TopTop
Begin typing your search above and press return to search.

പത്മരാജന്‍; മലയാള സിനിമയുടെ കാവല്‍നക്ഷത്രം

പത്മരാജന്‍; മലയാള സിനിമയുടെ കാവല്‍നക്ഷത്രം

കാമ്പുളള കഥകൾ കൊണ്ട് അഭ്രപാളിയിൽ കാവ്യം തീർത്ത കലാകാരൻ. ലോ ബജറ്റ് ചിത്രങ്ങൾ കൊണ്ട് സൂപ്പർ ഹിറ്റുകളും, സൂപ്പർ താരങ്ങളെയും നിർമ്മിച്ച സം‌വിധായകൻ പി പത്മരാജന്‍. അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 28 വർഷങ്ങൾ പിന്നിടുന്നു.

ഹരിപ്പാടിനടുത്ത് മുതുകുളം എന്ന സ്ഥലത്ത് തുണ്ടത്തിൽ അനന്തപത്മനാഭപിളളയുടെയും, ഞവരക്കൽ ദേവകിയമ്മയുടെയും ആറാമത്തെ മകനായാണ് പത്മരാജൻ 1945 മേയ് 23നാണ് പത്മരാജൻ ജനിക്കുന്നത്. മുതുകുളം സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിൽ പ്രീ യൂണിവേഴ്സിറ്റി പഠനം. ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബിരുദവും കരസ്ഥമാക്കിയ പത്മരാജൻ, ചേപ്പാട് അച്ച്യുതവാര്യരുടെ ശിക്ഷണത്തിൽ സംസ്കൃതവിദ്യാഭ്യാസവും നേടി.

1965 ല്‍ ആള്‍ ഇന്ത്യ റേഡിയോയില്‍ തൃശ്ശൂരില്‍ പ്രോഗ്രാം അനൌണ്‍സര്‍ ആയി ജോലിയില്‍ പ്രവേശിച്ചു. പിന്നീടാണ് സിനിമയുടെ ലോകത്തേക്ക് വരുന്നത്. പെരുവഴിയമ്പലം, ഒരിടത്തൊരു ഫയല്‍വാന്‍, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, തൂവാനത്തുമ്പികള്‍, മൂന്നാം പക്കം, ഞാന്‍ ഗന്ധര്‍വ്വന്‍, എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളാണ്. മലയാള സാഹിത്യത്തില്‍ വലിയ സംഭാവനകള്‍ നല്‍കി. ഭരതന്റേയും കെ.ജി.ജോർജ്ജിന്റെയും കൂടെ മലയാളസിനിമയുടെ വളർച്ചയ്ക്കായി ഒരു സിനിമാ വിദ്യാലയം പത്മരാജൻ തുടങ്ങുകയുണ്ടായി. ഇത് കലാ സിനിമയേയും, വാണിജ്യ സിനിമയേയും ഒരു പോലെ പ്രോത്സാഹിപ്പിക്കാനുള്ളതായിരുന്നു

കലാലയജീവിതകാലത്തു തന്നെ കഥാരചനയിൽ ശ്രദ്ധയൂന്നിയ പത്മരാജന്റെ പ്രസിദ്ധീകരിച്ച ആദ്യ കഥ ലോല മിസ് ഫോർഡ് എന്ന അമേരിക്കൻ പെൺകിടാവ് ആണ്. അപരൻ, പ്രഹേളിക, പുകക്കണ്ണട തുടങ്ങിയ കഥാസമാഹാരങ്ങൾ ആകാശവാണിയിൽ ഉദ്യോഗത്തിലിരുന്ന കാലത്തു തന്നെ പ്രസിദ്ധീകൃതമായി. കഥയിൽ മാത്രമല്ല, നോവലുകളിലും ശ്രദ്ധ പതിപ്പിച്ച പത്മരാജന്റെ നക്ഷത്രങ്ങളേ കാവൽ എന്ന നോവൽ ഏറെ ചർച്ച ചെയ്യപ്പെടുകയും, 1971ലെ കേരള സാഹിത്യ അക്കാദമി അവാർഡ്, കുങ്കുമം അവാർഡ് എന്നിവ കരസ്ഥമാക്കുകയും ചെയ്തു. വാടകയ്ക്കൊരു ഹൃദയം, ശവവാഹനങ്ങളും തേടി, ഇതാ ഇവിടെ വരെ, മഞ്ഞു കാലം നോറ്റ കുതിര, ഉദകപ്പോള, പ്രതിമയും രാജകുമാരിയും, കൂടാതെ, പ്രശസ്തങ്ങളായ പെരുവഴിയമ്പലം, രതിനിർവ്വേദം തുടങ്ങി നിരവധി കഥകളും, നോവലുകളും പത്മരാജന്‍റേതായി വായനക്കാരെ തേടിയെത്തി.

36 ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ പത്മരാജൻ 18 ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു. 1975-ൽ എഴുതിയ പ്രയാണം ആണ് പത്മരാജന്റെ ആദ്യ തിരക്കഥ. ഭരതന്റെ സംവിധാനത്തിൽ ആ വർഷം തന്നെ പുറത്തിറങ്ങിയ ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാള മധ്യവർത്തി സിനിമയുടെ ചുക്കാൻ പിടിച്ച ഭരതൻ-പത്മരാജൻ കൂട്ടുകെട്ടിനും ഈ ചിത്രം തുടക്കം കുറിച്ചു. ദേശീയവും അന്തർദ്ദേശീയവുമായ നിരവധി ബഹുമതികളും ലഭിച്ചിട്ടുണ്ട്.

1991 ജനുവരി 24ന് ഞാൻ ഗന്ധർവ്വന്റെ പ്രിവ്യൂ കാണാനായി കോഴിക്കോട്ടെത്തിയ മലയാളചലച്ചിത്രത്തിന്റെ ഗന്ധർവ്വൻ തന്റെ നാൽപ്പത്തിയാറാമത്തെ വയസ്സിൽ അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങുകയായിരുന്നു. ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു അദ്ദേഹത്തെ.

ഞാൻ ഗന്ധർവ്വൻ എന്ന അദ്ദേഹത്തിന്റെ ക്ലാസ്സിക് ഹിറ്റ് ഒരു ദുഃശ്ശകുനമായിരുന്നുവെന്ന് സിനിമാലോകം വിശ്വസിക്കുന്നു. ആ ചിത്രത്തിന്റെ കഥ ഉരുത്തിരിയുന്ന നിമിഷം മുതൽ നിരവധി ദുർന്നിമിത്തങ്ങളും, അപകടങ്ങളും ഈ ചിത്രവുമായി ബന്ധപ്പെട്ട പലർക്കും നേരിട്ടതായി, പത്മരാജന്റെ ഭാര്യ രാധാ ലക്ഷ്മി പത്മരാജനെക്കുറിച്ചെഴുതിയ പുസ്തകത്തിൽ അനുസ്മരിക്കുന്നു. ഈ ചിത്രം ഉപേക്ഷിക്കാൻ പലരും നിർബന്ധിച്ചിട്ടും അദ്ദേഹം ആ പ്രോജക്ടുമായി മുൻപോട്ടു പോവുകയായിരുന്നു.

സിനിമ ലോകത്ത് പകരക്കാരനില്ലാതെ അദ്ദേഹത്തിന്റെ സ്ഥാനം ഇന്നും ഒഴിഞ്ഞു കിടക്കുമ്പോഴും പത്മരാജൻ കഥാപാത്രങ്ങൾ ഇന്നും മലയാളികൾക്കിടയിൽ ജീവിക്കുന്നു.


Next Story

Related Stories