TopTop
Begin typing your search above and press return to search.

ഓവർടേക്ക്; സ്പില്‍ബര്‍ഗ് അറിയണ്ട, ഇങ്ങനൊരു പടം മലയാളത്തിലിറങ്ങിയ കാര്യം

ഓവർടേക്ക്; സ്പില്‍ബര്‍ഗ് അറിയണ്ട, ഇങ്ങനൊരു പടം മലയാളത്തിലിറങ്ങിയ കാര്യം

ജോൺ ജോസഫിന്റെ ഓവർടേക്ക്, റോഡ് മൂവി ഗണത്തിൽ പെടുന്ന ഒന്നാണെന്നായിരുന്നു ട്രെയിലറുകളും മറ്റും സൂചിപ്പിച്ചത്. മലയാള സിനിമ അധികമൊന്നും പരീക്ഷിക്കാത്ത ഒരു ഗാനം ആണിത്. ആ കൗതുകം തന്നെയാണ് ഇതിനെ പിന്തുടർന്നവരെ തീയറ്ററിൽ എത്തിക്കാൻ ഉള്ള ഒരു പ്രധാന കാരണം. വിജയ് ബാബുവും പാർവതി നായരും മുഖ്യ വേഷങ്ങളിൽ എത്തുന്ന സിനിമ പക്ഷെ പ്രീ റിലീസ് മാർക്കറ്റിങ്ങിൽ അത്ര ശ്രദ്ധിച്ചില്ല. ഇങ്ങനെയൊരു റിലീസ് പ്രേക്ഷകരിലേക്ക് അധികം എത്താതിരിക്കാൻ അത് കാരണമായി.

പല ഹോളിവുഡ് സിനിമകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഒന്ന് എന്ന് തുടക്കത്തിലേ മുൻ‌കൂർ ജാമ്യം എടുത്താണ് സിനിമ തുടങ്ങുന്നത്. ഒരുപാട് ചിത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടോ എന്നറിയില്ല, എങ്കിലും സ്റ്റീവൻ സ്പിൽബർഗിന്റെ ആദ്യ മുഴുനീള സംവിധാന സംരംഭമായ ഡ്യുവലിൽ നിന്ന് പല രംഗങ്ങളും അത് പോലെ തന്നെ പകർത്തി വെച്ചിട്ടുണ്ട്. നന്ദൻ മേനോൻ (വിജയ് ബാബു) ഒരു വലിയ ബിസിനസുകാരനാണ്. കരിയറിലെ ഒരു ഘട്ടത്തിന് ശേഷം ബാംഗ്ലൂർ നഗരത്തിലെ തിരക്കുള്ള ബിസിനസ് ജീവിതം നഷ്ടങ്ങളോടെ ഉപേക്ഷിച്ച് നാട്ടിൽ വന്നു സ്വസ്ഥമായി ജീവിക്കാൻ അയാൾ തീരുമാനിക്കുന്നു.

യുകെയിൽ നിന്നെത്തിയ ഭാര്യ രാധികയെയും (പാർവതി നായർ) ബോർഡിങ്ങിലുള്ള മകളെയും കൂട്ടി ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്ക് തിരിക്കാൻ തീരുമാനിക്കുന്നു. കോയമ്പത്തൂർ വഴി ഒരു എളുപ്പവഴി ഉണ്ടെന്നറിഞ്ഞ, റോഡ് ട്രിപ്പുകൾ ആസ്വദിക്കുന്ന അവർ ആ വഴി പോകാൻ തിരഞ്ഞെടുക്കുന്നു. ഒറ്റപ്പെട്ട ഒരു വഴിയിലേക്ക് കടക്കുമ്പോൾ മുതൽ വിചിത്ര രൂപമുള്ള ഒരു വലിയ ട്രക്ക് അവരെ പിന്തുടരാൻ തുടങ്ങുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് ഓവർടേക്ക് എന്ന സിനിമ.

1971-ലാണ് സ്പിൽബെർഗ്, എ ബി സി കമ്പനിക്കു വേണ്ടി ഒരു പ്രൊഡക്ഷൻ അസൈന്‍മെന്റ് ആയി ഡ്യൂവൽ സംവിധാനം ചെയ്യുന്നത്. വലിയ സാങ്കേതിക വിദ്യകളുടെ സഹായമോ സാമ്പത്തിക സഹായമോ ഇല്ലാതെ റോഡ് മൂവി എടുക്കാൻ അദ്ദേഹം റോഡിലേക്കിറങ്ങുകയായിരുന്നു. പിന്നീട് ഇത് ഒരു മുഴുനീള ചലച്ചിത്രമായും വികസിച്ചു. എന്തായാലും 45-ലേറെ വർഷങ്ങൾക്കു ശേഷം ആ സിനിമ യാതൊരു നന്ദിയുമില്ലാതെ പറിച്ചു നടുമ്പോൾ ഒരു സംവിധായകനോട്, അണിയറ പ്രവർത്തകരോട് ഒക്കെ ആവശ്യപ്പെടുന്ന മിനിമം സൂക്ഷ്മതയുണ്ട്.

മറ്റൊരു ഭാഷ സംസാരിക്കുന്നു എന്നത് മാത്രമല്ല സിനിമകൾ പറിച്ചു നടുമ്പോൾ വരുന്ന വ്യത്യാസം. പശ്ചാത്തലം, ഭൂമിക ഒക്കെ വ്യത്യസ്തമാണ്. ഡ്യുവലിൽ കണ്ട അതെ ട്രക്ക് പുകയും ഊതിക്കൊണ്ട് മുന്നോട്ട് പോകുന്നു, അതെ കാറിൽ നായകനും നായികയും സഞ്ചരിക്കുന്നു. ഏതാണ്ട് 50 കൊല്ലത്തെ കാലദൂരം നമ്മൾ മുന്നോട്ട് നടന്നിട്ടില്ലേ വാഹനങ്ങളുടെയും വഴികളുടെയും എല്ലാം കാര്യത്തിൽ? ഡ്യുവലിലെ വഴികൾ ഒക്കെ അതുപോലെ അനുകരിക്കുന്നു ഓവർടേക്കിൽ. ഹോളിവുഡ് സിനിമകളിലും റോഡ് റാഷ് പോലുള്ള ചില കമ്പ്യൂട്ടർ ഗെയിമുകളിലും മാത്രമാണ് അത്തരം വഴികളെ കുറഞ്ഞ പക്ഷം ദക്ഷിണേന്ത്യക്കാർക്കെങ്കിലും പരിചയം. കഷ്ടിച്ച് രണ്ടു മണിക്കൂറോളം ഡ്യുവലിന്റെ ഗ്രാഫിക്സ്‌ എങ്ങനെ മലയാളത്തിൽ പരീക്ഷിക്കാം എന്ന് പഠിക്കും പോലെ തോന്നും സിനിമ കണ്ടാൽ.

സംഭാഷണങ്ങൾ വളരെ കുറവാണ് ഡ്യുവലിൽ. കൃത്രിമത്വം കലർന്ന സംഭാഷണങ്ങളുടെ ഒരു നിരയിലൂടെയാണ് ഓവർടേക്ക് മുന്നോട്ടു പോകുന്നത്. ഒരു ആപത്തിൽ അകപ്പെട്ട രണ്ടു പേർ സംസാരിക്കും പോലെ ഒരിക്കലും തോന്നില്ല. പ്രത്യേകിച്ചും പാർവതി നായരുടെ ഡബ്ബിങ്. സിനിമയിൽ ഉടനീളം വളരെ അരോചകമായി തോന്നിയ സംഭാഷങ്ങൾ ആയിരുന്നു അവരുടേത്. യാതൊരു യുക്തിയും ഇല്ലാത്ത സംസാരവും മേക്ക് അപ്പ് ഇളകാത്ത കരച്ചിലും മടുപ്പിക്കുന്നുണ്ട്. ഹി ഈസ് ഫോളോവിങ് അസ് എന്ന വാചകം മാത്രം എത്ര തവണ പറഞ്ഞിട്ടുണ്ട് എന്ന് എണ്ണമെടുത്തൽ മതി.

ഒരു ത്രില്ലർ എന്ന രീതിയിൽ ചിലപ്പോഴെങ്കിലും സിനിമ പുറകോട്ടു പോയി. ബാക്കിയുള്ള എല്ലാ കഥാപാത്രങ്ങളിലും ദുരൂഹത ഉണ്ടാക്കുകയും അവസാനം വില്ലനെ കണ്ട് അയാളുടെ മോട്ടീവ് അറിയുമ്പോൾ തിരക്കഥയുടെ ദൗർബല്യം പൂർണമായി ബോധ്യപ്പെടുകയും ചെയുന്നു. ചെസിങ് ഒക്കെ കഴിഞ്ഞ് എങ്ങനെയെങ്കിലും കഥ തീർക്കാൻ കഷ്ടപ്പെടും പോലെ തോന്നി. ഇടയ്ക്കു കയറി വരുന്ന കുഞ്ഞിന്റെ സംഭാഷണങ്ങളും ആദ്യ ഭാഗത്ത് നടക്കുന്ന സംഭവവികാസങ്ങളും ഒക്കെ അതിനാടകീയത കൊണ്ട് മടുപ്പാണ് ഉണ്ടാക്കുന്നത്. കഥ തീരും വരെ വണ്ടി ഓടിച്ച് എന്തൊക്കെയോ പറയാൻ വിധിക്കപ്പെട്ട രണ്ടു കഥാപാത്രങ്ങളായി വിജയ് ബാബുവും ഭാര്യയും.

സിനിമ പറയാതെ റീമേക്ക് ചെയ്യുന്നതും ഈച്ചക്കോപ്പി അടിക്കുന്നതും കണ്ടു നല്ല പരിചയമുള്ളവരാണ് മലയാളികൾ. മലയാള ജനകീയ സിനിമ ഉണ്ടായ കാലം മുതൽ ഈ പ്രതിഭാസം തുടരുന്നതാണ്. കുറച്ചു നാടകീയമായ കഥാസന്ദർഭങ്ങൾ കൂട്ടി കുറെ വർഷങ്ങൾക്കു ശേഷം ഒരു സിനിമ മറ്റൊരു ഭാഷയിൽ എടുക്കുമ്പോൾ കാല, ദേശ വ്യത്യാസങ്ങളെ പറ്റി ഒന്ന് ചിന്തിക്കുകയെങ്കിലും വേണം. ഇല്ലെങ്കിൽ ഡ്യുവൽ കാണാതെ ഓവർടേക്ക് കണ്ടിറങ്ങുന്ന പ്രേക്ഷകരും പറയും, ഏതോ ഇംഗ്ലീഷ് സിനിമയിൽ നിന്നും എടുത്തതാ എന്ന്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories