TopTop
Begin typing your search above and press return to search.

ഓണക്കാലവും പിടിച്ചെടുത്ത് നിവിന്‍ പോളി; മലയാള സിനിമയ്ക്ക് താരങ്ങളില്‍ നിന്നൊരിടവേള

ഓണക്കാലവും പിടിച്ചെടുത്ത് നിവിന്‍ പോളി; മലയാള സിനിമയ്ക്ക് താരങ്ങളില്‍ നിന്നൊരിടവേള
പ്രേമത്തിലെ മേരിയുടെയും സഖാവിലെ നിവിൻ പോളിയുടെയും കൂട്ടുകാരനായി വന്ന് ശ്രദ്ധേയനായ അൽത്താഫ് സലീമിന്റെ കന്നി സംവിധാന സംരംഭമാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള. പോളി ജൂനിയർ പിക്ച്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി നിർമിക്കുക കൂടി ചെയ്ത സിനിമയാണിത്. നിവിൻ പോളിയുടെ ഫാമിലി ഴെനറിലുള്ള സിനിമ, ഉത്സവ കാലം എന്നിവ വച്ചുള്ള മിനിമം ഗ്യാരണ്ടി മാർക്കറ്റിങ്ങാണ് സിനിമ പിന്തുടരുന്നത്. ഫീൽ ഗുഡ് സിനിമ മാതൃകയിലുള്ള ട്രെയിലർ നല്ല സ്വീകാര്യത നേടിയിരുന്നു. നിവിൻ പോളിയും ന്യൂജെൻ ആലുവ ഗ്യാങ്ങും യുവ പ്രേക്ഷകരുടെ ഇഷ്ട കോമ്പിനേഷനുമാ ണ്. 19 വർഷങ്ങള്‍ക്കു ശേഷം ശാന്തി കൃഷ്ണ മലയാള സിനിമയിലേക്കു മടങ്ങി വരുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ടായിരുന്നു.

ഈ കമേർഷ്സ്യൽ ഘടകങ്ങൾക്കപ്പുറം ചന്ദ്രമതി ടീച്ചറുടെ പ്രശസ്തമായ പുസ്തകത്തിന്റെ പേരാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള. ആ പുസ്തകം വായിച്ചവർക്കറിയാം ഏതാണീ ഞണ്ടുകളുടെ നാടെന്ന്. ഉടലിലേക്കും ഉയിരിലേക്കും പടരുന്ന ഞണ്ടുകൾ ക്യാൻസറിന്റേതാണ്. സ്വസ്ഥമായി ഒഴുകുന്ന ജീവിതത്തിൽ നിന്ന് നമ്മളിൽ പലർക്കും അനിവാര്യമായ, ജീവിതത്തിനും മരണത്തിനുമിടക്ക് ഒരിടവേള തരുന്ന ആ അവസ്ഥയെ കുറിച്ചാണ് ആ പുസ്തകം.

കുര്യൻ (നിവിൻ പോളി) ലണ്ടനിൽ ജോലി ചെയ്യുന്ന ആളാണ്. സദാ സമയവും പാക്കറ്റ് ചിപ്സും ജങ്ക് ഫുഡ്സും ഒക്കെയായി, ഒരു അലസനായ ചെറുപ്പക്കാരന്‍. അപ്രതീക്ഷിതമായി പെട്ടന്ന് നാട്ടിലേക്ക് മടങ്ങാൻ അയാളുടെ വീട്ടുകാർ ആവശ്യപ്പെടുന്നു. അമ്മ ഷീല ശ്രാന്തി കൃഷ്ണ), അച്ഛൻ ചാക്കോ (ലാൽ) രണ്ടു സഹോദരിമാർ (ശ്രിന്ദയും അഹാന കൃഷ്ണയും), അളിയനും അച്ചച്ചനും (ആന്റണി) അടങ്ങിയ അയാളുടെ കുടുംബം കേരളത്തിലെ മധ്യവർഗ കുടുംബത്തിന്റെ എല്ലാ പൊതു സ്വഭാവങ്ങളുമുള്ള ഒന്നാണ്. അതുകൊണ്ടു തന്നെ അപ്രതീക്ഷിതമായ ഈ വിളി തന്റെ കല്യാണമുറപ്പിക്കാനാണെന്ന ബോധ്യത്തിൽ സന്തോഷത്തോടെ അയാൾ നാട്ടിലെത്തുന്നു. പക്ഷെ ഒട്ടും പ്രതീക്ഷിക്കാത്ത ഒരവസ്ഥയിലേക്കാണ് അയാൾക്ക് കടന്നു വരേണ്ടി വരുന്നത്. തുടർന്ന് അവരുടെ അലസ ജീവിതത്തിൽ വന്ന മാറ്റങ്ങളിലൂടെ കഥ മുന്നോട്ടു പോകുന്നു.

ശക്തമായ, ജെനുവിനായ കഥാഗതിയും അതിനോട് ചേർന്നു പോകുന്ന ക്രാഫ്റ്റുമുള്ള സിനിമയാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള. അതിവൈകാരികതയിലേക്ക്, മെലോഡ്രാമയിലേക്ക് വഴുതി വീഴാവുന്ന ത്രെഡിനെ വളരെ ലളിതമായി, റിയലിസ്റ്റിക്കായി അവതരിപ്പിച്ചിട്ടുണ്ട്. അസുഖം, കുടുംബം ബന്ധങ്ങൾ ഒക്കെ മലയാള കമേർഷ്യൽ സിനിമ അത്തരത്തിൽ അവതരിപ്പിക്കുന്നത് കണ്ടിട്ടില്ല. ക്യാരക്ടർ സ്കെച്ചുകളിലൂടെയും നരേഷനിലൂടെയും ഹ്യൂമറിന്റെ സഹായത്തോടെയുമാണ് കഥ വികസിക്കുന്നത്. ആശുപത്രിയും വീടും തീവ്ര വേദനകളും മറവിരോഗവും മരണവും ഒക്കെ കൃത്രിമദു:ഖ പശ്ചാത്തലത്തിലല്ലാതെ സിനിമ അവതരിപ്പിക്കുന്നു. അത് മലയാള സിനിമയുടെ നിലനിൽക്കുന്ന ഒരു പാറ്റേണിനെ മറിച്ചിടലാണ്. ഒരു ഉത്സവകാല താര റിലീസായി, സൂപ്പർ താര സിനിമകളോട് മത്സരിച്ച് ഈ മറിച്ചിടൽ അത്ര എളുപ്പമല്ല. പക്ഷെ സംവിധായകനും സഹതിരക്കഥാകൃത്ത് ജോർജ് കോരയും സംഘവും ഈ പരീക്ഷണത്തെ വളരെ വിജയകരമായി എക്സിക്യൂട്ട് ചെയ്തിരിക്കുന്നു.

ഒരു നടനെന്ന രീതിയിലും താരമെന്ന രീതിയിലും നിവിൻ പോളിയുടെ വളർച്ച മലയാള സിനിമാ മേഖലയിലും പ്രേക്ഷകർക്കിടയിലും സജീവ ചർച്ചയാണ്. കുടുംബ പ്രേക്ഷകർക്കും മാസ് ഓഡിയൻസിനും ഒരു പോലെ പ്രിയപ്പെട്ട യുവതാരമാണ് നിവിൻ. ബുദ്ധിപൂർവമായ സിനിമാ തിരഞ്ഞെടുപ്പുകളാണ് അയാളുടെ വിജയത്തിന്റെ ഒരു രഹസ്യം. ഒരു നിർമാതാവെന്ന നിലയിലും നിവിന്റെ കരിയർ ബുദ്ധിപൂർവമുള്ളതാണ്. വ്യത്യസ്തമായ ഒരു പരീക്ഷണത്തെ, സ്വീകരിക്കുമെന്നുറപ്പില്ലാത്ത ഒരു ത്രെഡിനെ, താനെന്ന താരത്തിനും മുകളിൽ നിൽക്കുന്ന സിനിമയെ അയാൾ നിർമിക്കുന്നു. ആ തീരുമാനം വിജയമാണെന്നതിന് സിനിമയ്ക്കു കിട്ടുന്ന മൗത്ത് പബ്ലിസിറ്റി തന്നെ തെളിയിക്കുന്നു. താരത്തിനും മുകളിൽ നിൽക്കുന്ന സിനിമകൾ കൂടിയാണ് നിവിന്റെ വിജയമന്ത്രമെന്നത് മലയാള സിനിമയിലെ തലതൊട്ടപ്പന്മാർക്കു കൂടി പാഠമാണെന്നത് മറ്റു ചില റിലീസുകളുടെ വാണിജ്യ പരാജയം പറഞ്ഞു തരുന്നു. അങ്കമാലി ഡയറീസും തൊണ്ടി മുതലും ദൃക്സാക്ഷിയുമാണ് പ്രേക്ഷകർ ഈയടുത്ത് ഇതുപോലെ സ്വീകരിച്ചത്. അവിടെ സംവിധായകരിലുണ്ടായിരുന്ന പ്രേക്ഷക പ്രതീക്ഷയൊന്നും ഈ സിനിമയ്ക്കില്ല. നിവിൻ പോളി എന്ന നടനെ വച്ച് നിവിൻ പോളി എന്ന നിർമാതാവ് സിനിമയിലേക്ക് പ്രേക്ഷകരെ എത്തിച്ചു എന്നതാണ് ശരി.കുര്യൻ ചാക്കോ എന്ന നിവിൻ കഥാപാത്രം അലസനും സുഖിമാനും ഒക്കെയാണ് സിനിമയിൽ. ഭീരുവാണ് ലാലിന്റെ ചാക്കോ. ഭീകരമായ തിരിച്ചറിവുകളോ മാറ്റങ്ങളോ ഒന്നും സിനിമയിലെ ഒരു കഥാപാത്രത്തിനും പരീക്ഷണ കാലത്തിനുമപ്പുറവും സംഭവിക്കുന്നില്ല. സ്വന്തമിടങ്ങളിൽ നിന്നും സ്വാർത്ഥതകളിൽ നിന്നും അവരെ മോചിതരാക്കി വലിയൊരു സാരോപദേശം സംവിധായകൻ നൽകുന്നുമില്ല. ദുരന്തം ഒന്നിച്ചു നിർത്തുന്നു എന്ന മട്ടിലുള്ള പാഠങ്ങളുമില്ല. അതിജീവനങ്ങളും വേദനകളും ഒരേ അനുഭവത്തിലൂടെ കടന്നു പോകുമ്പോഴും പലർക്കും പലതാണ്. നായകൻ / നായിക / അച്ഛൻ/ അമ്മ എന്നിങ്ങനെ കണ്ടു ശീലിച്ച മുൻഗണനാക്രമങ്ങൾ സിനിമയിലില്ല. പലപ്പോഴും കുര്യന്റെ പ്രണയിനി റേച്ചലിനേക്കാൾ സിനിമയിൽ വ്യക്തിത്വത്തോടെ നിറഞ്ഞു നിൽക്കുന്നത് അയാളുടെ സഹോദരിമാരായ സാറയും മേരിയുമാണ്. അഹാനയും ശ്രിന്ദയും ഈ കഥാപാത്രങ്ങളുടെ ഓരോ സൂക്ഷ്മാംശങ്ങളെയും ഭംഗിയായി ഉൾക്കൊണ്ടിട്ടുണ്ട്.

മധ്യവയസിലെത്തിയ ഒരു സ്ത്രീയുടെ അതിജീവന കഥയാണ് ഈ സിനിമ എന്നും പറയാം. നിവിൻ പോളിയുടെ താരമൂല്യം പല രംഗങ്ങളിലും സിനിമാ മാർക്കറ്റിങ്ങിനു ഗുണം ചെയ്തിട്ടുണ്ടെങ്കിലും അയാൾക്ക് സഹനടന്റെ റോളേ ഉള്ളൂ. സിനിമയെ പൂർണമായും മുന്നോട്ടു കൊണ്ടു പോകുന്നത് ശാന്തി കൃഷ്ണയുടെ ഷീലയാണ്. കുടുംബത്തെ മുഴുവൻ താങ്ങി നിർത്തുന്ന, ഏത് ഭീകര സാഹചര്യത്തിലും പതറാതെ നിൽക്കുന്ന, ചുറ്റുമുള്ളവരുടെ അപക്വത കൊണ്ടും പ്രാപ്തിക്കുറവു കൊണ്ടും സ്വാർത്ഥത കൊണ്ടും ഒറ്റപ്പെടേണ്ടി വരുന്ന സ്ത്രീയാണവർ. നിത്യം കാണുന്ന നിരവധി സ്ത്രീകളിൽ നിന്ന് നിർമിച്ചെടുത്ത കഥാപാത്രമാണ്. പക്ഷെ ദുരിതങ്ങളോട്, ജീവിതത്തിൽ കാണേണ്ടി വന്ന ഒരിടവേള മാത്രമാണെന്ന് ഉറച്ചു പറയുന്ന കഥാപാത്രമാണത്.

സമൂഹവും ചുറ്റുമുള്ളവരും എങ്ങനെ ഒരു രോഗിയെ കാണുന്നു എന്ന് ആക്ഷേപഹാസ്യത്തിന്റെ സഹായത്തോടെ സിനിമ പറയുന്നു. പല രംഗങ്ങളിലും മലയാളി മധ്യവർത്തി ജീവിതത്തിന്റെ പൊള്ളത്തരങ്ങളും കപടതകളും കടന്നു വരുന്നുണ്ട്. മഹേഷിന്റെ പ്രതികാരത്തിലെ ചാച്ചൻ അച്ചാച്ചനായി തീർത്തും വ്യത്യസ്തമായ ഒരു റോളിലൂടെ പ്രേക്ഷകർക്കു മുന്നിലെത്തുന്നു. ഓർമ, മറവി, വാർധക്യം, മരണം ഒക്കെ നമ്മൾ സ്വീകരിക്കുന്ന രീതിയെ നോക്കി പരിഹസിക്കുന്ന കഥാപാത്രമാണത്.എല്ലാ ക്യാരക്ടർ സ്കെച്ചുകൾക്കും വ്യക്തമായ തുടർച്ചകളുമുണ്ട് സിനിമയിൽ. പക്ഷെ പ്രണയരംഗങ്ങളിൽ മാത്രം സിനിമയുടെ മൂഡിന് ഒട്ടും ചേരാത്ത ഒരു കൃത്രിമത്വം നിലനിന്നു. നിവിൻ പോളി സിനിമകളിൽ കാണാത്ത പതർച്ച നായകനും നായികയും തമ്മിലുള്ള കെമിസ്ട്രിയിൽ കണ്ടു. മൊത്തമുള്ള രസച്ചരടിന്റെ താളം ഇല്ലാതാവുന്നതും ലാഗിങ്ങ് വരുന്നതും ആ രംഗങ്ങളിൽ മാത്രമാണ്. "എന്റെ 'പ്രേമം' കൊച്ചു കുട്ടികൾക്ക്‌ പോലുമറിയാം" എന്ന ഡയലോഗും സിനിമയിൽ നിന്ന് വേറിട്ട് മുഴച്ചു നിന്നു. സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചതും ഒരുപറ്റം പുതുമുഖങ്ങളാണ് . വലിയ പതർച്ചകളില്ലാതെ അവർ സ്വന്തം റോളുകൾ കൈകാര്യം ചെയ്തിരിക്കുന്നു.

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ഒരു ഫാമിലി മൂവിയാണ്, ഫീൽ ഗുഡ് സിനിമയാണ്, വൃത്തിയായ മേക്കിങ്ങും ഉറപ്പുള്ള തിരക്കഥയുമുണ്ട്. കൊമേഴ്സ്യൽ സാധ്യതകളെ മടുപ്പിക്കാതെ ഉപയോഗിച്ചിട്ടുണ്ട്. അഭിനേതാക്കൾ സ്പേസ് അറിഞ്ഞ് പെരുമാറിയിട്ടുണ്ട്. ഇതിലപ്പുറം ജീവിതത്തിലെ അപ്രതീക്ഷിതമായ ഒരു കഠിന കാലത്തെ ഏറ്റവും സുന്ദരമായി കമ്യൂണിക്കേറ്റ് ചെയ്യാൻ സാധിക്കുക ഹ്യൂമറിലൂടെയാണ് എന്നു പറഞ്ഞു വച്ച സിനിമയാണ്. ഒരിക്കലെങ്കിലും കാണിയോ അവർക്ക് വേണ്ടപ്പെട്ടവരോ ഇത്തരമൊരു കഠിന കാലത്തേക്ക് ഒരിടവേള എടുത്തിട്ടുണ്ടെങ്കിൽ, സിനിമ തൊട്ടേക്കാം എന്നു പറയുന്നത്ര ലളിതമായൊരു അനുഭവമാണ്.

ഒറ്റയ്ക്കോ കുടുംബമായിട്ടോ, എങ്ങനെയാണെന്നു വച്ചാല്‍ അങ്ങനെ, ധൈര്യമായി പോയി കാണാവുന്ന സിനിമ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories