഒരു അനുഭവ ലോകം ഒരുക്കാൻ റേയ്ക്ക് സാധിച്ചു എന്നതാണ് കാര്യം. കഥാരചനയല്ല ചലച്ചിത്ര സംവിധായകന്റെ ജോലി. ശക്തമായ ഇന്ദ്രിയാനുഭവങ്ങളിലൂടെ സത്യാത്മകമായ ഒരു ലോകം സൃഷ്ടിക്കുക എന്നതാണ്.

അപ: മൺവീണയിൽ മഴ ശ്രുതിയുണർത്തി മുതൽ താങ്കളുടെ ടെലിഫിലിം കാലം മുതൽ ഉള്ള പാട്ടുകൾ, പാടുന്ന പാട്ടുകാർ, കഥയോടുള്ള അതിന്റെ ഇഴയടുപ്പം ഒക്കെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. എന്തൊക്കെയാണ് പാട്ടുകൾ ചേർക്കുമ്പോൾ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധിക്കാറ്?

ശ്യാമ: സിനിമയിൽ ശരിക്കും പാട്ടുകളുടെ യാതൊരാവശ്യവും ഇല്ല. അതൊരു 'നെസസറി ഇവിൾ' ആയാണ് എനിക്ക് തോന്നാറ്. ഇക്കാലത്ത്, സിനിമകൾ തീയറ്ററിൽ എത്തിക്കാനും പ്രമോട്ട് ചെയ്യാനും പാട്ടുകൾ ഒരു ആവശ്യഘടകമായി മാറിയിരിക്കുന്നു. പശ്ചാത്തല സംഗീതം ചെയ്യുന്നത്, സിനിമയുടെ സ്വകീയമായ ശിൽപ്പത്തിന്റെ ഭാഗമായിരിക്കുന്നത് കൊണ്ട് ഞാൻ ആസ്വദിച്ച് ചെയ്യാറുണ്ട്. പക്ഷെ പാട്ടുകൾ ഉണ്ടാക്കുന്നത് എന്നും എനിക്ക് തലവേദനയാണ്. കഥയിൽ എവിടെ ചേർക്കാം എന്നൊക്കെ കുറെ ആലോചിച്ചു വിഷമിക്കാറുണ്ട്. ചിലപ്പോൾ അങ്ങനെ ചേർക്കുന്നതിൽ ഞാൻ പരാജയപ്പെടാറും ഉണ്ട്, അരികെയിലെ പാട്ടുകളുടെ എണ്ണക്കൂടുതൽ ഒരു ഉദാഹരണമാണ്. ചിലപ്പോൾ തെറ്റ് പറ്റും. എല്ലാത്തരം പാട്ടുകളും കേൾക്കുന്നത് എനിക്ക് വലിയ ഇഷ്ടമാണ്. പക്ഷെ അത് സിനിമയിൽ കൈകാര്യം ചെയ്യുന്നത് വളരെ ശ്രദ്ധിച്ചാണ്. കംപോസർമാരുമായുള്ള പൊരുത്തം മുതൽ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കും. പിന്നെ, നടപ്പ് സമ്പ്രദായം പോലെ പാട്ടുകൾ ഞാൻ ആദ്യമേ റെക്കോർഡ് ചെയ്യാറില്ല. ആദ്യം ഞാൻ ഒരു സിനിമ ഷൂട്ട് ചെയ്യുന്നു, എഡിറ്റ് ചെയ്യുന്നു, അതിനു ശേഷമാണ് പാട്ടുകളുടെ കാര്യം ആലോചിക്കാറുള്ളത്. അങ്ങനെ വല്ലാതെ ശ്രദ്ധിച്ച്, വിഷമിച്ചു ചെയ്യുന്നത് കൊണ്ടാവാം അങ്ങനെ ഒരു റിസൾട്ട് ഉണ്ടായത് എന്ന് തോന്നുന്നു

അപ: ഗേ പ്രണയം, വിവാഹത്തിനപ്പുറമുള്ള സ്ത്രീ പുരുഷ പ്രണയം ഒക്കെ താങ്കളുടെ സിനിമയിൽ പല തവണ കടന്നു വന്നിട്ടുണ്ട്. ഇത് മലയാളി സെന്‍സിബിലിറ്റിക്ക് അല്ലെങ്കിൽ സെൻസർ ബോർഡിന് ഒക്കെ ബുദ്ധിമുട്ടാവും എന്ന് തോന്നിയിട്ടുണ്ടോ?

ശ്യാമ: ഒരിക്കലും തോന്നിയിട്ടില്ല. കുറച്ചു കൂടി ആഴത്തിൽ, അവധാനതയോടെ അത്തരം വിഷയങ്ങൾ ചെയ്യാൻ പറ്റിയില്ലല്ലോ എന്ന ചിന്ത മാത്രമേ ഉണ്ടായിട്ടുള്ളൂ. ഉത്തരവാദിത്വമുള്ള സംവിധായകർ അത്തരം വിഷയങ്ങൾ സത്യസന്ധതയോടെ അഡ്രസ് ചെയ്യണം എന്നേ എനിക്ക് തോന്നിയിട്ടുള്ളൂ. നമ്മൾ ഇപ്പോൾ ഈ വിഷയം സംസാരിച്ചതു കൊണ്ട് തന്നെ ഞാൻ പുതിയ ഒരു കാര്യം പറയാം. ഞാൻ അടുത്തതായി ചെയ്യാനിരിന്ന പ്രോജക്റ്റ് സാറ ജോസഫിന്റെ ആളോഹരി ആനന്ദത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ്. ലെസ്ബിയൻ പ്രണയ ബന്ധം തന്നെയാണല്ലോ അവിടെയും വിഷയം. ഞാൻ ആദ്യമായാണ് ഒരു മാധ്യമത്തോട് ഇതിനെപ്പറ്റി സംസാരിക്കുന്നത്. ഒരുപാട് താത്പര്യത്തോടെ ചെയ്യുന്ന പ്രോജക്റ്റ് ആണ്. അതിന്റെ സ്ക്രിപ്റ്റിംഗ് പൂർത്തിയായി, കാസ്റ്റിംഗ് ഒക്കെ നടക്കുന്നു. ഒരു താരസിനിമ അല്ലാതെ ഇത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. മൾട്ടിപ്ലക്സിന്റെ ഒക്കെ വരവോടെ താരങ്ങൾക്കപ്പുറം സിനിമയെ സ്വീകരിക്കുന്ന അവസ്ഥ വന്നിട്ടുണ്ട്. വ്യത്യസ്തവും ധീരവുമായ പ്രമേയങ്ങളുമായി ഇന്ന് പ്രേക്ഷരിലേക്ക് എത്താൻ ധാരാളം വഴികൾ തെളിഞ്ഞു കാണുന്നുണ്ട്. നെറ്റ് ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവ, നിലവിലുള്ള പ്രദർശന സമ്പ്രദായങ്ങൾക്ക് വെളിയിലുള്ള ശക്തമായ സാധ്യതകളാണ് തുറന്നിടുന്നത്.

അപ: തീയറ്ററുകൾ ശ്യാമ പ്രസാദിന്റെ സിനിമകളോട് നീതി കാണിച്ചില്ല എന്ന് തോന്നിയിട്ടുണ്ടോ?

ശ്യാമ: ചിലപ്പോഴൊക്കെ അങ്ങനെ ഒരു നിസ്സഹായാവസ്ഥ തോന്നിയിട്ടുണ്ട്. ഒരു തിയേറ്ററിനകത്ത് ഒരു കൂട്ടം ആളുകൾ ഒന്നിച്ച് സിനിമ കാണുന്നതിന്റെ ഡൈനാമിക്ക്സ് തീർത്തും വ്യത്യസ്തമായ ഒന്നാണ്. ഒരു ഫിലിം മേക്കറുടെ സങ്കല്പങ്ങൾക്കോ ഭാവനയിലുള്ള കഥക്കോ മേക്കിങ്ങിനോ മാത്രമല്ല അവിടെ പ്രസക്തി. വളരെ ചെറുപ്പക്കാരായ ആൾക്കാർ ആണ് തീയറ്ററിൽ ആദ്യ ദിനങ്ങളിൽ എത്താറ്. അവരിൽ പലരുടെയും അക്ഷമയും അഭിരുചികളും കൊണ്ടുള്ള പ്രതികരണ വ്യതിയാനങ്ങൾ ആ ആൾക്കൂട്ടത്തെ മുഴുവനും ബാധിക്കുന്നു. ഇത്തരത്തിലുള്ള സജീവമായ പ്രേക്ഷക പ്രതികരണങ്ങളുടെ തീവ്ര സംഘര്‍ഷാവസ്ഥയെ എതിരിടാനും മറികടക്കാനും സാധിക്കുന്ന സിനിമകൾക്കേ ആദ്യ രണ്ടാഴ്ചകൾ കടന്നു പോകാനാവൂ.

ഉപരിപ്ലവമായ രസക്കൂട്ടുകൾ ചേർത്ത, തമാശകൾ നിറഞ്ഞ, അല്ലെങ്കിൽ ഇക്കിളിപ്പെടുത്തുകയോ ത്രില്ലടിപ്പിക്കുകയോ അത്ഭുതപ്പെടുത്തുകയോ ചെയ്യുന്ന സിനിമകളാവും അധികവും ഈ ടെസ്റ്റ് ജയിച്ച് കേറുന്നത്. അത് ഒരു സിനിമയുടെ നൈസർഗികമായ ക്വാളിറ്റിയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണോ എന്ന് ചോദിച്ചാൽ അല്ല എന്ന് പറയേണ്ടി വരും. പക്ഷെ പൊതുജനത്തിന് മുന്നിൽ സിനിമ പ്രദർശിപ്പിക്കുമ്പോൾ ആ ഡൈനാമിക്ക്‌സിനെ അവഗണിക്കാൻ സാധിക്കില്ലല്ലോ. അതിനെ അഭിമുഖീകരിച്ചേ മതിയാവൂ. ആ വൈരുധ്യം എപ്പോഴും അവിടെ നിലനിൽക്കുന്നുണ്ട് എന്നത് എല്ലാ ഫിലിം മേക്കറുടെയും ജീവിതത്തിന്റെ ഭാഗമാണ്.

അപ: ഇവിടെ പോലൊരു സിനിമയിൽ ഒക്കെ ഈ പ്രശ്നം ബാധിച്ചിട്ടുണ്ടോ. ഷോ വെട്ടിക്കുറയ്ക്കലും ഓഫ് ബീറ്റ് സിനിമയാണെന്ന മുന്നറിയിപ്പും ഒക്കെയായാണ് പല തീയറ്റർ അധികൃതരും ആ സിനിമയെ സമീപിച്ചത്...

ശ്യാമ: ഉണ്ടായിരിക്കാം. എന്റെ മാനദണ്ഡങ്ങളും ഒരു ആൾക്കൂട്ടത്തിന്റെ മാനദണ്ഡങ്ങളും തീർത്തും വ്യത്യസ്തമായിരിക്കും. പിന്നെ, ഇവിടെ എന്നൊരു സിനിമയുമായി നമ്മുടെ നാട്ടിൽ ഉള്ള പലർക്കും പ്രമേയപരമായി കണക്ട് ചെയ്യാൻ ബുദ്ധിമുട്ടുണ്ടായി എന്നതും കൂടി ആവാം ചിലപ്പോൾ ആ പ്രശ്നത്തിന് കാരണം. മറ്റൊരു രാജ്യത്ത് ജീവിക്കുന്ന ആളുകളുടെ ജീവിതം, പുതിയൊരു ആഗോള സമ്പദ്‌വ്യവസ്ഥയുടെ പ്രശ്നം, അന്തർദേശീയമായ കോൺഫ്ലിക്റ്റുകൾ, കുടുംബ ബന്ധങ്ങളിലെ അത്ര പരിചിതമല്ലാത്ത ശീലങ്ങൾ ഒക്കെ മലയാളികളായ കാണികൾക്കു വേണ്ടി എടുത്തപ്പോൾ എവിടെയോ കണക്ട് ചെയ്യാത്തതിന്റെ കുറവ് ഉണ്ടായി എന്ന് ഞാൻ സമ്മതിക്കുന്നു. മറ്റൊരു കാര്യം, സിനിമയിൽ 60 ശതമാനത്തിലേറെ ഇഗ്ലീഷ് സംഭാഷണങ്ങൾ ആണ്. സബ്‌ടൈറ്റിൽ വായിച്ച് സിനിമ കണ്ട് ശീലമില്ലാത്ത പൊതു പ്രേക്ഷകന് ഇതും ഒരു പ്രശ്നമായി തീർന്നിരിക്കാം.

അപ: വിപണിമൂല്യം എന്ന സങ്കൽപ്പത്തിന് വേണ്ടി വിട്ടുവീഴ്ചകൾ ചെയ്യാത്ത സംവിധായകൻ എന്ന് തോന്നിയിട്ടുണ്ട്...

ശ്യാമ: ആ നല്ല നിരീക്ഷണത്തിനു നന്ദി. പക്ഷെ അത്രയും ഉദാരമായ ഒരു വിശേഷണത്തിന് ഞാൻ അർഹനാണോ എന്ന് എനിക്ക് വ്യക്തിപരമായി സംശയം ഉണ്ട്. കുറെയൊക്കെ വിട്ടുവീഴ്ചകൾ എനിക്കും ചെയ്യേണ്ടി വന്നിട്ടുണ്ട്. ചെയ്യാതിരിക്കാൻ പരമാവധി ശ്രമിച്ചു എന്നത് സത്യമാണ്. പക്ഷെ പലപ്പോഴും വീഴ്ചകൾ പറ്റിയിട്ടുണ്ട്. അത് താരങ്ങളുടെ കാര്യത്തിൽ, സാങ്കേതികതയുടെ കാര്യത്തിൽ, ട്രീറ്റ്മെന്റിന്റെ കാര്യത്തിൽ ഒക്കെ ഉണ്ടായിട്ടുണ്ട്. വിപണിമൂല്യത്തെ പരിഗണിച്ചിട്ടുണ്ട്, പക്ഷെ അടിസ്ഥാനപരമായി പ്രമേയസ്വീകരണത്തിന്റെ കാര്യത്തിലോ, കമ്പോളത്തിന് പ്രിയമായ കൂട്ടുകൾ നിരത്തുന്ന കാര്യത്തിലോ വലിയ വിട്ടുവീഴ്ചകൾ ഞാൻ ചെയ്തിട്ടില്ലെന്നത് അഭിമാനത്തോടെയും ചാരിതാർഥ്യത്തോടെയും വിശ്വസിക്കുന്നു.

അപ: കോടി ക്ലബ് കണക്കുകളിലേക്ക് മെല്ലെ മലയാള സിനിമയും ചുവടു മാറുകയാണല്ലോ... അതിനെ എങ്ങനെ കാണുന്നു?

ശ്യാമ: ഉള്ളിൽ അടക്കിയ ചിരിയോടു കൂടി മാത്രമേ ഈ പുതിയ പ്രതിഭാസത്തെ ഒക്കെ കാണാൻ കഴിയുന്നുള്ളു. അതിനോട് എതിരിടാനും എതിരിടാതെ ഇരിക്കാനും ഒന്നും സാധിക്കില്ല. നിലവിലുള്ള നമ്മുടെ നിർമാണ രീതിയോട് ചേർന്ന് നിൽക്കുന്ന ഒരു യാഥാർഥ്യം തന്നെയാണ് അത്. സിനിമ ഒരു സാംസ്‌കാരിക അനുഭവം എന്നതിൽ നിന്നും ഉപരിപ്ലവമായ ഉല്ലാസങ്ങളുടെയൊരു ആഘോഷമായി മാറുന്ന രീതിയിലേക്ക് സമൂഹം പൂർണമായും മാറിക്കൊണ്ടിരിക്കുന്നു. 'സത്യ'വുമായി യാതൊരു തരത്തിലുമുള്ള ബന്ധവും സിനിമയിൽ നിന്ന് പൊതു പ്രേക്ഷകൻ പ്രതീക്ഷിക്കുന്നില്ല. അങ്ങനെ ഒരു അന്തരീക്ഷത്തിൽ, ഇവിടെ ഒരറ്റത്ത് നിന്ന് യുദ്ധം ചെയ്യുമ്പോൾ മൊത്തത്തിൽ ഇതൊക്കെ ഒരു ബ്ലാക്ക് ഹ്യൂമർ ആയി കാണുന്നതാവും ബുദ്ധി.

അപ: സിനിമ താങ്കൾക്ക് അപ്പോൾ ആർട്ട് ആണോ ക്രാഫ്റ്റ് ആണോ?

ശ്യാമ: തീർച്ചയായും ആർട്ട് ആണ്. അതിശക്തമായ ഒരു സംവേദന ഉപാധിയാണ്. നമ്മളെ ആഴത്തിൽ സ്പർശിച്ച ഒരു കഥ പറയുന്നു... ആ കഥ, വായിച്ചതോ അനുഭവിച്ചതോ സ്വയം കണ്ടെത്തിയതോ ആയ ഒരു അനുഭവമാകും... ആ അനുഭവം കാണുന്നവരിലേക്കു കൂടി പകരാൻ ശ്രമിക്കുന്നു. അത്തരത്തിൽ നോക്കുമ്പോൾ സിനിമ പൂർണമായും എനിക്ക് ഒരു ആർട്ട് ഫോം തന്നെയാണ്. സിനിമ എന്ന കലാരൂപം ടെക്നോളജിയേയും ക്രാഫ്റ്റിനെയും ആശ്രയിച്ചാണ് നിലനിൽക്കുന്നത്. പക്ഷെ സിനിമ ക്രാഫ്റ്റ് അല്ല. ക്യാമറ എവിടെ വെക്കണമെന്നോ നടീ നടന്മാര്‍ എങ്ങോട്ട് നടക്കണമെന്നോ പറയുന്ന ആളല്ലല്ലോ അടിസ്ഥാനപരമായി സംവിധായകൻ. അയാൾ ഒരു അനുഭവത്തെ, ആശയത്തെ, വികാര പ്രപഞ്ചത്തെ തീവ്രമായ ഒരു ദൃശ്യ, ശ്രാവ്യ അനുഭവമാക്കി സൃഷ്ടിക്കുന്നയാളാണ്. ആ അർത്ഥത്തിൽ അയാളൊരു കലാകാരനും സിനിമ എന്ന സൃഷ്ടി കലയും തന്നെയാണ്.

അപ: താങ്കൾ എന്റെർറ്റൈനെർ/ ആർട്ടിസ്റ്റ് എന്നുള്ള വ്യതാസങ്ങളെ കുറിച്ച് പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ട്...

ശ്യാമ: എന്താണ് 'എന്റർറ്റൈൻമെന്റ്' എന്നത് എന്ന ആഴത്തിൽ ആലോചിക്കേണ്ടിയിരിക്കുന്നു. പഴത്തൊലി ചവിട്ടി വീഴുന്നത് എന്റർറ്റൈൻമെന്റാണ്, അപുവും ദുർഗയും കാഷ് പൂക്കൾ വിരിഞ്ഞ മൈതാനത്തിലൂടെ തീവണ്ടിയുടെ ശബ്ദം കേട്ട് ഓടുന്നതു കാണുന്നതും എന്റർടൈൻമെന്റാണ്. 'രസനീയത' എന്നത് ഉപരിപ്ലവമായ ഒന്നാവണം എന്നില്ല. നമ്മുടെ പഴയ ഒരു നാടക സിദ്ധാന്തമില്ലേ, കഥാർസിസ് - 'ഇവോക്കിങ് ഫിയർ ആൻഡ് പിറ്റി'. കലാസിദ്ധാന്തങ്ങളിൽ ഏറ്റവും വിശ്വവ്യാപകമായ ഒന്നാണത്. 'ഇവോക്കിങ് ഇമോഷൻസ്' (വികാര വിരേചനം) തന്നെ കാണികളെ എൻഗേജ്‌ ചെയ്യാനുള്ള ഉപാധി ആണല്ലോ. അത്തരം ഹൃദയഗ്രാഹിയായ ഒരു അവസ്ഥയെ ആണ് ഞാൻ എന്റർറ്റൈന്റ്‌മെന്റ് എന്ന് വിളിക്കാൻ ഇഷ്ടപ്പെടുന്നത്. അത് ഹ്യൂമറാവാം, മറ്റേത് വികാരമോ ആവാം. പറയുന്ന കാര്യമെന്തായാലും പറയാൻ ഉപയോഗിക്കുന്ന മീഡിയത്തിന്റെ ഏറ്റവും ഫലപ്രദമായ ഉപയോഗത്തിലൂടെ, രസകരമായി പറയുക എന്നതിനാണ് ശ്രമിക്കാറുള്ളത്. അപ്പോൾ, പറയുന്ന വസ്തുതയെന്ത് എന്നത് മറക്കാതെ, അതിന്റെ എല്ലാ സത്യാത്മകതയെയും ശുദ്ധിയേയും നിലനിർത്തിക്കൊണ്ട്, പ്രേക്ഷകന്റെ വൈകാരിക ശ്രദ്ധക്ക് മുറിവ് വരാതെ, അയവ് വരാതെ പ്രകാശിപ്പിക്കാൻ സാധിക്കുക എന്നതാണ് ഒരു യഥാർത്ഥ ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം എന്റർറ്റൈൻമെന്റ്.

അപ: അപ്പോൾ സിനിമ, സംവിധാനം ചെയ്യുന്ന ആളിന്റെ ആണോ, തിരക്കഥാകൃത്തിന്റെ ആണോ? അതോ അഭിനയിക്കുന്നവരുടേതാണോ?

ശ്യാമ: തീർച്ചയായും സംവിധായകന്റെ ആണ് എന്നാണ് എന്റെ കാഴ്ചപ്പാട്. പിന്നെ, പല തരത്തിലുള്ള സിനിമകൾ ഇല്ലേ... ഒരു ഫാക്ടറി ഒരു പ്രോഡക്റ്റ് നിർമിച്ച് വിൽക്കുന്ന പോലെ സിനിമയെ കാണുന്നവരും ഉണ്ട്. ഒരു താരത്തിന്റെ ഡേറ്റ് സംഘടിപ്പിക്കുന്നു, വിപണി മൂല്യമുള്ള ഒരാളെക്കൊണ്ട് കഥയും തിരക്കഥയും എഴുതിയുണ്ടാക്കുന്നു, തനിക്കൊത്ത ഒരു സംവിധായകനെ ആ ജോലി ഏൽപ്പിക്കുന്നു, ക്യാമറ ചെയ്യുന്ന ആളെ ഹയർ ചെയ്യുന്നു. അങ്ങനെ ഫാക്ടറി പ്രോസസിൽ ഉള്ള സിനിമകൾ ധാരാളം ഉണ്ടാവുന്നുണ്ട്. അവിടെ സംവിധായകൻ ഒരു സംഘാടകൻ മാത്രമാണ്. ഒരു കലാകാരൻ എന്ന രീതിയിൽ ഉള്ള അയാളുടെ കാഴ്ചപ്പാടുകൾക്കോ നിലപാടുകൾക്കോ വലിയ സാംഗത്യം ഒന്നും ഇല്ല അവിടെ. നേരെ മറിച്ച്, സംവിധായകന്റെ വിശ്വാസത്തിലും ഭാവനയിലും വിടർന്നു പടരുന്ന സിനിമയെന്ന ശിൽപം, അതാണെന്റെ സങ്കൽപം. മുഖ്യധാരാ സിനിമ വ്യവസായത്തിന്റെ ഭാഗമായി നിൽക്കുമ്പോഴും ഞാൻ രണ്ടാമത്തെ പ്രോസസ്സിൽ പൂർണമായും വിശ്വസിക്കുന്ന ആളാണ്. സിനിമ ഒരു കലാരൂപം തന്നെയാണ് എനിക്ക്. എന്റെ കാഴ്ചയുടെ പ്രതിഫലനം തന്നെയാണ് എന്റെ സിനിമകൾ.

അപ: ഒരു സജീവ രാഷ്ട്രീയ പ്രവർത്തകന്റെ മകൻ ആയുള്ള വളർച്ച സിനിമ രംഗത്തുള്ള യാത്രയിൽ സ്വാധീനിച്ചിട്ടുണ്ടോ?

ശ്യാമ: രാഷ്ട്രീയ നിലപാടുകൾക്കുപരി, ഒരു സമൂഹത്തിൽ പ്രവർത്തിക്കുന്ന ഒരാൾക്ക്, അത് രാഷ്ട്രീയ പ്രവർത്തകനോ കലാകാരനോ ആയിക്കോട്ടെ, ഉയർന്ന മൂല്യങ്ങൾ ആധാരമായി ഉണ്ടായിരിക്കണമെന്ന് സ്വയം ഒരു മാതൃകയായി എനിക്ക് കാണിച്ച് തന്നത് അച്ഛനാണ്. സ്വാർത്ഥലാഭത്തിനു വേണ്ടിയല്ലാതെ സ്വന്തം പ്രവർത്തന മേഖലയെ സമീപിക്കാൻ ആ ജീവിതാനുഭവങ്ങൾ എന്നെ സ്വാധീനിച്ചിട്ടുണ്ട്. പിന്നെ, വായനയുടെ വലിയ ഒരു ലോകം ആദ്യം മുതലേ ഉണ്ടായതും ആ പശ്ചാത്തലത്തിൽ ആയതു കൊണ്ടാണ്. അച്ഛന്റെ ആശയങ്ങളിൽ ചെറുപ്പം മുതലേ അദ്ദേഹം അടിയുറച്ചു നിന്നിട്ടുണ്ട്. അതിനു യോജിച്ചതോ വിരുദ്ധമോ ആയ എത്രയോ ചിന്താഗതികൾ എന്റെ മനസ്സിലും ഉണ്ട്. പക്ഷെ കൃത്യമായ രാഷ്ട്രീയ ശരി തെറ്റുകളെ കുറിച്ചുള്ള നിശ്ചയദാർഢ്യം ഒന്നും എനിക്കില്ല. എളുപ്പം നിലപാടെടുക്കാനാവുന്ന തീവ്രബോധ്യങ്ങൾ ഉള്ളവർക്ക് രാഷ്ട്രീയക്കാരാവാനേ പറ്റൂ. അതിലൊക്കെ സന്ദേഹമോ സങ്കടമോ ഉള്ളവർ കലാകാരന്മാർ ആവുന്നു.

അപ: കക്ഷിരാഷ്ട്രീയം താങ്കളുടെ സിനിമയിൽ കടന്നു വന്നിട്ടേ ഇല്ല. ത്രില്ലറുകൾ പോലും മനസ്സിനുള്ളിലെ സംഘർഷങ്ങളെ കുറിച്ച് സംസാരിക്കുന്നു...

ശ്യാമ: എന്ന് പറയുന്നത് ഒരു പുറംവായന മാത്രമാണ്. ഒരേ കടലിൽ ദീപ്തി അനുഭവിക്കുന്ന ദുരന്തം രാഷ്ട്രീയമായ ഒന്ന് കൂടിയാണ്. ഇവിടത്തെ സാമൂഹ്യ, സാംസ്‌കാരിക അവസ്ഥകളുടെ ഭാരമാണത്. ആർട്ടിസ്റ്റിൽ സ്വതന്ത്രരായി ഒന്നിച്ചു ജീവിക്കുന്നവർക്കും അവരുടെ സംഘർഷങ്ങൾക്കും രാഷ്ട്രീയമുണ്ട്. താത്ക്കാലികമായ ഏതെങ്കിലും സാമൂഹ്യ, രാഷ്ട്രീയ പോരാട്ടങ്ങളെ കുറിച്ച് സംസാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. മുഷ്ടി ചുരുട്ടുന്നതും ചെഗുവേരയെ പ്രകീർത്തിക്കുന്നതും പാർട്ടി കൊടി പറപ്പിക്കുന്നതുമായ 'രാഷ്ട്രീയ സിനിമകൾ' സത്യം പറഞ്ഞാൽ കപടമാണ്. ആൾക്കൂട്ടത്തെ വൈകാരികമായി ഉത്തേജിപ്പിച്ച് പണമുണ്ടാക്കുക എന്നത് മാത്രമാണ് അവയുടെ ലക്‌ഷ്യം. മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും സമൂഹവും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലുമുള്ള രാഷ്ട്രീയത്തെ ഞാൻ സജീവമായും ആഴത്തിലും നോക്കി കാണുന്നുണ്ട്. ആളോഹരി ആനന്ദത്തിൽ അത്തരം നിരവധി രാഷ്ട്രീയ ചോദ്യങ്ങൾ ഉണ്ട്. എങ്ങനെയാണ് മതവും വിവാഹവും പോലെയുള്ള സ്ഥാപനങ്ങൾ മനുഷ്യരുടെ സ്വാഭിമാനത്തെയും സത്യസന്ധരായി, ആനന്ദത്തോടെ ജീവിക്കാനുള്ള അവകാശത്തെയും തകർക്കുന്നത് എന്നൊക്കെ പറയുന്നുണ്ട്. അതൊക്കെയാണ് വാസ്തവത്തിൽ പ്രധാനപ്പെട്ട രാഷ്ട്രീയ വിഷയങ്ങൾ എന്നാണ് ഞാൻ കരുതുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories