TopTop
Begin typing your search above and press return to search.

മഞ്ജുവിന്റെ സുന്ദരമായ ആമി, കമലിന്റെയും

മഞ്ജുവിന്റെ സുന്ദരമായ ആമി, കമലിന്റെയും

വായിച്ചറിഞ്ഞ കഥാപാത്രങ്ങളുടെയൊപ്പം അലസമായ സായാഹ്നങ്ങളില്‍ ചായ പങ്കിടുന്നതായും നടക്കാന്‍ പോകുന്നതായും സങ്കല്‍പ്പിക്കാന്‍ എനിക്കിഷ്ടമാണ്. അപ്പോഴെല്ലാം അവരുടെ കാഴച്ചപ്പാടുകളെ കുറിച്ചൊക്കെ സാങ്കല്‍പ്പിക സംഭാഷണങ്ങളും നടത്താറുണ്ട്. ഇല്ല, എനിക്ക് മാനസികവിഭ്രാന്തികളില്ല. ഇവയെല്ലാം ഞാന്‍ ബോധപൂര്‍വ്വം കോര്‍ത്തിണക്കുന്നവയാണ്. എന്‍റെ ചായ് പേ ചര്‍ച്ചകള്‍ എല്ലാം സ്ത്രീകളുമായുള്ളതായിരുന്നു. ഒരിക്കല്‍ പോലും മാധവിക്കുട്ടിയുമായി അത്തരം സങ്കല്‍പ്പങ്ങള്‍ മെനഞ്ഞിട്ടില്ല. അവരുടേതായ കഥാപാത്രങ്ങളുമായി യാതൊരു തരത്തിലും ഞാന്‍ ചേര്‍ന്നൊട്ടിയിരുന്നില്ല. ആ ഭാഷ പോലും എനിക്കന്യമായിരുന്നു. സവര്‍ണ്ണതയുടെ ആനുകൂല്യങ്ങള്‍ നിറഞ്ഞ ബാല്യത്തിലെ ഓര്‍മ്മകളുടെ ഭാഷ എനിക്കിന്നും അന്യമാണ്. തറവാടും, കോലായിയും, ഉമ്മറവും, നടുമുറ്റവും, കുളപ്പുരയും അനുഭവത്തിലേയ്ക്ക് ഇഴുകി ചേരാതെ കനത്തു കിടന്നു. എനിക്ക് വഴങ്ങിയത് ചായ്പ്പും ചാര്‍പ്പും കണ്ടവും പൊട്ടക്കിണറും മേഞ്ഞകൂരയെന്നും ഷീറ്റിട്ടതെന്നും ഒക്കെയായിരുന്നു. നീര്‍മാതളം പൂത്തകാലം എനിക്കൊട്ടും ഇഷ്ടമായിരുന്നില്ല, ചന്ദനമരങ്ങള്‍ അതിലൊട്ടും ഇഷ്ടമായിരുന്നില്ല. വണ്ടിക്കാളകള്‍ എന്ന മാധവിക്കുട്ടിയുടെ പുസ്തകം എനിക്ക് വളരെയധികം വികാരവിചാരങ്ങള്‍ തന്ന ഒന്നാണ്, അതുപോലെ ചില ഇംഗ്ലീഷ് കവിതകളും.

പക്ഷേ സ്ത്രീത്വം എന്ന അണകെട്ടിയ സ്വത്വത്തില്‍ നിന്നും സ്ത്രീയായി കവിഞ്ഞൊഴുകിയ എഴുത്തുകള്‍ അവര്‍ക്ക് നല്‍കാന്‍ കഴിഞ്ഞിരുന്നു എന്ന് ഞാനെന്നും കരുതുന്നുണ്ട്.

മാധവിക്കുട്ടി എന്ന എഴുത്തുകാരിയെ ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല, കമലാദാസിനെയോ കമലാ സുരയ്യയെയോ പരിചയവുമില്ല. അതുകൊണ്ട് തന്നെ യാതൊരു അറിവുകളുടെ ഭാരവും ഇല്ലാതെയാണ് 'ആമി' കാണാന്‍ പോയത്. ജീവിച്ചു മരിച്ച ഒരെഴുത്തുകാരിയുടെ പച്ചയായ ജീവിതമെന്ന ഡോക്യുമെന്‍ററിയോ പരിചയമുള്ള ഒരു 'ആയമ്മ'യായി അഭിനേത്രി പകര്‍ന്നാടുന്നത് മാര്‍ക്കിടാനോ അല്ല പോയത്. ശൂന്യതയുമായി, വൈകിയെത്തി ഇരുട്ടിലൂടെ ഓടിക്കയറി ചെന്നിരുന്നു കൊടുത്തത് സുന്ദരമായ ഒരു ദൃശ്യാനുഭവം ഉള്ളില്‍ നിറയ്ക്കാന്‍ കാരണമായി. മഞ്ജു വാര്യര്‍ എന്ന അഭിനേത്രിയെ എനിക്കിഷ്ടമാണ്, ജീവിതം തിരികെ പിടിക്കുന്ന ഓരോ സ്ത്രീയേയും പോലെ അവരുടെ കര്‍മ്മഭൂമിയില്‍ അവര്‍ പ്രയത്നിക്കുന്നത്, ഓരോ ചുവടും മുന്നോട്ടു വയ്ക്കുന്നത് കണ്ടാനന്ദിക്കാന്‍ ഇഷ്ടമാണ്. 'ആമി' എന്ന കഥാപാത്രമായി, സുന്ദരമായ നിറങ്ങളുള്ള, ആഴമുള്ള ഭാവങ്ങളുള്ള അവര്‍ ഉള്ളില്‍ നിറഞ്ഞു തന്നെ നില്‍ക്കുന്നു ഇപ്പോഴും. ഗംഭീരമായിട്ടുണ്ട് എന്ന് തന്നെയാണ് എന്‍റെ മനസ്സില്‍ പലപ്പോഴും തോന്നിയത് മഞ്ജുവിന്റെ ‘ആമി'യെ കണ്ടപ്പോള്‍.

എനിക്ക് സിനിമയുടെ സാങ്കേതികതകള്‍ പരിചയമില്ല, തോള്‍സഞ്ചി തൂക്കി വലിയ ഫെസ്റ്റിവലുകള്‍ക്ക് പോയി സിനിമകള്‍ കണ്ട് ബൌദ്ധികപരിജ്ഞാനം കൈവരിച്ച് ശീലമില്ല, അത് മോശമാണ് എന്നല്ല, എനിക്ക് ശീലമില്ല എന്നേയുള്ളൂ. സിനിമാ റിവ്യൂ എഴുതാന്‍ അറിയുകയുമില്ല. ആകെ ചെയ്യാറുള്ളത്, കല്ലുകടിക്കുന്ന രാഷ്ട്രീയ ശൂന്യതകള്‍ കണ്ടാല്‍ പൊട്ടിത്തെറിക്കുകയും, സിനിമയെന്ന ദൃശ്യമാധ്യമ ആവിഷ്കാരത്തിന്റെ ദൃശ്യങ്ങള്‍ കണ്ട് സന്തോഷിക്കുകയുമാണ്. ഒരു സ്ത്രീ പ്രധാന കഥാപാത്രമായി ഒരു സിനിമയെ മുഴുവന്‍ മുന്നോട്ടു കൊണ്ടെത്തിക്കുന്നത് മലയാളിക്ക് അത്ര പരിചയമില്ലാത്ത അനുഭവമാണ്. കഴിയുമായിരുന്നെങ്കില്‍ കമലാദാസ് തേടിയ കൃഷ്ണന്‍ എന്ന പേരില്‍ ഒരു പുരുഷനെ കേന്ദ്ര കഥാപാത്രമായി ചിത്രീകരിച്ച് സിനിമയെടുത്തേനെ മലയാള ചലച്ചിത്ര മേഖല! അതുകൊണ്ട് തന്നെ...

.....വ്യത്യസ്തമായ ഒരനുഭവമായിരുന്നു 'ആമി'. ഒരു തരിമ്പു പോലും മനസ്സ് തെന്നി പോകാതെ കൌതുകത്തോടെയാണ് ഞാനത് മുഴുവന്‍ കണ്ടിരുന്നത്. എനിക്ക് മാധവിക്കുട്ടിയുമായി ഒരു അപ്പോയിന്റ്മെന്റ് ആയിരുന്നില്ല സിനിമ. സംവിധായകന്‍ കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതുമായ ഒരു മാധവിക്കുട്ടിയെ മഞ്ജു വാര്യര്‍ സുന്ദരമായി ആവിഷ്കരിച്ചിരിക്കുന്നു. കൌമാരക്കാരി ആമിയായി അഭിനയിച്ച കുട്ടിയും എത്ര സ്വാഭാവികമായി ആ വേഷം ചെയ്തു! ആഹ് ബൈ ദി ബൈ, മഞ്ജു വാര്യരോടാണ് - എന്തൊരു വടിവൊത്ത കൈപ്പടയാണ് നിങ്ങളുടേത്! സിനിമയില്‍ എഴുതിക്കാണിച്ചത് നിങ്ങള്‍ തന്നെ എഴുതിയതാണെങ്കില്‍ സ്വന്തം കൈപ്പടയില്‍ ബ്ലോഗെഴുത്തൊക്കെ തുടങ്ങരുതോ! സ്ത്രീകള്‍ക്ക് കൈകടത്താന്‍, കൈയ്യിലൊതുക്കാന്‍ അങ്ങനെ പലതുമുണ്ട്...anyway..

ചില മലയാള സിനിമയിലെ നായകന്മാരെപ്പോലെ, എല്ലാത്തിന്റെയും എല്ലാവരുടെയും ഉള്ളുകളികള്‍ അറിയാവുന്ന പോലെയുള്ള മനുഷ്യര്‍ എഴുതിയ റിവ്യൂകള്‍ വായിച്ചിരുന്നു. ദൃശ്യമാധ്യമം എന്ന ആവിഷ്കരണം കാണാന്‍ തന്നെയാണോ അവര്‍ പോയത് എന്ന് സംശയം തോന്നും വിധമുള്ള റിവ്യൂകള്‍. വിമര്‍ശിക്കുന്നതിന്റെ രാഷ്ട്രീയങ്ങള്‍ മനസ്സിലാക്കാം, പിന്തുണയും ഒഴിവാക്കലും മനസ്സിലാക്കാം, പക്ഷേ എന്‍റെ ആമി ഇങ്ങനല്ല എന്ന് കരയുന്നത് എന്തിനാണെന്ന് മനസ്സിലായില്ല! വിദ്യാ ബാലനെ അഭിനയിപ്പിച്ചെങ്കില്‍ ലൈംഗികത ഒളിച്ചു കടത്തപ്പെടും എന്ന് കമല്‍ ആശങ്കാകുലനായത് പോലെയാണ്, കമലിന്‍റെ ആമിയെ സിനിമയില്‍ കടത്തി എന്ന് പ്രേക്ഷകര്‍ ആശങ്കപ്പെടുന്നത്. എന്തായാലും ഞാനൊട്ടും നിരാശപ്പെട്ടില്ല, ഒട്ടും...

...കോട്ടണ്‍ ഹില്‍ സ്കൂളിലെ കുട്ടികളെന്നു കേട്ടപ്പോള്‍ ത്രസിച്ചു കൈയ്യടിച്ചു, ഇടവേളയില്‍ ചുറ്റും, വര്‍ണ്ണാഭമായ പാവാടയും സാരിയും ജിമ്മിക്കികളും വട്ടപ്പൊട്ടുകളും ജീന്‍സും ഷര്‍ട്ടും ഒക്കെയായി ആണ്‍തുണയില്ലാതെ ചെറു കൂട്ടങ്ങളായും കുട്ടികളുമായും ചിരിയും കളിയുമായി സ്ത്രീകള്‍ നിറയുന്നത് കണ്ട്, ആഹാ! കൊള്ളാല്ലോ എന്ന് കരുതി. സ്ത്രീകളെ ബഹുമാനിക്കുന്ന സമാധാനത്തിന്‍റെ മതത്തെക്കുറിച്ച് കേട്ടപ്പോള്‍ കൂവണോ എന്ന് കൂട്ടുകാരിയോട് ചോദിച്ചു. പണിക്കാരികള്‍ തമ്പ്രാട്ടിയെന്നു വിളിക്കുന്നത് കേട്ടപ്പോള്‍ ഉള്ളില്‍ പുച്ഛം 'ത്ഫൂ' എന്ന് ശബ്ദിച്ചു. കടല്‍ത്തീരത്തും കായല്‍ത്തീരത്തും ആമിയെ കണ്ടപ്പോള്‍ എന്തൊരു ഭംഗിയുള്ള ഫ്രെയിമെന്ന് അനുഭൂതികൊണ്ടു. ഇടക്കിടയ്ക്ക് എന്തിനോ ഉണ്ടായ സംതൃപ്തിയുടെ പുഞ്ചിരിയിലാണ് ഞാനെന്ന് എന്‍റെ തന്നെ കള്ളത്തരം കണ്ടുപിടിച്ചു. താടിവെച്ച, ചിരിക്കുന്ന ടൊവിനോയെ കണ്ടപ്പോഴൊക്കെ ദീര്‍ഘനിശ്വാസത്തോടെ പിന്നിലേയ്ക്ക് ചാഞ്ഞിരുന്നു...

...എന്തെന്ത് നിറങ്ങളായിരുന്നു, മനോഹരമായിരുന്നു... മാധവിക്കുട്ടിയെ അനുകരിച്ചത് പോലൊരു വട്ടപ്പൊട്ട് - ആഭരണവിഭൂഷിതയെ കണ്ടപ്പോള്‍ കൂട്ടുകാരിയോട്, ഇത് മറ്റേ അവരാണോ എന്ന് ചോദിച്ച് പൊട്ടിച്ചിരിക്കുമ്പോള്‍ അടുത്തിരുന്ന താടിവെച്ച ഏതോ ജൂബ്ബാക്കാരന്‍ ബുദ്ധിജീവി എന്നെയൊന്ന് നോക്കിയതും ഞാന്‍ ആസ്വദിക്കുക തന്നെ ചെയ്തു.

സ്വന്തമെന്ന് കരുതുന്നവന്റെ പ്രണയത്തിന്‍റെ രൂപത്തിലുള്ള കടന്നുകയറ്റങ്ങളെ സ്വാഭാവികം എന്ന് കരുതുകയും, അപരന്റെ അധികാര കടന്നുകയറ്റങ്ങളെ ശക്തിയുക്തം എതിര്‍ക്കുകയും ചെയ്യുന്നതും കണ്ടു. ഏതെങ്കിലും ഒരു ആമിയുടെ മാത്രം അനുഭവമല്ല ഇത്. ഞാന്‍ ഉള്‍പ്പടെ ഞാന്‍ കണ്ട സ്ത്രീകള്‍ ഉള്‍പ്പടെ എല്ലാവരും ചെയ്യുന്ന തെറ്റ്, അവനവനോട് ചെയ്യുന്ന തെറ്റ്. സ്ത്രീകുലം എന്നിനി ഇത് തിരിച്ചറിയും എന്ന് എന്‍റെ ഫെമിനിസം ആശങ്കപ്പെടുകയും ചെയ്തു!

സംഭവങ്ങളും അതിനോടുള്ള പ്രതികരണങ്ങളും എന്നതാണ് 'ആമി'യുടെ മുഴുനീള ഭാവം. ഒരിടത്തും ഞാന്‍ ആമിയെന്ന മാധവിക്കുട്ടിക്ക് ഉണ്ടായ വികാരവിചാരങ്ങള്‍ അറിഞ്ഞില്ല. സിനിമ എഴുതിയ ആള്‍ ജീവിച്ചിരുന്ന എഴുത്തുകാരി തന്നെ ആയിരുന്നില്ല, സ്വാഭാവികമായും ബാഹ്യപ്രതികരണങ്ങള്‍ മാത്രമേ അയാള്‍ക്കറിയാന്‍ വകുപ്പുള്ളൂ. അത്ര തന്നയേ എനിക്കും അറിയൂ. നഷ്ടപ്പെട്ട പ്രണയത്തെക്കുറിച്ച്, ഉള്‍ക്കൊണ്ട കാമത്തെക്കുറിച്ച്, തേടിയലഞ്ഞ സാന്ത്വനത്തെക്കുറിച്ച് ഒക്കെയും ഒരു മധ്യവര്‍ഗ്ഗ സ്ത്രീയെന്ന പരിമിതികള്‍ പൊട്ടിച്ചെറിഞ്ഞ എഴുത്തുകള്‍ ആയിരുന്നു മാധവിക്കുട്ടിയുടെത്. എഴുത്തുകളെല്ലാം എഴുത്തുകാരിയാണ് എന്ന് ഞാന്‍ ധരിച്ചിട്ടില്ല, പ്രത്യേകിച്ചും ഫിക്ഷന്‍. എഴുത്തുകളിലെ എഴുത്തുകാരിയോ അനുഭവങ്ങളിലെ എഴുത്തുകാരിയോ എന്ന തോതളക്കാന്‍ ബുദ്ധിമുട്ടിയില്ല എന്നതുകൊണ്ട്‌ മഞ്ജു വാര്യര്‍ കാണിച്ചു തന്ന ആമിയെ സുന്ദരമായി ആസ്വദിച്ചു. പരാതികളില്ല, പുകഴ്ത്തലുകള്‍ ഉണ്ട് താനും.

സിനിമകഴിഞ്ഞ് അവസാനം സ്ക്രീനില്‍ തെളിഞ്ഞ മാധവിക്കുട്ടി എഴുതിയ നാലഞ്ചു വരികള്‍, അത് തീരുന്നത് വരെ, കഴിഞ്ഞു എന്ന് മനസ്സിലായിട്ടും ലൈറ്റുകള്‍ തെളിഞ്ഞിട്ടും, ഒരു ചലനവും ഇല്ലാതെ തിയറ്റര്‍ മുഴുവന്‍ വിങ്ങിയിരുന്നു. ഒരു കമല്‍ ചിത്രം എന്നെഴുതി വന്നതിനു ശേഷം പോലുമാണ് മെല്ലെ ജനക്കൂട്ടം പെയ്തു തോര്‍ന്നത്‌ പോലെ പലവഴിയ്ക്ക് പോകാന്‍ ഒരു വഴിയിലൂടെ നടന്നിറങ്ങിയത്.

പുറത്തിറങ്ങി അടുത്ത ഷോയ്ക്ക് സ്ത്രീകള്‍ മാത്രമായി തന്നെ പല കൂട്ടങ്ങളായി കൂടി കാത്തു നില്‍ക്കുന്നത് കണ്ടപ്പോഴും ഞാന്‍ ചിരിക്കുന്നത് അറിയുന്നുണ്ടായിരുന്നു. നേരേപോയത് മാനവീയം വീഥിയിലെ നീര്‍മാതളത്തിന്‍റെ ചുവട്ടിലേയ്ക്കാണ്, ഒന്നിനുമല്ല... വെറുതേ...

ആഥീ രാത് മേം എന്ന ആമിയിലെ തന്നെ പാട്ട് കേട്ട് നടുരാവില്‍ ആണിത് എഴുതുന്നത്... ഒന്നിനുമല്ല... വെറുതേ...

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

http://www.azhimukham.com/film-interview-with-manju-warrier-about-her-new-movie-directed-by-kamal-aami-by-veena/

http://www.azhimukham.com/video-manju-warrier-about-madhavikkutty-and-aamy-movie/


Next Story

Related Stories