Top

കൊച്ചുണ്ണിയോടും പക്കിയോടും മുട്ടുന്ന നോൺസെൻസ്-ശൈലന്‍ എഴുതുന്നു

കൊച്ചുണ്ണിയോടും പക്കിയോടും മുട്ടുന്ന നോൺസെൻസ്-ശൈലന്‍ എഴുതുന്നു
മലയാളസിനിമ കണ്ടതിൽ വച്ച് ഏറ്റവും ബ്രഹ്മാണ്ഡ ബഡ്ജറ്റിൽ ഒരുക്കിയ 'കായംകുളം കൊച്ചുണ്ണി'യുമായി റോഷൻ ആൻഡ്രൂസും ഗോകുലം ഗോപാലനും നിവിൻ പോളിയും വരുമ്പോൾ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത വിധം മുന്നൂറ്റിയൻപതിൽ പരം ഓപ്പണിംഗ് സ്ക്രീനുകളുമായിട്ടാണ് തിയേറ്ററുകൾ അതിനെ സ്വാഗതം ചെയ്തത്. നിലവിൽ തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതുമായ സിനിമകളുമൊക്കെ കൊച്ചുണ്ണിയുടെ വരവിൽ ഒന്ന് പകയ്ക്കുകയും പതറുകയും ചെയ്തു. സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളൊക്കെ ഉണ്ടെങ്കിലും കൊച്ചുണ്ണി തിയേറ്ററുകളിൽ സ്റ്റേബിളായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. എന്നാൽ കൊച്ചുണ്ണിയുടെ നാടുകുലുക്കിയുള്ള വരവിനിടയിലും അതേ ദിവസം ബാക്കി വരുന്ന സ്ക്രീനുകളിൽ റിലീസ് ചെയ്യാൻ ധൈര്യം കാണിച്ച കൊച്ചുചിത്രമായ "നോൺസെൻസ്" ആ ഒരൊറ്റക്കാരണം കൊണ്ടുതന്നെ ശ്രദ്ധേയമാവുകയാണ്.
ഒറ്റനോട്ടത്തിൽ പടത്തിന്റെ പേരുപോലെത്തന്നെ ഇവരിതെന്ത് നോൺസെൻസ് ആണ് കാണിക്കുന്നത് എന്ന് തോന്നുമെങ്കിലും അത്രത്തോളം സെൻസില്ലാത്ത ഒന്നായിരുന്നില്ല നോൺസെൻസിന്റെ പിന്നണിക്കാരുടെ ഈയാഴ്ച പടം റിലീസ് ചെയ്യാനുള്ള തീരുമാനം എന്ന് മനസിലാവുന്നു. പടം മൊത്തത്തിൽ കണ്ടുനോക്കുമ്പോൾ അത്രയ്ക്ക് നോൺസെൻസ് അല്ല താനും.

നോൺസെൻസ് നിർമ്മിച്ച് വിതരണം ചെയ്തിരിക്കുന്നത് അത്ര മോശം ബാനർ ഒന്നുമല്ല. ജോണി സാഗരികയാണ്. ഒരുകാലത്ത് മലയാളസിനിമാഗാന വിപണനരംഗത്ത് നമ്പർ വൺ പേരായിരുന്നു ജോണിയുടെതും ജോണി സാഗരികയുടേതും. പിന്നീട് സിനിമാനിർമ്മാണ രംഗത്തേക്കും കടന്ന ജോണി സാഗരിക ചില പാളിയ ഉദ്യമങ്ങൾ കാരണം കുറച്ചുകാലമായി ഫീൽഡിൽ ഇല്ലായിരുന്നു. തെല്ലൊരു ഇടവേളയ്ക്ക് ശേഷം നിർമ്മാണരംഗത്തേക്കുള്ള ജോണി സാഗരികയുടെ തിരിച്ചുവരവാണിത്. എന്നിട്ടാണോ ഈ കൈവിട്ട കളി എന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരമാണ് നോൺസെൻസ്.

എം സി എന്ന് ടൈറ്റിൽ ക്രെഡിറ്റ്സിൽ കാണിച്ചിരിക്കുന്ന എം സി ജിതിൻ ആണ് നോൺസെൻസിന്റെ സംവിധായകൻ. പുള്ളിയും ലിബിനും ഷഫീഖും ചേർന്നാണ് സ്ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. പ്ലസ് വൺ വിദ്യാർത്ഥിയും ബാക്ക് ബെഞ്ചറുമായ അരുൺ ജീവൻ എന്ന കൗമാരക്കാരന്റെ ഒന്നുരണ്ടുദിവസത്തെ ജീവിതം ആണ് സിനിമയുടെ ഇതിവൃത്തം.The best brains of the nation may be found on the last benches of the classroom... മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാമിന്റെ വാചകങ്ങളാണ് സിനിമയുടെ അടിസ്ഥാനപ്രമാണമായി സ്വീകരിച്ചിരിക്കുന്നത്. ബാക്ക് ബെഞ്ചേഴ്സ് എന്നാൽ വെറും ബാക്ക് ബെഞ്ചേഴ്സ് അല്ലെന്നും മണ്ടന്മാർ എന്ന് വിലയിരുത്തപ്പെടുന്നവർ അങ്ങനെ അല്ലെന്നുമാണ് സംവിധായകൻ അരുണിന്റെ ജീവിതത്തിലെ ചില സംഭവങ്ങൾ കാണിച്ച് വളരെ ലീനിയറായി പറഞ്ഞുവെക്കുന്നത്. കുറ്റം പറയാനാവാത്ത ഒരു മികച്ച ശ്രമം.

മികച്ച ശ്രമമെന്ന പരിഗണന മാറ്റിവെച്ചാൽ പാളിച്ചകൾ ഒരുപാടുണ്ട് സ്ക്രിപ്റ്റിലും സിനിമയിലും. കണ്ടുമടുത്തെന്ന മുഷിച്ചിലുണ്ടാക്കുന്നുണ്ട് രണ്ടാം പാകുതിയിലെ പലഭാഗങ്ങളും. ബീജിയെമ്മിലെ പഴക്കം അതിന് ആക്കം കൂട്ടുകയും ചെയ്യും. പക്ഷെ ഹൃദയസ്പർശിയായ ഒരു എൻഡിംഗ് നൽകാൻ സംവിധായകനു കഴിയുന്നത് എഴുന്നേറ്റ് പോരുമ്പോൾ മുൻപ് കണ്ട ക്ലീഷെകളെ അവഗണിക്കാൻ ഉതകുന്നു.

അയാം എ മല്ലു, ബ്രെയ്ക്ക് ഫ്രീ തുടങ്ങിയ മ്യൂസിക്കൽ വീഡിയോകളിൽ കണ്ട് പരിചയമായ റിനോഷ് ജോർജ് ആണ് കേന്ദ്ര കഥാപാത്രമായ അരുൺ ആവുന്നത്. പ്ലസ് വൺ കാരന്റെ യൂണിഫോമിലേക്ക് പുള്ളി സ്വയം പാകപ്പെടുത്തിയെടുത്തിട്ടുണ്ട്. സിനിമയുടെ വൻ ഹൈലൈറ്റായി ട്രെയിലറിൽ കണ്ടിരുന്ന ബൈസിക്കിൾ മോട്ടോ ക്രോസ് റിനോഷും സംവിധായകനും വൃത്തിയായ് ചെയ്ത് ഫലിപ്പിച്ചിട്ടുണ്ട്. വിനയ് ഫോർട്ട്, ഷാജോൺ, ശ്രുതി, ലാലു അലക്സ് എന്നിവരൊക്കെയാണ് സിനിമയിലെ പരിചിതമുഖങ്ങൾ.

ഏതായാലും കൊച്ചുണ്ണിയുടെ സാന്നിധ്യം നോൺസെൻസിനെ ബാധിച്ചിട്ടില്ല എന്നുതന്നെയാണ് തിയേറ്റർ അനുഭവം. പടം ലക്ഷ്യം വെക്കുന്ന പ്ലസ് റ്റു പയ്യൻസ് സീറ്റിൽ ഹാജരുണ്ട്. അടുത്ത സ്ക്രീനിൽ കൊച്ചുണ്ണി ഹൗസ്ഫുള്ളായിട്ട് വരുന്ന ഓവർഫ്ലോ കൂടിയാവുമ്പോ പ്രതീക്ഷിച്ചതിലും കൂടുതൽ ആണ് ഓഡിയൻസ്. ജോണി സാഗരികയുടെ തീരുമാനം കറക്ടാണ്.

Next Story

Related Stories