Top

ആദി; മോഹന്‍ലാല്‍ ഗൃഹാതുരത്വത്തിന്റെ തണലില്‍ ഒരു പ്രണവ് സിനിമ

ആദി; മോഹന്‍ലാല്‍ ഗൃഹാതുരത്വത്തിന്റെ തണലില്‍ ഒരു പ്രണവ് സിനിമ
മാറിയ കുടുംബ പ്രേക്ഷകരുടെ പള്‍സ് അറിയുന്ന സംവിധായകനാണ് ജീത്തു ജോസഫ്. അതിവൈകാരിക കണ്ണീര്‍ പടങ്ങള്‍ കുടുംബ ചിത്രങ്ങളായി കൊണ്ടാടിയിരുന്ന കാലത്തില്‍ നിന്നും കുടുംബങ്ങളും സിനിമയ്ക്കുള്ളിലെ കുടുംബങ്ങളും ഏറെ മാറിയിരിക്കുന്നു. ന്യൂ ജനറേഷന്‍ സിനിമകള്‍ എന്ന പേരില്‍ യുവാക്കളുടെ നഗര കേന്ദ്രീകൃത സിനിമകള്‍ തിയറ്ററില്‍ ഓളങ്ങള്‍ തീര്‍ക്കുമ്പോഴാണ് സര്‍വ്വകലാല ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ദൃശ്യവുമായി ജീത്തു വന്നത്. രണ്ടു കുട്ടികളുടെ അച്ഛനായ നായക കഥാപാത്രം മാത്രമല്ല വൃദ്ധനായി ഒരു അമ്മായി അപ്പനും ഉണ്ടായിരുന്നു ചിത്രത്തില്‍. ന്യൂ ജനറേഷന്‍കാര്‍ നേരിട്ട ഏറ്റവും വലിയ വിമര്‍ശനം അവരുടെ ചിത്രങ്ങളില്‍ നിന്നും വൃദ്ധന്മാര്‍ പുറത്താക്കപ്പെട്ടു എന്നതായിരുന്നല്ലോ.

ക്രൈം ത്രില്ലര്‍ അല്ലെങ്കില്‍ സൈക്കോളജിക്കല്‍ ത്രില്ലര്‍ കുടുംബ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നതാണ് മിക്കപ്പോഴും ജീത്തുവിന്റെ രീതി. 2007ല്‍ ഇറങ്ങിയ ആദ്യ ചിത്രമായ ഡിറ്റക്ടീവ് മുതല്‍ പരിശോധിച്ചാല്‍ ഇത് മനസിലാകും. മെമ്മറീസ്, ദൃശ്യം, ഊഴം തുടങ്ങിയ ചിത്രങ്ങള്‍ എല്ലാം തന്നെ ഈ ഗണത്തില്‍ പെടുത്താവുന്നതാണ്. അത്തരം കഥകള്‍ രസച്ചരട് മുറിയാതെ പറയാനുള്ള കഴിവ് ജീത്തുവിനുണ്ട്. ഒപ്പം മധ്യവര്‍ഗ്ഗ കുടുംബ മൂല്യങ്ങളെ ഒരു തരത്തിലും ഉപദ്രവിക്കാതെ അതിനോടൊപ്പം ചേര്‍ന്ന് നടക്കുകയും അതാണ് ശരിയെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന മുന്‍ഗാമികളുടെ രീതി തന്നെയാണ് ജീത്തുവിനും പഥ്യം. തിയറ്ററില്‍ വരുന്ന കുടുംബങ്ങളെ എന്തെങ്കിലും തരത്തില്‍ അലോസരപ്പെടുത്താന്‍ ജീത്തു ആഗ്രഹിക്കുന്നില്ല. അവര്‍ രസിച്ച്, ചിരിച്ച്, സ്വല്പം നൊമ്പരപ്പെട്ട്, തങ്ങളുടെ തന്നെ ജീവിത ചിത്രങ്ങള്‍ തിരശീലയില്‍ കണ്ട് ഇറങ്ങിപ്പോയ്കോള്ളട്ടെ എന്ന മട്ട്. അതുകൊണ്ട് തന്നെ ജീത്തുവിന്റെ മിക്ക ചിത്രങ്ങളും സാമ്പത്തികമായി നേട്ടമുണ്ടാക്കിയ ചിത്രങ്ങളാണ്.

ആദിയും അതില്‍ നിന്നു വിഭിന്നമാകില്ല എന്നു തന്നെയാണ് ബോക്സോഫീസ് വൃത്തങ്ങള്‍ തരുന്ന സൂചന. മോഹന്‍ലാല്‍ പുത്രന്റെ ആദ്യ നായക ചിത്രം എന്ന നിലയില്‍ അരയും തലയും മുറുക്കി ഫിലിം ഇന്‍ഡസ്ട്രി കൂടെയുണ്ട്. നവമാധ്യമങ്ങളില്‍ ഒന്നാകെ കിട്ടിയ മികച്ച ഹൈപ്പും ഈ വര്‍ഷത്തെ ആദ്യത്തെ പണംവാരി പടമാക്കും ആദിയെ എന്നു കരുതാം.

സാമാന്യം മെച്ചപ്പെട്ട ജീവിതം നയിക്കുന്ന മധ്യവര്‍ഗ്ഗ കുടുംബം തന്നെയാണ് ആദിയുടെ കേന്ദ്ര ബിന്ദു. കുട്ടികള്‍ എന്താകണം എന്നതിനെ കുറിച്ച് പാരന്‍റിംഗിന്റെ പുതിയ ട്രെന്‍ഡിനെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് സിനിമ. കുട്ടികളെ വിശ്വാസത്തിലെടുത്ത് അവരുടെ കഴിവിനെ അംഗീകരിച്ച് അതില്‍ മികച്ച വിജയം നേടാന്‍ അവര്‍ക്ക് സമയം കൊടുക്കുക എന്നത് തന്നെയാണ് ആദിയുടെ അച്ഛന്റെയും അമ്മയുടെയും സിദ്ധാന്തം. അച്ഛനെക്കാളും അമ്മയാണ് ആദിക്ക് കൂടുതല്‍ സപ്പോര്‍ട്ട്. ഒരു സംഗീത സംവിധായകന്‍ ആവുക എന്ന ആദിയുടെ മോഹത്തിന് രണ്ടു വര്‍ഷത്തെ കാലയളവ് നിശ്ചയിച്ചിട്ടുണ്ടെങ്കിലും ആദി അതാവും എന്നു തന്നെയാണ് അവരുടെ വിശ്വാസം. കാരണം സംഗീതത്തില്‍ ആദി കേമനാണ്.

ആദിയുടെ കേമത്വം മറ്റൊന്നില്‍ കൂടിയുണ്ട്. പാര്‍കൌര്‍. നിരവധി പ്രതിബന്ധങ്ങള്‍ക്കിടയിലൂടെ അതിവേഗതയില്‍ ഓടിയും ചാടിയും കരണം മറിഞ്ഞും വളയത്തില്‍ ചാടിയും ലക്ഷ്യത്തില്‍ എത്തുന്ന ഇതൊരു സൈനികാഭ്യാസ പരിപാടി പോലെ അപകടകരമാണ്. എന്തായാലും ഏത് അമ്മയെയും പോലെ ആദിയുടെ അമ്മയ്ക്കും മകന്‍ പാര്‍കൌര്‍ കളിക്കാന്‍ പോകുന്നത് ഇഷ്ടമല്ല. എന്നാല്‍ ഈ പാര്‍കൌറാണ് കഥയില്‍ ആദിക്ക് രക്ഷയാകുന്നത്.

http://www.azhimukham.com/viral-where-is-pranav-after-aadhi/

എടുത്തുപറയാന്‍ പുതുമയുള്ള കഥയില്ലെങ്കിലും പ്രണവും പാകോയും ജീത്തുവിന്റെ അത്ര ചടുലമായ സംവിധാന ശൈലിയും ഒക്കെ കൂടി മോശമല്ലാത്ത തീയറ്റര്‍ അനുഭവം തരുന്നുണ്ട് ആദി. സിനിമ തുടങ്ങുമ്പോള്‍ ആദി പാടുന്നതായി കാണുന്ന മിഴിയോരം നനഞ്ഞൊഴുകും എന്ന ആദ്യ മോഹന്‍ലാല്‍ ചിത്രത്തിലെ ഗാനം തന്നെ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. കാണാന്‍ പോകുന്ന സിനിമയുടെ കഥയ്ക്കപ്പുറം മോഹന്‍ലാല്‍, പ്രണവ്, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, അച്ഛന്റെയും മകന്റെയും ആദ്യ ചിത്രം തുടങ്ങിയ ബാഹ്യമായ സ്മരണകളിലേക്കും ഗൃഹാതുരതകളിലേക്കും ഉണര്‍ത്തുക എന്ന ലക്ഷ്യം എന്തായാലും വിജയിച്ചു എന്നത് പ്രേക്ഷക പ്രതികരണത്തില്‍ തന്നെ വ്യക്തം. സിനിമയുടെ ആദ്യ മിനുട്ടുകളില്‍ പ്രത്യക്ഷപ്പെടുന്ന മോഹന്‍ലാലായുള്ള മോഹന്‍ലാലിന്റെ എന്‍ട്രിയും ആരാധകരെ കയ്യിലെടുക്കാന്‍ ഉദ്ദേശിച്ചു ചെയ്തത് തന്നെ. അങ്ങനെ നോക്കുമ്പോള്‍ നല്ല വിപണി ഗുണമുള്ള പ്രൊഡക്ടാണ് ആദി.

സംഗീതമോഹവുമായി ബാംഗളൂരു നഗരത്തില്‍ എത്തിച്ചേരുന്ന ആദി ചെന്നുപെടുന്ന അപകടവും അതില്‍ നിന്നും രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ഊഴത്തില്‍ പരാജയപ്പെട്ട ത്രില്ലര്‍ ട്രീറ്റ്മെന്റിന്റെ പരീക്ഷണം ആദിയില്‍ വിജയിപ്പിക്കാന്‍ ജീത്തുവിന് കഴിഞ്ഞിട്ടുണ്ട്.

എടുത്തുപറയേണ്ടത് പ്രണവിന്റെ പ്രകടനം തന്നെയാണ്. അഭിനേതാവ് എന്ന രീതിയില്‍ മാര്‍ക്കിടാനുള്ള സിനിമ അല്ലെങ്കിലും പ്രണവ് ഒരു മികച്ച പെര്‍ഫോമര്‍ ആയിരിക്കും എന്നതിന്റെ സൂചനകള്‍ ആദി തരുന്നുണ്ട്. പ്രത്യേകിച്ചും പാടി അഭിനയിച്ച ഗാന രംഗത്തും പാര്‍കൌര്‍ ചെയ്സിംഗ് രംഗങ്ങളിലും ക്ലൈമാക്സിലുമൊക്കെ മികച്ച പ്രകടനം പ്രണവ് കാഴ്ചവെച്ചു. അഭിനേതാക്കള്‍ക്കിടയില്‍ അനുശ്രീയും ഷറഫുദ്ദീനും മേഘനാഥനും നല്ല കയ്യടി അര്‍ഹിക്കുന്നു.

തീര്‍ച്ചയായും ജീത്തു ജോസഫ് ഒരു ഹിച്കോക്ക് ആരാധകനായിരിക്കും എന്നു തന്നെയാണ് അയാളുടെ സിനിമകള്‍ തെളിയിക്കുന്നത്. തന്റെ സിനിമകളില്‍ നിര്‍ണ്ണായക രംഗങ്ങളില്‍ പലപ്പോഴും ഹിച്കോക്ക് കടന്നു വരാറുണ്ട്. അതുപോലെ ഒരു ഹിച്കോക്കിയന്‍ ഇടപെടല്‍ ജീത്തുവും നടത്തുന്നുണ്ട് ഈ ചിത്രത്തില്‍. അത് സിനിമയിലെ തന്നെ സുപ്രധാന ഒരു രംഗവും കൂടിയാണ് എന്നതാണ് സംവിധായക മിടുക്കിന്റെ തെളിവ്.

http://www.azhimukham.com/film-interview-with-pranav-mohanlal-s-first-movie-aadhi-director-jeethu-joseph/
Next Story

Related Stories