Top

സൂപ്പർ മെഗാ സ്റ്റാറിന്റെ കഥ പറയുമ്പോൾ ലേഡി സൂപ്പർ സ്റ്റാർ തന്നെ വേണം; മോഹന്‍ലാല്‍ സംവിധായകന്‍ സാജിദ് യഹിയ/അഭിമുഖം

സൂപ്പർ മെഗാ സ്റ്റാറിന്റെ കഥ പറയുമ്പോൾ ലേഡി സൂപ്പർ സ്റ്റാർ തന്നെ വേണം; മോഹന്‍ലാല്‍ സംവിധായകന്‍ സാജിദ് യഹിയ/അഭിമുഖം
മഞ്ജുവാര്യര്‍ നായികയായി സാജിദ് യഹിയ കഥയെഴുതി സംവിധാനം ചെയ്ത 'മോഹൻലാൽ' വിവാദങ്ങൾക്ക് വിരാമമിട്ടു കൊണ്ട് തിയറ്ററുകളില്‍ എത്തി. ചിത്രത്തിന്റെ വിശേഷങ്ങളെ കുറിച്ച് സംവിധായകൻ സാജിദ് അനു ചന്ദ്രയുമായി സംസാരിക്കുന്നു.

മോഹൻലാൽ ആരാധകരെ ആവേശത്തിലാക്കിയാണ് മോഹന്‍ലാലില്ലാത്ത 'മോഹൻലാൽ' എത്തുന്നത്. എന്താണ് പ്രതീക്ഷകള്‍?

ഇതൊരു കംപ്ലീറ്റ് ഫാമിലി, ഫാൻസ് എന്റർടൈമെന്റ് സിനിമയാണ്. ലാലേട്ടനെ ഇഷ്ടപ്പെടുന്ന എല്ലാ പ്രേക്ഷകർക്കും ഉള്ള ഒരു വിഷ്വൽ ട്രീറ്റ് തന്നെയാണ് ഈ സിനിമ എന്നു പറയാം. പേര് പോലെ തന്നെ ഈ സിനിമയിലെ ഓരോ ഫ്രെയിമിലും മോഹൻ ലാൽ എന്ന നടന്റെ ഒരു സാന്നിധ്യം നമുക്കറിയാൻ സാധിക്കും എന്നതാണ് പ്രത്യേകത. പിന്നെ ഇത് മോഹൻ ലാൽ സിനിമകളിലൂടെ കടന്നു പോകുന്ന ഒരു സിനിമയാണ്. ഏറ്റവും സന്തോഷിക്കുന്നത് എന്താണെന്ന് വെച്ചാൽ ഇന്നത്തെ തലമുറയ്ക്ക് അധികം പരിചയമില്ലാത്ത ലാലേട്ടന്റെ കുറെ സിനിമകളിലൂടെ ഒരു ട്രാവൽ തന്നെ നടത്തുന്നുണ്ട് ഈ സിനിമ. അതുകൊണ്ട് തന്നെ ആ പഴയ സിനിമകൾ എല്ലാം പുതിയ തലമുറ കാണാൻ ശ്രമിക്കുമെന്ന പ്രതീക്ഷ എനിക്കുണ്ട്. അത്തരം ഒരു ശ്രമം നടത്തിയാൽ ആ ശ്രമം തന്നെയാണ് ഈ സിനിമയുടെ വിജയം എന്നു ഞാൻ കരുതുന്നു.

താങ്കളുടെ ആദ്യ സിനിമയായ 'ഇടി' ഒരു ആക്ഷൻ സിനിമയാണ്. അതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് മോഹന്‍ ലാല്‍. ഇങ്ങനെയൊരു മാറ്റം?

എല്ലാ സിനിമകളും വ്യത്യസ്തമായിരിക്കണം എന്നു തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. 'ഇടി' എന്ന സിനിമ പറയുന്നത് ഒരാൾ കാണുന്ന റിയാലിറ്റിയും അയാൾ കണ്ട ഡ്രീമും തമ്മിൽ ഉള്ള ഒരു ബന്ധമാണ്. അത് തീർച്ചയായും ഒരു ടെക്നിക്കലി ബ്രില്ലിയണ്ട് മൂവി തന്നെയാകണം എന്നറിയമായിരുന്നു. അതാണ് അതിന്റെ മേകിങ് സ്റ്റൈൽ. എന്റെ ആദ്യ സിനിമ അങ്ങനെയാകണം എന്ന നിർബന്ധം എനിക്കുണ്ടായിരുന്നതുകൊണ്ട് അങ്ങനെയെടുത്തു. അതിനു ശേഷം ഫാമിലി കോമഡി ഇമോഷണൽ എന്റർടൈമെന്റ് ആണ് എടുക്കാൻ ആഗ്രഹിച്ചത്. ഈ സിനിമയുടെ ഏറ്റവും വലിയ എനർജി അതിന്റെ പേര് തന്നെ ആണ്.മോഹൻലാൽ എന്ന നടന്റെ പങ്ക് ഈ സിനിമയിൽ ഏതെങ്കിലും തരത്തിൽ ഉണ്ടായിട്ടുണ്ടോ?

ലാലേട്ടന്റെ അനുഗ്രഹം ആണ് ഈ സിനിമ. ഈ ടൈറ്റിൽ തരില്ല എങ്കിൽ ഈ സിനിമ സംഭവിക്കില്ല. പുതിയ ആളുകൾ സിനിമയിലേക്ക് വരട്ടെ എന്ന അദ്ദേഹത്തിന്റെ നല്ല ചിന്തയിൽ നിന്നാണ് ഈ സിനിമ സംഭവിച്ചത്. അതുകൊണ്ട് തന്നെ അദ്ദേഹമാണ് ഈ സിനിമയുടെ എല്ലാം.

മോഹൻലാലിന്റെ നിരവധി ഹിറ്റ് സിനിമകളിൽ നായികയായി അഭിനയിച്ച മഞ്ജുവാര്യരെ തന്നെ ഈ സിനിമയിൽ മുഖ്യ കഥാപാത്രം ആക്കാൻ കാരണം?


സൂപ്പർ മെഗാ സ്റ്റാറിന്റെ കഥ പറയുമ്പോൾ ലേഡി സൂപ്പർ സ്റ്റാർ തന്നെ വേണം അതിൽ എന്ന നിർബന്ധം എനിക്കുണ്ടായിരുന്നു. പ്രധാന കാരണം അതാണ്. പിന്നെ എക്സെൻട്രിക് ആയി ഒരു താരത്തെ ആരാധിക്കുന്ന മീനുക്കുട്ടി എന്ന ഒരു കഥാപാത്രം ചെയാൻ മഞ്ജു ചേച്ചിക്ക് അല്ലാതെ ആർക്കും സാധിക്കില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. അവർ 101% ആത്മാര്‍ത്ഥതയോടെ തന്നെ ആ കഥാപാത്രം ചെയ്തു.

മോഹൻലാൽ ആരാധകർക്കും മലയാളികൾക്കും എത്ര മാത്രം മികച്ച ഒരു അനുഭവമായിരിക്കും ഈ ചിത്രം?


ഇത് ഒരു എന്റർടൈൻമെന്റ് ആണ്. തീയറ്ററിൽ വരുക, ചിരിക്കുക, ആഹ്ളാദിക്കുക, അർമ്മാദിക്കുക.. അതിനുള്ള എല്ലാ ചേരുവകളും ഞങ്ങൾ ഒരുക്കിയിട്ടുണ്ട്. ബാക്കി നിങ്ങളുടെ കൈയിലാണ്.

ചിത്രത്തിന്റെ റിലീസിന് വരെ സ്റ്റേ കിട്ടുന്ന തരത്തിലേക്ക് ഉള്ള കലവൂർ രവികുമാറിന്റെ പ്രസ്താവനയെ കുറിച്ചെന്ത് പറയുന്നു?

ഞങ്ങൾ പുതിയ ആളുകൾ ആണ്. അതുകൊണ്ട് തന്നെ ഒത്തിരി പരിമിതികൾ ഉണ്ട്. പട്ടിണി കിടന്ന് അത്രയും കഷ്ടപ്പെട്ടാണ് ഈ സിനിമ ചെയ്തത്. സിനിമ കണ്ട് കലവൂർ സാറിന്റെ കഥ വായിച്ച് പ്രേക്ഷകര്‍ തന്നെ വിലയിരുത്തട്ടെ ഞാൻ എന്താണ് ചെയ്തതെന്ന്.

Next Story

Related Stories