TopTop
Begin typing your search above and press return to search.

ദി ഗ്രേറ്റ് ഫാദര്‍: ഒരു ഭാഗം ഫാന്‍സിന്; ബാക്കി കുടുംബ പ്രേക്ഷകര്‍ക്ക്

ദി ഗ്രേറ്റ് ഫാദര്‍: ഒരു ഭാഗം ഫാന്‍സിന്; ബാക്കി കുടുംബ പ്രേക്ഷകര്‍ക്ക്

ഒറ്റ ടീസര്‍ കൊണ്ട് കുറെപ്പേരെ സന്തോഷിപ്പിച്ച സിനിമയാണ് ദി ഗ്രേറ്റ് ഫാദര്‍. മമ്മൂട്ടിയുടെ ലുക്കും താടിയും സിഗരറ്റ് പുകയ്ക്കലുമെല്ലാം പ്രേക്ഷകര്‍ ആസ്വദിച്ചിരുന്നു. ഹനീഫ് അദേനിയുടെ ഈ സിനിമ മമ്മൂട്ടിയുടെ കരിയറില്‍ നിര്‍ണായകവുമാണ്. ഒരു ടോട്ടല്‍ ആക്ഷന്‍ പാക്കേജ് എന്നു തോന്നിയ ഈ സിനിമയുടെ ബാക്കി ടീസറും ട്രെയിലറുമെല്ലാം നല്ല രീതിയില്‍ സ്വീകരിക്കപ്പെടുകയും ചെയ്തിരുന്നു. ആദ്യ ദിവസം തീയേറ്ററില്‍ നല്ല ഓളവുമുണ്ടാക്കി.

ഡേവിഡ് നൈനാന്‍ (മമ്മൂട്ടി) ഒരു ബില്‍ഡറാണ്. ഭാര്യ ഡോ. മിഷേലും (സ്‌നേഹ) സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മകള്‍ സാറയും (അനീഖ) ചേര്‍ന്ന സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്ന ആളാണിയാള്‍. സാറ അച്ഛനെ എന്നും സൂപ്പര്‍ ഹീറോയായി കാണാന്‍ താത്പര്യമുള്ളവളായിരുന്നു. മകളുടെ ഈ താത്പര്യത്തെ തൃപ്തിപ്പെടുത്താന്‍ അധോലോക തള്ളുകഥകള്‍ പറഞ്ഞു കൊടുക്കുമായിരുന്നു നൈനാന്‍. വില കൂടിയ കാറില്‍ ജാക്കറ്റും കൂളിംഗ് ഗ്ലാസുമൊക്കെ ധരിച്ച് കാത്തു നില്‍ക്കുന്ന അച്ഛനും അവളുടെ കുസൃതികള്‍ക്ക് കൂട്ടു നില്‍ക്കുന്ന സുഹൃത്തുമൊക്കെയായിരുന്നു അയാള്‍. അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു ദുരന്തം ആ കുടുംബ ജീവിതത്തിലെ സ്വാസ്ഥ്യങ്ങളെ മുഴുവന്‍ ഇല്ലാതാക്കുന്നു. തന്റെ കുടുംബ ജീവിതത്തെ നശിപ്പിച്ച രൂപമില്ലാത്ത വില്ലനെ തേടിയുള്ള ഡേവിഡ് നൈനാന്റെ യാത്രയാണ് ദി ഗ്രേറ്റ് ഫാദര്‍.

ഒരു പാതി ഏറെക്കുറെ കുടുംബ പേക്ഷകര്‍ക്കും മറുപാതി മാസ് ആരാധകര്‍ക്കും എന്ന മട്ടിലാണ് സിനിമയുടെ മേക്കിംഗ്. കുടുംബം, കുസൃതി തുടങ്ങിയവയിലൂടെ അയഞ്ഞ താളത്തില്‍ നിന്ന് പെട്ടെന്ന് പിടിമുറുകി ഒരു റിവഞ്ച് ഡ്രാമയായി മാറുന്നുണ്ട് സിനിമ. ആദ്യ പകുതി മുഴുവന്‍ മമ്മൂട്ടിയുടെ ലുക്കിനും കാറിനും കൂളിംഗ് ഗ്ലാസിനും ഹൈലൈറ്റ് കൊടുക്കാനും കഥാകൃത്ത് കൂടിയായ സംവിധായകന്‍ മറന്നില്ല. കുറെയൊക്കെ ഭാവനാത്മക കഥകളെയാണെങ്കിലും ആദ്യ പകുതിയിലെ ധാരാവി ഒഴിപ്പിക്കല്‍ സ്പൂഫിന്റെ യഥാര്‍ത്ഥ ദൃശ്യാവിഷ്‌കാരമായി രണ്ടാം പകുതി മാറി എന്നു ചുരുക്കിയെഴുതാം. മകളുടെ കൗതുകങ്ങളില്‍ തുടക്കം മുതല്‍ 'അച്ഛന്‍ മാസ് കാ ബാപ്പ്' ആയിരുന്നല്ലോ.

ഒരു സിനിമ ആക്ഷന്‍ ഗണത്തില്‍ പെടുന്ന ഒന്നാവുന്നതില്‍ ജനകീയ മലയാള സിനിമയില്‍ പ്രത്യേകിച്ച് വെല്ലുവിളികളില്ല. മുന്‍കൂട്ടി സൃഷ്ടിച്ച, വാര്‍പ്പു മാതൃകകള്‍ ഇവിടെത്തന്നെ നിരവധിയുണ്ട്. അതൊരു സൂപ്പര്‍താര സിനിമ കൂടിയാണെങ്കില്‍ ആവര്‍ത്തന വിരസംം എന്നൊരു വാക്കിനു പോലും പ്രസക്തിയുണ്ടാവില്ല. നമ്മുടെ യുക്തിയേയും രാഷ്ട്രീയ ശരി ബോധ്യങ്ങളേയും കൊന്നു കുഴിച്ചുമൂടി കയ്യടിച്ച് നമുക്ക് തിരിച്ചു വരാം. എതിര്‍ ശബ്ദങ്ങളെ മുഴുവന്‍ തെറിവിളി കൊണ്ടു നേരിടുന്ന സംഘടിത ഫാന്‍സ്, 'യഥാര്‍ത്ഥ സിനിമാ ആസ്വാദകര്‍' ഒക്കെ ഇത്തരം സിനിമകളുടെ ബാക്കി പത്രമാണ്. ദി ഗ്രേറ്റ് ഫാദറും അങ്ങനെയൊക്കെ തന്നെ എന്ന മുന്‍ധാരണ സിനിമ തുടങ്ങും മുന്നേ പ്രേക്ഷകരിലേക്കെത്തുന്നുണ്ട്. ഏറിയും കുറഞ്ഞും അതിനെ ശരിവയ്ക്കുന്ന തുടക്കവുമുണ്ട് സിനിമയ്ക്ക്. പക്ഷേ സാമൂഹിക പ്രതിബദ്ധതയെ ഏതെങ്കിലും തരത്തില്‍ കൂട്ടുപിടിച്ചാല്‍ ഇത്തരം സിനിമകള്‍ക്ക് വെല്ലുവിളി കൂടും. എക്‌സ്ട്രാ സെന്‍സിറ്റീവ് ആയ ഒരു വിഷയത്തെ എടുത്ത് അത്തരമൊരു വെല്ലുവിളി ഏറ്റെടുത്തിട്ടുണ്ട് ദി ഗ്രേറ്റ് ഫാദര്‍.

പീഡോഫീലിയ ഒരു കുറ്റകൃത്യമാണോ സെക്ഷ്വല്‍ ഓറിയന്റേഷനാണോ എന്ന ചര്‍ച്ചയുയരുമ്പോള്‍ തന്നെ കുട്ടികളെ അത്തരത്തില്‍ കൊല്ലുകയും ജീവച്ഛവമാക്കുകയും ചെയ്ത ഭീതിദമായ വാര്‍ത്തകള്‍ ഏറ്റവുമധികം കേള്‍ക്കുന്ന സമയം കൂടിയാണിത്. കേരളത്തില്‍ ഇപ്പോഴുള്ള ഒരു സവിശേഷ അവസ്ഥയെ സ്പര്‍ശിച്ചു കൊണ്ടാണ് സിനിമ കടന്നു പോകുന്നത്. പോക്‌സോ നിയമത്തെ കുറിച്ചു പോലും സംസാരിക്കുന്നത് സിനിമയുടെ വ്യക്തമായ നിലപാട് അത് ക്രൈം ആണെന്നു തന്നെയാണ്. അതിനെ നേരിടാന്‍ ഉപയോഗിക്കുന്ന ടൂള്‍ ആള്‍ക്കൂട്ട നീതിയുടേതാണ്. സാഹചര്യങ്ങള്‍ തമ്മില്‍ യാതൊരു സാമ്യവുമില്ലെങ്കിലും അറിഞ്ഞോ അറിയാതെയോ ഡേവിഡ് നൈനാന്‍ പലപ്പോഴും കൃഷ്ണപ്രിയയുടെ അച്ഛനെ ഓര്‍മിപ്പിച്ചു. ആ യാദൃശ്ചികതയും ആ വിഷയം സംബന്ധിച്ച് ഇവിടെയുള്ള അരക്ഷിതാവസ്ഥയും ആശയക്കുഴപ്പങ്ങളും തന്നെയാണ് സിനിമയുടെ യു.എസ്.പി.

ഒരു വിഷയത്തെ എങ്ങനെയാണ് സമീപിക്കേണ്ടത്, എത്രകണ്ട് ഡ്രമാറ്റിക്കും സിനിമാറ്റിക്കും ആക്കാം എന്നൊക്കെയുള്ളത് പൂര്‍ണമായും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ സ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യത്തെ പ്രശ്‌നവത്ക്കരിക്കുക എന്നത് അത് കാണുന്നവരുടേയും. ഒരു സ്‌റ്റെലിഷ് നായകന്റെ മാസ് ഹീറോയിസത്തിന് ഇത്തരമൊരു ഗുരുതര വിഷയത്തിന്റെ ബായ്ക്ക് അപ് കൊടുക്കുന്ന അനുഭവം എത്രകണ്ട് ശരിയെന്നറിയില്ല. വിഷയമാണോ നായകനാണോ വലുതെന്ന ചോദ്യത്തിന് നായകന്‍ എന്ന് മിക്ക താര സിനിമകളേയും പോലെ ഉറപ്പിച്ച് പറയുന്നുണ്ട് ഗ്രേറ്റ് ഫാദറും. അങ്ങനെയാവുന്നതില്‍ കുഴപ്പമുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലെന്നുത്തരം. പക്ഷേ ആ കുഴപ്പമില്ലായ്മയുടെ ലാഘവത്വം പീഡോഫീലിയ വിഷയത്തില്‍ അപ്ലൈ ചെയ്യാമോ എന്ന ശരിബോധ്യം ഇടയ്‌ക്കെങ്കിലും തികട്ടി വരും.

പീഡോഫീലിയ സര്‍വൈവര്‍ റേപ്പ് സര്‍വൈവര്‍ മാത്രമാണോ? കുട്ടികള്‍ക്കു നേരെയുള്ള വയലന്‍സിനെ റേപ്പ് എണ്ണ ഗണത്തിലാണോ പെടുത്തേണ്ടത്? ചിതറിയതെങ്കിലും ഇടയ്ക്ക് ഇത്തരം ചിന്തകള്‍ക്കുള്ള ഇടം കൂടി ബാക്കി വയ്ക്കുന്നുണ്ട് സിനിമ. ഏറിയും കുറഞ്ഞും ഒരു റേപ്പ് സര്‍വൈവറാണ് സിനിമയില്‍ ആ കഥാപാത്രം. സ്ത്രീ വിരുദ്ധത സംസാര വിഷയമാക്കാതിരിക്കാന്‍ 'പൊക്കിളിനടിയില്‍ നഷ്ടപ്പെടാന്‍ ഒന്നും കൊണ്ടു നടക്കുന്നവളല്ല പെണ്ണ്' എന്നൊക്കെ സിനിമ വിശ്വാസ്യമായി സ്ഥാപിക്കുന്നുണ്ട്. പക്ഷേ ഒരു റേപ്പ് സര്‍വൈവറുടെ ഭയങ്ങളാണോ അല്ലെങ്കില്‍ അതുപോലെ ഉള്ള ഭയങ്ങള്‍ക്കൊപ്പം മറ്റൊരവസ്ഥയും കുട്ടികള്‍ നേരിടേണ്ടി വരുന്നില്ലേ എന്ന പ്രശ്‌നം സിനിമ ചര്‍ച്ചയ്‌ക്കെടുക്കുന്നില്ല.

സൈക്കോപ്പാത്തുകളെ സൃഷ്ടിക്കുന്നതും ഒരേ അച്ചിലാണെന്ന് തോന്നുന്നു. കുറഞ്ഞ പക്ഷം ഇന്ത്യന്‍ സിനിമയിലെങ്കിലും സൈക്കോപാത്തുകള്‍ക്ക് ഒരേ സംസാര രീതിയും ചലനങ്ങളുമാണ്. ബോളിവുഡില്‍ അശുതോഷ് റാണ വരച്ചിട്ട കുറെ സങ്കല്‍പ്പങ്ങളുടെ തുടര്‍ച്ചയിലാണ് ക്രൈം നടത്തുന്ന സൈക്കോപാത്തുകള്‍ ഇവിടുത്തെ സിനിമയിലും നിറഞ്ഞു നില്‍ക്കുന്നത്. അത്രയൊന്നും ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും അടുത്തിറങ്ങിയ 10 കല്‍പ്പനകളിലും തീര്‍ത്തും സമാന സ്വഭാവമുള്ള സൈക്കോപ്പാത്തുകള്‍ ആയിരുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ ഇത്രയും ഏകതാനമായ രീതികളിലൂടെയാണോ സൈക്കോപാത്തുകളൊക്കെ കടന്നു പോകുന്നത് എന്ന് സംശയമാണ്.

ഇടയ്‌ക്കൊക്കെ ഇഴഞ്ഞു പോയ രണ്ടാം പകുതിയും പിന്നീട് ഊഹിക്കാവുന്ന കഥാഗതിയും ഒരു സസ്‌പെന്‍സ് ത്രില്ലര്‍ എന്ന രീതിയില്‍ സിനിമയെ പുറകോട്ടടിച്ചു. മതിയായ രീതിയില്‍ ഇടയ്ക്ക് എസ്റ്റാബ്ലിഷ് ചെയ്യപ്പെടാത്ത വില്ലന്‍ ഒരു ഇംപാക്ടും ഉണ്ടാക്കില്ല. അയാളുടെ അസാന്നിധ്യം കൃത്യമായ ഒരു സാന്നിധ്യത്തിലായിരിക്കണം എന്ന പൊതുതത്വം ഇവിടെ പാലിക്കപ്പെട്ടതേയില്ല. മസിലുകള്‍ പെരുപ്പിച്ച് നടക്കുന്ന ആര്യ ആ റോളിന് ഒട്ടും ചേരാതെ നിന്നു. ശരീര പ്രദര്‍ശനത്തിനപ്പുറം ഒരു നടനെന്ന നിലയില്‍ പരാജിതനായി അയാള്‍. വില്ലനു പോലും മമ്മൂട്ടിയുടെ കാല്‍ഭാഗം സ്‌ക്രീന്‍ സ്‌പേസ് ഇല്ല. അനീഖയ്ക്ക് സേതുലക്ഷ്മിയുടെ പിന്തുടര്‍ച്ചയെന്ന പോല്‍ കിട്ടിയ റോളാണ് സാറ. ഷാജോണ്‍ ദൃശ്യം മാതൃക റോളുകളില്‍ ചുരുങ്ങി പോകുന്നു. ഇത്തരം സിനിമകളുടെ ലാന്‍ഡ്‌സ്‌കേപിംഗും ദൃശ്യം മാതൃക പിന്തുടരുന്നുണ്ട്. എഡിറ്റിംഗിന് രണ്ടാം പകുതിയില്‍ കണ്‍സിസ്റ്റണ്‍സി ഇല്ലാതെ പോയി. നിയമം, നീതി പ്രശ്‌നവത്ക്കരണവും വാര്‍പ്പു മാതൃകകളുടെ പിന്തുടര്‍ച്ചയാണ്. ആ പ്രശ്‌നവത്ക്കരണത്തിനുള്ള നിത്യ ഉപാധിയായി ഇവിടേയും ഗോവിന്ദച്ചാമി മാറുന്നുണ്ട്.

ചിലപ്പോഴൊക്കെ സിനിമയിലെ രക്ഷകന്‍ പ്രേക്ഷകര്‍ക്ക് അടുപ്പമുണ്ടാക്കുമ്പോള്‍ മറ്റു ചിലപ്പോള്‍ അത് അകല്‍ച്ചയുണ്ടാക്കുന്നു. അതിമാനുഷികനായ രക്ഷകന്‍ ചില സന്ദര്‍ഭങ്ങളില്‍ വിലപ്പോവില്ല. അതറിഞ്ഞ് ആ അവസ്ഥയെ ബുദ്ധിപൂര്‍വം വിനിയോഗിച്ച് കൈയടി നേടിയ സിനിമയാണ് ദൃശ്യം. ഗുരുതരമായ, പ്രേക്ഷകരെ ആഴത്തില്‍ത്തൊടുന്ന ക്രൈമിനെ ആഡംബര പൊള്ളത്തരങ്ങളില്‍ വിലസുന്ന നായകന് വിട്ടുകൊടുത്തു കൊണ്ട് മാറി നിന്നാല്‍ കാണുന്ന ചിലര്‍ക്കെങ്കിലും അതിനോട് അകലം തോന്നും. ദി ഗ്രേറ്റ് ഫാദറില്‍ മിക്കപ്പോഴും അത്തരം അവസ്ഥ നിലവിലുണ്ട്. വില കൂടിയ ആഡംബര കാറുകളില്‍ ലിനന്‍ ജാക്കറ്റും ബ്രാന്‍ഡഡ് കൂളിംഗ് ഗ്ലാസുമായി ഒരു പകല്‍ തൊട്ട് വേട്ട തുടങ്ങാന്‍ നായകന് ഇവിടെ രണ്ടു യുക്തികളേ ഉള്ളൂ. ഒന്ന്, മകള്‍ പറഞ്ഞ സത്യമോ മിഥ്യയോ എന്നറിയാത്ത ഭൂതകാലം, രണ്ട്, തീര്‍ച്ചയായും അയാള്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയാണ് എന്നുള്ളത്. ധാരാവി ഏറ്റവും കുറഞ്ഞ സമയത്ത് ഒഴിപ്പിക്കുന്നത് ആര് എന്ന മത്സരം ഇപ്പോഴും ശക്തമാണെല്ലോ.

ദി ഗ്രേറ്റ് ഫാദര്‍ നിരാശപ്പെടുത്തുമോ ഇല്ലെയോ എന്നത് ഓരോരുത്തരുടേയും അവകാശത്തിന് വിട്ടുകൊടുത്തു കൊണ്ടു തന്നെ Greatness of father is great than crime എന്ന ലളിതയുക്തിയെ പ്രശ്‌നവത്ക്കരിക്കുന്നു. മാസ് ഡയലോഗുമായി കൂളിംഗ് ഗ്ലാസുകള്‍ മാറ്റി മാറ്റി വച്ച് പറന്നടിക്കുന്ന നായകന്റെ ആരാധകര്‍ ഈ പ്രശ്‌നവത്ക്കരണത്തിന്റെ പരിധിയില്‍ ഒതുങ്ങുന്നതേയില്ല. അഥവാ അവരെ ബഹുമാനത്തോടെ ഇതിന്റെ പരിധിയില്‍ നിന്നു മാറ്റി നിര്‍ത്തുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories