TopTop
Begin typing your search above and press return to search.

വെറുമൊരു കണ്ണീര്‍ക്കഥയല്ല, ഉള്ളുലയ്ക്കുന്ന രാഷ്ട്രീയ ബോധ്യമാണ് പേരന്‍പ്

വെറുമൊരു കണ്ണീര്‍ക്കഥയല്ല, ഉള്ളുലയ്ക്കുന്ന രാഷ്ട്രീയ ബോധ്യമാണ് പേരന്‍പ്

രോഗങ്ങളും ശാരീരിക വെല്ലുവിളികളും നേരിടുന്നവരുടെ കഥകള്‍ എല്ലാ കാലത്തും ലോകത്തെല്ലായിടത്തുമുള്ള സിനിമാക്കാരുടെ ഇഷ്ട വിഷയങ്ങള്‍ തന്നെ. ജീവിതം തകര്‍ന്നു തരിപ്പണമാകുന്ന കണ്ണീര്‍ കഥകള്‍ മുതല്‍ അതിജീവനത്തിന്റെ ഗാഥകള്‍ വരെ ചലച്ചിത്ര രൂപത്തില്‍ നമ്മുടെ മുന്‍പില്‍ എത്തിയിട്ടുണ്ട്. ലോകസിനിമയുടെ ചരിത്രത്തില്‍ തന്നെ എണ്ണപ്പെട്ട ചിത്രങ്ങളായി ഇവയെല്ലാം മാറുകയും ചെയ്തിട്ടുണ്ട്. വിശ്വപ്രസിദ്ധ ചലച്ചിത്രകാരന്‍ മജീദ് മജീദിയുടെ അന്ധബാലന്റെയും അച്ഛന്റെയും കഥ പറഞ്ഞ കളര്‍ ഓഫ് പാരഡൈസ് ഈ കൂട്ടത്തിലെ ക്ലാസിക്കുകളില്‍ ഒന്നാണ്. ഇന്ത്യന്‍ സിനിമയിലേക്ക് വന്നാല്‍ ഏറെ കൊണ്ടാടിയ ചിത്രമാണ് അമീര്‍ ഖാന്റെ താരെ സമീന്‍ പര്‍. ഈ അടുത്തകാലത്ത് റാണി മുക്കര്‍ജി നായികയായെത്തിയ ഹിച്കിയ്ക്കും പറയാനുള്ള കഥ മറ്റൊന്നായിരുന്നില്ല. മേളം എന്ന സിനിമയിലൂടെ മലയാളത്തില്‍ കെ ജി ജോര്‍ജ്ജ് ഒരു കുള്ളന്റെ ജീവിതത്തിന്റെ സംത്രാസങ്ങള്‍ വരച്ചുവെച്ചു. ഈ അടുത്തകാലത്ത് മലയാളത്തില്‍ ഇറങ്ങിയിട്ടുള അത്തരം സിനിമകളില്‍ ഏറെ ജനപ്രീതി നേടിയ ചിത്രമാണ് ജയസൂര്യ നായകനായ വി കെ പ്രകാശിന്റെ ബ്യൂട്ടിഫുള്‍.

നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ച് കയ്യടി നേടിയ മമ്മൂട്ടി നായകനായ പേരന്‍പ് ഈ ഗണത്തില്‍ പെടുത്താവുന്ന ഏറ്റവും പുതിയ ചിത്രമാണ്. പത്തു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തിയ അമുദവനും സ്പാസ്റ്റിക് രോഗ ബാധിതയായ മകളും തമ്മിലുള്ള തീവ്രബന്ധത്തിന്റെ കഥയാണ് തങ്കമീന്‍കള്‍, തരമണി തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ സംവിധാനം ചെയ്ത റാമിന്‍റെ പേരന്‍പ്.

മമ്മൂട്ടിയുടെയും മകളായി അഭിനയിച്ച സാധനയുടെയും അവിസ്മരണീയ പ്രകടനം കൊണ്ട് ഇതിനകം പേരന്‍പ് നവ മാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു. കണ്ണു നിറയാതെ ഈ സിനിമ കണ്ടു തീര്‍ക്കാനാവില്ല എന്ന മട്ടിലുള്ള വാഴ്ത്ത് പാട്ടുകളാണ് എങ്ങും. എന്നാല്‍ കണ്ണു നിറയ്ക്കുന്നതിന് പകരം നമ്മളയാകെ അസ്വസ്ഥമാക്കുകയും ഞെട്ടിപ്പിക്കുകയുമാണ് റാം പേരന്‍പിലൂടെ. ജോക്കര്‍, അരുവി, പരിയേറും പെരുമാള്‍ എന്നിങ്ങനെ ഒരു തമിഴ് സിനിമ എല്ലായ്പ്പോഴും മലയാളിക്കായി കരുതിവെക്കുന്ന അമ്പരപ്പ് പേരന്‍പ് കണ്ടിറങ്ങുമ്പോഴും നമ്മളെ വിടാതെ പിന്‍തുടരുക തന്നെ ചെയ്യും. ഒരു നിലവിളിയായി അത് പടരുകയും ചെയ്യും.

മനുഷ്യർ ഇല്ലാത്തതും കുരുവികൾ ചാകാത്തതുമായ ഒരിടം തേടിയാണ് അമുദവനും പാപ്പായും വിജനമായ തടാകക്കരയിലെ പഴയ ബംഗ്ലാവിലേക്ക് താമസം മാറുന്നത്. പത്തു വര്‍ഷ കാലത്തോളം ഗല്‍ഫില്‍ ജോലി നോക്കി തിരിച്ചെത്തിയ അമുദവന്‍ പാപ്പായെ സംബന്ധിച്ചിടത്തോളം അപരിചിതനാണ്. അയാള്‍ അടുത്തുവരുമ്പോള്‍ അവള്‍ പേടിച്ച് നിലവിളിക്കുന്നുണ്ട്. അവള്‍ക്ക് അമ്മയാണ് എല്ലാം. എന്നാല്‍ കൌമാരക്കാരിയായ മകളെ ഉപേക്ഷിച്ചു അവര്‍ മറ്റൊരാളുടെ കൂടെ ഓടിപ്പോകുകയാണ്. ‘ഇത്രകാലം ഞാൻ നോക്കി. ഇനി നിങ്ങൾ നോക്കൂ...’ എന്നാണ് അവര്‍ അമുദവന് എഴുതിയ കത്തില്‍ കുറിച്ചത്. അങ്ങനെയാണ് അമുദന്‍ നാട്ടിലേക്കു തിരിച്ചുവരുന്നതും മകളുടെ ഉത്തരവാദിത്തമെന്ന ‘ഭാരിച്ച’ ചുമതല ഏറ്റെടുക്കേണ്ടി വരുന്നതും.

ആള്‍ക്കൂട്ടത്തില്‍ പാപ്പ സ്വസ്ഥയല്ല എന്ന തോന്നലും തന്റെ തന്നെ അരക്ഷിതാവസ്ഥയുമാണ് ആളൊഴിഞ്ഞ ഇടത്തേക്ക് അമുദവനെ താമസം മാറാന്‍ പ്രേരിപ്പിക്കുന്നത്. സഹോദരന്റെ ഭാര്യ വാക്കുകളിലൂടെ തന്നെ തന്റെ അനിഷ്ടം പ്രകടിപ്പിച്ചു അയാളെ ആ വാടക വീട്ടില്‍ നിന്നും പുറത്താക്കി കഴിഞ്ഞിരുന്നു. പാപ്പായുടെ നിലവിളി കാരണം തങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാന്‍ സാധിക്കുന്നില്ല എന്ന പരാതിയുമായി അയല്‍വക്കത്തെ പുരുഷ ജനങ്ങളും പരാതിയുമായി എത്തിയതോടെ അയാള്‍ തന്റെ തീരുമാനം ഉറപ്പിക്കുകയായിരുന്നു. കൂടാതെ പ്രകൃതിയോടിണങ്ങിയ സ്വച്ഛമായ ഒരിടം മകള്‍ക്ക് തന്നോടുള്ള സമീപനത്തില്‍ മാറ്റം ഉണ്ടാക്കും എന്നും അയാള്‍ പ്രതീക്ഷിക്കുന്നു.

പാപ്പായുടെ അപരിചിതത്വം മാറ്റാന്‍ അമുദവന്‍ പഠിച്ച പണി പതിനെട്ടും നോക്കിയെങ്കിലും അതൊക്കെ പരാജയപ്പെടുകയായിരുന്നു. വാതിലിന്റെ അടിഭാഗത്ത് തുരന്നു വെച്ച ചതുര മുറിവിലൂടെയാണ് പാപ്പായ്ക്കുള്ള ഭക്ഷണം അമുദന്‍ കൊടുക്കുന്നത്. പാപ്പാ എന്താണ് ചെയ്യുന്നത് എന്നറിയാന്‍ ഒരു ഏണി വെച്ചു വീടിന്റെ മുകളില്‍ കയറി കണ്ണാടി ചതുരത്തിലൂടെ മുറിയിലേക്ക് പാളി നോക്കുന്നുണ്ട് അയാള്‍. എന്നാല്‍ പതുക്കെ അച്ഛനോടുള്ള അവളുടെ അനിഷ്ടം മാറുകയും ശാന്തമായി ഒഴുകുന്ന അരുവി പോലെ അവരുടെ ജീവിതം മുന്നോട്ട് പോവുകയും ചെയ്യുന്നു.

ഇതിനിടയിലാണ് പാപ്പായ്ക്ക് ആര്‍ത്തവമായി എന്നു അമുദവന്‍ മനസിലാക്കുന്നത്. അച്ഛന്‍ എന്ന നിലയില്‍ തന്റെ നിസ്സഹായത തിരിച്ചറിയുകയായിരുന്നു ആ നിമിഷത്തില്‍ അയാള്‍. രോഗത്താല്‍ നിരാലംബയായ ഒരു കുട്ടിയുടെയും അവളെ നോക്കാന്‍ പാടുപെടുന്ന അച്ഛന്റെയും കഥ എന്ന കണ്ണീര്‍ ആംഗിളില്‍ നിന്നും അപ്രതീക്ഷിതമായ ട്വിസ്റ്റിലേക്ക് പേരന്‍പ് നീങ്ങുന്നത് ഇവിടം മുതലാണ്.

റിയല്‍ എസ്റ്റേറ്റ് മാഫിയയയുടെ കുതന്ത്രത്തിലും ഭീഷണിയിലും പെട്ട് തടാകക്കരയിലെ വീട് വിട്ടു ചെന്നയിലേക്ക് ജീവിതത്തെ പറിച്ചു നടുകയാണ് അമുദവന്‍. അവിടെ അയാള്‍ക്ക് പരിചയക്കാരോ ബന്ധുജനങ്ങളോ ഒന്നും തന്നെ ഇല്ല. ഒരു ലോഡ്ജില്‍ മുറിയെടുത്ത് പകല്‍ സമയങ്ങളില്‍ പാപ്പായെ പൂട്ടിയിട്ട് അയാള്‍ ജോലി തേടിയിറങ്ങുന്നു.

ഇടുങ്ങിയ ഹോട്ടല്‍ മുറിയുടെ ജനലിലൂടെയുള്ള നഗരക്കാഴ്ചകളാണ് പാപ്പായുടെ ഏക ആനന്ദം. പിന്നെ ടിവി ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന സിനിമാ ഗാനങ്ങളും. ഇവയൊക്കെ നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന പാപ്പാ മറ്റൊരാളായി മാറുന്നത് അമുദവന്‍ തിരിച്ചറിയുന്നു. അവളുടെ ശാരീകമായ വെല്ലുവിളി മാത്രമല്ല ലൈംഗികമായ ചോദനകളെയും അഭിസംബോധന ചെയ്യേണ്ടതുണ്ടെന്ന ഞെട്ടിക്കുന്ന യാഥാര്‍ഥ്യം അയാളുടെ മുന്നില്‍ ഒരു ചോദ്യ ചിഹ്നമായി നില്‍ക്കുന്നു. തുടക്കത്തില്‍ ഇതുമായി അയാള്‍ക്ക് പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ല.

അമുദവന്‍ കടന്നു പോകുന്ന ജീവിതത്തിന്റെ പരുക്കന്‍ പ്രതലങ്ങള്‍ പ്രേക്ഷകരെയും മുറിവേല്‍പ്പിക്കുന്നു എന്നിടത്താണ് സംവിധായകന്‍ റാം വിജയിക്കുന്നത്. ഒരു മെലോഡ്രാമയ്ക്കപ്പുറം പൊതുസമൂഹം അഭിസംബോധന ചെയ്യാന്‍ മടിക്കുന്ന ജീവിത യാഥാര്‍ത്യത്തെ ഉയര്‍ന്ന രാഷ്ട്രീയ ബോധ്യത്തോടെ അവതരിപ്പിക്കുകയാണ് സംവിധായകന്‍ ഇവിടെ. ശാരീരികമായ വെല്ലുവിളികള്‍ നേരിടുന്ന വ്യക്തികളെ അവരുടെ ശാരീരിക പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍, മെഡിക്കല്‍ സയന്‍സിന് രക്ഷിക്കാന്‍ പറ്റുമോ ഇല്ലയോ എന്ന യുക്തിയില്‍ മാത്രം കാണുന്ന പൊതുസമൂഹത്തിന്റെ മുന്‍പിലേക്ക് കാണാന്‍ മടിക്കുന്ന ഇരുണ്ട ലോകത്തിന്റെ വാതിലാണ് റാം തുറന്നിട്ടത്. മുഖ്യധാരയുടെ സദാചാര യുക്തികളെ പൊളിക്കുകയാണ് തുടര്‍ന്നുള്ള രംഗങ്ങളില്‍ സംവിധായകന്‍. രേഖീയമായ ഒരു ആസ്വാദന സങ്കല്‍പ്പത്തില്‍ നിന്നും പേരന്‍പ് നിരവധി ലെയറുകളുള്ള സങ്കീര്‍ണ്ണ കലാസൃഷ്ടിയായി മാറുകയാണ്.

തനിക്ക് വേണ്ടി വരച്ചിട്ടപോലെയുള്ള അമുദവനെ അവിസ്മരണീയമായ പരിപൂര്‍ണ്ണതയോടെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. പാപ്പായെ ആദ്യം കാണുമ്പോള്‍ കണ്ണില്‍ തെളിഞ്ഞ അന്ധാളിപ്പ് മുതല്‍ കരുണയും സ്നേഹവും വെറുപ്പും അസ്വസ്ഥതയും നിസ്സഹായതയും ഭീതിയുമെല്ലാം ആ കണ്ണുകളില്‍ ഭദ്രം. ഒരു ട്രെയിന്‍ഡ് ആക്ടര്‍ എന്ന മമ്മൂട്ടിയുടെ ടാഗ് ലൈന്‍ സമര്‍ത്ഥമായി ഉപയോഗിക്കപ്പെട്ട സിനിമയാണ് പേരന്‍പ് എന്നു വേണമെങ്കില്‍ പറയാം. ഒളിച്ചോടിപ്പോയ ഭാര്യയെ ഉള്‍പ്പെടെ തനിക്ക് ചുറ്റുമുള്ള എല്ലാവരെയും ഉള്‍ക്കൊള്ളുന്ന അമുദവന്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് എന്ന് പറയാതെ വയ്യ.

പാപ്പയായി സാധനയുടെ പ്രകടനവും മമ്മൂട്ടിയുടെ അഭിനയത്തിനോട് കിടപിടിക്കുന്നത് തന്നെ. ശാരീരികമായ വെല്ലുവിളികള്‍ അവതരിപ്പിക്കുന്നതിലെ ആയാസത്തിനിടയിലും കണ്ണുകളും മുഖത്തും തിരയിളകുന്ന ഭാവ ചലനങ്ങള്‍ അനായാസമായി കൊണ്ടുവരാന്‍ സാധനയ്ക്ക് സാധിച്ചിട്ടുണ്ട്.

റാമിന്റെ മറ്റൊരു ഇടപെടല്‍ അഞ്ജലി അമീര്‍ അവതരിപ്പിച്ച ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രമാണ്. അമുദവന്റെയും പാപ്പയുടെയും ജീവിതത്തിലേക്കുള്ള ലൈംഗിക തൊഴിലാളിയായ അവരുടെ കടന്നു വരവ് പ്രാന്തവത്ക്കരിക്കപ്പെടുന്നവരുടെ ലോകത്തോടുള്ള സംവിധായകന്റെ ഐക്യദാര്‍ഡ്യം കൂടിയാണ്.

12 അദ്ധ്യായങ്ങളായി അമുദവന്‍ പറയുന്ന രീതിയിലാണ് പേരന്‍പിന്റെ ഘടന. ഇയർക്കൈ വെറുപ്പാനതില്‍ തുടങ്ങി ഇയർക്കൈ പേരൻപാനത് വരെ. നമ്മുടേത് എത്രമാത്രം അനുഗ്രഹിക്കപ്പെട്ട ജീവിതമാണെന്ന് നമ്മൾ അറിയാൻ വേണ്ടിയാണ് അമുദവന്‍ ഈ കഥ പറയുന്നത്.

പ്രതീക്ഷാ നിര്‍ഭരമായ ദൃശ്യത്തോടെയാണ് പേരന്‍പ് അവസാനിക്കുന്നതെങ്കിലും തിയറ്റര്‍ വിട്ടാലും നമ്മളെ ചൂഴ്ന്നു നില്‍ക്കുന്ന നീറ്റല്‍ പിന്തുടരുക തന്നെ ചെയ്യും.


Next Story

Related Stories