സിനിമ

ആർത്തവത്തോട് ഭയവും അറപ്പുമുള്ളവര്‍ വായിക്കാതിരിക്കുക

Print Friendly, PDF & Email

ദേശീയ പുരസ്കാര ജേതാവ് പദ്മശ്രീ അരുണാചലം മുരുഗാനന്ദമിന്റെ ജീവിതത്തെ ആശ്രയിച്ചെടുത്ത ചിത്രമാണ് പാഡ് മാന്‍

അപര്‍ണ്ണ

അപര്‍ണ്ണ

A A A

Print Friendly, PDF & Email

വിവാദങ്ങളെ ആദ്യം മുതലേ കൂടെക്കൂട്ടി അവസാനം പാഡ്മാൻ തീയറ്ററുകളിൽ എത്തി. ദേശീയ പുരസ്കാര ജേതാവ് പദ്മശ്രീ അരുണാചലം മുരുഗാനന്ദമിന്റെ ജീവിതത്തെ ആശ്രയിച്ചെടുത്ത ചിത്രമാണിത്. ഗ്രാമങ്ങളിൽ മുഴുവൻ സാനിറ്ററി പാഡ് നിർമാണ യന്ത്രങ്ങൾ സ്ഥാപിക്കുകയും ഈ രംഗത്തെ കുത്തകകളുടെ കൊള്ളലാഭത്തെ ചോദ്യം ചെയ്യുകയും ചെയ്ത അരുണാചലം മുരുഗാനന്ദ൦ ഒൻപതാം ക്ലാസ്സിൽ പഠിപ്പു നിർത്തിയ ഒരു കോയമ്പത്തൂർകാരനാണ്. ഇയാളുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നടിയും എഴുത്തുകാരിയുമായ ട്വിങ്കിൾ ഖന്ന എഴുതിയ ‘ദി സാനിറ്ററി മാൻ ഓഫ് സേക്രഡ് ലാൻഡ്’ എന്ന ചെറുകഥയാണ് പാഡ് മാൻ ആവുന്നത്. കഴിഞ്ഞ വർഷത്തെ ദേശീയ അവാർഡ് ജേതാവ് കൂടിയായ അക്ഷയ് കുമാറിന്റെ, ഒരിടവേളയ്ക്കു ശേഷം പുറത്തു വരുന്ന സിനിമ കൂടിയാണ് പാഡ് മാൻ. ഇതിനു മുന്നേ പുറത്തിറങ്ങിയ ടോയ്ലറ്റ് എന്ന അക്ഷയ് കുമാർ സിനിമയ്ക്ക് മറ്റൊരു രീതിയിലുള്ള തുടർച്ച കൂടിയാണ് പാഡ് മാൻ.

സിനിമയെ ചുറ്റിപ്പറ്റി തുടക്കം മുതലേ വിവാദങ്ങളുണ്ടായിരുന്നു. സാനിറ്ററി പാഡുകൾക്ക് നികുതി ചുമത്തുകയും ലൈംഗിക ഉത്തേജന ശേഷി ഗുളികൾക്ക് അതില്ലാതിരിക്കുകയും ചെയുന്നത് ലൈംഗിക ശേഷി കുറഞ്ഞ വൃദ്ധന്മാർ ഭരിക്കുന്നത് കൊണ്ടാണ് എന്ന ട്വിങ്കിൾ ഖന്നയുടെ ട്വീറ്റ് ആയിരുന്നു വിവാദങ്ങളുടെ തുടക്കം. അക്ഷയ് കുമാർ പാഡ് ധരിക്കാൻ ശ്രമിക്കുന്ന പോസ്റ്റർ വലിയ ചർച്ചകൾക്ക് വഴി തെളിച്ചു. പാഡ് കാണുന്ന രംഗങ്ങളോട് സെൻസർ ബോർഡ് ചെറിയ വിയോജിപ്പ് പ്രകടിപ്പിച്ചു. ഇസ്ലാമിക സംസ്കാരത്തെ വെല്ലുവിളിക്കുന്നു എന്ന കാരണം പറഞ്ഞ് പാകിസ്ഥാനിൽ സിനിമ റിലീസ് ചെയ്യാൻ സമ്മതിച്ചില്ല. സിനിമയുടെ പ്രമോഷന് വേണ്ടിയുള്ള പാഡ്മാൻ ചലഞ്ച് കുറെ പേർ ലോക വ്യാപകമായി തന്നെ ഏറ്റെടുത്തു. വലിയ ചർച്ചകളും വിവാദങ്ങളും ഇപ്പോഴും പാഡ്‌ മാന്‍ ചലഞ്ചിന്റെ പേരിൽ നടക്കുന്നു. സാനിറ്ററി പാഡുകൾ അശ്ലീലമല്ല എന്ന വാദത്തെ മൂക്ക് ചീറ്റുന്ന പടമിട്ടും കടുത്ത തെറി വിളികൾ കൊണ്ടും ഒക്കെ നേരിട്ടവരും ഉണ്ടായിരുന്നു. എന്തായാലും ആർത്തവവും അനുബന്ധ അവസ്ഥകളും അതിനെ പറ്റിയുള്ള സമൂഹത്തിന്റെ മനോനിലയും പൊതുസമൂഹത്തിൽ വലിയ ചർച്ചയാകാൻ പാഡ് മാൻ എങ്ങനെയൊക്കെയോ കാരണമാകുന്നു. സിനിമയുടെ പ്രൊമോഷൻ സാധ്യതയെ ബുദ്ധിപരമായി ഉപയോഗിക്കുന്നതിനൊപ്പം പാഡ്മാൻ ചെയ്ത ദൗത്യം ഇതാണ്.

എന്തായാലും അരുണാചലം മുരുഗാനന്ദം ലക്ഷ്മികാന്ത് ചൗഹാൻ ആകുമ്പോൾ സിനിമയ്ക്ക് മാറ്റങ്ങൾ ഉണ്ട്. കോയമ്പത്തൂരിലെ തുണിമില്ലിലെ പണിക്കാരുടെ മകൻ ആയിരുന്നു വെൽഡർ ആയ അരുണാചലം. ഭാര്യയോടുള്ള സ്നേഹവും അനുതാപവുമാണ് അയാളെ ഇത്തരം ഒരു പരീക്ഷണത്തിലേക്കു നയിക്കുന്നത്. സിനിമയുടെ ആദ്യ പകുതി നമ്മൾ കേട്ടറിഞ്ഞ ആ കഥയെ മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലേക്ക് പറിച്ചു നട്ടുള്ള അവതരണമായിരുന്നു. കീറിയ പഴംതുണികളും വെണ്ണീറും ഒക്കെ ഉപയോഗിക്കുന്ന, തനിക്കു ചുറ്റുമുള്ള സ്ത്രീകളെ കുറിച്ച് അയാൾ അറിയുന്ന ഭാഗങ്ങൾ, മെഡിക്കൽ കോളേജ് വിദ്യാർത്ഥിനികളുടെ അടുത്തു ഫീഡ് ബാക്കിനായി ഓടി പരാജയപ്പെട്ടത്, പ്രിയപ്പെട്ടവരുടെ മുന്നിൽ അപമാനിതനായി നിന്നത്, കുടുംബം തള്ളിപ്പറയുന്നത്, സാനിറ്ററി പാഡ് കുത്തകകളുടെ 40 ഇരട്ടി ലാഭ൦ കൊയ്യലിനെ പറ്റിയുള്ള തിരിച്ചറിവ്… ഇങ്ങനെ കുറെ കാര്യങ്ങൾ സത്യസന്ധമായി സിനിമയിൽ വരുന്നുണ്ട്. പക്ഷെ രണ്ടാം പകുതി എന്ത് ചെയ്യണം എന്നറിയാതെ സിനിമയ്ക്കും ഡോക്യുമെന്ററിക്കും ടെലിഫിലിമിനും ഒക്കെ ഇടയിൽ പെട്ട് എന്തൊക്കെയോ ചെയ്യുന്നു. സോനം കപൂറിന്റെ പരിക്കും ലക്ഷികാന്തിനും ഇടയിൽ ഉള്ള ഇഴയടുപ്പം, സംസ്കാരം സംരക്ഷിക്കാനുള്ള വ്യഗ്രത എന്നിങ്ങനെ സിനിമ എവിടെയൊക്കെയോ കറങ്ങി നിന്നു.

മാസമുറയെക്കുറിച്ച് പെണ്‍മക്കളോട് അമ്മമാര്‍ മാത്രം സംസാരിക്കുന്നതെന്തുകൊണ്ട്: രാധിക ആപ്‌തെ

ആർത്തവത്തെ ഭയത്തോടെയോ അറപ്പോടെയോ കാണുന്നവരും സംസ്കാരത്തിന് വെല്ലുവിളിയായി തോന്നുന്നവരും തുടർന്ന് വായിക്കാതിരിക്കുക. ഇന്ത്യയിലെ ഗ്രാമങ്ങളിൽ എത്രയോ സ്ത്രീകൾ ആർത്തവ സമയത്ത് പഴയ ബ്ലൗസ് ഉപയോഗിക്കാറുണ്ട്. ഇതിലെ തുരുമ്പിച്ച ഹുക്കുകളിൽ നിന്നും പടരുന്ന പഴുപ്പ് കയറി അണുബാധ വന്ന് മരണവും കൊടിയ വേദനകളും സഹിക്കാറുണ്ട്. ശ്ലീലാശ്ലീലങ്ങൾക്കപ്പുറം അനിവാര്യമായ ശാരീരിക പ്രക്രിയയായി ആർത്തവത്തെ തിരിച്ചറിഞ്ഞ ആളായിരുന്നു അരുണാചലം മുരുഗാനന്ദം. ആർത്തവം സ്ത്രീ ശരീരത്തെ സംബന്ധിച്ച് ഒരു അനിവാര്യതയാണ് എന്ന ബോധ്യം പ്രിയപ്പെട്ടവരുടെ അനുഭവങ്ങളിൽ നിന്നും അയാൾക്കുണ്ടാവുന്നു. സ്വന്തം ശരീരത്തിലേക്ക് മാംസക്കടയിൽ നിന്നു വാങ്ങി വലിച്ചു കയറ്റി വരെ താൻ നിർമിക്കുന്ന പാഡുകളുടെ കുഴപ്പമെന്താണെന്നു അറിയാൻ ശ്രമിച്ചിരുന്നു അയാൾ. ടെഡ് ടോക്കുകളിൽ അയാളുടെ പ്രസംഗങ്ങളിൽ നിന്നു തന്നെ അത് വ്യക്തവുമാണ്. അങ്ങനെയൊരു വ്യക്തിയെ ആശ്രയിച്ച് സിനിമയെടുക്കുമ്പോൾ ഒന്നുകിൽ അതിനോട് പൂർണമായും സത്യസന്ധമാകാം, അല്ലെങ്കിൽ അതിന്റെ സത്യസന്ധതയെ ഉപയോഗിച്ച് മാർക്കറ്റ് ചെയ്ത് തീയേറ്ററും അവാർഡുകളും ഒരു പോലെ വാരിക്കൂട്ടാം. രണ്ടാമത്തെ രീതിയാണ് പാഡ് മാൻ സ്വീകരിച്ചത്. ലക്ഷ്മി എന്ന ശുദ്ധ നിഷ്കളങ്ക സവർണനല്ല അരുണാചലം. ലക്ഷ്മി എന്ന രണ്ടു പ്യാർ കൺഫ്യൂഷനിൽ പിടഞ്ഞു നിൽക്കുന്ന ബോളിവുഡ് നായകനും അല്ല.

ഇത് ഹഫീഷ; ആര്‍ത്തവം അശുദ്ധിയാണെന്ന് പറഞ്ഞ എംഎം ഹസനെ നിശബ്ദനാക്കിയ മിടുക്കി

ആര്‍ത്തവക്രമത്തിന്റെ കണക്ക് കൂടി എച്ച്.ആറിന് കൊടുക്കേണ്ട അവസ്ഥയുണ്ടാകുമോ?

ചോരയില്‍ തൊട്ടും പരസ്യമെഴുതാന്‍ മുതിരുമ്പോള്‍ കിട്ടിയതും കെട്ടിപ്പിടിച്ച് തൊഴാനൊന്നും പറ്റില്ല

ഈ സിനിമ പല നിലയ്ക്ക് പ്രസക്തമാകുന്നത് ഇന്നും ആർത്തവം ശാരീരികമായ അവസ്ഥയാണ് എന്ന തിരിച്ചറിവില്ലാത്ത രാജ്യത്ത് അത് റിലീസ് ചെയ്തു എന്നതാണ്. ആർത്തവ൦ ഇപ്പോഴും ഇവിടെ ഒളിച്ചു കടത്തുന്ന ഒന്നാണ്. ആചാരബദ്ധമായ ഒന്നാണ്. ഇതുമായി ബന്ധപ്പെട്ടു പാലിക്കേണ്ട ആചാരങ്ങളെ കുറിച്ചാണ് ഇപ്പോഴും ഈ രാജ്യത്തെ ബഹുഭൂരിപക്ഷവും ചിന്തിക്കുന്നത്. ആർത്തവ സമയത്ത് സ്ത്രീകൾ ധരിക്കുന്ന വൃത്തിഹീനമായ, വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ‘സുരക്ഷാ മാർഗങ്ങൾ’ ഇവിടെ അരുണാചലം മുരുഗാനന്ദിന്റെ കടന്നു വരവോടെ ചർച്ചയായിട്ടുണ്ട്. പത്തു പൈസ മാത്രം വില വരുന്ന ഒരു പാഡ് നാല് രൂപയ്ക്ക് വിൽക്കുന്നതിലൂടെ കുത്തക പാഡ് നിർമാതാക്കൾ കൊയ്യുന്ന കൊള്ളലാഭത്തെ കുറിച്ച് കൂടി പറഞ്ഞാണ് അയാൾ സാമൂഹ്യമായ തന്റെ സ്ഥാനം എന്താണെന്നു പറഞ്ഞത്. ആ നിലയ്ക്ക് ആർത്തവത്തെ ഒരു ശാരീരിക പ്രശ്നമായി കാണുന്ന, ആർത്തവം എന്ന ഒരു അവസ്ഥ ഇത്രയും ഭീതിദമായ യാഥാർഥ്യം ആണെന്ന് പറയുന്ന ഒരു സിനിമ ഇന്ത്യ പോലൊരു രാജ്യത്ത് മുഴുവനും ഉള്ള തീയറ്ററുകളിൽ ഓടുക എന്നത് പാഡ് മാന്റെ പ്രസക്തി തന്നെയാണ്. മുഖ്യധാരാ സിനിമയിൽ മുഖ്യധാരാ താരത്തെ വച്ച് ഇങ്ങനെ ഒരു ശ്രമം ഉണ്ടാകുന്നത് ആദ്യമായാണ്. നഗരവത്കൃതർക്കു പോലും ആര്‍ത്തവം ഇന്നും തുറന്നു പറയാൻ പാടില്ലാത്ത എന്തോ ആണെന്ന അവസ്ഥയിൽ, സിനിമയുടെ സത്യസന്ധതയ്ക്കും രാഷ്ട്രീയ ശരി അളക്കലിനും അപ്പുറം അങ്ങനെ ഒരു ലക്‌ഷ്യം ഉണ്ട്.

സ്ത്രീകളെ, അവരെ പുറത്തുനിര്‍ത്തുക; ആര്‍ത്തവമുണ്ട് സൂക്ഷിക്കുക ബോര്‍ഡും വയ്ക്കുക

അതേ,​ ഞങ്ങൾക്ക് ആർത്തവമാണ്. അതിനു നിങ്ങൾക്കെന്താ? ​​

അക്ഷയ് കുമാർ എന്ന നടനിൽ ഒതുങ്ങുന്ന കഥാപാത്രമായിരുന്നില്ല പാഡ്മാനിലേത്. സിനിമയിൽ എട്ടാം ക്ലാസ് വിദ്യാഭാസമുള്ള ലക്ഷ്മി പറയുന്ന ഓക്സ്ഫോർഡ് ഇംഗ്ലീഷ് പ്രസംഗങ്ങൾ മാത്രം മതി അയാൾ ഈ കഥാപാത്രത്തെ ഉൾക്കൊള്ളുന്നതിൽ എത്ര പരാജയപെട്ടു എന്ന് മനസിലാക്കാൻ. അയാളുടെ അതിനിഷ്കളങ്കതകളും ഉൾക്കൊള്ളാൻ പ്രയാസമാണ്. കൊയമ്പത്തൂരിലെ തുണിമില്ലുകൾക്ക് ചുറ്റും വളർന്ന അരുണാചലം മറ്റുള്ളവർക്ക് കൗതുക ചിരി സമ്മാനിക്കുന്ന സിനിമകളിൽ കാണുന്ന ഗ്രാമീണനല്ല. പക്ഷെ എന്തൊക്കെയോ കാരണങ്ങളാൽ പാഡ്മാനിലെ ലക്ഷ്മി അങ്ങനെയാണ്. രണ്ടാം പകുതി എത്തുമ്പോൾ പ്രേക്ഷകർ പാഡിനെ മറന്ന് പാഡ് മാന്റെ ബന്ധങ്ങൾക്കിടയിലുള്ള ആശയക്കുഴപ്പങ്ങൾ കാണാൻ നിർബന്ധിതനാവുന്നു. മുഖത്ത് ചായങ്ങളുടെ അതിപ്രസരമുള്ള, ശരീരത്തിലെ ഒരു മസിലും അയയാത്ത ലക്ഷ്മിയും വേദിയിൽ മുഴുവൻ ഓടി നടന്ന് പ്രസംഗിച്ച കറുത്ത നിറമുള്ള, മസിലുകൾ ഇല്ലാത്ത അരുണാചലവും തമ്മിൽ അപ്പോൾ ഒരു സാമ്യവും ഉണ്ടായില്ലെന്ന് മാത്രമല്ല വല്ലാത്ത അന്തരവും വന്നു തുടങ്ങി. ഡോക്യുമെന്ററിയുടെയും ഫിക്ഷന്റെയും അംശങ്ങൾ ഇടകലർന്ന് വന്ന് പ്രേക്ഷകർ മുഷിഞ്ഞു തുടങ്ങി. ഹാസ്യവും തീരെ ഏൽക്കാതെയായി. ചളിയിൽ വീണ് ചിരിപ്പിക്കുന്ന തരം ഹാസ്യങ്ങൾ ഈ സിനിമയുടെ മൂഡിന് ഒട്ടും ചേർന്നവയല്ല.

എന്റെ പെണ്ണുങ്ങളെ, ഒഴുകട്ടെ; ഇരുമ്പിന്റെ മണമുള്ള ആ രക്തം

കാണരുതാത്ത ആര്‍ത്തവ രക്തവും കാണേണ്ടുന്ന ചില ചോരപ്പാടുകളും

പാഡിൽ നിന്ന് മെന്‍സ്ട്രൽ കപ്പിലേക്ക് ഇന്ത്യ മാറി തുടങ്ങുമ്പോൾ അരുണാചലം മുരുഗാനന്ദിന് എന്തു പ്രസക്തി എന്ന് ചോദിച്ച് പാഡ് മാൻ സിനിമയെ വെല്ലുവിളിച്ചവരുണ്ട്. അതൊക്കെ ഉപരി, മധ്യവർഗത്തിന്റെ ലക്ഷ്വറികൾ മാത്രമാണ് ഇന്ത്യന്‍ സാമൂഹ്യാവസ്ഥയിൽ. കപ്പുകൾ കൂടുതൽ ജനകീയമാകുന്നതിലൂടെ തുടച്ചു നീക്കാവുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വലിയ പ്രതീക്ഷയാണ്. പക്ഷെ ഇപ്പോഴും ചാരവും ചവറുകളും ഉപയോഗിക്കുന്ന മറ്റൊരു വലിയ വിഭാഗത്തിന് ഇതൊന്നും അറിയില്ല. അവർക്കിടയിൽ അന്ന് സാധ്യമായ ഏറ്റവും വലിയ മാറ്റം ഉണ്ടാക്കിയത് ചെറിയ കാര്യമല്ല. തന്റെ പരീക്ഷണത്തിന്റെ പേറ്റന്റ് ഏതെങ്കിലും കുത്തകൾക്കു വിൽക്കാഞ്ഞതും ചെറിയ കാര്യമല്ല. അത് തന്നെയാണ് അരുണാചലം മുരുഗാനന്ദിന്റെ പ്രസക്തി. ആ പ്രസക്തിയെ എല്ലാത്തരം അവാർഡ് മാർക്കറ്റിങ് പ്രീണനങ്ങൾ നടത്തിയാണ് പാഡ് മാൻ തീയറ്ററിൽ എത്തിച്ചത് എന്ന് മാത്രം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അരുണാചലം മുരുകാനന്ദത്തിന്റെ നാപ്കിന്‍ വിപ്ലവം

‘എന്റെ ആര്‍ത്തവത്തിന് ചുങ്കം പിരിക്കരുത്’; ജിഎസ്ടി കാലത്തെ സ്ത്രീ ജീവിതം

രതിചിത്രങ്ങള്‍ ആകാം; ആര്‍ത്തവം പാടില്ലേ?

ലൈംഗികത, ആരോഗ്യം, കാപട്യം, പിന്നെ തുറന്ന ‘വളി’കളും: കാവ്യയുടെ ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍

ഇത് ആരോഗ്യപ്രശ്നമല്ല, ആര്‍ത്തവപ്രശ്നമാണ്; ആ ദിവസങ്ങളിലെ അവധി സ്ത്രീകളുടെ അവകാശവും: എസ്. ശാരദക്കുട്ടി

ആര്‍ത്തവത്തെക്കുറിച്ച് നിങ്ങളുടെ ആണ്‍കുട്ടിയും മനസിലാക്കണം; ഈ ഷോര്‍ട്ട് ഫിലിം കണ്ടുനോക്കൂ

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Me:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍