UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

Off-Shots

അപര്‍ണ്ണ

സിനിമ

മോഹന്‍ലാലിനെ വിറ്റ് ‘മോഹന്‍ലാല്‍’

ഫാൻസ്‌ ഗ്ലോറിഫിക്കേഷനും സിനിമയിൽ നടക്കുന്നുണ്ട്. നാട്ടിൽ അതിക്രമം നടന്നാൽ ഓടിയെത്തുന്ന നന്മ നിറഞ്ഞ നിഷ്കളങ്കർ ആണ് സിനിമയിൽ ഫാൻസ്‌

അപര്‍ണ്ണ

മലയാളത്തിൽ സൂപ്പർസ്റ്റാർഡം ഉള്ള അപൂർവം നടിമാരിൽ ഒരാളാണ് മഞ്ജു വാര്യർ. കേരളത്തിൽ ഏറ്റവും ബ്രാൻഡ് വാല്യൂ ഉള്ള ഒന്നാണ് മോഹൻലാലിന്റെ താരപദവി. മഞ്ജു വാര്യർ മോഹൻലാൽ ആരാധികയായി വരുന്ന ‘മോഹൻലാലിന്റെ വിപണി മൂല്യം ഈ രണ്ടു താര പദവികളും തന്നെ ആണ്. നടനായി വന്നു ഇടി എന്ന ഒറ്റ സിനിമയുടെ സംവിധാനത്തിന്റെ ആയുസുള്ള സാജിദ് യഹിയ ആണ് മോഹൻലാലിന്റെ സംവിധായകൻ. ‘മോഹൻലാലിനെ എനിക്കിപ്പോൾ ഭയങ്കര പേടിയാണ്’ എന്ന തന്റെ കഥ ക്രെഡിറ്റ് തരാതെ അതുപോലെ കട്ടെടുത്തു ഈ സിനിമ എന്ന കലവൂർ രവികുമാറിന്റെ പരാതി വലിയ വിവാദങ്ങൾ ഉണ്ടാക്കി. ഫെഫ്ക്കയിലും പിന്നീട് തൃശൂർ അതിവേഗ കോടതിയിലും അദ്ദേഹം പരാതി നൽകി. ചിത്രത്തിന് സ്റ്റേ ഉണ്ടായി. എന്തായാലും കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിലെത്താന്‍ ഇരു കക്ഷികളും ധാരണ ആകുകയും പ്രശ്നം തീർന്നു സിനിമ റിലീസ് ആവുകയും ചെയ്തു. എന്തായാലും ഇത്തരത്തിൽ കഥ മോഷണ വിവാദങ്ങൾ ഇപ്പോൾ തുടർച്ചയായി മലയാള സിനിമയിൽ വന്നു കൊണ്ടിരിക്കുന്നു എന്നതുകൊണ്ട് മലയാള സിനിമാ നേതൃത്വവും ബന്ധപ്പെട്ട അധികാരികളും ഈ വിഷയത്തെ ഗൗരവമായി സമീപിക്കും എന്ന് തന്നെ കരുതാം. ‘ഞാൻ ജനിച്ചന്നു കേട്ടൊരു പേര്’ എന്ന ട്രെൻഡിങ് ആയ പാട്ടും മോഹൻലാലിന്റെ സാന്നിധ്യം നിറഞ്ഞ രംഗങ്ങളും ഒക്കെ ഒരു ഉത്സവ കാല എന്റർടൈൻമെന്റ് എന്ന പ്രതീതി സിനിമക്ക് ഉണ്ടാക്കി. ഇന്ദ്രജിത് നായകനാകുന്ന ഈ സിനിമയിൽ സലിം കുമാർ, സൗബിൻ, സിദ്ദിഖ്, കെ പി എ സി ലളിത, ഹരീഷ് കണാരൻ തുടങ്ങി വലിയൊരു താര നിര തന്നെ സിനിമയിലുണ്ട്.

മീനുക്കുട്ടി എന്ന് വിളിപ്പേരുള്ള മീനാക്ഷി(മഞ്ജു വാര്യർ) ജനിച്ചത് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ആദ്യ മുഴുനീള മോഹൻലാൽ സിനിമ റിലീസ് ആയ ദിവസമാണ്. ഓർമ വച്ചതു മുതൽ മോഹൻലാൽ എന്ന താരത്തോടുള്ള ആരാധനയാണ് മീനാക്ഷിയുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. ചുറ്റും ഉള്ള എല്ലാറ്റിനെയും മോഹൻലാൽ സിനിമയിലെ സാഹചര്യങ്ങളായാണ് അവർ കാണുന്നത്. ചുറ്റുമുള്ള മനുഷ്യരിൽ പലരും അവർക്ക് മോഹൻലാൽ കഥാപാത്രങ്ങളാണ്. കുട്ടികാലം മുതലേ മീനാക്ഷിയോട് സേതുമാധവന് (ഇന്ദ്രജിത് ) വലിയ ഇഷ്ടമാണ്. മീനാക്ഷിയുടെ മോഹൻലാൽ ഭ്രാന്ത് അവളോടൊപ്പം വളരുന്നു. ഇതിന്റെ വ്യാപ്തി മറുനാട്ടിൽ ജോലി ചെയ്യുന്ന സേതു കൃത്യമായി അറിയുന്നുണ്ടായിരുന്നില്ല. എന്തായാലും അവർ വിവാഹിതരാകാൻ തീരുമാനിക്കുന്നു. വിവാഹ ശേഷം സേതു മീനാക്ഷിയുടെ കടുത്ത മോഹൻലാൽ ആരാധനയാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു. ഈ പ്രശ്നങ്ങൾ അടിക്കടി കൂടുന്നതും പിന്നീടുള്ള മീനാക്ഷിയുടെയും സേതുവിന്റെയും ജീവിതവും ഒക്കെയാണ് ജീവിതം. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ പുലിമുരുകൻ വരെയുള്ള മോഹൻലാൽ സിനിമകളുടെ ക്രോണോളജിയിലൂടെ കൂടി ആണ് സിനിമ മുന്നോട്ട് പോകുന്നത്.

താരാരാധന എല്ലാ ചർച്ചകളെയും യുക്തികളെയും മറികടന്നു ഇവിടെ നിലനിൽക്കുന്ന ഒന്നാണ്. താരങ്ങൾക്കു ആരാധനാലയങ്ങൾ പണിയുന്ന ആരാധകർ ഇന്ത്യയെ സംബന്ധിച്ച് അതിശയോക്തി ഒട്ടുമില്ലാത്ത കാഴ്ചയാണ്. രജനികാന്തിനെ കാണാൻ മണ്ണിലിഴഞ്ഞു വരുന്നതും ഖുശ്ബുവിന്റെ അമ്പലത്തിൽ പൂജ ചെയ്യുന്നതും രാഹുൽ ദ്രാവിഡിന്റെ വീട്ടിൽ വിവാഹാഭ്യർത്ഥനയും വിഷക്കുപ്പിയുമായും ചെല്ലുന്നതും എം ജി ആർ മരിക്കുമ്പോൾ ആത്മഹത്യ ചെയ്യുന്നതും ഒക്കെ ഇവിടെ നമ്മൾ കേട്ടുകൊണ്ടിരുന്ന വാർത്തകളാണ്. ഇത്തരം ആരാധനാ രീതികൾ ഒരു കാലം വരെ കേരളത്തിൽ കുറവായിരുന്നു. ഇപ്പോൾ കേരളവും ആ അവസ്ഥയിലേക്ക് നീങ്ങുന്നു. ഇത്തരം ഒരു സാഹചര്യത്തിൽ ആരാധകർ ഒരുപാടുള്ള മോഹൻലാലിന്റെ പേരിൽ സിനിമ വരുന്നതിൽ അതിശയോക്തിയൊന്നും ഇല്ല. മോഹൻലാലിനോട് ഇവിടെയുള്ള കുറെ സ്ത്രീകൾക്കുള്ള വൈകാരികമായ അടുപ്പവും അതിശയോക്തി അല്ല. മീനാക്ഷിയെ പോലെ മോഹൻലാലിനോട് വൈകാരിക അടുപ്പം സൂക്ഷിക്കുന്ന ഒരുപാട് സ്ത്രീകൾ കേരളത്തിലുണ്ട്. അന്ധമായ താരാരാധന ഉണ്ടാക്കുന്ന മാനസികമായ നില തെറ്റലുകളും ഈ ആരാധനയിലേക്ക് എത്തിപ്പെടാൻ ഉണ്ടായ വൈകാരികമായ അരക്ഷിതത്വവും യുക്തിപരമായി സിനിമയിൽ അവതരിപ്പിച്ചിട്ടും ഉണ്ട്. കിരീടത്തിലെ സേതുമാധവൻ ആണ് മീനാക്ഷിയുടെ സങ്കല്പത്തിൽ അവരുടെ ഭർത്താവ്. അയാൾ മിഥുനത്തിലെ സേതുമാധവന്റെ സംഘർഷങ്ങൾ അനുഭവിക്കുന്ന ആളാണ്. ഇങ്ങനെ ഒരു കൗതുകമുണ്ടാക്കുന്ന കഥയിലേക്കുള്ള സാധ്യതകൾ തുറന്നിട്ടുകൊണ്ടാണ് സിനിമ തുടങ്ങുന്നത്.

സൂപ്പർ മെഗാ സ്റ്റാറിന്റെ കഥ പറയുമ്പോൾ ലേഡി സൂപ്പർ സ്റ്റാർ തന്നെ വേണം; മോഹന്‍ലാല്‍ സംവിധായകന്‍ സാജിദ് യഹിയ/അഭിമുഖം

മീനാക്ഷി എന്ന കഥാപാത്രം ഉണ്ടാവാം എങ്കിലും സിനിമയുടെ തുടർച്ചയിൽ കാണിക്കുന്ന അവരുടെ മോഹൻലാൽ യാത്രകൾക്ക് കേരളത്തിൽ ഒരു സാധ്യതയും ഇല്ല. ഫാൻസിന്റെ ആഘോഷങ്ങൾക്കിടയിൽ മീനാക്ഷിയെ പോലൊരു സ്ത്രീ അപൂർവതകളെക്കാൾ വലിയ അപൂർവതയാണ്. മീനാക്ഷിയെ പോലെ വർണക്കടലാസുകൾ വാരിവിതറുന്ന സ്ത്രീ അവർ ജനിച്ച പോലൊരു ഗ്രാമത്തിലെ തീയറ്ററിൽ ഉണ്ടാവുമോ? സിനിമയിൽ ഗതികെട്ട് സേതുമാധവൻ മീനാക്ഷിയെ തല്ലുന്ന ഒരു രംഗം ഉണ്ട്. അയാൾ അപമാനത്തിന്റെ പരകോടിയിൽ നിൽക്കുമ്പോൾ ചെയ്യുന്ന ഒന്നാണ്. മോഹൻലാൽ എന്ന സിനിമ കാണാൻ വന്ന മോഹൻലാൽ ഫാൻസ്‌ എണീച്ചു നിന്ന് കയ്യടിച്ച ഒരു രംഗമാണത്. മോഹൻലാൽ ആരാധിക കുടുംബം നോക്കാതെ ലാലേട്ടനെ ആരാധിച്ചാലും അത് തല്ലുകൊള്ളിത്തരമാണ് എന്നവർ പറയുന്നു. എല്ലാ ആഴ്ചയും തിയറ്ററിൽ പോകുന്നത് കൊണ്ടറിയാം മീനുക്കുട്ടിമാർ അവിടെ വലിയ ലക്ഷുറി ആണ്. ആരാധന കൊണ്ട് വർണ കടലാസ് വിതറാൻ അവർ ഉണ്ടാവാറില്ല.

സിനിമയിലേക്ക് മടങ്ങി വന്നാൽ സേഫ് ആയി മോഹൻലാലിന്റെ മാർക്കറ്റ് വാല്യൂ ഉപയോഗിച്ച് അദ്ദേഹത്തെ ഓർമിപ്പിച്ചു അദ്ദേഹത്തിന്‍റെ സജീവ സാന്നിധ്യമില്ലാതെ ഒരു സിനിമ എന്ന പ്രാഥമിക ലക്‌ഷ്യം ആണ് സിനിമക്കുള്ളത്. ഇപ്പോൾ ഇറങ്ങുന്ന പല പോപ്പുലർ സിനിമകളിലും മോഹൻലാൽ ഡയലോഗ് പറയുക, നെഞ്ചിനകത്ത് ലാലേട്ടൻ എന്ന മട്ടിൽ വരികൾ ഉള്ള പാട്ടുകൾ എഴുതുക തുടങ്ങി കയ്യടി വാങ്ങാൻ മോഹൻലാലിനെ ഉപയോഗിക്കാറുമുണ്ട്. ഇതിന്റെയൊക്കെ വിശാലമായ തുടർച്ചയാണ് മോഹൻലാൽ എന്ന സിനിമ. ഫാൻസ്‌ ഷോകളും ചങ്കെന്ന വാക്കും ഒക്കെ ഇവിടെ ഉണ്ടാവുന്നതിനു മുന്നേ തുടങ്ങിയ കഥ ആണെങ്കിലും സിനിമ ഈ കാലത്തിന്റെ സാധ്യതകൾ ആണ് ഉപയോഗിക്കുന്നത്. ഫാൻസ്‌ ഗ്ലോറിഫിക്കേഷനും സിനിമയിൽ നടക്കുന്നുണ്ട്. നാട്ടിൽ അതിക്രമം നടന്നാൽ ഓടിയെത്തുന്ന നന്മ നിറഞ്ഞ നിഷ്കളങ്കർ ആണ് സിനിമയിൽ ഫാൻസ്‌. ഇവിടെ പാതി പ്രായം പോലും ഇല്ലാത്ത രേഷ്മ രാജനെ കൊണ്ട് അച്ഛൻ എന്ന വാക്ക് പറഞ്ഞതിന് മാപ്പ് പറയിപ്പിച്ച, വിനീത് ശ്രീനിവാസൻ ലാൽ അങ്കിൾ എന്ന് വിളിച്ചത് ലാലേട്ടൻ എന്ന് തിരുത്തി വിളിക്കാൻ ആക്രോശിച്ച, ഞങ്ങടെ ദൈവത്തെ തൊട്ടാൽ കാണിച്ചു തരാം എന്ന് പറയുന്ന അക്രമി സംഘം കൂടി ആണ് എന്തൊക്കെ പറഞ്ഞാലും ഫാൻസ്‌. ആ വശം വളരെ സുരക്ഷിതമായി സിനിമ ഒഴിവാക്കി. ഇത്തരം ഒരു സിനിമക്ക് അത് ആവശ്യമില്ല എന്ന വാദം അവിടെ നിലനിൽക്കുകയും ചെയ്യുന്നു.

അമിതാഭിനയം തുടങ്ങി ചർച്ചകൾക്കൊന്നും വഴിവെക്കാതിരിക്കാനുള്ള ബുദ്ധി സിനിമ ആദ്യം മുതലേ കാണിക്കുന്നുണ്ട്. മീനാക്ഷിയുടെ വൈകാരിക അരക്ഷിതത്വത്തിനു മേൽ സംഭവിച്ച അതിരു വിട്ട ആശ്രിതത്വം ഒക്കെ സിനിമ പറഞ്ഞു പോകുന്നുണ്ട്. മഞ്ജു വാര്യരുടെ രണ്ടാം വരവിൽ തീർത്തും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് മീനാക്ഷി.പതിവ് ശാക്തീകരണ ഉത്ബോധനങ്ങളിൽ നിന്നും അവർ മാറി നടക്കുന്നത് സന്തോഷം തരുന്നു. ഇന്ദ്രജിത്തിന്റെ മറ്റൊരു ബിഹേവിങ് കഥാപാത്രമാണ് സേതു. മറ്റു താരങ്ങൾ ഒക്കെ സ്വന്തം ഇടങ്ങളിൽ നന്നായി. സൗബിന്റെ ബൊഹീമിയൻ കഥാപാത്രം വിചാരിച്ച പോലെ പ്രേക്ഷകരിൽ എത്തിയോ എന്ന് സംശയമാണ്. സിനിമയിലെ ഹാസ്യത്തിനും ഇതേ പ്രശ്നമുണ്ട്. ഞാൻ ജനിച്ചെന്ന് കേട്ടൊരു പേര് എന്ന പാട്ട് ഒഴിച്ച് നിർത്തിയാൽ പാട്ടുകൾ അനവസരത്തിൽ കടന്നു വന്നു സിനിമയുടെ നീളം കൂട്ടിയ പോലെ തോന്നി. ഹരീഷ് കണാരന്റെ ഒക്കെ കഥാപാത്രം താരമൂല്യം കൊണ്ട് മാത്രം നിർമിക്കപ്പെട്ട പോലെയും തോന്നി. സിനിമ നില നിൽക്കുന്നത് ആരാധകരിലൂടെ എന്നൊക്കെ ബാലൻസിങ് നടത്തുന്നുണ്ടെങ്കിലും മോഹൻലാലിനോടുള്ള ആരാധനക്ക് വൈകാരിക അരക്ഷിതാവസ്ഥയൊക്കെ കാരണമായി പറയുന്നുണ്ടെങ്കിലും മോഹൻലാൽ എന്ന നടന്റെ വിപണി മൂല്യം തന്നെയാണ് മോഹൻലാൽ എന്ന സിനിമയുടെ യു എസ് പി.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍