ഗുന്ജന് സക്സേന ദി കാര്‍ഗില്‍ ഗേള്‍ എന്ന ചിത്രത്തില്‍ വസ്തുതകള്‍ വളച്ചൊടിച്ച് ചിത്രീകരിച്ചിരിക്കുന്നതായി വ്യോമസേനയിലെ മലയാളി വനിതാ പൈലറ്റ് ശ്രീവിദ്യാ രാജന്. കാാര്ഗില് യുദ്ധത്തില്‍ പങ്കെടുത്ത വനിതാ പൈലറ്റ് എന്ന നിലയില്‍ ഗുന്ജന് സക്സേനയുടെ ജീവിതം ചിത്രീകരിച്ച സിനിമയാണിത്. ഉധംപൂരിലെ വ്യോമസേനാ താവളത്തില്‍ സക്സേനയ്ക്കൊപ്പം പൈലറ്റായി ചേര്‍ന്നയാളാണ് ശ്രീവിദ്യാ രാജന്. എന്നാല്‍ സിനിയമയില്‍ പറയുന്നത് വ്യോമതാവളത്തിലെ ഏക വനിതാ പൈലറ്റായിരുന്നു സക്സേനയെന്നാണ്. 1996ലാണ് തങ്ങള്‍ രണ്ടുപേരും ഉധംപൂരിലെ ഹെലികോപ്റ്റര്‍ യൂണിറ്റില്‍ പോസ്റ്റ് ചെയ്യപ്പെട്ടതെന്ന് ശ്രീവിദ്യ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
സാധാരണമായ ചില മുന്‍വിധിയോടെയുള്ള പെരുമാറ്റങ്ങളും മറ്റും പുരുഷന്മാരായ ചില സഹപ്രവര്‍ത്തകരില്‍ നിന്ന് തങ്ങള്‍ക്കുണ്ടായെങ്കിലും ചിത്രത്തില്‍ കാണിക്കുന്നതു പോലെ അത്ര മോശമായിരുന്നില്ല കാര്യങ്ങളെന്ന് ശ്രീവിദ്യ ചൂണ്ടിക്കാട്ടുന്നു. മാത്രവുമല്ല തങ്ങള്‍ക്ക് പിന്തുണ നല്കുന്ന നിരവധി ഓഫീസര്‍മാരുണ്ടായിരുന്നു. പുരുഷന്മാരായ സഹപ്രവര്ത്തകരോളം പോന്നവര്‍ തന്നെയാണ് തങ്ങളെന്ന് തെളിയിക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടി വന്നിട്ടുണ്ട്. ചിലരെങ്കിലും തങ്ങള്‍ക്ക് ശരിയായ സ്ഥാനം തരാതിരുന്നിട്ടുണ്ട്. എങ്കിലും ഭൂരിഭാഗം പേരും തങ്ങളെ തുല്യരായിത്തന്നെയാണ് കണ്ടിരുന്നതെന്നും ശ്രീവിദ്യ കുറിച്ചു.
വ്യോമതാവളത്തിലെത്തി കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തങ്ങള്‍ പറത്താനാരംഭിച്ചെന്നും സിനിമയില്‍ ചിത്രീകരിച്ചതു പോലെ ചെറിയ കാരണങ്ങളുടെ പേരില്‍ അതില്‍ ആരും മുടക്കം വരുത്തുകയും മറ്റും ചെയ്തിട്ടില്ല. തങ്ങളുടെ സ്ക്വാഡ്രണ്‍ കമാന്‍ഡര്‍ വിട്ടുവീഴ്ചയില്ലാത്ത പ്രൊഫഷണലായിരുന്നു. തെറ്റുകള്‍ പറ്റുമ്പോള്‍ എല്ലാവര്‍ക്കുമെന്നപോലെ തങ്ങള്‍ക്കും ശിക്ഷാനടപടികളെ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ചിത്രത്തില്‍ കാണിച്ചതു പോലെ പുരുഷന്മാരോളം ശരീരബലമുണ്ടെന്ന് കാണിക്കേണ്ട സന്ദര്‍ഭങ്ങളൊന്നും ഉണ്ടായിട്ടില്ല. സഹ ഓഫീസര്‍മാര്‍ ഒരിക്കലും തങ്ങളെ അത്തരത്തില്‍ മോശമായി പരിഗണിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ശ്രീവിദ്യ പറയുന്നു.
ചിത്രത്തില്‍ കാണിച്ചതു പോലെത്തന്നെ സ്ത്രീകള്‍ക്ക് പ്രത്യേകം ശുചിമുറിയൊന്നും ഉണ്ടായിരുന്നില്ല വ്യോമതാവളത്തില്‍. എന്നാല്‍ അത്തരം അസൗകര്യങ്ങളോട് വളരെവേഗം തങ്ങള്‍ പൊരുത്തപ്പെട്ടു. സഹപ്രവര്‍ത്തകര്‍ ആവശ്യമായ സഹകരണങ്ങള്‍ ഇക്കാര്യത്തില്‍ ചെയ്തു തരികയുമുണ്ടായി.
കാര്‍ഗില്‍ ഓപ്പറേഷനില്‍ പങ്കെടുത്ത ഏക വനിതാ പൈലറ്റായാണ് ഗുഞ്ജന്‍ സക്സേനയെ ചിത്രത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇത് വസ്തുതാവിരുദ്ധമാണെന്ന് ശ്രീവിദ്യ പറയുന്നു. താനും സക്സേനയും ഒരേ സമയത്താണ് ഉധംപൂരില്‍ പോസ്റ്റ് ചെയ്യപ്പെട്ടത്. മാത്രവുമല്ല, കാര്‍ഗില്‍ യുദ്ധം തുടങ്ങിയപ്പോള്‍ ശ്രീനഗറില്‍ തങ്ങളുടെ ആദ്യത്തെ യൂണിറ്റിനെ എത്തിക്കാന്‍ ആദ്യമായി ഹെലികോപ്റ്റര്‍ പറത്തിയതും താനായിരുന്നു. ഗുഞ്ജന്‍ ശ്രീനഗറില്‍ എത്തുന്നതിനു മുമ്പ് തന്നെ താന്‍ അവിടെ നിരവധി ദൗത്യങ്ങളില്‍ പങ്കെടുത്തു കഴിഞ്ഞിരുന്നു. ദിവസങ്ങള്‍ക്കു ശേഷമാണ് മറ്റൊരു സംഘത്തെയും കൊണ്ട് സക്സേന ശ്രീനഗറില്‍ എത്തുന്നത്. പരിക്കേറ്റവരെ നീക്കം ചെയ്യുന്നതു മുതല്‍ അവശ്യവസ്തുക്കളും ഇതര സാമഗ്രികളും എത്തിക്കുന്നതു വരെയുള്ള ജോലികള്‍ യുദ്ധമുഖത്ത് തങ്ങള്‍ ചെയ്തു.
ക്ലൈമാക്സ് രംഗത്ത് നായിക ഏര്‍പ്പെടുന്ന തരത്തിലുള്ള സംഘര്‍ഷം നിറഞ്ഞ സംഭവങ്ങളൊന്നും യഥാര്‍ത്ഥത്തില്‍ ഉണ്ടായിട്ടില്ലെന്ന് ശ്രീവിദ്യയുടെ ഫേസ്ബുക്ക് കുറിപ്പ് പറയുന്നു. ഗുഞ്ജന്‍ നല്കിയ വിവരങ്ങള്‍ വെറും പബ്ലിസിറ്റിക്കു വേണ്ടി സിനിമാ നിര്‍മാതാക്കള്‍ വളച്ചൊടിച്ചെന്നാണ് താന്‍ കരുതുന്നതെന്ന് ശ്രീവിദ്യ പറയുന്നു. വളരെ സമര്‍ത്ഥയായ ഓഫീസറാണ് ഗുഞ്ജന്‍. വളരെ പ്രൊഫഷണലുമാണ്. അവരുടെ നേട്ടങ്ങള്‍ വരുംതലമുറകള്‍ക്കു വേണ്ടി അവതരിപ്പിക്കപ്പെടേണ്ടതു തന്നെയാണ്. എന്നാല്‍ പലയിടത്തും അവരെ വളരെ ദുര്‍ബലയായി ചിത്രീകരിച്ചിരിക്കുന്നു.
വനിതാ പൈലറ്റുമാരുടെ മുന്ഗാമികളെന്ന നിലയില്‍ തങ്ങള്‍ ഉയര്‍ന്ന പരിഗണനകള്‍ അനുഭവിച്ചവരാണെന്നും ശ്രീവിദ്യ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നുണ്ട്. ഈ ചിത്രം ഐഎഎഫിലെ വനിതാ ഓഫീസര്‍മാരെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കുകയാണ് ചെയ്യുന്നത്. രാജ്യത്തിന്റെ അഭിമാനമായ ഒരു സേനയെ തരംതാഴ്ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. ചിത്രം പുറത്തിറങ്ങുന്നതിനു മുമ്പ് സേനയെ അത് അപകീര്‍ത്തിപ്പെടുത്തുന്നില്ലെന്ന് ഗുഞ്ജന്‍ സക്സേന ഉറപ്പു വരുത്തേണ്ടിയിരുന്നെന്ന് താന്‍ ആഗ്രഹിച്ചു പോകുകയാണെന്നും ശ്രീവിദ്യ വ്യക്തമാക്കി.