TopTop
Begin typing your search above and press return to search.

ഓണ്‍ലൈന്‍ കാലത്തെ സിനിമാ പ്രചാരണങ്ങള്‍

ഓണ്‍ലൈന്‍ കാലത്തെ സിനിമാ പ്രചാരണങ്ങള്‍

മീര

ഓരോ കാലഘട്ടത്തിലും ആളുകള്‍ വിനോദത്തിനായി കഥ, കവിത, നാടകം, നൃത്തം, പാട്ട് ഇവയിലൊന്നിനെ അതിരറ്റ് സ്‌നേഹിച്ചിരുന്നു. പക്ഷേ, 1890-ല്‍ ഒരു മിനിറ്റില്‍ താഴെ മാത്രമുള്ള ചലിക്കുന്ന ചിത്രങ്ങള്‍ക്ക് മുന്നില്‍ ആ വിനോദങ്ങളെല്ലാം അന്തംവിട്ട് നിന്നു, സിനിമ! ലോകം സിനിമയുടെ വെള്ളിവെളിച്ചം അന്നാദ്യമായി കണ്ടു. 125 വര്‍ഷങ്ങള്‍ക്കിപ്പുറം അന്നത്തെ ഒരു മിനുട്ട് മണിക്കൂറുകളായി മാറിയിട്ടും ആ കൗതുകത്തിന് മാത്രം ഇന്നും മാറ്റമില്ല. 1895-ല്‍ പാരീസിലെ ഗ്രാന്‍ഡ് കഫെയിലാണ് ആദ്യത്തെ വാണിജ്യ സിനിമ പ്രദര്‍ശിപ്പിച്ചത്. തങ്ങള്‍ വികസിപ്പിച്ചെടുത്ത കാമറ പ്രൊജക്ടര്‍ ഉപയോഗിച്ച് ലൂയിസ്, ആഗസ്‌തെ ലൂമിയര്‍ എന്നീ സഹോദരന്മാര്‍ ഫാക്ടറിയില്‍ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുന്ന തൊഴിലാളികളുടെ ചലിക്കുന്ന ദൃശ്യം നാട്ടുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.

അത് സൗജന്യമായിരുന്നുവെങ്കിലും പിന്നീട്, പാരീസിലെ ചെറു ചിത്രങ്ങള്‍ അവര്‍ കാശ് വാങ്ങി പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി. ആ കാഴ്ചകള്‍ കാണാന്‍ ആളുകള്‍ തിക്കിത്തിരക്കി എത്തുകയും ചെയ്തു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള രംഗങ്ങള്‍ ചിത്രീകരിക്കാന്‍ കാമറയുമായി ആളുകളെ വിട്ടു. പക്ഷേ, അതൊക്കെയും ഡോക്യുമെന്ററി പോലെയായിരുന്നു. ലൂമിയര്‍ സഹോദരന്മാരുടെ നാട്ടുകാരന്‍ തന്നെയായ, തൊഴില്‍ കൊണ്ട് മജീഷ്യന്‍ ആയ ജോര്‍ജസ് മെലീസ് ആവും ഇന്ന് കാണുന്ന കല്‍പിത കഥകള്‍ പറയുന്ന സിനിമകളുടെ പിതാവ്. വിനോദത്തിനായി നാടകങ്ങളെയും മറ്റും ആശ്രയിച്ചിരുന്ന ആളുകള്‍ സിനിമയെ ഹൃദയത്തിലേറ്റാന്‍ തുടങ്ങി. നാട്ടില്‍ കൂടുതല്‍ തീയേറ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. 1905-ലാണ് ലോകത്ത് സിനിമാ പ്രദര്‍ശനത്തിന് മാത്രമായി ഒരു തീയേറ്റര്‍ തുടങ്ങിയത്, അമേരിക്കയിലെ പിറ്റ്‌സ്ബര്‍ഗില്‍ ദി നിക്ക്‌ലോഡന്‍ എന്ന പേരില്‍. മെല്ലെ ആ വ്യവസായം മറ്റു രാജ്യങ്ങളും ഏറ്റെടുത്തു. 1912-ല്‍ 'രാജ ഹരിശ്ചന്ദ്ര'യെടുത്ത് ദാദ സാഹേബ് ഫാല്‍ക്കെ ഇന്ത്യന്‍ സിനിമയുടെ പിതാവായി. സിനിമ എന്ന അത്ഭുതം തുടങ്ങി, 38 വര്‍ഷത്തിനുള്ളില്‍ വിഗതകുമാരനിലൂടെ സിനിമ നമ്മുടെ കൊച്ചു കേരളത്തിലുമെത്തി!

വെറും ചലിക്കുന്ന ചിത്രങ്ങളില്‍ നിന്ന് ആളുകളുടെ കഥ പറയുന്ന ചലച്ചിത്രമായി സിനിമ മാറിയപ്പോള്‍ കാഴ്ചക്കാരുടെ അഭിരുചിയും മാറി വന്നു. വാണിജ്യ സിനിമയെന്നും സമാന്തര സിനിമയെന്നും സിനിമ രണ്ട് തട്ടിലായി. സിനിമയെന്നത് ആപേക്ഷികമാണ്. എന്തു തരം സിനിമയാണ് താന്‍ കാണാന്‍ ആഗ്രഹിക്കുന്നത് എന്നത് ഓരോ കാഴ്ചക്കാരനും ചിന്തിക്കുന്ന കാര്യമാണ്. കോമഡി, ഹോറര്‍, ഫാമിലി ഡ്രാമ, റൊമാന്റിക്, എന്നിങ്ങനെ തുടങ്ങി പച്ചയായ ജീവിതത്തിന്റെ നേര്‍ ചിത്രീകരണത്തില്‍ വരെയെത്തി നില്‍ക്കും ആ ചിന്ത. ചിലര്‍ കഥയിലുമുപരി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളുടെ ചിത്രം കാണാന്‍ ആഗ്രഹിക്കുന്നു.

എന്നാല്‍, ഇതിനെല്ലാം ഉപരിയായി ഇന്ന് കോടികള്‍ മറിയുന്ന ബിസിനസ് കൂടിയാണ് സിനിമ. സിനിമയ്ക്ക് വേണ്ടി തങ്ങളിറക്കിയ കാശ് കാണികളിലൂടെ തിരിച്ചു പിടിക്കാന്‍ എല്ലാ നിര്‍മ്മാതാക്കളും ശ്രമിക്കും. എന്ത് സിനിമ കാണണം എന്ന കാഴ്ചക്കാരന്റെ തീരുമാനം തങ്ങള്‍ക്കനുകൂലമാക്കാനുള്ള വഴികള്‍ അവര്‍ ചിന്തിക്കും. ചിത്രീകരണം തുടങ്ങുമ്പോള്‍ തന്നെ അത് പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളും തുടരും. സിനിമയ്ക്ക് കൂടുതല്‍ പ്രചാരം നേടിയെടുക്കാനുള്ള ആ വഴികളിലേക്കുള്ള വെളിച്ചമാണ് സിനിമാ പ്രമോട്ടര്‍മാര്‍. അച്ചടിമാധ്യമങ്ങളുടെ കാലത്ത് സിനിമ പി.ആര്‍.ഒമാരായിരുന്നു സിനിമയുടെ മുഖ്യ പ്രചാരകര്‍. സിനിമയുടെ ചിത്രീകരണം തുടങ്ങുമ്പോള്‍ തന്നെ അതിന്റെ എക്‌സ്‌ക്‌ളൂസിവ് ചിത്രങ്ങള്‍, വാര്‍ത്തകള്‍ തുടങ്ങിയവ മാഗസിനുകളിലും പത്രങ്ങളിലും നല്‍കി സിനിമയെ കുറിച്ച് ആകാംക്ഷ സിനിമാപ്രേമികളില്‍ ഉണ്ടാക്കിയെടുക്കുക, റിലീസിന് ശേഷം ചിത്രത്തെക്കുറിച്ചുള്ള നല്ല നിരൂപണങ്ങള്‍ നല്‍കി സിനിമ കാണാനുള്ള ആഗ്രഹം ഉണ്ടാക്കിയെടുക്കുക തുടങ്ങിയ കൃത്യങ്ങള്‍ അവര്‍ കൃത്യമായി ചെയ്തു പോന്നു. അച്ചടി മാധ്യമങ്ങളോട് ദൃശ്യമാധ്യമങ്ങള്‍ മത്സരത്തിനെത്തിയപ്പോഴും തങ്ങളുടെ സൗഹൃദ ശൃംഖല വര്‍ധിപ്പിച്ച് തങ്ങളുടെ ജോലി അവര്‍ വളരെ ഭംഗിയായി തന്നെ വര്‍ദ്ധിപ്പിച്ചു. താരങ്ങളുടെ ഇന്റര്‍വ്യൂ പോലും നിശ്ചയിക്കാന്‍ കെല്‍പ്പുള്ള പി.ആര്‍.ഒമാര്‍ ഉണ്ടായിരുന്നു.ഇന്റര്‍നെറ്റ് യുഗത്തിലെ സിനിമ

എന്നാല്‍, ഒരിക്കല്‍ സിനിമ എന്ന ദൃശ്യാത്ഭുതത്തിന് കണ്‍മിഴിച്ച് നിന്ന ലോകം, വീണ്ടും വാ പൊളിച്ച കാലത്തിന്റെ വരവ് വളരെ പെട്ടെന്നായിരുന്നു. 1950-ല്‍ ഇലക്ട്രോണിക് കമ്പ്യൂട്ടറിന്റെ കണ്ടുപിടിത്തത്തിനു ശേഷം 1982-ല്‍ ഒരു വിരല്‍ത്തുമ്പിലേക്ക് ലോകം ചുരുങ്ങി വന്ന ഇന്റര്‍നെറ്റ് യുഗം. 1990-കളുടെ മധ്യത്തിലാണ് സംസ്‌കാരത്തിലും വ്യാപാരത്തിലുമെല്ലാം ഇന്റര്‍നെറ്റിന്റെ കടന്നുകയറ്റം ഉണ്ടായത്. അതേ കാലത്ത് തന്നെയാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റിന്റെ ഉപയോഗം തുടങ്ങുന്നതും. ഇമെയിലില്‍ തുടങ്ങി, ഇന്‍സ്റ്റന്റ് മെസേജിംഗ്, ഡിസ്‌കഷന്‍ ഫോറംസ്, ബ്‌ളോഗ്, സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍, ഷോപ്പിംഗ് സൈറ്റുകളിലെത്തി നില്‍ക്കുന്നു അത്. യുവാക്കളില്‍ തുടങ്ങി, മെല്ലെ ജോലി സ്ഥലത്തേക്ക് വ്യാപിച്ച ഇന്റര്‍നെറ്റ് ഇല്ലാതെ മനുഷ്യന്റെ ഒരു ദിവസം കഴിഞ്ഞു പോകില്ല എന്ന അവസ്ഥയിലേക്ക് എത്തി നില്‍ക്കുന്നു കാര്യങ്ങള്‍. മുഖാമുഖം സംസാരിക്കുന്നതിനേക്കാള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലൂടെയാണ് ആളുകള്‍ സംസാരിക്കുന്നത് എന്ന് പഠന റിപ്പോര്‍ട്ടുകള്‍ വരുന്നു. ഒടുവില്‍, സിനിമാ വ്യവസായത്തെയും കൈക്കുമ്പിളില്‍ ഒതുക്കാന്‍ പാകത്തില്‍ ഓണ്‍ലൈന്‍ ലോകം വളര്‍ന്നു.

സിനിമയെ പ്രമോട്ട് ചെയ്യാന്‍ ഓണ്‍ലൈന്‍ മികച്ച ഒരു മാധ്യമമാണെന്ന് ചില മിടുക്കര്‍ തിരിച്ചറിഞ്ഞ കാലമായിരുന്നു പിന്നീട്. 2007-ലാണ് മെട്രോ മാറ്റിനി എന്ന പേരില്‍ മലയാള സിനിമയ്ക്കായി ആദ്യത്തെ ഓണ്‍ലൈന്‍ പ്രമോട്ടിംഗ് സൈറ്റ് വരുന്നത്.

'രാത്രി മഴ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു ആദ്യത്തെ ഓണ്‍ലൈന്‍ പ്രമോഷന്‍. ആ സിനിമയ്ക്ക് വേണ്ടി വെബ്‌സൈറ്റൊക്കെ ഞങ്ങള്‍ ചെയ്തിരുന്നു. അതിന്റെ സൗഹൃദത്തില്‍ നടത്തിയ പ്രമോഷനായിരുന്നു. മലയാളത്തില്‍, ഇന്ത്യയില്‍ തന്നെ സിനിമയ്ക്ക് വേണ്ടി മാത്രം മാര്‍ക്കറ്റിംഗ് നടത്താനിറങ്ങിയ ആദ്യത്തെ കമ്പനി മെട്രോ മാറ്റിനിയാണെന്ന് പറയാം. അന്ന് ഫേസ്ബുക്ക് ഒന്നും വന്നിട്ടില്ല. ഓര്‍ക്കൂട്ടായിരുന്നു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ്. ഓണ്‍ലൈനിലൂടെയുള്ള പ്രമോഷന് വേണ്ടി ഞങ്ങള്‍ക്ക് ആദ്യമായി പ്രതിഫലം തന്നത് മണിയന്‍ പിള്ള രാജുവാണ്, ചോട്ടാ മുംബൈയ്ക്ക് വേണ്ടി 500 രൂപ. ആ സിനിമയ്ക്കായി ഇമെയില്‍ കാംപെയിനും മറ്റും നടത്തി ഞങ്ങള്‍. പിന്നീട്, റെഡ്ചില്ലീസ്, സാഗര്‍ ഏലിയാസ് ജാക്കി തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി ഡിജിറ്റല്‍ ടിക്കറ്റിംഗ് (ഓണ്‍ലൈന്‍ ടിക്കറ്റിംഗ്) കൊണ്ടു വന്നു. ട്രാഫിക്ക് ആയിരുന്നു ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗില്‍ വഴിത്തിരിവായ ചിത്രം. അവിടുന്നങ്ങോട്ട് രതിനിര്‍വേദം, ആദാമിന്റെ മകന്‍ അബു, നീ കൊ ഞാ ചാ, ഇന്ത്യന്‍ റുപ്പി, സെല്ലുലോയിഡ്, ഉറുമി, തമിഴിലെ വേലായുധം, തുടങ്ങി ഡയമണ്ട് നെക്ലേസ് വരെ 130-ലേറെ സിനിമകള്‍ക്ക് ഓണ്‍ലൈന്‍ പ്രമോഷന്‍ ഞങ്ങള്‍ നടത്തി. സെല്ലുലോയിഡിനു വേണ്ടി പ്രമോഷന്‍ നടത്താന്‍ കമല്‍ സാര്‍ ഞങ്ങളെ വിളിക്കുകയായിരുന്നു. ആദ്യമാരോ പറ്റിക്കുകയാണ് എന്നാണ് കരുതിയത്. പിന്നെ, വീട്ടിലേക്ക് വരാന്‍ പറഞ്ഞപ്പോഴാണ് വിശ്വാസമായത്. ഇത്രയും വലിയ സംവിധായകന്‍, വലിയൊരു പ്രൊജക്ട്, അതൊക്കെ ഞങ്ങള്‍ക്ക് നേട്ടത്തിന്റെ പട്ടികയിലുള്ളതാണ്. ഐ.എഫ്.എഫ്.കെയുടെ ബെസ്റ്റ് ഓണ്‍ലൈന്‍ മീഡിയ അവാര്‍ഡും കിട്ടിയിട്ടുണ്ട്. ഇന്ന് മെട്രോ മാറ്റിനി ഒരു എന്റര്‍ടെയിന്‍മെന്റ്, സ്‌പോര്‍ട്‌സ്, ഫാഷന്‍ ഓണ്‍ലൈന്‍ മാധ്യമമായി ആയി വളരാനുള്ള ശ്രമത്തിലാണ്' മെട്രോ മാറ്റിനിയുടെ സ്ഥാപകനും സിഇഒയുമായ ഷാജി എ ജോണ്‍ പറയുന്നു.

ഇന്ന് 190ഓളം സിനിമാ പ്രമോട്ടിംഗ് കമ്പനികളാണ് മലയാള സിനിമാരംഗത്തുള്ളത്. അത്രയേറെ നമ്മുടെ സിനിമാരംഗം വളര്‍ന്നുവെന്ന് ചുരുക്കം. 2012 വരെ ഇന്റര്‍നെറ്റിലൂടെയുള്ള പ്രചാരണത്തിനായി സിനിമയുടെ പേരില്‍ തന്നെ ഒരു വെബ്‌സൈറ്റ് തുടങ്ങുകയായിരുന്നു മിക്ക സിനിമാക്കാരും ചെയ്തു പോന്നിരുന്നത്. സിനിമയുടെ പേര് ഉറപ്പിക്കുമ്പോള്‍ തന്നെ വെബ്‌സൈറ്റ് ആ പേരില്‍ തന്നെ ഡൊമൈന്‍ ബുക്ക് ചെയ്തിട്ടിരുന്നു. സിനിമയെ കുറിച്ചുള്ള വാര്‍ത്തകളും വിശേഷങ്ങളും പോസ്റ്ററുകളും ശേഖരിച്ച് ആ വെബ്‌സൈറ്റിലൂടെ എല്ലാ ദിവസവും ഇന്റര്‍നെറ്റില്‍ ജീവിക്കുന്നവരുടെ മുന്നിലെത്തിക്കുകയായിരുന്നു അടുത്ത പടി. സിനിമ റിലീസ് ആകുന്നതിന് രണ്ടാഴ്ച മുമ്പാണ് ഓണ്‍ലൈന്‍ പ്രമോഷനില്‍ അണിയറ പ്രവര്‍ത്തകര്‍ കൂടുതലായി ശ്രദ്ധിക്കാറുള്ളത്. ഓരോ ദിവസവും യൂട്യൂബില്‍ വീഡിയോകളും ഓഡിയോകളും ഇട്ടു തുടങ്ങും. വെബ്‌സൈറ്റുകളില്‍ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സൃഷ്ടിക്കും. അങ്ങനെയിരിക്കെയാണ് ഓര്‍ക്കൂട്ടിനെയും ഇടിച്ചിട്ട് ഫേസ്ബുക്ക് കയറി വന്നത്. ഇന്റര്‍നെറ്റ് എന്നാല്‍ ഫേസ്ബുക്ക് ആയി മാറിയ കാഴ്ചയാണ് കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷമായി നാം കണ്ടു വരുന്നത്. കമ്പ്യൂട്ടറിലെ ഇന്റര്‍നെറ്റില്‍ ഗൂഗിള്‍ എന്ന ഹോം പേജിന് പകരം കയ്യിലെ സ്മാര്‍ട്‌ഫോണില്‍ ഫേസ്ബുക്ക് ഹോം പേജായി മാറി. അതോടെ സിനിമാ പ്രമോഷന്റെ അടുത്ത ഘട്ടം ഫേസ്ബുക്കിലേക്കായി. വെബ്‌പേജുകള്‍ക്ക് പകരം ഫേസ്ബുക്കില്‍ സിനിമയുടെ പേരില്‍ പേജുകള്‍ സൃഷ്ടിച്ചു. അതിന് ലൈക്കുകള്‍ നേടി. കൂടുതല്‍ ആളുകളിലേക്കെത്തിച്ചു. 20,000 രൂപയ്ക്ക് ഫേസ്ബുക്ക് പേജിന് 20,000 ലൈക്ക് എന്ന മട്ടിലാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ സിനിമാ പ്രമോഷന്‍ തന്നെ. 5,000 രൂപ മുതല്‍ ഓണ്‍ലൈന്‍ സിനിമാ പ്രമോഷന്‍ നടത്താന്‍ തയ്യാറുള്ള പ്രമോട്ടിംഗ് കമ്പനികള്‍ ഇന്നിവിടെയുണ്ട്. എന്നാല്‍, 25000 മുതല്‍ 1,00,000 വരെയാണ് നിലവാരം കൂടിയ സിനിമാ പ്രമോഷന് വേണ്ടി കമ്പനികള്‍ വാങ്ങുന്നത്. റിവ്യൂ മാത്രമിടാന്‍ 5,000 രൂപയാണ് നിരക്ക്. ഒറ്റയ്ക്ക് ഒറ്റയ്ക്ക് പ്രമോഷന്‍ നടത്തുന്നതിന് പകരം ഗ്രൂപ്പ് പ്രമോഷനാണ് ഇപ്പോള്‍ നിലവിലുള്ളത്. അഞ്ചോ ആറോ പ്രധാന പ്രമോഷന്‍ കമ്പനികള്‍ ഒന്നിച്ച് ഒരു സിനിമയ്ക്ക് വേണ്ടി പ്രമോഷന്‍ നടത്തുന്ന രീതി. കിട്ടുന്ന തുക വീതിച്ചെടുക്കുക. എന്നാല്‍, സിനിമാ താരങ്ങള്‍ക്കൊപ്പം ചിത്രങ്ങളെടുക്കാനും ടൈറ്റില്‍ കാര്‍ഡില്‍ പേര് വരാനും സൗജന്യമായി പ്രമോഷന്‍ നടത്തി കൊടുക്കുന്നവരും രംഗത്തുണ്ട്. താരങ്ങളുടേതെന്ന് ആരാധകര്‍ വിശ്വസിക്കുന്ന പല ഫേസ്ബുക്ക് ഒഫീഷ്യല്‍ പേജുകളും കൈകാര്യം ചെയ്യുന്നതും ഇത്തരം പ്രമോഷന്‍ കമ്പനികളാണ്. ഓണ്‍ലൈന്‍ പ്രമോഷനെ അവഗണിക്കുന്ന നിര്‍മ്മാതാക്കള്‍ക്ക് എട്ടിന്റെ പണി ബോക്‌സ് ഓഫീസില്‍ കിട്ടുന്നുണ്ടെന്നാണ് വിവരം. അടുത്തിടെ റിലീസായ മെഗാസ്റ്റാറിന്റെ ആക്ഷന്‍ ത്രില്ലര്‍ ബോക്‌സോഫീസില്‍ പൊട്ടിയതിന് പിന്നില്‍ ഓണ്‍ലൈന്‍ പ്രമോട്ടിംഗ് കമ്പനികളെ പാടെ അവഗണിച്ചതാണെന്ന് പറയപ്പെടുന്നു
.

മോളിവുഡ് ടൈംസ് സിഇഒ സുജിത്ത് ഗോവിന്ദ്, സിനിമാ പാരഡിസോ അഡ്മിന്‍ അരുണ്‍ അശോക്, മെട്രോ മാറ്റിനി സ്ഥാപകന്‍ ഷാജി എ ജോണ്‍ എന്നിവര്‍

'നാല് വര്‍ഷമായി ഞാന്‍ ഈ രംഗത്ത് എത്തിയിട്ട്. തുടങ്ങിയ കാലത്ത് ദിവസവും പോയി സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും കാല് പിടിക്കണമായിരുന്നു. ചെയ്യുന്ന ജോലിയെല്ലാം അവരെ പറഞ്ഞ് വിശ്വസിപ്പിച്ചാലും കാശിന്റെ കാര്യം പറയുമ്പോള്‍ അത് സൗജന്യമായി ചെയ്തു തരാനാളുണ്ട് എന്നാകും അവര്‍. ഒരു സിനിമയ്ക്ക് 20 കോടി മുടക്കുന്നവര്‍ക്കാണ് പ്രമോഷനായി 20,000 തരാന്‍ മടി! ലോഗോ ക്രെഡിറ്റ് മാത്രം മതി, കാശ് തരണ്ട എന്ന് പറയേണ്ടി വന്ന സന്ദര്‍ഭങ്ങളും അന്നുണ്ടായിട്ടുണ്ട്. പക്ഷേ, ഇപ്പോള്‍ കഥ മാറി. ഇന്ന് എല്ലാവരും ഇങ്ങോട്ട് വരും ഓണ്‍ലൈന്‍ പ്രമോഷന്‍ ചെയ്യിക്കാനായി. ഫേസ്ബുക്ക്, ഗൂഗിള്‍ പ്‌ളസ്, യൂട്യൂബ്, ഞങ്ങളുടെ വെബ് പോര്‍ട്ടല്‍, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, വാട്‌സ് അപ്പ് തുടങ്ങിയവയിലൂടെയെല്ലാം പ്രമോഷന്‍ നടത്തിക്കൊടുക്കാറുണ്ട്. സിനിമ റിലീസിനടുക്കുന്ന സമയങ്ങളില്‍ ഉറക്കം പോലും കളഞ്ഞ് ഇന്റര്‍നെറ്റില്‍ തന്നെയാവും. ഇപ്പോള്‍, സിനിമാക്കാരില്‍ നിന്ന് കിട്ടുന്നതിനേക്കാള്‍ കാശ് നല്ല നിലയില്‍ പോകുന്ന ഒരു വെബ് പോര്‍ട്ടല്‍ തുടങ്ങിയാല്‍ ഗൂഗിള്‍ തരും. അതുകൊണ്ട് തന്നെ മിക്കവരും അതിലേക്ക് തിരിയുകയാണ് ഇപ്പോള്‍' മോളിവുഡ് ടൈംസ് എന്ന പ്രമോട്ടിംഗ് കമ്പനിയുടെ ഉടമ സുജിത്തിന്റെ വാക്കുകള്‍.

അതേസമയം, തങ്ങളുടെ സിനിമയെന്ന വിശ്വാസത്തില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ മുന്നിട്ടിറങ്ങിയുള്ള പ്രമോഷനുമുണ്ട്. തട്ടത്തിന്‍ മറയത്ത് മുതല്‍ പ്രേമം വരെ ഇത്തരത്തില്‍ അണിയറ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി ഹിറ്റാക്കിയ ചിത്രങ്ങളാണ്.

'പ്രേമം ചിത്രീകരണം തുടങ്ങുന്നതിനു മുമ്പ് തന്നെ ഓണ്‍ലൈന്‍ പ്രമോഷനെ കുറിച്ച് ഒരുപാട് ആലോചിച്ചിരുന്നു. ഷൂട്ടിംഗിനിടയിലെ രസകരമായ സംഭവങ്ങളൊക്കെ ഉള്‍പ്പെടുത്തണമെന്നൊക്കെയായിരുന്നു വിചാരിച്ചത്. പക്ഷേ, സിനിമ റിലീസിന് രണ്ടാഴ്ച മുമ്പ് പോസ്റ്റേഴ്‌സ് ഒക്കെ വന്ന സമയത്താണ് ഓണ്‍ലൈന്‍ പ്രമോഷനില്‍ കൂടുതലായി ഞങ്ങള്‍ ശ്രദ്ധിച്ചത്. ആദ്യമേ ചെയ്തത് ഫേസ്ബുക്കില്‍ പ്രേമം ഫിലിം എന്ന പേരില്‍ പേജ് ഉണ്ടാക്കുകയായിരുന്നു. ഒപ്പം, സിനിമയിലെ സായ് പല്ലവി, ശബരീഷ്, കിച്ചു തുടങ്ങിയ മിക്ക താരങ്ങള്‍ക്കുമുള്ള ഒഫീഷ്യല്‍ പേജുകളുമുണ്ടാക്കി. സിനിമ റിലീസ് ആകുന്നത് വരെ ഈ പേജുകള്‍ പുറത്ത് വിട്ടിരുന്നില്ല. എന്നാല്‍, പേജിലേക്ക് വേണ്ടതൊക്കെയും കരുതി വച്ചിരുന്നു. സിനിമയ്ക്ക് വേണ്ടി ഇന്‍വോള്‍വ്ഡ് ആയ ആളുകളുടെ പഴ്‌സണല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ആ സിനിമപേജിനുള്ള ലൈക്കുകള്‍ കൂടുതലായുണ്ടാക്കിയത്. മൂന്നുകാലഘട്ടത്തെ എങ്ങനെ ട്രെയിലറില്‍ കൊണ്ടുവരും എന്ന കണ്‍ഫ്യൂഷന്‍ കൊണ്ടാണ് ട്രെയിലറിനു പകരം യൂട്യൂബിലൂടെ പാട്ട് ഇട്ടാല്‍ മതിയെന്ന തീരുമാനത്തിലെത്തിച്ചത്. സിനിമയുടെ സസ്‌പെന്‍സ് നില നിറുത്താനും അതാണ് നല്ലതെന്ന് ഞങ്ങള്‍ക്ക് തോന്നി. ആലുവാപ്പുഴയുടെ പാട്ട് കണ്ട് നായിക മേരി എന്നുറപ്പിച്ച പ്രേക്ഷകര്‍ക്ക് മലര്‍ എന്ന സര്‍പ്രൈസ് ശരിക്കും രസിച്ചു. ഇത് ഞങ്ങളുടെ സിനിമ എന്നതു കൊണ്ട് ആത്മാര്‍ത്ഥമായി തന്നെയാണ് എല്ലാവരും പ്രയത്‌നിച്ചത്.അതിന്റെ ഫലവും കൂടിയാണ് പ്രേമത്തിന്റെ വിജയം' പ്രേമം സിനിമയ്ക്കായി ഓണ്‍ലൈന്‍ പ്രമോഷന്‍ നടത്തിയ പ്രേമം ടീം മെമ്പര്‍ സന്ദീപ് വര്‍മ്മ പറയുന്നു.ഇതിനൊക്കെ ഇടയില്‍ സിനിമാപ്രേമികളായ ചിലര്‍ ഒത്തുചേര്‍ന്ന് സിനിമയെക്കുറിച്ച് ആരോഗ്യകരമായചര്‍ച്ച ചെയ്യുന്ന സിനിമാ പാരഡിസോ പോലുള്ള ചില ഗ്രൂപ്പുകളുമുണ്ട് ഫേസ്ബുക്കില്‍. സിനിമ നല്ലതോ ചീത്തതോ എന്ന് ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ റിവ്യൂകള്‍ അതിലെ അംഗങ്ങള്‍ തന്നെ ഷെയര്‍ ചെയ്യും. ഓണ്‍ലൈന്‍ പ്രമോഷന്‍ സൈറ്റുകളുടെ റിവ്യൂകള്‍ക്ക് കടുത്ത നിയന്ത്രണമുണ്ടാകും ഈ ഗ്രൂപ്പുകളില്‍.

'സത്യത്തില്‍ സിനിമാ പാരഡിസോ ഇതുവരെ പ്രമോഷനായിട്ടോന്നും ചെയ്തിട്ടില്ല . എന്നാല്‍, ഗ്രൂപ്പിലെ മെമ്പേഴ്‌സ് സിനിമ ചെയ്യുമ്പോ അതിനെക്കുറിച്ച് പോസ്റ്റ് ഇട്ടു ഒരു പ്രോത്സാഹനം കൊടുക്കാറുണ്ട് .അതും ഗ്രൂപ്പിനുള്ളില്‍ മാത്രം. അനാവശ്യ ഹൈപ് സൃഷ്ടിക്കുന്ന ഓണ്‍ലൈന്‍ പ്രമോഷന്‍ ഒഴിവാക്കാന്‍ ശ്രമിക്കും. റിലീസ് ദിവസമാണെങ്കിലും വസ്തുനിഷ്ഠമല്ല എന്ന് തോന്നുന്ന റിവ്യൂസ് ഒഴിവാക്കും. ആളുകള്‍ക്ക് വിശ്വസിക്കാന്‍ പറ്റുന്ന റിവ്യൂ കൊടുക്കുക എന്നതാണ് ഉദ്ദേശം. അതുവഴി നല്ല സിനിമ മാത്രം പ്രമോട്ട് ചെയ്യുക .' സിനിമാ പാരഡിസോ ഗ്രൂപ്പിന്റെ അഡ്മിനുകളിലൊരാളായ അരുണ്‍ അശോക് തങ്ങളുടെ ഗ്രൂപ്പിന്റെ നയം വ്യക്തമാക്കുന്നു.

ബോളിവുഡില്‍ ഒരു സിനിമയുടെ ഓണ്‍ലൈന്‍ പ്രമോഷനുവേണ്ടി നിര്‍മ്മാതാക്കള്‍ 15 ലക്ഷം രൂപ വരെ മുടക്കുന്നുണ്ട്. ഇന്ന് കേരളത്തില്‍ ഓണ്‍ലൈന്‍ പ്രമോഷന്‍ രംഗത്തു നില്‍ക്കുന്നതില്‍ കൂടുതല്‍ പേരും ബിടെക്ക് കഴിഞ്ഞവരാണ്. അവരെ കൊണ്ട് അടിമപ്പണിയെടുപ്പിക്കുന്നുവെന്നും ആരോപണം ഉണ്ട്. അവരെ സംബന്ധിച്ചാണെങ്കില്‍ സിനിമാ വ്യവസായത്തിലേക്കുള്ള പ്രവേശന മാര്‍ഗങ്ങളില്‍ ഒന്നു കൂടിയാണ് ഈ വാതില്‍.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകഓണ്‍ലൈന്‍ പ്രമോഷന്‍ അതിഗംഭീരമായി പോകുമ്പോഴും പരമ്പരാഗത പ്രമോഷന് ഒരു കോട്ടവും തട്ടിയിട്ടില്ലെന്നാണ് മലയാള സിനിമ പ്രമോഷന്‍ രംഗത്തെ പ്രമുഖനായ വാഴൂര്‍ ജോസ് പറയുന്നത്. 'ഓണ്‍ലൈന്‍ പ്രമോഷനും പരമ്പരാഗത പ്രമോഷനും ഇപ്പോള്‍ ഒരുപോലെ നടക്കുന്നുണ്ട്. കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്ന കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഐടി സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും മുന്നില്‍ സിനിമയെക്കുറിച്ച് എത്തിക്കാന്‍ അത് നല്ല മാര്‍ഗമാണ്. പക്ഷേ, അത് ഒരു വിഭാഗത്തില്‍ മാത്രമേ എത്തുകയുള്ളൂ. ലക്ഷക്കണക്കിന് വായനക്കാരുള്ള പത്രങ്ങള്‍ക്ക് പല തലമുറയിലെ വിവിധ ആളുകളാണ് വായനക്കാര്‍. ഓണ്‍ലൈന്‍ പ്രമോഷന്‍ കൊണ്ട് ഒരു ചിത്രവും രക്ഷപ്പെടില്ല. യൂട്യൂബില്‍ ട്രെയിലറിന് 15 ലക്ഷം കാഴ്ചക്കാരുണ്ടായി എന്ന അവകാശവാദവുമായെത്തിയ എത്രയോ ചിത്രങ്ങള്‍ തീയേറ്ററില്‍ നിലം പരിശാകുന്നത് നമ്മള്‍ കാണുന്നതല്ലേ? ഫേസ്ബുക്കില്‍ വീഡിയോ കണ്ട് കമന്റിടുന്ന ആളുകള്‍ തീയേറ്ററിലെത്തണമെന്നില്ല. അതുകൊണ്ടാണ് സംവിധായകരും നിര്‍മ്മാതാക്കളും ഇപ്പോഴും സിനിമാ പ്രമോഷനായി ഞങ്ങളെ സമീപിക്കുന്നത്. എന്തൊക്കെയാണെങ്കിലും സിനിമ നിലനില്‍ക്കുന്നത് തീയേറ്ററിലെത്തുന്ന കാണികളെ കൊണ്ടാണ്.'

ചുമരിലൊട്ടിച്ച പോസ്റ്ററുകളില്‍ നിന്നും സിനിമാ പ്രചാരണം ഫേസ്ബുക്കിലെ പോസ്റ്റിലേക്ക് കൂടുമാറിയപ്പോള്‍ സിനിമയെന്ന വ്യവസായത്തെ ആശ്രയിച്ച് മറ്റൊരു ബിസിനസ് കൂടെ ഉയര്‍ന്നു വരികയായിരുന്നു. അതിലൊരു ബിസിനസ് സാദ്ധ്യത കണ്ട് ഇറങ്ങി നേട്ടം കൊയ്തവരും കൊയ്യാനാകാതെ പോയവരുമുണ്ട്. ആശയവിനിമയ മാര്‍ഗങ്ങളിലുണ്ടായ വിപ്ലവകരമായ മാറ്റം കണ്ടറിഞ്ഞവരായിരുന്നു അവര്‍. കാലത്തിനൊത്ത് സിനിമ മാറുമ്പോള്‍ പ്രചാരണ മാര്‍ഗങ്ങളും മാറുന്നു.

(മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories