TopTop
Begin typing your search above and press return to search.

നടത്തട്ടെ കോണ്‍ഗ്രസുകാര്‍ ഒരു മാര്‍ച്ച് ദിലീപിന്റെയും സലീം കുമാറിന്റെയും വീട്ടിലേക്കും

നടത്തട്ടെ കോണ്‍ഗ്രസുകാര്‍ ഒരു മാര്‍ച്ച് ദിലീപിന്റെയും സലീം കുമാറിന്റെയും വീട്ടിലേക്കും

സിനിമയിലെ സ്ത്രീകളെ കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ ഇന്നസെന്റിനെതിരേ വിമര്‍ശനവും പ്രതിഷേധവുമായി രാഷ്ട്രീയപാര്‍ട്ടികളും രംഗത്തെത്തിയിരിക്കുന്നു. അങ്കമാലിയില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ തെരുവിലിറങ്ങി. ബിജെപിക്കാരെ ഇതുവരെ തെരുവിലൊന്നും കണ്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ അടക്കം 'സിപിഎം അംഗ'മായ ഇന്നസെന്റ് എംപിക്കെതിരേ പ്രചാരണം വ്യാപകമായി നടത്തുന്നുണ്ട്. അങ്കമാലിയിലെ എം പി ഓഫീസിലേക്കാണ് യൂത്തു കോണ്‍ഗ്രസുകാര്‍ ഇന്നസെന്റ രാജിവയ്ക്കണം എന്ന ആവശ്യവുമായി പ്രതിഷേധം നടത്തിയത്. വന്നുവന്നിപ്പോള്‍ ഇതൊരു രാഷ്ട്രീയപ്രശ്‌നവും സിപിഎം വിരുദ്ധസമരവുമായി മാറിയിരിക്കുന്നോ എന്നാണു സംശയം!

എത്ര വിശദീകരിച്ചാലും ഇന്നസെന്റ് ഇന്നലെ നടത്തിയ പ്രസ്താവനയില്‍ തികഞ്ഞ സ്ത്രീവിരുദ്ധത ഉണ്ടെന്ന കാര്യത്തില്‍ ഒരു മാറ്റവും വരില്ല. സ്വയം ന്യായീകരിക്കാന്‍ നില്‍ക്കാതെ അദ്ദേഹം ആ വിഷയത്തില്‍ മാപ്പ് പറയേണ്ടതാണ്. കേവലമൊരു നടനും അമ്മ എന്ന സംഘടനയുടെ പ്രസിഡന്റും മാത്രമായിരുന്നു അദ്ദേഹമെങ്കില്‍ ഈ നിര്‍ബന്ധം പിടിക്കില്ലായിരുന്നു. ഇവിടിപ്പോള്‍ അദ്ദേഹം ഒരു പാര്‍ലമെന്റ് മെംബര്‍ കൂടിയാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരമപ്രധാനമായ സ്ഥാനത്തിരിക്കുന്നയാള്‍. ഏതെങ്കിലും നേതാവിനെ പ്രസാദിപ്പിച്ച് നേടിയെടുത്ത സ്ഥാനമല്ല, ജനം വിശ്വസിച്ച് വോട്ട് ചെയ്തു നേടിക്കൊടുത്തത്. തീര്‍ച്ചയായും അദ്ദേഹത്തിന് വലിയ ഉത്തരവാദിത്വങ്ങളും കടമയും കടപ്പാടും ആ ജനങ്ങളോടുണ്ടാകണം. അതുകൊണ്ട് തന്നെ ഇന്നസെന്റ് മാപ്പ് പറയണം എന്നാ ആവശ്യത്തിനും ശക്തിയേറിയിട്ടുണ്ട്.

പക്ഷേ ഇന്നസെന്റിനെക്കൊണ്ട് മാപ്പ് പറയിക്കാനും എംപി സ്ഥാനം രാജിവയ്പ്പിക്കാനും മുദ്രാവാക്യം വിളിയുമായി ഇറങ്ങിയിരിക്കുന്നവരുടെ രാഷ്ട്രീയക്കളി അതിലേറെ അരോചകമായി തോന്നുകയാണ്. ഇന്നസെന്റിനെതിരേ മാത്രമല്ല, മുകേഷ്, ഗണേശ് എന്നിവര്‍ക്കെതിരേയും ഉണ്ടായ പ്രതിഷേധത്തിലും കൃത്യമായ രാഷ്ട്രീയം ഒരുഭാഗത്തുണ്ടായിരുന്നു; രാഷ്ട്രീയക്കാര്‍ക്കു മാത്രമല്ല, മാധ്യമങ്ങള്‍ക്കും.

ഇന്നസെന്റിന്റെ ഭാഗത്തു നിന്നും പച്ചയായ സ്ത്രീവിരുദ്ധ സംഭവിച്ചിട്ടുണ്ടെങ്കില്‍, മുകേഷും ഗണേഷും ആ തരത്തില്‍ പ്രതികരണങ്ങളോ പ്രവര്‍ത്തികളോ നടത്തിയിരുന്നില്ല (അമ്മയുടെ വാര്‍ത്താസമ്മേളന വേദിയാണ് ഉദ്ദേശിച്ചത്). അവരുടെ രോഷം മാധ്യമങ്ങളോടായിരുന്നു. നേരത്തെ വക്കീലന്മാരുടെ ഭാഗത്തു നിന്നുണ്ടായതിനു സമാനമായ പ്രവര്‍ത്തി(കല്ലെടുത്തില്ലെന്നു മാത്രം). എന്നാല്‍ മുകേഷിനെയും ഗണേശിനെയും വിചാരണയ്‌ക്കെടുത്തപ്പോള്‍ കുറ്റം പലവഴിക്കു പോയി. തങ്ങള്‍ക്കുമേലുണ്ടായിരുന്ന ധാര്‍മിക ഉത്തരവാദിത്വം പുലര്‍ത്താതെ അതിനെ ന്യായീകരിക്കാനും ഇതു ചോദ്യം ചെയ്തവര്‍ക്കെതിരേ തര്‍ക്കമുയര്‍ത്താനും തയ്യാറായതുവഴി ഗണേശും മുകേഷും ഒരു വഴിയില്‍ തെറ്റുകാരാണെങ്കിലും അവര്‍ ചോദ്യം ചെയ്യപ്പെട്ടതില്‍ കൃത്യമായ രാഷ്ട്രീയ അജണ്ട ഉണ്ടായിരുന്നുവെന്നു പറയാതെ വയ്യാ. കാരണം അവര്‍ ഇടുപക്ഷത്തു നില്‍ക്കുന്ന രണ്ടു ജനപ്രതിനിധികള്‍ കൂടിയാണ്; ഇന്നസെന്റും.

അവര്‍ ചെയ്ത പ്രവര്‍ത്തിയുടെ പേരില്‍ അവരെ എതിര്‍ക്കേണ്ടതില്ലെന്നോ എതിര്‍പ്പുകള്‍ ഉയര്‍ത്തുന്നതില്‍ തെറ്റുണ്ടെന്നോ അല്ല, രാഷ്ട്രീയസ്വാര്‍ത്ഥത ഇടയില്‍ ചേര്‍ക്കുന്നതിനെതിരേ വിയോജിപ്പ് പറയേണ്ടതുണ്ട്.

ഇന്നസെന്റിനെതിരേ മാര്‍ച്ച് നടത്തിയവര്‍ അവരുടെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടാതിരിക്കണമെങ്കില്‍ ആഴ്ചകള്‍ക്കു മുന്നേ ദിലീപിന്റെ വീട്ടിലേക്കും സലീം കുമാറിന്റെ വീട്ടിലേക്കും പ്രതിഷേധപ്രകടനങ്ങള്‍ നടത്തണമായിരുന്നു. ഉപദ്രവിക്കപ്പെട്ട നടിയെ വാക്കുകളിലൂടെ പരസ്യമായി അപമാനിച്ചവരാണിരുവരും. ഇപ്പോള്‍ ഇന്നസെന്റും ഗണേശും മുകേഷുമെല്ലാം ചെയ്ത തെറ്റുകള്‍ അതിനേക്കാള്‍ പ്രകടമായി ദിലീപും സലീം കുമാറും ചെയ്തിരുന്നു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസുകാരെയോ ബിജെപിക്കാരെയോ ആ ഭാഗത്തെങ്ങും കണ്ടില്ല. സലീം കുമാര്‍ ഒരു കോണ്‍ഗ്രസുകാരനാണെന്നു സ്വയം വ്യക്തമാക്കിയിട്ടുള്ളതാണ്. ദിലീപിന് കോണ്‍ഗ്രസ് ബന്ധമുണ്ടെന്ന സൂചനകള്‍ മുന്‍പേ വന്നിട്ടുമുള്ളതുകൊണ്ട് അവരിരുവരോടും കോണ്‍ഗ്രസുകാര്‍ പുലര്‍ത്തിയ മൗനം മറ്റൊരുതരത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നതില്‍ ആരെയും കുറ്റം പറയാന്‍ കഴിയില്ല.

ദിലീപ് ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ പങ്കെടുത്ത ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ചിത്രവും ദിലീപിനൊപ്പമുള്ള പിണറായി വിജയന്റെ ചിത്രവും ആഘോഷമാക്കുമ്പോള്‍ ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് ദിലീപിനെ സന്ദര്‍ശിച്ചത് കോണ്‍ഗ്രസുകാര്‍ അറിയാതെ പോയതാണോ? ദിലീപിനെതിരേ ഏതെങ്കിലും തരത്തിലുള്ള തെളിവുകള്‍ ഈ കേസില്‍ പൊലീസിനു കിട്ടിയിട്ടില്ല, വെറും സംശയങ്ങള്‍ മാത്രമാണ്. എന്നിട്ടും രണ്ടു ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ ഡിജിപയും മുഖ്യമന്ത്രിയും നടനെ സംരക്ഷിക്കാന്‍ ഒപ്പമുണ്ടെന്നു പറയുന്നവരോട് കോണ്‍ഗ്രസ് എംഎല്‍എ ദിലീപിനെ കാണാന്‍ പോയതിനു പിന്നിലും എന്തെങ്കിലും ആരോപണം ഉന്നയിച്ചാല്‍!

പകരത്തിനു പകരം രാഷ്ട്രീയം കളിക്കുകയല്ല, രാഷ്ട്രീയം ഈ കേസില്‍ വേണ്ടതുമില്ല, പകരം നീതി നടപ്പാവുകയാണ് വേണ്ടത്. എന്നാല്‍ ഒരു കൂട്ടര്‍ പറയുന്നത് ഡല്‍ഹിയില്‍ പോയി മഞ്ജു വാര്യര്‍ ബിജെപിക്കാരെ കണ്ടതോടെയാണ് കേസ് അന്വേഷണം ഊര്‍ജ്ജിതമായതെന്നാണ്. ഇവരൊക്കെ ഇരയാക്കുന്നത് ആരെയാണെന്നത് സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസിലാക്കാം. അതുകൊണ്ടു തന്നെ ഇവിടെ ശിക്ഷിക്കപ്പെടേണ്ടത് ആരെയൊക്കെയാണെന്നും നീതി കിട്ടേണ്ടത് ആര്‍ക്കാണെന്നും നമുക്കെല്ലാം വ്യക്തമായറിയാം. അതിനിടയിലെ കലക്കവെള്ളത്തില്‍ മീന്‍ പിടിത്തമാണ് ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.


Next Story

Related Stories