Top

രാജീവ് രവി നിര്‍മ്മിക്കുന്ന 'ആഭാസം' ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെ ചുരുക്കെഴുത്താണ്: സംവിധായകന്‍ ജൂബിത്/ അഭിമുഖം

രാജീവ് രവി നിര്‍മ്മിക്കുന്ന
കിസ്മത്തിന് ശേഷം രാജീവ് രവിയുടെ നേതൃത്വത്തിലുളള ബാനറായ കളക്ടീവ് ഫേസ് വണ്‍ നിര്‍മ്മാണ പങ്കാളികളാകുന്ന പുതിയ ചിത്രമാണ് ആഭാസം. പേരില്‍ നിലനിര്‍ത്തുന്ന വ്യത്യസ്തതക്ക് മേലുളള പുതുമയോടൊപ്പം തന്നെ ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം, ഊരാളി തുടങ്ങിയ പ്രസ്തുത ചിത്രത്തിലെ ചില തെരഞ്ഞെടുപ്പുകളിലൂടെയാണ്. സുരാജ് വെഞ്ഞാറമൂട്, റീമ കല്ലിംഗല്‍, ശീതള്‍ ശ്യാം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ഈ ചിത്രം ഒരു ബസ്സും അതിലെ യാത്രക്കാരെയും പ്രമേയമാക്കിയാണ് കഥ പറഞ്ഞു പോകുന്നത്. ആഭാസം എന്ന പുതിയ ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ക്കായി നവാഗത സംവിധായകന്‍
ജൂബിത് നമ്രാഡത്തു
മായി മാധ്യമ പ്രവര്‍ത്തക അനു ചന്ദ്ര നടത്തുന്ന അഭിമുഖം.


അനു ചന്ദ്ര: പേരിലെ പുതുമക്കപ്പുറത്തോട്ട് ആഭാസം കൃത്യമായി പറഞ്ഞു വെക്കുന്ന ഒരു രാഷ്ട്രീയമില്ലെ?

ജൂബിത് നമ്രാഡ്: ആഭാസം എന്നുളള ഒരു പേരിന് മുമ്പേ ആദ്യം ആലോചിച്ചത് കീഴ്ശ്വാസം എന്നൊരു പേരായിരുന്നു. കുറച്ച് കൂടി വ്യക്തമാക്കിയാല്‍ fart എന്നതിന്റെ ഏറ്റവും സൗമ്യമായ വൃത്തിയുളള മലയാളം. പക്ഷേ ആ പേര് കൊടുത്താല്‍ വരാവുന്ന ഒരു നെഗറ്റീവ് ടച്ച് ഉണ്ട്. അതായത് ഇത്തരത്തിലുളള പടമാകുമെന്ന് ക്ലാസിഫൈ ചെയ്യാന്‍ പറ്റുന്ന തരത്തിലൊരു സാധ്യത അതില്‍ ഉണ്ടായിരുന്നു. അങ്ങനെ ഒരു പടം എത്ര പേര്‍ കാണാന്‍ പോകുമെന്ന ഒരു ചിന്തയും വന്നു. അങ്ങനെയാണ് ആഭാസം എന്ന പേരിലേക്ക് മാറുന്നത്. അതായത് കൃത്യമായി ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെ ഷോര്‍ട്ട് ഫോമാണ് ആഭാസം. അപ്പൊ അതില്‍ പറയേണ്ടത് പറഞ്ഞു പോകുന്നുണ്ട്, എന്താണ് എന്നുളള ആകാംക്ഷ ഉണ്ടാക്കുന്നുണ്ട്. നമ്മള്‍ വിശ്വസിക്കുന്ന കീഴ്ശ്വാസവുമായി ചേര്‍ന്നു പോകുന്നുമുണ്ട്.അനു: കഥ/രാഷ്ട്രീയം പറഞ്ഞു വെക്കാനായി ഉപയോഗിക്കുന്ന സാഹചര്യം എന്നത് ഒരു ബസ്സ് ആണ്. അത്തരം ഒരു ആശയത്തിലേക്കെങ്ങനെ എത്തിച്ചേര്‍ന്നു?

ജൂബിത്: ഇത് ഒരു സോഷ്യല്‍ സറ്റയറായിട്ടുളള സിനിമയാണ്. ബെയ്‌സിക്കലി സോഷ്യല്‍ സറ്റയര്‍, പൊളിറ്റിക്കല്‍ സറ്റയര്‍ എന്നൊക്കെ പറയുന്ന ഒരു മൂവി. ബസ്സ് എന്ന് പറഞ്ഞാല്‍ ഒരു ജനകീയ മീഡിയമാണ്. ഇത്തരത്തിലുള്ള ഒന്ന് ഞാനിതിന് മുമ്പ് ഷോട്ട് ഫിലിം ബെയ്‌സിലൊരു എക്സിപിരിമെന്റലായി ചെയ്ത് നോക്കിയിട്ടുളളതാണ്. പക്ഷേ അതൊരു ചെറിയ വര്‍ക്കായിരുന്നു. 2010-ലായിരുന്നു അത്. അതിനത്യാവശ്യം റെസ്‌പോണ്‍സ് ഉണ്ടായിരുന്നു. അപ്പൊ അതിന്റെ ഒരു വലിയ വേര്‍ഷന്‍ എന്ന നിലയിലാണ് ഈ വര്‍ക്ക് തുടങ്ങിയത്. തുടങ്ങിയിട്ടിപ്പം ഏകദേശം മൂന്ന് വര്‍ഷമായി. അതിന്റെ ഒരു അന്ത:സത്ത എന്ന് പറയുന്നത് ബസ്സ് എന്ന് പറയുന്ന ഒരു ജനകീയ മീഡിയത്തില്‍ തന്നെ ഒരു സ്റ്റേറ്റിലെ മിഡില്‍ ക്ലാസ് സൊസൈറ്റിയെ യാത്രക്കാരിലൂടെ റെപ്രസന്റ് ചെയ്യാന്‍ ശ്രമിക്കുക എന്നതാണ്.

അനു: നവാഗതനായ ഒരു സംവിധായകനെ തന്റെ സംബന്ധിച്ചടത്തോളം ആദ്യ സിനിമ തരുന്ന വിശ്വാസം എത്തരത്തിലാണ്?

ജൂബിത്: ഞാന്‍ പറഞ്ഞില്ലെ മുമ്പ് ചെയ്ത ഒരു ഷോട്ട് ഫിലിമിന്റെ large ആയ രൂപമാണ് ഈ സിനിമ എന്ന്. അപ്പൊ ഞാന്‍ മൂന്ന് നാല് ഷോട്ട്ഫിലിം മുമ്പ് ചെയ്തിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതലാളുകള്‍ ഡിസ്‌കസ്സ് ചെയ്തതും സംസാരിച്ചതും അതിനെപ്പറ്റിയായിരുന്നു. അതിനോടുളള ഒരു താല്‍പര്യത്തില്‍ നിന്ന്, ഇന്നത്തെ പൊളിറ്റിക്കല്‍ സിറ്റ്വെഷന്‍സൊക്കെ ഒരുപാട് മാറിയപ്പൊ നിലവിലെ സാഹചര്യവുമായി ബന്ധപ്പെടുത്തി എഴുതി നോക്കി. അപ്പോള്‍ അതിലൊരു ഫ്രെഷ്‌നസ്സ് ഫീല്‍ ചെയ്തു. അങ്ങനെയാണ് സിനിമ ആക്കാനുളള ശ്രമം തുടങ്ങിയത്. ഒരുപാട് നാളു കൊണ്ടാണ് പ്രൊഡ്യൂസറെ കിട്ടിയത്. ഇപ്പോള്‍ സ്റ്റാര്‍ട്ട് ആയി വരുന്നു.

അനു: ആഭാസത്തിന്റെ പ്രധാന ആകര്‍ഷണമായ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമിലേക്കുളള എത്തിപ്പെടല്‍ ?

ജൂബിത്: ഇത് ഒരു hero/heroin അടിസ്ഥാനമാക്കിയുളള ഒരു സിനിമയല്ല. കുറച്ച് ആളുകളുടെ സിനിമയാണ്. ഒരു സൊസൈററിയെ റെപ്രസന്റ് ചെയ്യുന്ന പല തരത്തിലുള്ള ആളുകളുടെ സിനിമ. പ്രത്യേകിച്ചൊരു നായകന്‍/നായിക എന്ന് പറയാന്‍ ഈ സിനിമയിലില്ല. പക്ഷെ കൂടുതല്‍ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ എന്ന് പറയുന്നത് സുരാജിന്റെയും റീമയുടെയും ശീതളിന്റെയുമാണ്. അത്തരമൊരു ട്രാന്‍സ്‌ജെന്‍ഡര്‍ റെപ്രസന്റേഷനെന്ന ചിന്തയില്‍ നിന്നാണ് ശീതളിലെത്തുന്നത്. ശീതളൊരു ആക്ടിവിസ്‌ററാണ്, എഴുത്തുക്കാരിയാണ്, പാടും അവരില്‍ നല്ല പ്രതീക്ഷയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു വര്‍ക്ക് ഷോപ്പ് നടത്തിയിരുന്നു. മുപ്പതോളം പുതുമുഖങ്ങളെ വെച്ചു കൊണ്ട്. ഊരാളി ബാന്‍ഡാണ് അത് നടത്തിയത്. സിനിമയുടെ കാര്യങ്ങളൊക്കെ പറഞ്ഞിട്ടുളള ഒരു മിക്‌സഡ് പരിപാടി. ശീതളും അതില്‍ പങ്കെടുത്തിരുന്നു.അനു: ശീതളിനെ പോലെ തന്നെ ആകര്‍ഷണീയമാണ് ഊരാളിയുടെ സാന്നിധ്യവും...

ജൂബിത്: അതെ, ഇതിലെ ഗാനരചന ഊരാളി ബാന്‍ഡാണ്. അവരുടെ സ്ഥിരം ഗാനരചയിതാവായ ഷാജി സുരേന്ദ്രനാഥാണ് രചന. അതുപോലെ സുരാജ് വെഞ്ഞാറമൂട്, ഇതിന് മുമ്പ് ചെയ്തിട്ടുളളതില്‍ നിന്നെല്ലാം വ്യത്യസ്തമായി മറ്റൊരു ആംഗിളില്‍ തരാന്‍ പറ്റുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. പിന്നെ രാജീവ് രവിയുടെ കളക്ടീവ് ഫെയ്‌സും സ്‌പെയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താനും കൂടി ഏറ്റെടുത്തതോടെ വലിയൊരു ഉത്തരവാദിത്വമാണ് എനിക്ക് മുകളിലുളളത്. മാക്‌സിമം നന്നാക്കാന്‍ ശ്രമിക്കും.

അനു: സിനിമയിലെ ആക്ഷേഹാസ്യ സ്വഭാവം കൈകാര്യം ചെയ്തിരിക്കുന്ന രീതി?

ജൂബിത്: സമകാലീനമായ ഒരു വിഷയത്തെ അടിസ്ഥാനപ്പെടുത്തിയല്ല, ഒരുപാട് വിഷയങ്ങളില്‍ സബ്ജക്ടിന് ചേരുന്ന വിഷയങ്ങളെടുത്ത് ആണ് സിനിമ ആക്കുന്നത്. ഇതില്‍ 'കറുത്ത ഹാസ്യ'മാണ് ഉപയോഗിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും എന്‍ജോയ് ചെയ്യാന്‍ പറ്റുമെന്ന് വിശ്വസിക്കുന്നു. പിന്നെ സ്‌ക്രിപ്റ്റിന്റെ കാര്യത്തില്‍ ഷൂട്ട് ചെയ്യുമ്പോള്‍ മാത്രമല്ല, എഡിറ്റിംങ് ടേബിളില്‍ പോലും സ്‌ക്രിപ്റ്റ് ഇന്‍വോള്‍വ് ചെയ്യുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.

അനു: നവാഗതനായ താങ്കളോടുളള സഹപ്രവര്‍ത്തകരുടെ സഹകരണം എങ്ങനെയാണ്?

ജൂബിത്: പല പല കാലങ്ങളിലായി, പല പല ഘട്ടങ്ങളിലായി പരിചയപ്പെട്ടിട്ടുളളവരാണ് എല്ലാവരും. നിദ്ര ചെയ്യുന്ന സമയത്ത് റിമയെ അറിയാം. ഈ സബ്ജക്ട് ഞാന്‍ റിമയോട് പറഞ്ഞിട്ട് ഒരു വര്‍ഷം അടുപ്പിച്ചായി. സൂരാജേട്ടനോട് 3, 4 തവണ ഡിസ്‌കസ്സ് ചെയ്തു. കാലകാലാങ്ങളിലായി ഫോം ചെയ്ത് വന്ന ഒരു ടീമിനോടൊപ്പം ഉളള ഒരു കളക്ടീവ് എഫര്‍ട്ട് ആണ് ഈ മൂവി. ജൂണ്‍ എട്ടിന് ഷൂട്ട് തുടങ്ങും. പ്രസന്ന എസ് കുമാറാണ് ഛായാഗ്രാഹകന്‍, ഷമീര്‍ മുഹമ്മദാണ് എഡിറ്റര്‍, രംഗനാഥ് രവിയാണ് ശബ്ദ രൂപകല്പന.അനു: സിനിമ എന്ന മാധ്യമത്തിലേക്കുളള പ്രവേശനം?

ജൂബിത്: ഞാന്‍ ആദ്യം ഒരു ഹിന്ദി സിനിമയിലാണ് വര്‍ക്ക് ചെയ്തത്. അതില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു. പക്ഷെ അത് പൂര്‍ത്തിയായില്ല. പിന്നെ ഷോര്‍ട്ട് ഫിലിം ചെയ്തു. രാവണ പ്രൊഡക്ഷന്‍ എന്ന കമ്പനി ക്രിയേറ്റ് ചെയ്തു. അതിലെ ചെറിയ ചെറിയ മ്യൂസിക്കല്‍ ഷോട്ട്ഫിലിമാണ് ആണ് എക്‌സ്പീരിയന്‍സ് എന്ന് പറയുന്നത്. മലയാള സിനിമയില്‍ എക്‌സ്പീരിയന്‍സ് ഒന്നുമില്ല.

അനു: സിനിമ താങ്കളില്‍ സ്വാധീനം ചെലുത്തിയ വഴികള്‍?


ജൂബിത്: ഞാന്‍ ഐ.ടി ഫീല്‍ഡിലായിരുന്നു. എട്ട് വര്‍ഷം മുമ്പ് അത് ഉപേക്ഷിച്ചു. സിനിമ ചെറിയ കുട്ടിയായിരിക്കുമ്പോഴേ വലിയൊരു സ്വാധീനമായിരുന്നു. പക്ഷേ ഇത്തരമൊരു റിയലൈസേഷനിലെത്താനായി കുറേ കാലമെടുത്തു. ഇപ്പൊ പിന്നെ കുടുംബത്തിലുളളവര്‍ക്ക് നേരിയ ആശങ്ക ഉണ്ടെങ്കിലും ഭാര്യ ഭയങ്കര സപ്പോര്‍ട്ടാണ്. സിനിമയാണ് കുറെ കാലമായി. ഐ.ടി പ്രൊഫഷനുമായി ഓര്‍മ്മബന്ധം പോലുമില്ല ഇപ്പോള്‍.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories