TopTop
Begin typing your search above and press return to search.

വരത്തൻ വാഴ്ത്തപ്പെടട്ടെ, എന്നാൽ കാണണം ഷാനവാസ് ബാവക്കുട്ടിയുടെ കണ്ണേറും

വരത്തൻ വാഴ്ത്തപ്പെടട്ടെ, എന്നാൽ കാണണം ഷാനവാസ് ബാവക്കുട്ടിയുടെ കണ്ണേറും

കാണേണ്ടിടം ഏത് എന്ന തിരഞ്ഞെടുപ്പിലും കാണുന്നിടത്തെ കാഴ്ചയെ ഏതുവിധം ഉപയോഗപ്പെടുത്താം എന്നതിലും ഒരു രാഷ്ട്രീയമുണ്ട്. ദൃശ്യമാധ്യമ സാങ്കേതികത അതിനൂതനമായി ചിറക് വിരിച്ച കാലത്ത് കാഴ്ചയുടെ രാഷ്ട്രീയത്തിന് സാധ്യതകൾ ഏറെയാണ്. ചില സന്ദർഭങ്ങളിൽ അപകടകരവും മാരകവുമാണ് അതിന്‍റെ വിസ്ഫോടനശേഷി. എന്നാൽ കാഴ്ചയെ സൗന്ദര്യാത്മകമായും സുഖകരമായും പരിലാളിക്കാനാണ് സാമാന്യ സമൂഹത്തിന് എന്നും താൽപര്യം. ദൃശ്യമാധ്യമങ്ങൾ എക്കാലവും ആ താൽപര്യത്തെ അതിഗാഢമാം വിധം പുണരുകയും ചെയ്തുപോന്നു. അതിനാലാണ് എസ് എസ് എൽ സി പരീക്ഷ ആരംഭിക്കുന്നതും അവസാനിക്കുന്നതും റിസൾട്ട് വരുന്നതും ഗേൾസ് ഹൈസ്ക്കൂളുകളിൽ മാത്രമാകുന്നത്. പത്രമാധ്യമങ്ങളുടെ ഫോട്ടോഗ്രാഫർമാർ പോലും ആ ദിനങ്ങളിൽ അവിടെയേ പോകൂ. നാട്ടിലെ ബോയ്സ് ഹൈസ്ക്കൂളുകളിൽ ഒന്നുംതന്നെ പരീക്ഷകൾ നടക്കുന്നില്ല എന്ന് തോന്നിപ്പോകും മട്ടിലാണ് ആ ദിവസങ്ങളിലെ മാധ്യമക്കാഴ്ചകൾ. വിനോദത്തിന്‍റെ വിശാല വിപണിയായി സിനിമ എന്ന മാധ്യമം മാറിയപ്പോഴും വിൽപ്പനമൂല്യമുള്ള വസ്തുവായി പരിഗണിക്കപ്പെട്ടത് പെൺശരീരം തന്നെ. അവളുടെ അഴകളവുകളിൽ അഭിരമിച്ചും ആനന്ദിച്ചുമാണ് കാലവും സിനിമയും പരിണമിച്ചത്.

മലയാളത്തിലും അവസ്ഥ വിഭിന്നമായിരുന്നില്ല. കുറേക്കൂടി പരിതാപകരമായിരുന്നു എന്നും വേണമെങ്കിൽ പറയാം. ആണിന് കാണാനുള്ളത് മാത്രമെന്നും ആണ് കാണുമ്പോഴാണ് പെണ്ണിന് അഴകേറുന്നത്, അപ്പോൾ മാത്രമാണ് അവൾ അളക്കപ്പെടുന്നത് എന്നുമുള്ള മൂഢചിന്തയാൽ കപടമായി അലങ്കരിക്കപ്പെട്ടതാണ് എക്കാലത്തും കേരളത്തിന്‍റെ പെൺകാഴ്ച. നായകന് പ്രേമിക്കാനും വില്ലന് ബലാത്സംഗം ചെയ്യാനും ഉള്ളവൾ മാത്രമായിരുന്നു നായിക. കാലം മാറിയപ്പോഴും സിനിമ മാറിയില്ല. മുണ്ടും മടക്കിക്കുത്തി മീശ പിരിച്ചു നിന്ന നായകൻ അപ്പോഴും ഉറക്കെ വിളിച്ചു പറഞ്ഞു, എന്‍റെ കൊച്ചുങ്ങളെ പ്രസവിക്കാനുള്ളവൾ മാത്രമാണ് നീയെന്ന്. ശക്തരായ സ്ത്രീ കഥാപാത്രങ്ങൾക്ക് വെള്ളിത്തിരയിൽ ജീവൻ നൽകിയവരെ പോലും തുടർന്ന് ആ രീതിയിൽ മലയാള സിനിമ പരിഗണിച്ചിട്ടില്ല. ഷീല, കെപിഎസി ലളിത, ശോഭന, ഉർവ്വശി, രേവതി, മഞ്ജു വാര്യർ, മീരാ ജാസ്മിൻ എന്നിവരെല്ലാം ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും മറ്റുപലപ്പോഴും സാധാരണ കഥാപാത്രങ്ങളായി മാത്രം പതിവായി മാറാൻ വിധിയ്ക്കപ്പെടുകയും ചെയ്തവരാണ്. അതിനാലാണ് കരുത്തേറെ എന്ന് വിലയിരുത്തപ്പെട്ട കന്മദത്തിലെ നായിക പോലും ഒരു നിമിഷം നായകന്‍റെ കരവലയത്തിൽ അലിയുകയും അധരങ്ങൾ കോർക്കപ്പെട്ടപ്പോൾ കരുത്തെല്ലാം ചോർന്നവളായി മാറുകയും ചെയ്തത്.

സാഹിത്യത്തിൽ പെണ്ണെഴുത്ത് എന്ന പ്രയോഗം നിലവിൽ വന്നതിന് ശേഷവും സിനിമയിൽ കാര്യമായ മാറ്റമൊന്നും കാണപ്പെട്ടിരുന്നില്ല. എവിടെയും ആണധികാരത്തിന്‍റെ മീശ പിരിയൻ മുദ്രകളും അശ്ളീല നോട്ടങ്ങളും അവളെ പിന്തുടർന്നു. ആണും പെണ്ണും തമ്മിൽ പുണരുമ്പോഴും രതിയിൽ കലരുമ്പോഴും അതിലേക്കുള്ള ഒളിഞ്ഞുനോട്ടങ്ങൾ തെരഞ്ഞത് അവനെയല്ല, അവളെ മാത്രം. സിനിമയിലും ജീവിതത്തിലും ഒരു സ്ത്രീക്ക് ആദ്യം യുദ്ധം ചെയ്യേണ്ടി വരുന്നത് അവളുടെ ശരീരത്തോട് തന്നെയാണ്. പ്രതിമാസ ആർത്തവകാല അസ്വസ്ഥതകളെ മറികടക്കാനെന്നതുപോലെ പ്രയത്നിക്കേണ്ടതുണ്ട് അൽപം ഇറുകിയ ടോപ്പിട്ടാൽ തെന്നിവീഴുന്ന ആസക്തിയുടെ ആയിരം നോട്ടങ്ങളെ പ്രതിരോധിക്കാനും. വിവാഹം വരെ പിതാവ്, ശേഷം ഭർത്താവ്, വാർദ്ധക്യത്തിൽ മകൻ. ജനനം മുതൽ മരണം വരേയും ആണിന്‍റെ സംരക്ഷണത്തിൽ ഒതുങ്ങേണ്ടവൾ എന്ന ചിന്തയെ തന്നെയാണ് കാലാകാലങ്ങളിൽ സിനിമയും സാധൂകരിച്ചത്. അത്തരം ചിന്തകളെ കുടഞ്ഞെറിഞ്ഞ് കലയിലും സമൂഹത്തിലും അവൾ തന്നെ ആക്രമണങ്ങളെ നേരിടുന്നതും സമരമുന്നേറ്റങ്ങളിൽ തീക്കാറ്റാകുന്നതും അതിജീവനത്തിന്‍റെ പോർമുഖങ്ങൾ തുറക്കുന്നതും നാം കണ്ടത് ഈയടുത്ത കാലത്ത്. മകന്‍റെ മരണത്തിന് ഉത്തരവാദികളാര് എന്ന ചോദ്യമുയർത്തി മഹിജ നടത്തിയ പോരാട്ടവും ജലന്ധർ ബിഷപ്പിന്‍റെ അറസ്റ്റ്ആവശ്യപ്പെട്ടു കൊണ്ടുള്ള കൊച്ചിയിലെ കന്യാസ്ത്രീകളുടെ സമരവും ഓർക്കേണ്ടതുണ്ട്.

സിനിമയിലും നായികമാർ ശക്തരാവുകയായിരുന്നു. 22 എഫ് കെയിലെ ടെസ മുതൽക്കാണ് മെല്ലെയെങ്കിലും ഈ പരിവർത്തനത്തിന് മലയാളം ധൈര്യപ്പെടുന്നത്. ആഷിഖ് അബു എന്ന ചലച്ചിത്ര സംവിധായകൻ മുന്നോട്ട് വെക്കുന്ന സ്ത്രീപക്ഷ രാഷ്ട്രീയം തന്നെയാണ് അദ്ദേഹത്തിന്‍റെ സിനിമകളും ഇക്കാര്യത്തിൽ അടയാളപ്പെടുത്തിയത്. ദിലീഷ് പോത്തന്‍റെ തൊണ്ടിമുതലിൽ പ്രസാദിനേക്കാൾ ധീരയാണ് ശ്രീജ. മറഡോണയിൽ ശല്യപ്പെടുത്തുന്നവനോട് കണക്ക് തീർക്കാൻ അവൾക്ക് തന്നെ അവസരം നൽകുന്നുണ്ട് അവൻ. തീവണ്ടിയിൽ ചുമരിൽ കോണി ചാരിവെച്ച് അതിന്മേൽ പിടിച്ചുകയറി പാതിരാത്രിയിൽ കാമുകനെ കാണാൻ പോകാൻ ധൈര്യം കാണിക്കുന്നുണ്ട് ദേവി എന്ന കാമുകി. എന്നാൽ, മാറിയ കാലത്തെ സ്ത്രീയെ പൂർണമായും അടയാളപ്പെടുത്തിയത് മറ്റൊരു ആഷിഖ് അബു ചിത്രം തന്നെയാണ്, മായാനദി. രതിയിൽ പോലും അധീശത്വം നേടുന്ന അപുവിന്‍റെ വൺസ് മോർ പ്രയോഗം എന്നെന്നും നായകന്‍റെ കരവലയത്തിൽ ഒതുങ്ങിയും പതുങ്ങിയും നിന്ന മലയാളത്തിന്‍റെ കാലഹരണപ്പെട്ട നായികാ സങ്കൽപ്പത്തെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്. സെക്സ് ഈസ് നോട്ട് എ പ്രോമിസ് എന്ന അവളുടെ പരാമർശമാകട്ടെ മംഗലശ്ശേരി നീലകണ്ഠൻ വാണരുളിയ പുരുഷാധിപത്യത്തിന്‍റെ വരിക്കാശ്ശേരി മനകളെ വിറപ്പിക്കുകയും ചെയ്തു.

എന്നിട്ടും മാറാതെ മലയാള സിനിമ പിന്നെയും പിന്നോട്ടോടിയ കഥയുമായാണ് വരത്തന്‍റെ വരവ്. വരത്തനിൽ ആണിന്‍റെ ഒളിഞ്ഞുനോട്ടവും തുറിച്ചുനോട്ടവുമാണ് വില്ലത്തരമാകുന്നത്. ഒടുവിൽ വില്ലന്മാരെ കീഴ്പ്പെടുത്താനുറച്ച് നായകൻ തന്നെ രംഗത്ത് വരികയും പതിവ് മലർത്തിയടിയ്ക്കൽ ആവർത്തിക്കപ്പെടുകയും ചെയ്യുന്നു. ബലാത്സംഗത്തിനൊരുങ്ങുന്ന വില്ലൻ. വാതിൽ തകർത്ത് അകത്ത് പ്രവേശിക്കുന്ന നായകൻ. അഴിഞ്ഞുലഞ്ഞ മുടിയുമായി മുറിയുടെ മൂലയിലേക്ക് മാറിനിൽക്കുന്ന നായിക. വില്ലനെ അടിച്ച് നിലംപരിശാക്കി നായികയെ രക്ഷിക്കുന്ന നായകൻ. കാലങ്ങളായി തുടരുന്ന ആ ദൃശ്യ സാമ്പ്രദായികതയിലേക്ക് ദയനീയമായി വീണുപോകുകയാണ് വരത്തനും. ഇവിടെ വില്ലന്മാർ ആയിരംവട്ടം ബലാത്സംഗത്തിന് മുതിരുന്നത് നോട്ടങ്ങൾ കൊണ്ടെന്ന വ്യത്യാസം മാത്രം. ഭാര്യയുടെ വസ്ത്രങ്ങൾ അലക്കുകയും അവൾക്ക് ചായയിട്ട് നൽകുകയും ചെയ്യുന്ന ഭർത്താവ് എന്നത് സ്ത്രീ പുരുഷ തുല്യതയുടെ അടയാളമായിട്ടൊന്നും വ്യാഖ്യാനിക്കേണ്ടതില്ല. പ്രണയത്താൽ ബന്ധിക്കപ്പെട്ടവരിൽ ആ തുല്യത സ്വാഭാവികം, പ്രത്യേകിച്ച് തമ്മിലൊരാളുടെ ശാരീരികാവസ്ഥ ദുർബലമെങ്കിൽ മറ്റേയാൾ അതെല്ലാം ചെയ്യുന്നത് പോയ കാലത്തും പുതിയ കാലത്തും സാധാരണം. ഇതിനർത്ഥം വരത്തൻ മോശം ചിത്രം എന്നല്ല. അമൽ നീരദിന്‍റെ പതിവ് സ്ളോമോഷൻ വിട്ടുള്ള പരീക്ഷണവും പുതുമയും സാങ്കേതികമായി അതിനുണ്ട്, ഒപ്പം കിടിലൻ മേക്കിംഗും. എന്നാൽ, സ്ത്രീയെ അടയാളപ്പെടുത്തുന്നതിൽ ചിത്രം പതിവും വിട്ട് പിന്നോട്ട് പോകുന്നു എന്നുമാത്രം.

കിസ്മത്ത് എന്ന ചിത്രത്തിന്‍റെ സംവിധായകൻ ഷാനവാസ് ബാവക്കുട്ടി ഒരുക്കിയ ഒരു ഹൃസ്വചിത്രമുണ്ട്, കണ്ണേറ് എന്നാണ് പേര്. ഏഴ് മിനുട്ട് മാത്രമാണ് ദൈർഘ്യം. ബസ്സിൽ വന്നിറങ്ങുന്ന രണ്ട് സ്ത്രീകളെ ഒരു പകൽ മുഴുവൻ ക്യാമറയും ആർത്തിയുടെ ആൾക്കണ്ണുകളും പിന്തുടരുകയാണ്. പച്ചക്കറി കടയിൽ, ഹോട്ടലിൽ, വൈകുന്നേരം പരസ്പരം പിരിഞ്ഞ് ഇരുവരും വീടുകളിലേക്ക് മടങ്ങുന്ന വഴിയിൽ എല്ലാം ഒപ്പമുണ്ട് ആ നോട്ടങ്ങൾ. ഒടുവിൽ വീട്ടിലെത്തി മുറിയിൽ കയറി വസ്ത്രം മാറ്റുമ്പോഴും, കുളിമുറിയിൽ പ്രവേശിച്ചപ്പോഴും തിരിച്ച് വീണ്ടും മുറിയിൽ എത്തിയപ്പോഴും ജനാലയ്ക്കപ്പുറത്ത് ഒരാൾ അതെല്ലാം കാണുന്നുണ്ട്. അതവൾ തിരിച്ചറിയുകയും ആ നോട്ടത്തിന് നേർക്ക് കാർക്കിച്ച് തുപ്പുകയും ചെയ്യുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. സ്വന്തം മുഖത്തേറ്റതു പോലെ നാം പതറുന്നുണ്ട് ആ തുപ്പലിൽ. അത്രയേറെ ശക്തവും തീവ്രവുമാണ് ഒടുവിലത്തെ ആ ഷോട്ട്. കിടിലൻ മേക്കിംഗ് എന്ന് വാഴ്ത്തപ്പെടുമ്പോഴും വരത്തനിൽ അമൽ നീരദ് തോറ്റു പോകുന്നത് കാലം ആവശ്യപ്പെടുന്ന സ്ത്രീപക്ഷ രാഷ്ട്രീയത്തെ അവഗണിച്ചതിലും സ്ത്രീക്കെതിരായ നീക്കങ്ങളെ പ്രതിരോധിക്കാൻ അവൾക്കാകില്ല, അതും പുരുഷനേയാകൂ എന്ന ബോധത്തെ വീണ്ടും സിനിമയിൽ പ്രതിഷ്ഠിച്ചതിലുമാണ്.

കാലത്തിന്‍റെ ചലനവും രാഷ്ട്രീയവും ഉൾക്കൊള്ളാത്ത ഫിലിംമേക്കർ അല്ല അമൽ നീരദ്. കണ്ണേറ് കാണാത്ത കേരളം വരത്തൻ കണ്ട് കയ്യടിക്കുമ്പോൾ അതിൽ വീണ് മയങ്ങാതെ നായികയെ വീണ്ടും മുന്നോട്ട് നയിക്കാൻ അയാളുണ്ടാകും മുന്നിലെന്നും അതിനാവശ്യമായ തിരുത്തൽ ചലച്ചിത്ര നിർമ്മിതിയിൽ വരുത്തുമെന്നും തന്നെ നമുക്ക് പ്രതീക്ഷിക്കാം.

https://www.azhimukham.com/film-review-varathan-writes-divya/

https://www.azhimukham.com/cinema-sangh-parivar-threaten-real-hindus-should-not-watch-fahad-faasil-movies-but-varathan-running-successfully/


Next Story

Related Stories