TopTop
Begin typing your search above and press return to search.

ഉണക്കമീനിനെ വെള്ളത്തിലിട്ടിട്ട് നീന്തുന്നുണ്ടോയെന്നു നോക്കുന്ന രണ്ടര മണിക്കൂർ

ഉണക്കമീനിനെ വെള്ളത്തിലിട്ടിട്ട് നീന്തുന്നുണ്ടോയെന്നു നോക്കുന്ന രണ്ടര മണിക്കൂർ

വെല്‍ക്കം ടു ഫീനിക്സ് കോളേജ് ഒാഫ് ആര്‍ട്സ് ആന്റ് സയന്‍സ്... പേരു കേട്ടാല്‍ അമരവിള പഞ്ചായത്തിലെ ട്യൂട്ടോറിയല്‍ കോളേജാണെന്ന് തോന്നുമെങ്കിലും അതല്ല സത്യം. മറ്റ് വിഷയങ്ങള്‍ക്ക് പുറമേ ഫിഷറീസ്, മറൈന്‍ ബയോളജി എന്നീ ഘടാഘടിയന്‍ വിഷയങ്ങളും പാഠ്യപദ്ധതിയിലുള്ള മാതൃക സ്ഥാപനമാണിത്. കോളേജിന്റെ വിശാലമായ അകത്തളങ്ങള്‍ കാണുമ്പോൾ ചുരുങ്ങിയത് ഒരമ്പത് കൊല്ലത്തെ പഴക്കമെങ്കിലും ഉണ്ടാകുമെന്ന് നിങ്ങള്‍ കരുതും... വീണ്ടും നിങ്ങള്‍ക്ക് തെറ്റി. പത്ത് വര്‍ഷത്തെ പഴക്കമേയുള്ളൂ ഈ കോളേജിന്... ജസ്റ്റ് ടെന്‍ ഇയേഴ്സ്! തീരദേശത്തെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനായി പള്ളിക്കാരും ഒരു കൂട്ടം നാട്ടുകാരും മുന്‍കൈയുടെത്ത് സ്ഥാപിച്ച ഈ കോളേജില്‍ ഇപ്പോൾ പഠിപ്പിക്കാനായി എട്ട് അദ്ധ്യാപകരാണുള്ളത്. ഇത്രയും വലിയ കോളേജിൽ എട്ട് അദ്ധ്യാപകരോ എന്ന നിങ്ങളുടെ സംശയം പ്രസക്തമാണ്. പക്ഷേ 'മാക്സിമം യൂട്ടിലൈസേഷന്‍ ഒാഫ് അവയ്ലബ്ള്‍ റിസോഴ്സസ്' എന്ന തത്വത്തില്‍ ഈ കോളേജിന്റെ നടത്തിപ്പുകാര്‍ അടിയുറച്ച് വിശ്വസിക്കുന്നു. വേറൊരു പ്രത്യേകത കൂടിയുണ്ട് ഈ കോളേജിന്. ഇവിടെയുള്ള വിദ്യാര്‍ത്ഥികളെല്ലാം ഒരേ ക്ലാസ്സ് റൂമിലിരിന്നാണ് പഠനം. ബാക്കി ക്ലാസ്സ് റൂമുകള്‍ കടല്‍ക്കാറ്റ് കയറിയിറങ്ങാനായി തുറന്നിടും. അപ്പോ ഫസ്റ്റ് ഇയര്‍, സെക്കന്റ് ഇയര്‍ അങ്ങനെയുള്ള തരംതിരിവ് ഒന്നുമില്ലേ എന്നാണോ ചോദ്യം. കൂടുതല്‍ ചോദ്യങ്ങളൊന്നും വേണ്ട... പറയുന്നതങ്ങോട്ട് കേട്ടോണ്ടാ മതി!

ചൈനാക്കാരന്‍ ചട്ടിപ്പത്തിരി കാണുന്ന പോലെയാണ് ഈ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയം... അതെന്താണെന്ന് പോലും അവര്‍ക്കറിയില്ല. എസ്‌ എഫ് ഐ, കെ എസ്‌ യു/എന്നൊക്കെ കേട്ടാല്‍ ഇവര്‍ക്ക് കൈക്കുഞ്ഞ് കുര്‍ബാന കേള്‍ക്കുമ്പോളുള്ള ഫീലിംഗാ!

പരസ്പരം പോരടിച്ച് നില്‍ക്കുന്ന കോളേജിലെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള സംഘട്ടനം എന്ന 'വളരെ ഫ്രഷായ' സംഭവത്തോടെയാണ് സിനിമ തുടങ്ങുന്നത്. അവിടേയ്ക്കാണ് സിനിമയുടെ കഥാനായകനായ പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുള കടന്നു വരുന്നത്. തന്റെ ഒരൊറ്റ ക്ലാസ്സ് കൊണ്ട് രണ്ട് ഗ്രൂപ്പുകളും തമ്മിലുള്ള പകയും മാത്സര്യവും അവസാനിപ്പിച്ച് അവരെ സുഹൃത്തുക്കളാക്കി മാറ്റിക്കളഞ്ഞു ഇടിക്കുള. പരസ്പരമുള്ള തല്ലും കുത്തുമൊന്നും ഇങ്ങോരുടെ സാരോപദേശ ക്ലാസ്സുകളുടെയത്ര മാരകമല്ല എന്നവര്‍ക്ക് തോന്നിയത് കൊണ്ടാകണം... മിടുക്കന്‍മാര്‍! കോളേജിനൊരു ഹോസ്റ്റല്‍ വേണമെന്ന ദീര്‍ഘ നാളായ വിദ്യാര്‍ത്ഥികളുടെ ആഗ്രഹം സഫലീകരിക്കാന്‍ പ്രൊഫസര്‍ ഇടിക്കുള തീരുമാനിക്കുന്നു. ശ്രദ്ധിക്കുക... മെന്‍സ് ഹോസ്റ്റലാണ്. ആകെയുള്ള അമ്പത് വിദ്യാര്‍ത്ഥികളില്‍ പകുതി പേരും തൊട്ടടുത്തുള്ള തീരദേശ ഗ്രാമത്തില്‍ നിന്നാണ്. ബാക്കിയുള്ളവര്‍ക്ക് വേണ്ടി അമ്പത് ലക്ഷം ചിലവാക്കി ഹോസ്റ്റലോ എന്നുള്ള സംശയമൊന്നും കൊണ്ടു വരണ്ട. ഹോസ്റ്റല് വേണമെന്ന് പറഞ്ഞാ വേണം. അതില് മാറ്റമില്ല.

അങ്ങനെ ഹോസ്റ്റല് നിര്‍മ്മിക്കാനുള്ള പണം സ്വരൂപിക്കാന്‍ അവരൊരു സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്നു. 'അങ്കമാലി ഡയറീസി'ന്റെ വിജയത്തില്‍ തിളങ്ങി നില്ക്കുന്ന വിജയ് ബാബു അത് നിര്‍മ്മിക്കാനുള്ള ഫണ്ടിറക്കാമെന്ന് സമ്മതിക്കുന്നു (പാവം!). വിദ്യാര്‍ത്ഥികള്‍ തന്നെ എഴുതിയ കഥകളൊക്കെ വായിക്കുന്ന വിജയ് ബാബു 'ഇതില്‍ സ്പാര്‍ക്കുണ്ട്... പോര്‍ക്കില്ല' എന്ന് പറഞ്ഞ് പോകാനൊരുങ്ങവേ ഒരു സ്റ്റോറി ഐഡിയ ഉരുത്തിരിഞ്ഞു വരുന്നു. ആ കോളേജ് സ്ഥാപിക്കാന്‍ ശക്തമായ പിന്തുണ നല്‍കിയ നാട്ടുകാരനായ മെക്കാനിക് വിശ്വനാഥന്റെ ജീവിത കഥ. അങ്ങനെ 'ലോകത്തിലാദ്യമായി ഒരേ കോളേജിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും മാത്രം ഉള്‍പ്പെട്ട തിയേറ്റ്റിക്കല്‍ റിലീസ് ഉദ്ദേശിക്കുന്ന കമേഴ്ഷ്യല്‍ സിനിമ' രൂപം കൊള്ളുന്നു. പിന്നെ സിനിമയും ജീവിതവും കൂടിക്കലര്‍ന്ന ഒരു കൊളാഷ് നമ്മുടെ മുന്നില്‍ വിരിയുകയായി... ശരിക്കും 'കൊളാ'ഷ് തന്നെ!

സിനിമയിലെ ട്വിസ്റ്റുകളുടെ കാര്യം പ്രത്യേകം പരാമര്‍ശിച്ചേ മതിയാവൂ. ആന നടന്നു വരുമ്പോള്‍ ചങ്ങലയുടെ ശബ്ദം അര കിലോമീറ്ററിനിപ്പുറം കേട്ടു തുടങ്ങുന്ന പോലെ ട്വിസ്റ്റുകളൊക്കെ രണ്ട് സീനിന് മുമ്പ് പ്രേക്ഷകന് മനസ്സിലാക്കാന്‍ കഴിയുന്ന യുണീക്ക് രീതിയാണ് ചിത്രത്തിലുടനീളം അവലംബിച്ചിരിക്കുന്നത്. ഉദാഹരണത്തിന് A എന്ന വ്യക്തി B-യെ കൊന്ന കുറ്റത്തിന് ജീവപര്യന്തം ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. സിനിമയുടെ അവസാനമാകുമ്പോള്‍ മറ്റൊരു കഥാപാത്രം ആ ഞെട്ടിപ്പിക്കുന്ന രഹസ്യം വെളിപ്പെടുത്തുന്നു. എന്ത്? A ആണ് B-യെ കൊന്നതെന്ന്... അരേ വാഹ്! എന്നാ ട്വിസ്റ്റാ! തിയേറ്ററിലെ സീറ്റില്‍ നിന്നെഴുന്നേറ്റ് കയ്യടിച്ച് പോകും...

ദേവദൂതന്റെ സ്ക്രിപ്റ്റെടുത്ത് ഉദയനാണ് താരത്തില്‍ കൂട്ടിത്തുന്നിയ ബെന്നി പി നായരമ്പലത്തിന്റെ ഈ സ്ക്രിപ്റ്റ് പുള്ളിയുടെ കഴിഞ്ഞ മൂന്ന് സിനിമകളായ ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ്, ഭയ്യാ ഭയ്യാ, വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്നിവയുടെ നിലവാരം കാത്തു സൂക്ഷിക്കുന്നു. ആ സ്ഥിരതയ്ക്ക് കൊടുക്കണം ഒരു കുതിരപ്പവന്‍. ലാല്‍ജോസ് എന്ന സംവിധായകന്‍ ഈ സിനിമയ്ക്ക് പിന്നിലുണ്ടോ എന്ന് ഭൂതക്കണ്ണാടി വച്ച് നോക്കേണ്ടി വരും. മോഹന്‍ലാല്‍, ജൂഡ് ആന്റണി, ചെമ്പന്‍ എന്നിവരുടെ വിഗ്ഗ് രൂപകല്പന ചെയ്തയാള്‍ക്ക് ഒരു സ്പെഷ്യൽ ജൂൂൂൂറി പരാമര്‍ശമെങ്കിലും കൊടുക്കണം!

അഭിനേതാക്കളുടെ കാര്യത്തിൽ ഒന്നാം സ്ഥാനം സലീം കുമാറിന് തന്നെ. അങ്ങോര്‍ക്ക് കൊടുത്ത മികച്ച അഭിനേതാവിനുള്ള രജത കമലം കേന്ദ്ര സര്‍ക്കാര്‍ എത്രയും പെട്ടെന്ന് തിരിച്ച് വാങ്ങണം. രജത കമലത്തിലെ അവസാന മൂന്നക്ഷരം പോലെ അറപ്പുളവാക്കുന്നു ഈ സിനിമയിലെ അദ്ദേഹത്തിന്റെ വേഷം. മോഹന്‍ലാല്‍ സൈക്കിളില്‍ വരുന്നു... ബൈക്കില്‍ വരുന്നു... നടന്നു വരുന്നു... മൂന്ന് ഗെറ്റപ്പുകളില്‍ വരുന്നു... പതിവ് മിസ്റ്റര്‍ know all റോളെടുക്കുന്നു... ഒന്നും ഏശുന്നില്ല. സ്റ്റണ്ട് രംഗങ്ങളെ പ്രത്യേകം പരാമര്‍ശിക്കണം. തിങ്കളാഴ്ച കൈ പൊക്കിയാല്‍ ശനിയാഴ്ചയാണ് എതിരാളിയുടെ ദേഹത്ത് കൈ വീഴുന്നത്. അപ്പാനി രവിയും ലിച്ചിയും അലന്‍സിയറും ഒക്കെ ഉണ്ടായിട്ട് എന്ത് കാര്യം? ഉണക്കമീനിനെ വെള്ളത്തിലിട്ടിട്ട് അത് നീന്തുന്നുണ്ടോ എന്ന് നോക്കുന്ന പോലെ രണ്ടര മണിക്കൂർ തള്ളി നീക്കി.

മോഹന്‍ലാല്‍ - ലാല്‍ജോസ് കൂട്ടുകെട്ടില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ച് സിനിമ കാണരുത് എന്ന വെളിപാടുമായി നമ്മള്‍ തിയേറ്ററില്‍ നിന്ന് പുറത്തിറങ്ങി... അറിയാതൊരു പാട്ട് മൂളിപ്പോയി... "നിന്റമ്മേടെ......ജിമിക്കി!!!"

(മുകേഷ് കുമാര്‍ ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories