UPDATES

സിനിമ

ലവ കുശ: ദാസനും വിജയനും രണ്ടാം പതിപ്പ്; ഒരേ ബിജു മേനോനും

കരിയറിന്റെ രണ്ടാം ഘട്ടം വളരെ വിജയകരമായി മുന്നോട്ട് കൊണ്ട് പോകുന്ന ബിജു മേനോന്റെ സമീപകാല കഥാപാത്രങ്ങളിൽ കണ്ടു വരുന്ന ഒരേ പാറ്റേൺ ലവ കുശയിലും ആവർത്തിക്കുന്നുണ്ട്

അപര്‍ണ്ണ

അപര്‍ണ്ണ

ബിജു മേനോൻ സീരീസിലെ ഏറ്റവും പുതിയ സിനിമയാണ് ലവ കുശ. ഗിരീഷ് മനോയുടെ ഈ സംവിധാന സംരഭത്തിന് തിരക്കഥ എഴുതുന്നത് നീരജ് മാധവ് ആണ് എന്നതാണ് ലവ കുശയുടെ ഒരു കൗതുകം. അജു വർഗീസും നീരജ് മാധവും ടൈറ്റിൽ റോളുകളിൽ എത്തുന്നു. സ്റ്റൈലിഷ് മിസ്റ്റീരിയസ് കോപ്പ് ഗണത്തിലുള്ള ജെ കെ ആയി ബിജു മേനോൻ എത്തുന്നു. മലയാളത്തിൽ എന്നും തീയറ്ററിൽ ആളെ കയറ്റിയിരുന്ന കോമഡി ത്രില്ലർ മാതൃകയിൽ ആയിരുന്നു ട്രെയിലറും മറ്റു പരസ്യങ്ങളും.

തൊഴില്ലായ്മയും പ്രശ്നങ്ങളും സിനിമാ മോഹവും നിരാശകളുമായി കഴിയുന്ന രണ്ടു ചെറുപ്പക്കാർ (അജു വർഗീസ്, നീരജ് മാധവ്) ചെന്നൈ നഗരത്തിൽ വെച്ച് കണ്ടു മുട്ടുന്നു. പെട്ടന്ന് തന്നെ തോന്നിയ മാനസിക ഐക്യവും സൗഹൃദവും കൂട്ട് ചേർന്ന് എന്തെങ്കിലും ചെയ്യാം എന്ന് തീരുമാനിച്ച് അവർ കേരളത്തിലേക്ക് വണ്ടി കയറുന്നു. സംഭവബഹുലമായ, ഊരാക്കുടുക്കുകളിൽ പെടാൻ പോയ ആ ട്രെയിൻ യാത്രക്കിടയിൽ അവർ ശീതൾ (ദീപ്തി സതി) എന്ന പെൺകുട്ടിയെയും ജെ കെ എന്ന് വിളിപ്പേരുള്ള ജോൺ കാപ്പൻ (ബിജു മേനോൻ )എന്ന പോലീസുദ്യോഗസ്ഥനെയും കാണുന്നു. ജെ കെയുടെ ധീരമായ ഒരു ഓപ്പറേഷനിൽ യാദൃശ്ചികമായി പങ്കാളികൾ ആയ ഇവർ അയാളുടെ ധീരതയിൽ ആകൃഷ്ടരാവുന്നു. പിന്നീട് അവരുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളും ദുരൂഹതകളുമൊക്കെയാണ് ലവ കുശ.

മലയാള സിനിമയുടെ ദാസൻ – വിജയൻ മാനിയയുടെ മറ്റൊരു തുടർച്ചയും അനുകരണവുമാണ് ലവ കുശ എന്നും വേണമെങ്കില്‍ പറയാം. മോഹങ്ങളും നിരാശകളും മണ്ടത്തരങ്ങളുമുള്ള രണ്ടു ചെറുപ്പക്കാർ, അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന വില്ലന്മാർ, സകല മണ്ടത്തരങ്ങൾക്കും ശേഷം അവർ ഹീറോയിക്ക് ആയി ചെയ്യുന്ന സേവനങ്ങൾ… ഇതിന്റെയൊക്കെ തുടർച്ചയിലാണ് ലവ കുശയും നിൽക്കുന്നത്.

ചെന്നൈ നഗരവും തൊഴിലില്ലയ്മയുടെ പുതുതലങ്ങളും ഒക്കെയാണ് സിനിമയിലെ കാഴ്ചകൾ. തേപ്പ്, സോഷ്യൽ മീഡിയ മാനേജ്‍മെന്റ്, സിനിമയിലെ ടച്ച് അപ്പ്, കാസ്റ്റിംഗ് ഏജൻസി, ഡപ്പാംകുത്ത് പാട്ട്, പൈന്റ് അടിക്കാൻ പണം ഇല്ലാത്ത അവസ്ഥ ഒക്കെയായി പുതിയകാല ദാരിദ്ര്യമായി ആ അവസ്ഥയെ മാറ്റിയിട്ടുണ്ട്. പല സിനിമകളിലും പരോക്ഷമായി കണ്ട ദാസൻ- വിജയൻ സ്വാധീനം ഈ സിനിമയിൽ വളരെ പ്രത്യക്ഷമായി കണ്ടു. വായ്നോട്ടത്തിൽ നിന്നും നേരെ പോലീസ് അന്വേഷണ സുരക്ഷാ സംവിധാനങ്ങളിലേക്കാണ് ഇവരും നടന്നു കയറുന്നത്. ആദ്യം ഇവർ കാണുന്ന സ്വപ്നങ്ങൾക്കും പിന്നീട് ഇവർ എത്തിച്ചേരുന്ന അവസ്ഥകൾക്കും പ്രകടമായ ഈ സ്വാധീനം ഉണ്ട്.

കരിയറിന്റെ രണ്ടാം ഘട്ടം വളരെ വിജയകരമായി മുന്നോട്ട് കൊണ്ട് പോകുന്ന ബിജു മേനോന്റെ സമീപകാല കഥാപാത്രങ്ങളിൽ കണ്ടു വരുന്ന ഒരേ പാറ്റേൺ ലവ കുശയിലും ആവർത്തിക്കുന്നുണ്ട്. ഈ ആവർത്തന വിരസത ഇനിയും തുടർന്നാൽ ഒരു നടൻ എന്ന രീതിയിലും താരം എന്ന രീതിയിലും അദ്ദേഹത്തിൻറെ മുന്നോട്ടുപോക്ക് ഏകതാനമായി തീരും. രണ്ടാഴ്ച മുന്നേ തീയറ്ററിൽ എത്തിയ ഷെർലക്ക് ടോംസ് എന്ന ചിത്രവും ഈ സിനിമയും കണ്ടവർക്ക് ആ അവസ്ഥ വളരെ കൃത്യമായി മനസിലാവും.

കുറെ തമാശകളും ട്വിസ്റ്റുകളുമായി മുന്നോട്ടു പോകുന്ന സിനിമ മുഷിപ്പിക്കുന്നില്ല. പക്ഷെ കൃത്യമായി ഊഹിക്കാവുന്ന സസ്‌പെൻസും മനസ്സിൽ ബാക്കി നിൽക്കാത്ത തമാശകളും തീയറ്റർ വിട്ടിറങ്ങിയാൽ പ്രേക്ഷകരുടെ കൂടെ വരില്ല. രണ്ടു മണിക്കൂറിൽ പറഞ്ഞു തീർന്നു, പിന്നീട് ഒന്നും ബാക്കിയാക്കാതെ പോകുന്ന കുറെയധികം സിനിമകളുടെ ഗണത്തിൽ പെടുത്താവുന്ന മറ്റൊരു സിനിമ എന്ന് ചുരുക്കി എഴുതാം ലവ കുശയെ.

കുരുക്ക്, പിന്നീട് മറ്റൊരു കുരുക്ക് എന്ന അവസ്ഥയെ കാണിക്കുന്നതിൽ ഒരു ഘട്ടം കഴിഞ്ഞാൽ യാതൊരു വിശ്വസനീയതയും ഇല്ല. ഒരു സസ്പെൻസ് അടുത്ത നിമിഷം മറ്റൊരു സസ്പെൻസ് എന്ന അവസ്ഥയിലാണ് സിനിമ രണ്ടാം പകുതിയിൽ മുന്നോട്ട് പോകുന്നത്. ആദ്യ പകുതിയിൽ ട്രെയിൻ സംഭവങ്ങളും മറ്റു സംഭവങ്ങളും ബിജു മേനോന്റെ എൻട്രിയും ഉണ്ടാക്കിയ ‘മാസ്സ് അപ്പീൽ” പൂർണമായി കുറച്ചു മിനുട്ടുകൾക്കു ശേഷം നഷ്ടപ്പെടുത്തുന്നു. കോമഡിക്ക് വേണ്ടി ഉണ്ടാക്കിയ പല സന്ദർഭങ്ങളും പിന്നീട് വിചാരിച്ച ഇമ്പാക്റ്റ് ഉണ്ടാക്കിയില്ല.

രണ്ടാം പകുതിയിലെ കണ്ടു മുട്ടുന്ന കഥാപാത്രങ്ങൾക്കൊക്കെ ദുരൂഹമായ മറ്റൊരു മുഖമുണ്ട്. അതൊക്കെ കാണിച്ച് യാതൊരു കഥയുമില്ലാതെ സിനിമ കുറെ നേരം മുന്നോട്ട് പോയി. സിനിമയുടെ മുക്കാൽ ഭാഗത്തോളം കഴിഞ്ഞാണ് അതിഭീകരനായ വില്ലനെ കുറിച്ച് പരാമർശമുണ്ടാകുന്നത്. സിനിമ ഉദ്ദേശിച്ച യാതൊരു ഭീകരതയും ഉണ്ടാക്കുന്നില്ലെന്നു മാത്രമല്ല, ഒരു കോമാളിയെ പോലെ വന്നു പോയി പ്രേക്ഷകരെ മടുപ്പിച്ചു. അവസാനം ഇത് എങ്ങനെയെങ്കിലും തീർക്കാൻ എല്ലാവരും കഷ്ടപ്പാടും പോലെ ഒരു അനുഭവമാണ് ഉണ്ടായത്. ചുരുക്കി പറഞ്ഞാൽ മറ്റൊന്നും പ്രതീക്ഷിക്കാതെ രണ്ടു മണിക്കൂർ തീയറ്ററിൽ ഇരുന്ന് ശീലമുള്ളവർക്ക് ആസ്വദിക്കാവുന്ന, യാതൊരു പുതുമകളും പ്രത്യേകതകളും ഇല്ലാത്ത, എന്നാൽ കണ്ടിറങ്ങി പോരാവുന്ന കുറെയധികം സിനിമകളുടെ മറ്റൊരു ആവർത്തനമാണ് ലവ കുശ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍