TopTop
Begin typing your search above and press return to search.

ഹൃദയം കീഴടക്കും, ഈ 'തല്ലിപ്പൊളി' മറഡോണ

ഹൃദയം കീഴടക്കും, ഈ തല്ലിപ്പൊളി മറഡോണ

കിംകിഡുക് സിനിമയിലെ ബാഡ് ഗയിയെ (Bad Guy) പോലെ ടൊവിനോയുടെ മറഡോണയും ഒരു ബാഡ് ഗയ് ആണ്. പണത്തിന്റെ പിന്നാലെ, പുതിയ വണ്ടികളുടെ പിന്നാലെ, പെണ്ണുങ്ങളുടെ പിന്നാലെ ജീവിതം ആഘോഷിച്ചു നടക്കുന്നവന്‍. ചെയ്യാന്‍ പോന്ന കൃത്യം നടത്താന്‍ ആറു വയസുള്ള കൊച്ചു പെണ്‍കുട്ടിയുടെ കൈ പിടിച്ച് ഞെരിച്ചു ക്രൂരനാവാനും മടിയില്ലാത്തവന്‍. ഈ കാണിക്കുന്നതാണ് ആണ്‍പോരിമ എന്നു അഹങ്കരിക്കുന്നവന്‍. ഒടുവില്‍ തിരിച്ചറിയുന്നതു പോലെ താന്‍ ചെയ്യുന്നത് എന്താണെന്ന് അറിവില്ലാത്തവന്‍.

ഒരു കുറ്റകൃത്യത്തിന് പിന്നാലെ കുറ്റവാളികളെ തേടി നടത്തുന്ന ഒരു അന്വേഷണമാണ് മറഡോണയുടെ ബാഹ്യ രൂപം. ഇവിടെ അന്വേഷണം നടത്തുന്നത് പോലീസ് അല്ല എന്നു മാത്രം. എന്നാല്‍ ഒരു ത്രില്ലറിന്റെ മുന്‍ നിശ്ചിത ഘടനയെ പൊളിച്ചുകൊണ്ട് മനുഷ്യ മനസിലേക്ക് നോക്കുന്നു എന്നതാണ് മറഡോണയെ വേറിട്ടതാക്കുന്നത്. ഒരു കുറ്റവാളിയുടെ പരിവര്‍ത്തനത്തെ സൂക്ഷ്മമായും രസകരമായും ആഖ്യാനം ചെയ്യുന്നു എന്നിടത്താണ് മറഡോണയുടെ സംവിധായകന്‍ വിഷ്ണു നാരായണ്‍ വിജയിക്കുന്നത്.

ഒരു കുറ്റകൃത്യം നടത്തി ചിക്കമംഗളൂരില്‍ ഒളിവില്‍ കഴിയുന്ന മറഡോണയും (ടൊവിനോ) സുഹൃത്ത് സുധിയും (ടിറ്റോ വില്‍സന്‍) മലയാളിയായ ഒരു രാഷ്ട്രീയ രാജാവിന്റെ മകനുമായി കോര്‍ക്കുന്നതും അവന്‍ അതിഗുരുതരമായി പരുക്കേറ്റു ആശുപത്രിയില്‍ ആകുന്നതും അവിടെ നിന്നും മറഡോണയും ചങ്ങാതിയും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും തുടര്‍ന്ന് അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് കഥ.

റാംബോ എന്ന പട്ടി, എയ്ഞ്ചല്‍ എന്ന പ്രാവ്, ആശ എന്ന ഹോം നഴ്സ്, നിരന്തരം കാമുകിയുമായി സല്ലപിക്കുന്ന ഒരു ഗിറ്റാറിസ്റ്റ്, ഏകനായ വൃദ്ധന്‍; പിന്നെ ബാല്‍ക്കണി; മറഡോണയെ തന്നിലേക്ക് തന്നെ നോക്കാന്‍ പ്രേരിപ്പിക്കുന്നത് ഈ കാര്യങ്ങളാണ്. തന്നെത്തന്നെ നോക്കാനുള്ള കണ്ണാടിയാവുകയാണ് ഈ കഥാപാത്രങ്ങള്‍. തുടക്കത്തില്‍ അയാള്‍ സദാ സമയം ചിലച്ചുകൊണ്ടിരിക്കുന്ന, തന്റെ ഭക്ഷണം കഴിക്കാന്‍ വരുന്ന, തന്റെ ബെഡില്‍ മൂത്രമൊഴിക്കുന്ന റാംബോയുടെ വായ ഒരു കയറുകൊണ്ട് കെട്ടി ബാത്ത് റൂമിലേക്ക് തള്ളുന്നുണ്ട്. നൂഡില്‍സും മുട്ടയും തിന്നു മടുത്തപ്പോള്‍ ഭക്ഷിക്കാനായി ബാല്‍ക്കണിയില്‍ വന്ന പ്രാവിനെ കെണി വെച്ചു പിടിക്കുന്നുണ്ട്. വിശേഷം ചോദിച്ച തൊട്ട് അഭിമുഖമായുള്ള ഫ്ലാറ്റിലെ വൃദ്ധനോട് നടുവിരല്‍ ഉയര്‍ത്തികാണിക്കുന്നുണ്ട്. ശബ്ദത്തിലൂടെ പരിചയപ്പെടുന്ന തൊട്ടടുത്ത ഫ്ലാറ്റിലെ പെണ്‍കുട്ടിയെ പറ്റുമെങ്കില്‍ ‘ടെസ്റ്റ് ഡ്രൈവ്’ നടത്താമെന്ന് സ്വപ്നം കാണുന്നുണ്ട്.

ഫ്ലാറ്റില്‍ അടച്ചിടപ്പെട്ട് ഓരോ ദിവസം കഴിയുമ്പോഴും അയാള്‍ കൂടുതല്‍ കൂടുതല്‍ അസ്വസ്ഥനാവുകയും നിരാശനാവുകയും ചെയ്യുന്നു. അയാളുടെ നിരാശാഭരിതമായ ലോകത്തേക്ക് പതിയെ പതിയെ റാംബോയും എയ്ഞ്ചലും വൃദ്ധനും ആശയും ഇടം കണ്ടെത്തുന്നു. വൃദ്ധന്‍ ഡ്രോണില്‍ എത്തിച്ചുകൊടുക്കുന്ന സിഗരറ്റ് പാക്കറ്റ് കഷ്ടപ്പെട്ട് പിടിച്ച പ്രാവിനെ പറത്തിക്കളയാനും ബാല്‍ക്കെണിയിലെ ചെടികള്‍ക്ക് വെള്ളം നനയ്ക്കുന്നതിനും ഉള്ള നിബന്ധനയാകുന്നു. ടെസ്റ്റ് ഡ്രൈവിന് അപ്പുറം ആശയോട് തനിക്ക് പ്രണയമാണെന്ന് അയാള്‍ തിരിച്ചറിയുന്നു. അടഞ്ഞ ഫ്ലാറ്റ് നിറമുള്ള, മണമുള്ള, ശബ്ദമുള്ള ജീവിത നൃത്ത വേദിയാവുന്നു. മതിലുകളില്‍ ബഷീര്‍ നാരായണിയോട് സംസാരിച്ചതിനെ ഓര്‍മ്മിപ്പിച്ചുകൊണ്ട് മറഡോണയും ആശയും ബാല്‍ക്കണിയുടെ മറയ്ക്കിരുപുറം തമ്മില്‍ കാണാതെ സംസാരിക്കുന്നു.

ഇതിനിടെ ഉറ്റ സുഹൃത്ത് സുധിക്ക് സംഭവിച്ച കാര്യമറിഞ്ഞതോടെ താന്‍ ചെയ്തു കൂട്ടിയ തെറ്റുകളുടെ ഭാരം മറഡോണ അനുഭവിക്കാന്‍ തുടങ്ങുന്നു. കുറ്റബോധം അയാളെ വേട്ടയാടുന്നു. അപ്പോഴേക്കും ‘അന്വേഷകര്‍’ അയാളുടെ അടുത്തെത്തിക്കഴിഞ്ഞിരുന്നു. ഇനി ക്ലൈമാക്സിനു വേണ്ട ചില ചടുല നീക്കങ്ങള്‍ മാത്രം.

സമൂഹത്തിന്റെ അധോലോകത്തില്‍ ജീവിക്കുന്ന വ്യക്തികളുടെ ജീവിതം എല്ലാ കാലത്തും സിനിമകളുടെ ഇഷ്ടവിഷയങ്ങളില്‍ ഒന്നായിരുന്നു. തുടക്കത്തില്‍ കിം കി ഡുക്കിനെ പരാമര്‍ശിച്ചതും അതുകൊണ്ടുതന്നെ. കള്ളനും ഗുണ്ടയും ബലാത്സംഗിയും തട്ടിപ്പുകാരനുമൊക്കെ കിമ്മിന്റെ കഥാഖ്യാനത്തിലൂടെ ആത്മീയ ഉണര്‍വിലേക്ക് ഉയര്‍ത്തപ്പെടുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. മുഖ്യധാര സിനിമകളില്‍ ഇത്തരം അധോലോക ജീവിതങ്ങള്‍ പലപ്പോഴും ഗ്ലോറിഫിക്കേഷനും ആണത്തത്തിന്റെ ആഘോഷക്കാഴ്ചയുമാകാറാണ് പതിവ്. മഹേഷിന്റെ പ്രതികാരവും തൊണ്ടിമുതലും ദൃക്സാക്ഷിയും അന്നയും റസൂലും കമ്മട്ടിപ്പാടവും മഹാനദിയും മറഡോണയുമൊക്കെ ഈ കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളിലൂടെ അവരെ അനുഗമിക്കുകയും നമ്മളെ അവരിലേക്ക് കൊണ്ടുപോവുകയുമാണ് ചെയ്യുന്നത്. നന്‍മയെയും തിന്‍മയെയും ബ്ലാക് ആന്‍ഡ് വൈറ്റായി അവതരിപ്പിച്ച് അളന്നു തൂക്കി ക്ലൈമാക്സില്‍ വിജയിയെ പ്രഖ്യാപിക്കുകയല്ല ഇവിടെ. ഇവിടെ നീതിയുടെയും അനീതിയുടെയും വിധി ന്യായങ്ങളില്ല. തിന്മയുടെ മേല്‍ നന്‍മയുടെ വിജയത്തിമര്‍പ്പില്ല. തിളച്ചുമറിയുന്ന ജീവിതം മാത്രം. അതിന്റെ അസ്വസ്ഥതകളും ആഹ്ളാദങ്ങളും ഉന്‍മാദങ്ങളും തൃഷ്ണകളും മാത്രം.

സിനിമയില്‍ എടുത്തുപറയേണ്ട മറ്റൊന്നു ടൊവിനോ എന്ന നടന്റെ വളര്‍ച്ച തന്നെയാണ്. മാത്തന് പിന്നാലെ മറഡോണയും ഹൃദയം കീഴടക്കുക തന്നെ ചെയ്യും. ഒപ്പം ആഷിക് അബു സ്കൂളില്‍ നിന്നെത്തിയ നവാഗത സംവിധായകന്‍ വിഷ്ണു നാരായണ്‍ തന്റെ ജോലി നന്നായി നിര്‍വഹിച്ചു.

https://www.azhimukham.com/film-maradona-review-by-aparna/

https://www.azhimukham.com/film-heroine-of-marodona-saranya-speaks-anuchandra/


Next Story

Related Stories