TopTop
Begin typing your search above and press return to search.

സൌഹൃദം, പ്രണയം, ജീവിതം; മറഡോണയുടെ കളിക്കളങ്ങള്‍

സൌഹൃദം, പ്രണയം, ജീവിതം; മറഡോണയുടെ കളിക്കളങ്ങള്‍

മായാനദിക്കു ശേഷം ടോവിനോ തോമസ് എന്ന നടന്റെ മേൽ വലിയ പ്രതീക്ഷകൾ പതിഞ്ഞ സിനിമയാണ് മറഡോണ. നവാഗതനായ വിഷ്ണു നാരായൺ സംവിധാനം ചെയ്യുന്ന മറഡോണയുടെ തിരക്കഥ കൃഷ്ണമൂർത്തിയുടേതാണ്. ആഷിക്ക് അബുവിന്റെയും ദിലീഷ് പോത്തന്റെയും സംവിധാന സഹയായി ആയി പ്രവർത്തിച്ച ആളാണ് വിഷ്ണു. ടൊവീനോയെ കൂടാതെ ചെമ്പൻ വിനോദ്, ടിറ്റോ വിത്സൺ, ജിൻസ് ബക്കർ, ലിയോണ തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നു. പുതുമുഖം ശരണ്യ നായരാണ് നായിക.

മറഡോണ എന്ന പേര് തന്നെ കൗതുകമുണ്ടാക്കുന്നതാണ്. ഫുട്‍ബോളുമായി ബന്ധമുള്ള കഥ എന്നു പ്രേക്ഷകരെ നേരിട്ട് തോന്നിപ്പിക്കുന്ന പേരാണത്. എന്നാൽ ഫുട്‍ബോളുമായോ ഡീഗോ മറഡോണയുമായോ യാതൊരു ബന്ധവും സിനിമയുടെ കഥാഗതിക്കില്ല. സിനിമയിലെ നായകൻറെ പേരാണ് മറഡോണ. അയാൾക്ക് എങ്ങനെ ആ പേര് കിട്ടിയെന്നും സിനിമ പറയുന്നില്ല. കൂട്ടുകാരൻ സുധിയുമൊത്തു (ടിറ്റോ വിൽസൺ)വണ്ടി കച്ചവടവും കൊട്ടേഷൻ പണികളുമായി നടക്കുകയാണ് അയാൾ. ഭൂത ഭാവി ചിന്തകൾ അലട്ടാതെ ജീവിതം ആസ്വദിക്കുന്നവരായിരുന്നു മറഡോണയും സുധിയും. കൈയൂക്ക് കൊണ്ട് ജീവിക്കുമ്പോൾ അവരെ കുറ്റബോധം അലട്ടിയിരുന്നില്ല.

ഒരു കൊട്ടേഷൻ കേസും തുടർന്നുണ്ടാവുന്ന സംഭവങ്ങളും കാരണം അവർക്ക് ഒളിവിൽ പോകേണ്ടി വരുന്നു. രണ്ടു പേരും രണ്ടിടത്താവുന്നു. ഇതിനിടയിൽ ഒരു അപകടം പറ്റിയ മറഡോണ അകന്ന ബന്ധുവിന്റെ പരിചയത്തിൽ ഒരു ഫ്ലാറ്റിൽ ഒറ്റയ്ക്ക് നിൽക്കുന്നു. അയാൾക്കു അഭയം നൽകിയ കുടുംബം ഒരാഴ്ച മാറി നിൽക്കുന്നതോടെ അയാളും അവർ വളർത്തുന്ന പട്ടിയും മാത്രമായി ആ ഫ്ലാറ്റിൽ കുടുങ്ങി പോകുന്നു. പുറത്തിറങ്ങാൻ വഴിയില്ലാതെ ചുറ്റുമുള്ള ഫ്ളാറ്റുകളിലെ ബാല്കണികളിൽ വച്ച് കേൾക്കുകയും കാണുകയും ചെയ്യുന്നവർ മാത്രമായി അയാളുടെ ലോകം ചുരുങ്ങുന്നു. ഇവരൊക്കെ അയാളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് സിനിമ മുന്നോട്ടു നീങ്ങുന്നു. ഇവിടെ വച്ചാണ് അയാൾ ആശ (ശരണ്യ) എന്ന പെൺകുട്ടിയെ പരിചയപ്പെടുന്നത്. ഇതിനിടയിൽ നാട്ടിൽ നിന്നും ശത്രുക്കൾ മറഡോണയെയും സുധിയേയും അന്വേഷിച്ചിറങ്ങുന്നു. തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളിലൂടെ മറഡോണയുടെ കഥ വികസിക്കുന്നു.

വളരെ സ്വാഭാവികമായി നീങ്ങുന്ന കഥാഗതിയാണ് മറഡോണയുടേത്. അയാൾ വളരെ നിസാരമായി കരുതിയ കാഴ്ചകൾ ജീവിതത്തെ എങ്ങനെ ആഴത്തിൽ സ്വാധീനിക്കുന്നു എന്നതിലാണ് സിനിമ മുന്നോട്ട് നീങ്ങുന്നത്. വളരെ എളുപ്പത്തിൽ നന്മ തിന്മ ഉപദേശ മോഡിലേക്ക് മാറുമായിരുന്നു സിനിമയെ വളരെ കയ്യൊതുക്കത്തിൽ അവതരിപ്പിച്ചിട്ടുണ്ട് സംവിധായകൻ. മറഡോണ എന്ന ആളുടെ അതിതീവ്രമായ സൗഹൃദത്തിലൂടെയും പ്രണയത്തിലൂടെയും തിരിച്ചറിവുകളിലൂടെയും ഒക്കെ ആണ് സിനിമ സഞ്ചരിക്കുന്നത്. അതെ സമയം അയാൾക്ക് ഇടം നൽകുന്ന ഓരോ വ്യക്തികളും ഇടങ്ങളും അയാളോളം തന്നെ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് സിനിമയിൽ. മരണത്തോട് ചേർന്ന് നിൽക്കുമ്പോഴും സൗഹൃദം അയാളെ ചിരിപ്പിക്കുന്നുണ്ട്, പ്രണയം അയാളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നുമുണ്ട്. ത്രില്ലർ സ്വഭാവം പുലർത്തേണ്ട ഇടത്തിലൊക്കെ വളരെ വ്യക്തമായി ആ സ്വഭാവവും പുലർത്തുന്നുണ്ട് സിനിമ. ലീനിയർ നോൺ ലീനിയർ രീതികളെ പലപ്പോഴും ഒന്നിച്ചു പിന്തുടരുന്ന വ്യത്യസ്തമായ മേക്കിങ് രീതി ആണ് മറഡോണയുടേത്. ഒരു നിയതമായ ചട്ടക്കൂടിൽ നിൽക്കാതെ തന്നെ സിനിമ കാണികളെ രസിപ്പിക്കുന്നുണ്ട്. ഒരു തരത്തിൽ കൊട്ടേഷൻ ജോലിയിൽ ഇറങ്ങിയാൽ ആഗ്രഹിച്ചാലും സാധാരണ ജീവിതത്തിലേക്ക് ഒരു തിരിച്ചു വരവ് അത്ര എളുപ്പത്തിൽ സാധ്യമല്ല എന്ന് ഓർമിപ്പിക്കുന്നു ചെമ്പൻ വിനോദിന്റെ കഥാപാത്രം. തന്റെ ശത്രുക്കളിൽ അയാൾ കാണുന്നത് തന്റെ തന്നെ ഭൂതകാലമാണ്.

നായകന്‍റെ പേരായിരിക്കുമ്പോൾ തന്നെ അയാളുടെ ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കുന്ന മറ്റു കഥാപാത്രങ്ങളുടെ പേരുകളുടെ ആദ്യാക്ഷരങ്ങൾ കൂടി കൂടി ചേർന്നാണ് മറഡോണ എന്ന പേരുണ്ടായത് എന്ന് സംവിധായകൻ ഒരു അഭിമുഖത്തിൽ പറഞ്ഞത് വായിച്ചു. ഇതിൽ റാംബോ എന്ന പട്ടിയും ഏഞ്ചൽ എന്ന പ്രാവും പെടും. ഫ്ളാറ്റിലെ ഏകാന്ത വാസത്തിൽ അയാൾ ആകെ ഇടപെട്ടിരുന്നത് ഇവർ രണ്ടുപേരുമായി മാത്രമായിരുന്നു. എല്ലാവരോടും ഇപ്പോഴും സംസാരിച്ചിരുന്ന അയാളുടെ ജീവിതത്തിലെ ഏറ്റവും നിർണായക സന്ദർഭത്തിൽ അയാളോടൊപ്പം ഇവർ മാത്രമാവുന്നു. ഒരു മനുഷ്യൻ എന്ന എല്ലാ അഹന്തകളും ഉപയോഗിച്ച് തന്നെ ആണ് ഇയാൾ ആദ്യം ഇവരോട് ഇടപെട്ടിരുന്നത്. പിന്നീട് ഇവർക്കിടയിൽ ഉണ്ടാകുന്ന സഹവർത്തിത്വവും കൂടിയാണ് സിനിമയെ ഭംഗിയുള്ള കാഴ്ച്ചാനുഭവമാക്കുന്നത്. ആ ഫ്ലാറ്റിൽ ചുറ്റുമുള്ളവരെയും അയാൾ കാണുന്ന രീതി ഇങ്ങനെ ക്രമേണ മാറുന്നു. ഇത് അയാൾ പോലും അറിയുന്നില്ല. അതേസമയം തന്റെ ഭൂത കാല സൗഹൃദങ്ങളോളം ആഴത്തിൽ അവയൊന്നും അയാൾക്കുള്ളിൽ ഉണ്ടാവുന്നില്ല. രണ്ടാം പകുതിയിലെ ചില ചില്ലറ വലിച്ചു നീട്ടലുകൾ ഒഴിച്ചാൽ സിനിമ മനോഹരമായി തുടങ്ങി അവസാനിക്കുന്നു. ടൊവിനോക്കൊപ്പം ടിറ്റോ വില്‍സന്റെയും പുതുമുഖം ശരണ്യയുടെയും ഒക്കെ സിനിമ കൂടിയാണ് മറഡോണ.

കൊട്ടേഷൻ, തിരിച്ചറിവ്, നഷ്ടബോധം ഒക്കെ പല നിലക്ക് പല കാലങ്ങളിൽ ആയി ഇന്ത്യൻ സിനിമകൾ സംസാരിച്ചിട്ടുണ്ട്. സമകാലിക മലയാള സിനിമകളുടെയും ഒരു പ്രിയപ്പെട്ട വിഷയം ആണിത്. അതിനെ ക്‌ളീഷകളുടെ ഭാരമില്ലാതെ കാണികളിൽ എത്തിക്കുക എന്നത് ശ്രമകരമാണ്. ഒരു നവാഗതന്റെ പതർച്ച അധികം കാണിക്കാതെ വിഷ്ണു ആ ശ്രമത്തിൽ വിജയിച്ചു എന്ന് തന്നെ പറയാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories