TopTop

വാണി വിശ്വനാഥും റോജയും നേര്‍ക്കുനേര്‍? ആന്ധ്ര വീണ്ടും താരപ്പോരിലേക്ക്

വാണി വിശ്വനാഥും റോജയും നേര്‍ക്കുനേര്‍? ആന്ധ്ര വീണ്ടും താരപ്പോരിലേക്ക്
തെന്നിന്ത്യന്‍ സിനിമാ രംഗത്തെ ഗ്ലാമര്‍ താരവും ആക്ഷന്‍ ഹീറോയിനുമായ വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേക്ക് ചുവട് വയ്ക്കുന്നു. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ആന്ധ്ര പ്രദേശില്‍ തെലങ്കു ദേശം പാര്‍ട്ടി (ടിഡിപി) സ്ഥാനാര്‍ഥിയായി വാണി വിശ്വനാഥ് എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. അടുത്തിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലും താരം തന്റെ ടിഡിപി പ്രവേശനം സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ടിഡിപി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവുമായി ഇക്കാര്യം ചര്‍ച്ച നടത്തിയെന്നും വാണി പറയുന്നു.

അതേസമയം, വൈഎസ്ആര്‍ കോണ്‍ഗ്രസ് അംഗവും പ്രശസ്ത സിനിമ താരവുമായ റോജയ്ക്ക് എതിരാളിയായി വാണിയെ കളത്തിലിറക്കാനാണ് ടിഡിപി പദ്ധതി. ഏതാനും വര്‍ഷങ്ങളായി സിനിമാ രംഗത്തുനിന്നും വിട്ടു നിന്നിരുന്ന വാണി വിശ്വനാഥ് ജയ ജാനകി നായിക എന്ന ചിത്രത്തിലൂടെ തിരിച്ച് വരുന്നതിന് പിറകൊണ് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനവും. ചന്ദ്ര ബാബു നായിഡുവിന്റെ ജനക്ഷേമ പദ്ധതികളില്‍ ആകൃഷ്ടയായാണ് താന്‍ ടിഡിപിയോട് അടുത്തതെന്നും വാണി വിശ്വനാഥ് പറയുന്നു.

വാണിയുടെ ഔഗ്യോഗിക രാഷ്ട്രീയ പ്രവേശനം അടുത്തുതന്നെ ഉണ്ടാവുമെന്ന സൂചനകളാണ് പാര്‍ട്ടി വൃത്തങ്ങളും നല്‍കുന്നത്. താരത്തിന്റെ വരവ് പാര്‍ട്ടിയില്‍ നല്ലമാറ്റങ്ങള്‍ വഴിവയ്ക്കുമെന്ന് ആന്ധ്ര മന്ത്രി എന്‍ അമര്‍നാഥ് റെഡ്ഡി പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരിക്കും വാണിയുടെ പാര്‍ട്ടി പ്രവേശനമെന്നും അദ്ദേഹം പറയുന്നു. മലയാളം ഉള്‍പ്പെടെ ഒട്ടുമിക്ക തെന്നിന്ത്യന്‍ ഭാഷകളിലും പ്രശസ്തയായ താരമായിരുന്നു വാണി വിശ്വനാഥ്. ബോളിവുഡിലും താരം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

തെലുങ്കില്‍ ഗ്ലാമര്‍ ഗേളായി അറിയപ്പെട്ടിരുന്ന വാണി വിശ്വനാഥ് എന്‍ടിആര്‍, ചിരംജീവി തുടങ്ങിയ പ്രമുഖ താരങ്ങളുടെ നായികയായും തെലുങ്ക് വെള്ളിത്തിരയില്‍ എത്തിയിരുന്നു. മലയാള സിനിമിലെ പ്രമുഖ താരവും വില്ലന്‍ വേഷങ്ങളില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചിട്ടുമുള്ള ബാബു രാജിന്റെ ഭാര്യകൂടിയാണ് വാണി വിശ്വനാഥ്. ജയപ്രഭ, കവിത, ബാലകൃഷണ് എംപിയായ മുരളി മോഹന്‍ എന്നിവര്‍ക്ക് പിറകെയാണ് വാണി വിശ്വനാഥ് ടിഡിപിയിലെത്തിയത്.




Next Story

Related Stories