ഗീതാഞ്ജലി റാവുവിന്റെ ബോംബേ റോസ് വെനീസ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വെനീസ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ ആനിമേഷന്‍ ചിത്രമാണിത്. സിനിസ്റ്റന്‍ ഫിലിം കമ്പനിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇതിലെ ചിത്രങ്ങള്‍ വരച്ചതും ചിത്രം സംവിധാനം ചെയ്തതും ഗീതാഞ്ജലി റാവുവാണ്. ഓഗസ്റ്റ് 29ന് വെനീസിലെ സ്‌ക്രീനില്‍ ലോക പ്രീമിയര്‍ വിഭാഗത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. മുംബൈയിലെ ജനങ്ങള്‍ക്ക് ഒരു പ്രേമ ലേഖനം എന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് രോഹിത്ത് ചിത്രത്തെ കുറിച്ച് പറയുന്നത്.
നഗര പ്രദേശങ്ങളിലേക്ക് കുടിയേറിയ മനുഷ്യരുടെ ജീവിതമാണ് ചിത്രത്തിന് അടിസ്ഥാനമായിരിക്കുന്നത്. യഥാര്‍ത്ഥ കഥകളെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. വ്യത്യസ്ഥമായ മൂന്ന് പ്രണയങ്ങളെ ബന്ധപ്പെടുത്തികൊണ്ടാണ് സിനിമ പുരോഗമിക്കുന്നത്. പൂക്കള്‍ വില്‍ക്കുന്ന രണ്ട് ആളുകളുടെ പ്രണയത്തേയും, രണ്ട് സ്ത്രീകള്‍ തമ്മിലുള്ള പ്രണയത്തേയും, ബോളിവുഡ് താരങ്ങള്‍ തമ്മിലുള്ള പ്രണയത്തേയും ബോംബേ റോസ് ഉള്‍ക്കൊള്ളുന്നു.
ഡോക്യുമെന്ററി ശൈലിയിലാണ് ചിത്രം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. യാഥാര്‍ത്ഥ്യത്തേയും സങ്കല്‍പ്പത്തേയും ഒരുപോലെ ഇടകലര്‍ത്തിയാണ് ചിത്രം മുന്നേറുന്നത്. നാടോടി കലാരൂപങ്ങളുടെ സ്വാധീനവും ചിത്രത്തിലുണ്ട്. തന്റെ ആനിമേഷന്‍ ചിത്രങ്ങളുമായി ഗീതാഞ്ജലി റാവു മുന്‍പും അന്താരാഷ്ട്ര ഫെസ്റ്റുവലുകളില്‍ പങ്കെടുത്തിട്ടുണ്ട്.
ഒരു നടിയായാണ് ഗീതാഞാജലി സിനിമ രംഗത്തേക്ക് കടന്നു വരുന്നത്. പ്രിന്റഡ് റെയിന്‍ബോ എന്ന ചിത്രം അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 25 അവാര്‍ഡുകള്‍ മുന്‍പ് ഗീതാഞ്ജലി റാവുവിന് ലഭിച്ചിരുന്നു. കഴിഞ്ഞ ഓസ്‌കാര്‍ ലിസ്റ്റിലും ഗീതാഞ്ജലി റാവു ഉള്‍പ്പെട്ടിരുന്നു. മുംബൈ നഗര ജീവിതത്തിന്റെ പ്രണയങ്ങളെ ചിത്രീകരിക്കുന്ന സിനിമ പുതിയ കാഴ്ച്ചാനുഭവമാണ് സമ്മാനിക്കുന്നത്.