TopTop
Begin typing your search above and press return to search.

റിച്ചിയെ വിമര്‍ശിച്ച രൂപേഷ് പീതാംബരനെ തെറി വിളിച്ച് മാപ്പ് പറയിച്ചു; നിവിന്‍ പോളി, ഫാന്‍സ് നിലവാരം നോക്കുമ്പോള്‍ താങ്കളും ഒരു സൂപ്പര്‍ സ്റ്റാര്‍ തന്നെ

റിച്ചിയെ വിമര്‍ശിച്ച രൂപേഷ് പീതാംബരനെ തെറി വിളിച്ച് മാപ്പ് പറയിച്ചു; നിവിന്‍ പോളി, ഫാന്‍സ് നിലവാരം നോക്കുമ്പോള്‍ താങ്കളും ഒരു സൂപ്പര്‍ സ്റ്റാര്‍ തന്നെ

നിവിന്‍ പോളി നായകനായി എത്തിയ തമിഴ് സിനിമ റിച്ചിയെ പരോക്ഷമായി വിമര്‍ശിച്ച സംവിധായകനും നടനുമായ രൂപേഷ് പീതാംബരന് നിവിന്‍ പോളി ആരാധകരുടെ തെറിവിളി. രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത കന്നഡ ചിത്രമായ ഉള്ളിഡവറു കണ്ടന്തെയുടെ തമിഴ് റിമേക്കായിരുന്നു റിച്ചി. ഗൗതം രാമചന്ദ്രന്‍ ചെയ്ത റിച്ചിയുടെ റിലീസ് ദിവസം തന്റെ ഫെയ്‌സ്ബുക്കില്‍ ഇട്ടൊരു കുറിപ്പാണ് രൂപേഷ് പീതാംബരന് വിനയായത്.

രൂപേഷ് എഴുതിയത് ഇങ്ങനെയായിരുന്നു; രക്ഷിത് ഷെട്ടി, ഞാന്‍ കഷ്ടപ്പെടുന്ന കാലം തൊട്ട് എനിക്ക് നിങ്ങളെ വ്യക്തിപരമായി അറിയാം. ഒരു സംവിധായകന്‍, എഴുത്തുകാരന്‍, നടന്‍ എന്നീ നിലകളിലെല്ലാം നിങ്ങളെ ഞാന്‍ ആരാധിക്കുന്നു. കലാപരമായൊരു മികച്ച ചിത്രമാണ് ഉള്ളിഡവറു കണ്ടാന്തെ. പക്ഷെ ആലോചിക്കാനെ പ്രയാസമാണ്, ഒരു മാസ്റ്റര്‍ പീസ് എങ്ങനെ ഒരു പീസ് ആയെന്ന്... അഭിനന്ദനം ഉള്ളിഡവറു കണ്ടന്തെ. പ്രത്യേക ശ്രദ്ധയ്ക്ക്; ഒരു സുഹൃത്തിന്റെ പഴയൊരു സിനിമയെ അഭിനന്ദിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.

റിച്ചിയെ പേരെടുത്ത് പറയാതെയാണ് രൂപേഷ് നിവിന്‍ പോളി ചിത്രം തനിക്ക് നിരാശയാണ് ഉണ്ടാക്കിയതെന്ന് പറഞ്ഞതെങ്കിലും രൂപേഷിന്റെ ഈ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ ഉടന്‍ തന്നെ താരത്തിന്റെ ആരാകരുടെ തെറിവിളികളും വിമര്‍ശനങ്ങളും വന്നു നിറഞ്ഞു. റിലീസ് ദിവസം തന്നെ സിനിമയെ വിമര്‍ശിച്ച് എഴുതിയത് തെറ്റായി പോയി എന്നാണ് എല്ലാവരും രൂപേഷിനെതിരേ ഉയര്‍ത്തുന്ന കുറ്റം. താന്‍ റിച്ചിയെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും തന്റെ സുഹൃത്തായ രക്ഷിത് ഷെട്ടിയുടെ സിനിമയെക്കുറിച്ച് അഭിപ്രായം പറഞ്ഞതാണെന്ന് തന്റെ ഭാഗം വ്യക്തമാക്കാന്‍ രൂപേഷ് ശ്രമിച്ചെങ്കിലും നിഷ്പക്ഷ സിനിമ പ്രേമികള്‍ എന്ന ലേബലില്‍ വരുന്നവര്‍ പോലും രൂപേഷിനെ അസഹിഷ്ണുതാപരമായാണ് നേരിട്ടത്.

രൂപേഷ് സംവിധാനം ചെയ്ത സിനിമകളെയും അയാള്‍ ചെയ്ത കഥാപാത്രങ്ങളെയും പരിഹസിച്ചാണ് ഒരു കൂട്ടര്‍ തങ്ങളുടെ വിദ്വേഷം പ്രകടിപ്പിക്കുന്നത്. റിച്ചിയെ മന:പൂര്‍വം താഴ്ത്തിക്കെട്ടാനുള്ള ശ്രമമാണ് രൂപേഷിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും മൂന്നുവര്‍ഷം മുമ്പ് ഇറങ്ങിയ ഉള്ളിഡറവു കണ്ടാന്തെയെക്കുറിച്ച് ഇപ്പോള്‍ എഴുതുന്നത് എന്തിനാണെന്നു മനസിലാകുമെന്നും ചിലര്‍ രൂപേഷിനെ ചോദ്യം ചെയ്യുന്നു.

http://www.azhimukham.com/malayalam-cinema-super-stars-nivin-pauly-mohan-lal-comparison-2/

രൂപേഷ് സംവിധാനം ചെയ്യുന്ന അംഗരാജ്യത്തെ ജിമ്മന്‍മാര്‍ എന്ന ചിത്രം ഇറങ്ങുമ്പോള്‍ ഇതിനുള്ള പ്രതികാരം തങ്ങള്‍ ചെയ്‌തോളാം എന്നാണ് നിവിന്‍ പോളി ആരാധകരുടെ ഭീഷണി. ഭീഷണിയും വിമര്‍ശനവും പരിഹാസവും കടന്ന് അശ്ലീലവും അസഭ്യവുമായ വാക്കുകള്‍ ഉപയോഗിച്ചും രൂപേഷിനെതിരേ നിവിന്‍ പോളി ആരാധകര്‍ എത്തിയിട്ടുണ്ട്.

പ്രതികരണങ്ങള്‍ അതിരുകടന്ന് തന്റെ നേര്‍ക്ക് തിരിഞ്ഞതോടെ രൂപേഷ് മറ്റൊരു പോസ്റ്റില്‍ നിവിന്‍ പോളിയോട് തനിക്കെതിരേ ആരാധകരുടെ ഭാഗത്തു നിന്നുണ്ടാകുന്ന തെറിവിളിയെക്കുറിച്ച് പരാതി പറയുന്നുണ്ട്. നിവിന്‍ പോളി, നിങ്ങളുടെ ആരാധകരോടു പറയൂ, ഞാന്‍ ഉള്ളിഡവറു കണ്ടാന്തെയെ പ്രശംസിച്ചതാണ്, റിച്ചിയെ അധിക്ഷേപിച്ചതല്ല എന്ന് ഏതാനും കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെയാണ് രൂപേഷിന്റെ പോസ്റ്റ്. പക്ഷേ ഈ പോസ്റ്റിനു കീഴിലും രൂപേഷിന് നിവിന്‍ പോളി ആരാധകരുടെ വക തെറിവിളി തന്നെയാണ്. ഇതിനിടയില്‍ ഏതാനും പേര്‍ രൂപേഷിനെ പിന്തുണച്ച് എത്തുന്നുണ്ടെങ്കിലും തങ്ങളുടെ സൂപ്പര്‍ താരത്തിന്റെ സിനിമയെ റിലീസ് ദിവസം തന്നെ വിമര്‍ശിച്ചൂ എന്ന കുറ്റത്തിന് രൂപേഷിനെ വിചാരണ ചെയ്യുന്നവര്‍ തന്നെയായിരുന്നു കൂടുതല്‍.

ഒടുവില്‍, ആരാധകരുടെ ഭീഷണികള്‍ക്കു മുന്നില്‍ തോറ്റുകൊടുക്കേണ്ട ഗതികേട് രൂപേഷിനും സംഭവിച്ചു. മമ്മൂട്ടിയെ കുറിച്ച് തമാശരൂപത്തിലെന്തോ പറഞ്ഞു എന്നതിന്റെ പേരില്‍ ആരാധകരുടെ അസഹ്യമായി അധിക്ഷേപങ്ങള്‍ കേട്ട് ഒടുവില്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന് കരഞ്ഞു മാപ്പ് പറഞ്ഞ ലിച്ചി (അങ്കമാലി ഡയറീസിലെ നായിക അന്ന രേഷ്മ രാജന്‍)യുടെ അനുഭവമാണ് 'ആരാധക വിജയത്തിന്റെ' തൊട്ടുമുന്‍പത്തെ ഉദാഹരണം. ഇവിടെ ലൈവില്‍ വരേണ്ടി വരികയോ കരയേണ്ടിയോ വന്നില്ലെങ്കിലും പരസ്യമായ മാപ്പ് പറച്ചിലിന് രൂപേഷ് പീതാംബരന് തയ്യാറാകേണ്ടി വന്നു.

http://www.azhimukham.com/premam-malayalam-movie-chennai-running-successfully-nivin-pauli-azhimukham/

"നടന്‍, സംവിധായകന്‍ എന്നതിനെക്കാളെല്ലാം ഉപരി ഞാനൊരു സിനിമ പ്രേമിയാണ്. അതിനാല്‍ തന്നെ സിനിമകളോട് ഞാനല്‍പ്പം വൈകാരികമായാണ് പ്രതികരിക്കാറുള്ളത്. എന്നാല്‍ ഞാനൊരു പ്രൊഫഷണല്‍ സിനിമാക്കാരന്‍ കൂടിയാണ്. ഉള്ളിഡവറു കണ്ടാന്തെയെക്കുറിച്ച് അഭിപ്രായം പറഞ്ഞപ്പോള്‍ ഞാനെന്റെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് ഓര്‍ത്തില്ല. എന്റെ അഭിപ്രായം ഒരുപാടുപേരെ വേദനിപ്പിച്ചതായി ഞാന്‍ തിരിച്ചറിയുന്നു. എന്നാല്‍ ഞാനത് എന്തെങ്കിലും ഉദ്ദേശത്തോടെ ചെയ്തതല്ല. ആ വേദനപ്പിക്കലിന് ഞാന്‍ മാപ്പ് ചോദിക്കുന്നു. എന്നോട് ക്ഷമിക്കുക..."

രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിച്ച ഉള്ളിഡവറു കണ്ടാന്തെയുമായി താരതമ്യം ചെയ്താല്‍ അതിന്റെ തമിഴ് രൂപമായ റിച്ചി ഒട്ടും നീതി പുലര്‍ത്തുന്നില്ലെന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. വലിയ ഹൈപ്പില്‍ വന്ന ചിത്രമായ റിച്ചി നിവിന്‍ ആരാധകര്‍ക്ക് വന്‍ പ്രതീക്ഷകള്‍ നല്‍കിയിരുന്നു. അതിനു പ്രധാനകാരണം ഉള്ളിഡവറു കണ്ടാന്തെ തന്നെയാണ്. കന്നഡിയില്‍ ഒരു കള്‍ട്ട് മൂവി ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ട ഉള്ളിഡവറു അതിന്റെ മേക്കിംഗ്, പ്രമേയം, അവതരണം, അഭിനേതാക്കളുടെ പ്രകടനം എന്നിവയെല്ലാം കൊണ്ട് തന്നെ മികച്ച അഭിപ്രായം നേടിയതാണ്. എന്നാല്‍ ഉള്ളിഡവറു റിച്ചിയായി എത്തുമ്പോള്‍, മേല്‍പ്പറഞ്ഞ മികവുകളൊന്നും തന്നെ കാണാനാകുന്നില്ലെന്നതാണ് പരാതി. രൂപത്തിലും വേഷത്തിലും അഭിപ്രായം നേടിയെങ്കിലും നിവിന്‍ പോളി എന്ന നടന് തന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

പണം മുടക്കി സിനിമ കാണുന്നവന് അതിനെ കുറിച്ച് അഭിപ്രായം പറയാന്‍ പോലും അവകശമില്ലെന്ന പേരില്‍ തെറിവിളികളും അധിക്ഷേപപ്രയോഗങ്ങളും നടത്തുന്ന ആരാധകര്‍ തന്നെയാണ് തങ്ങളുടെ താരത്തിന്റെ എതിരാളികളുടെ സിനിമകള്‍ ആദ്യദിവസത്തെ ആദ്യഷോയ്ക്ക് തന്നെ തിയേറ്ററില്‍ കയറി കൂകിവിളിച്ച് പരാജയപ്പെടുത്താന്‍ നോക്കുന്നത്, അതേ ആളുകള്‍ തന്നെയാണ് ആദ്യ ദിവസം തന്നെ ഒരു സിനിമയെ വിമര്‍ശിക്കുന്നതിലെ അനൗചിത്യത്തെ കുറിച്ച് പറയുന്നതെന്നും ശ്രദ്ധേയമാണ്.

എന്തായാലും ഒരു കാര്യം ഉറപ്പിക്കാം, സൂപ്പര്‍താര നിരയിലേക്ക് നിവിന്‍ പോളി എത്തിയോ എന്ന ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെങ്കിലും തന്റെ സിനിമയേയോ തന്നെയോ വിമര്‍ശിക്കുന്നവരെ തെറിവിളിച്ചോടിക്കാനും മാപ്പു പറയിക്കാനും തക്ക 'നിലവാര'ത്തിലേക്ക് വളര്‍ന്നൊരു ഫാന്‍സ് നിവിന്‍ പോളിക്കും മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ടെന്ന് ഉറപ്പിക്കാം. ഈ 'ആരാധക നിലവാരം' ക്രൈറ്റീരിയ ആക്കിയാണെങ്കില്‍ പറയാം; നിവിന്‍ പോളിയും മലയാളത്തിന്റെ സൂപ്പര്‍ താരം തന്നെ (ഇതൊരു മുന്നറിയിപ്പ് കൂടിയാണ്...)


Next Story

Related Stories