സിനിമ

മൈഥിലിയുടെ അസാമാന്യപ്രകടനം; പ്രിയനന്ദനന്റെ പാതിരാക്കാലം നമ്മുടെയൊക്കെ ജീവിതമാണ്‌

ഇന്ത്യയെ ഒരു ഫാസിസ്റ് ഭരണകൂടത്തിന് കീഴില്‍ കൊണ്ടുവരാനുള്ള പോലീസിന്റെയും, പ്രതിനിധികളുടെയും ശ്രമങ്ങൾ അക്രമാസക്തമായിരിക്കുന്നു എന്ന് ഓർമിപ്പിക്കുന്നതാണ് ഈ ചിത്രം

അനു ചന്ദ്ര

അനു ചന്ദ്ര

ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും ഭരണകൂടത്തെയും വിമർശിക്കുന്നത് പോലും രാജ്യദ്രോഹമായി വ്യാഖ്യാനിക്കപെടുന്ന ഒരു കാലത്ത് രാജ്യം ഒരു വിഭാഗത്തിന്റേത്  മാത്രമായി മാറുന്നുണ്ട്, ഒരു വിഭാഗത്തിന്റെ  ശരിയിലേക്ക് മാത്രമായി കാര്യങ്ങൾ ചുരുക്കപ്പെടുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ  വിരുദ്ധാഭിപ്രായങ്ങൾക്ക് നേരെ ഉന്നം പിടിക്കുന്ന തോക്കുകളുമായി നിൽക്കുന്ന ഭരണകൂടത്തിന്റെ വർത്തമാനകാലത്തെ, ജഹന്നാരയെന്ന സ്ത്രീ കഥാപാത്രത്തിലൂടെ വർച്ചിടുന്ന സിനിമയാണ് പ്രിയനന്ദനൻ സംവിധാനം ചെയ്ത പാതിരാക്കാലം.

സർക്കാരിന്റേതടക്കമുള്ള തീയേറ്ററുകൾ പ്രദർശന സൗകര്യം നൽകാതെ അവഗണിച്ച പാതിരാക്കാലത്തിന്റെ  സമാന്തര പ്രദർശനം തൃശ്ശൂർ ഗിരിജ തീയേറ്ററിൽ വെച്ച് നടത്താനായി സംവിധായകൻ തന്നെ ടിക്കറ്റ് വിൽക്കാന്‍ ഇറങ്ങിയത് പ്രദർശനത്തിനും മുന്‍പേ തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. സമാന്തര പ്രദർശനത്തിനും  വാർത്തകൾക്കും ശേഷമാണ് ചിത്രം ഇപ്പോൾ കേരളത്തിലെ തീയേറ്ററുകളിൽ റിലീസിനെതിയിരിക്കുന്നത്.

സാധാരണ മനുഷ്യരുമായി സംവദിക്കുന്ന (സഹാനുഭൂതിയോടെ) മൂല്യബോധമുള്ള ഹുസൈന്റെ തിരോധാനവുമായി ബന്ധപ്പെട്ട് മകൾ ജഹന്നാരയുടെ നേതൃത്വത്തിൽ നടത്തുന്ന അന്വേഷണവും, വർത്തമാനകേരളീയാവസ്ഥകളിലൂടെ അവൾ നടത്തുന്ന യാത്രയും, സാധാരണക്കാരുടെ ജീവിതത്തിനുമേല്‍ ഭരണകൂടം സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളുടെ തീവ്രവിവരണവുമാണ് ചിത്രത്തിന്റെ പ്രമേയം. ഭരണകൂടത്തെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹമാകുന്ന, പാവപ്പെട്ട ആദിവാസികളെ സഹായിച്ചാല്‍ രാജ്യദ്രോഹമാകുന്ന, പരിസ്ഥിതിക്കു വേണ്ടി സംസാരിച്ചാല്‍ രാജ്യദ്രോഹമാകുന്ന കാലത്ത് രണ്ടു വഴികളാണ് മുൻപിൽ നിൽക്കുന്നത്. ഒന്നുകിൽ അവർക്കൊപ്പം നിൽക്കുക അല്ലെങ്കിൽ നിശ്ശബ്ദരാകുക. ഹുസൈൻ സ്വീകരിച്ച വഴി ആദ്യത്തേതായിരുന്നു. അതിനെ തുടർന്ന് ഒരിക്കൽ എവിടെയോ വെച്ച് അയാൾക്ക് തിരോധാനം സംഭവിക്കുന്നയിടത്ത് നിന്ന് വിദേശത്തെ കോളേജിൽ ഗവേഷണ വിദ്യാർത്ഥിയായ ജഹന്നാര തുടങ്ങി വെക്കുന്ന അന്വേഷണത്തിൽ നിന്നാണ് കഥ തുടങ്ങുന്നത്. ഉപ്പയെ കാണാൻ പറ്റാതെ വരുമ്പോൾ അവളനുഭവിക്കുന്ന മാനസികാവസ്ഥയിൽ, കാണാതെ പോയ ആളുടെ മകളെന്ന ഏറ്റവും കുറഞ്ഞ പരിഗണന പോലും നിഷേധിക്കപ്പെട്ടു കൊണ്ട്  വേണ്ടപ്പെട്ടവരിൽ നിന്നു പോലും ഒറ്റപ്പെടുന്നുവെങ്കിലും അവൾ ഉപ്പ പകർന്ന് തന്ന മനുഷ്യസ്നേഹത്തിന്റെ കൊടിയടയാളവുമായി അദ്ദേഹത്തെ അന്വേഷിച്ചിറങ്ങുകയാണ് സുഹൃത്തിനൊപ്പം.

സ്വയം ടിക്കറ്റ് വിറ്റ് സിനിമ കാണിക്കാനിറങ്ങി; ഒടുവില്‍ പ്രിയനന്ദനന്റെ ‘പാതിരാക്കാലം’ ഏറ്റെടുത്ത് കാർണിവൽ സിനിമാസ്

യാത്രയുടെ തുടക്കത്തിൽ തന്നെ അവൾക്കിടയിലെ അഞ്ചു വർഷത്തിനിടയിൽ കേരളത്തിന് വന്ന മാറ്റത്തെ ജഹന്നാര തിരിച്ചറിയുന്നുണ്ട്. നമ്മിൽ നിന്നു ദിനംപ്രതി തട്ടികൊണ്ടു പോകുന്ന മണ്ണ്, ജലം, സ്വാതന്ത്യം എന്നിവയെ കുറിച്ച്, ജഹന്നാരയും സുഹൃത്തും നടത്തുന്ന ആദിവാസി ജീവിതങ്ങൾക്കിടയിലെ കാഴ്ചകളിലൂടെയും, കലാപം അട്ടിമറിച്ച ദേശത്തിലെ അനുഭവങ്ങളിലൂടെയും, ബഹുരാഷ്ട്ര കമ്പനിയായ കൊക്കാ കോള നടത്തിയ ജലചൂഷണത്തിന് ബലിയാടാകേണ്ടി വന്ന നാടിന്റെ ജീവിതത്തിലൂടെയും ബോധ്യപ്പെടുന്നു. ഒരിക്കൽ അതിൽ ഇടപെടുന്ന/ചോദ്യം ചെയുന്ന ഹുസൈന്റെ തിരോധനത്തിലൂടെ ജഹന്നാര നടത്തുന്ന യാത്രക്കിടെ, ഉത്തരവാദിത്തം മറന്നു കൊണ്ട് ആക്രോശങ്ങളോടെ അധികാരം നിലർനിർത്താനുള്ള പൊലീസിന്റെ ശ്രമവും, മതേതര ജനാധിപത്യ രാജ്യത്തെ  മതവർഗീയതകളുടെ വിരാട് രൂപവും കാണിക്കുന്നുണ്ട്.

ആണിനും പെണ്ണിനും ഇടയിലെ ഏതൊരു ബന്ധത്തിനും മുകളിൽ ഏറ്റവും ഒടുക്കം കല്‍പ്പിച്ചു വെച്ച പൊതുബോധത്തിന്റെ പൊതുധാരണയായ ലൈംഗികതയെ പലയിടങ്ങളിലായി, പലപ്പോഴായി ജഹന്നാരയിലൂടെ സംവിധായകൻ ചോദ്യം ചെയ്യാൻ ശ്രമിക്കുന്നുണ്ട്. വയനാടൻ യാത്രക്കിടയിലെ രാത്രിയിലാണ് സുഹൃത്തിനോടൊപ്പം മുറി എടുക്കാൻ പോകുന്ന ജഹന്നാര നേരിടേണ്ടി വരുന്നതും അത്തരം കേരളീയ പൊതുബോധത്തിന്റെ സംശയക്കണ്ണുകളാണ്. അന്യന്റെ വേദന ഹരം കൊള്ളിക്കുന്ന, അത്തരം വേദനകൾ ആർക്കും വേദനയല്ലാതാകുന്ന കാലത്തെ കേരളസമൂഹത്തെ കാഴ്ചക്കാരിയായി അവൾക്ക് നോക്കി നിൽക്കേണ്ടി വരുന്നുണ്ട് പലയിടങ്ങളിലും. ജലക്ഷാമം അസാധാരണമാംവിധം പിടിമുറുക്കിയ, ബഹുരാഷ്ട്ര കമ്പനിയുടെ ജലചൂഷണത്തിനിരകളായ, അതിജീവനം ഇതുവരെയും നേരിട്ടിട്ടില്ലാത്ത, അരിയിടാൻ വെള്ളമില്ലാതെ ഒരു നേരത്തെ വിശപ്പ്‌ മാറ്റാൻ എലികളെ തിന്നേണ്ടി വരുന്നവരുടെ ഗതികെട്ട നാട്ടിൽ ജഹന്നാരയുടെ സഞ്ചാരം ചെന്നവസാനിപ്പിക്കുമ്പോൾ കേരളത്തിന്റെ രാഷ്‌ട്രീയം ഇതുവരെ സഞ്ചരിച്ചയത്രയും ദൂരം വെറും 132 മിനുറ്റ് കൊണ്ട് ജഹന്നാരയിലൂടെ സംവിധായകൻ സ്ക്രീനില്‍ നമുക്ക് കാണിച്ചു തരികയാണ് ചെയ്യുന്നത്.

പാതിരാകാലവുമായി പ്രിയനന്ദനന്‍/അഭിമുഖം

എന്നാൽ ജഹന്നാര മുതൽ ആദിവാസി മൂപ്പൻ, കടലോരവാസികൾ തുടങ്ങി എല്ലാവരും പ്രാദേശിക ഭാഷയിൽ നിന്നും വിട്ടു നിന്നു കൊണ്ട് ഒരേ ഭാഷ ഉപയോഗിക്കുന്നു എന്നത് അവിശ്വസനീയമായി കാഴ്ചക്കാരിൽ നിൽക്കുന്നു. സ്ത്രീ കഥാപാത്രത്തെ മുൻ നിർത്തി ചെയ്ത, സ്ത്രീ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ജഹന്നാരയെ അവതരിപ്പിച്ചത് മൈഥിലിയാണ്. തീർച്ചയായും മൈഥിലിയുടെ കരിയറിലെ ഏറ്റവും മികച്ചതും, കരുത്തുറ്റതുമായ കഥാപാത്രമാണ് പാതിരാക്കാലത്തിലേത്. അസാമാന്യ പ്രകടനവുമായാണ് മൈഥിലി ആദ്യാവസാനം വരെ ഈ ചിത്രത്തെ മുൻപോട്ട് നയിക്കുന്നത്. സഹയാത്രികനും സുഹൃത്തുമായ കലേഷ് കണ്ണാട്ട്, ഇന്ദ്രൻസ്, ബാബു അന്നൂർ, ശ്രീജിത് രവി തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളെ നന്നായി കൈകാര്യം ചെയ്തു. സംവിധായകൻ പ്രിയനന്ദനന്റെ മകനും ഛായാഗ്രാഹകനുമായ അശ്വഘോഷൻ സ്വതന്ത്ര ഛായാഗ്രാഹകനാകുന്ന പാതിരാക്കാലത്തിലൂടെ ഛായാഗ്രഹണത്തിൽ പുതിയ പ്രതീക്ഷ നൽകിയിരിക്കുന്നു.

അച്ഛന്റെ സിനിമയ്ക്ക് മകന്റെ ക്യാമറ; ഛായാഗ്രാഹകന്‍ അശ്വഘോഷന്‍/അഭിമുഖം

ഇന്ത്യയെ ഒരു ഫാസിസ്റ് ഭരണകൂടത്തിന് കീഴില്‍ കൊണ്ടുവരാനുള്ള പോലീസിന്റെയും, പ്രതിനിധികളുടെയും ശ്രമങ്ങൾ അക്രമാസക്തമായിരിക്കുന്നു എന്ന് ഓർമിപ്പിക്കുന്നതാണ് ഈ ചിത്രം. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഭരണകൂടത്തോടുള്ള പ്രതിഷേധവുമായാണ് പാതിരാക്കാലം പ്രേക്ഷകർക്ക് മുന്‍പിലെത്തുന്നത്.

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍