TopTop
Begin typing your search above and press return to search.

രമ്യ നമ്പീശനെ ഫോണ്‍ വിളിച്ചു, പള്‍സര്‍ സുനി ചെയ്തതിനെല്ലാം ഉത്തരവാദി; ദിലീപിന്റെ പ്രതീക്ഷകള്‍ തകര്‍ത്ത് പ്രോസിക്യൂഷന്‍

രമ്യ നമ്പീശനെ ഫോണ്‍ വിളിച്ചു, പള്‍സര്‍ സുനി ചെയ്തതിനെല്ലാം ഉത്തരവാദി; ദിലീപിന്റെ പ്രതീക്ഷകള്‍ തകര്‍ത്ത് പ്രോസിക്യൂഷന്‍

ഇത്തവണ ഏറെ പ്രതീക്ഷയോടെയാണ് ദിലീപും സംഘവും ജാമ്യ വിധിക്കായി കാത്തിരുന്നത്. പക്ഷേ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നുണ്ടായ വിധി ദിലീപിനെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തു. ഗൂഢാലോചന കുറ്റത്തിന് അറസ്റ്റിലായതിനു പിന്നാലെ ആദ്യം ജാമ്യ ഹര്‍ജി നല്‍കിയ അതേ കോടതിയിലാണ് നാലാം തവണയും രാമന്‍പിള്ള എന്ന വിദഗ്ധനായ അഭിഭാഷകന്റെ കൈകളാല്‍ ദിലീപ് ജാമ്യ ഹര്‍ജി നല്‍കിയത്. മുന്‍പത്തേക്കാള്‍ കൂടുതല്‍ കൃത്യതയോടെ കാര്യങ്ങള്‍ വിശദീകരിച്ചായിരുന്നു ഇത്തവണ പോയത്. ഹൈക്കോടതിയില്‍ തന്നെ മൂന്നാം തവണയും ജാമ്യത്തിന് അപേക്ഷിക്കുമെന്നു കരുതിയിടത്താണ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് പോയത്. സ്വാഭാവിക ജാമ്യമായിരുന്നു ഇത്തവണത്തെ ആവശ്യം.

റിമാന്‍ഡ് കാലാവധി 60 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ഇത്തവണ ജാമ്യാപേക്ഷ നല്‍കിയത്. അറുപത് ദിവസം എന്നത് ഒരനുകൂലഘടകമാകുമെന്നായിരുന്നു പ്രതീക്ഷ. ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത് ഇപ്രകാരമായിരുന്നു; നടിയുടെ നഗ്നചിത്രം എടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് പൊലീസ് തനിക്കുമേല്‍ ചുമത്തിയിരിക്കുന്നത്. എന്നാല്‍ കൂട്ടമാനഭംഗക്കുറ്റം തനിക്കുമേല്‍ ഇല്ല. ക്രിമിനല്‍ നടപടിച്ചട്ടം 376 (രണ്ട്) പ്രകാരമുള്ള കൂട്ടമാനഭംഗക്കുറ്റം തന്റെ പേരില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ മാത്രമാണ് 90 ദിവസത്തെ റിമാന്‍ഡ് കാലാവധി പ്രസക്തമാകുന്നുള്ളൂ. ഇപ്പോള്‍ ചുമത്തിയിരിക്കുന്നത് പത്തുവര്‍ഷത്തില്‍ താഴെ ശിക്ഷ കിട്ടാവുന്നതാണ്. അതിനാല്‍ തന്നെ റിമാന്‍ഡ് കാലാവധി 60 ദിവസം പിന്നിട്ടാല്‍ സ്വാഭാവിക ജാമ്യത്തിന് തനിക്ക് അവകാശമുണ്ട്. നിലവിലെ സാഹചര്യത്തില്‍ തനിക്ക് ജാമ്യം നിഷേധിക്കാന്‍ കാരണങ്ങളില്ല... ഇങ്ങനെ പോയി വാദം.

സ്വാഭാവികമായും ഈയൊരു വാദം കോടതി പരിഗണിക്കുമെന്നും കേസ് അന്വേഷണം നീട്ടിക്കൊണ്ടുപോവുകയാണോ എന്ന ഹൈക്കോടതി പരാമര്‍ശം കൂടി പരിഗണിച്ച് പൊലീസ് തന്നെ മനഃപൂര്‍വം കുരുക്കിയിട്ടിയിരിക്കുകയാണെന്ന വാദം അംഗീകരിക്കുമെന്നും ദിലീപ് കരുതിയിരുന്നു. ചുരുക്കി പറഞ്ഞാല്‍ തന്റെ സിനിമയുടെ റിലീസിനു മുമ്പ് ജയിലില്‍ നിന്നുള്ള തന്റെ റിലീസ് സാധ്യമാകുമെന്നു തന്നെ നടന്‍ വിശ്വസിച്ചിരുന്നു.

നാലാം തവണ പിഴയ്ക്കില്ലെന്ന വിശ്വാസം ദിലീപിന് മാത്രമല്ല, ചലച്ചിത്ര മേഖലയില്‍ ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളുമെല്ലാം വിശ്വസിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ ജയില്‍ സന്ദര്‍ശനങ്ങളും പ്രസ്താവനകളും ലേഖനങ്ങളുമെല്ലാം ഈയൊരു വിശ്വാസത്തിന്റെ പുറത്തായിരുന്നുവെന്നുവേണം കരുതാന്‍. ഇതിനൊപ്പം ദിലീപിന്റെ ജയില്‍ മോചനം ഏറെ പ്രതീക്ഷിച്ചിരുന്നവര്‍ അദ്ദേഹത്തിന്റെ ആരാധകര്‍ ആയിരുന്നു. സോഷ്യല്‍ മീഡിയയില്‍ അതിന്റെ തെളിവുകള്‍ ധാരാളം ഉണ്ടായിരുന്നു. നടന്റെ പുതിയ ചിത്രമായ രാമലീലയുടെ റിലീസ് പ്രഖ്യാപനം പോലും ജാമ്യം ലഭിക്കുമെന്ന വിശ്വാസത്തിന്റെ പുറത്തായിരുന്നുവെന്നാണ് പറയുന്നത്.

അതേസമയം മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും നടന്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ അതേറ്റവും വലിയ തിരിച്ചടി അന്വേഷണ സംഘത്തിനു തന്നെയാകുമായിരുന്നു. ഹൈക്കോടതി, കേസ് അന്വേഷണത്തെ കുറിച്ച് ചെറിയ തോതിലുള്ള അതൃപ്തി വാക്കാല്‍ പരാമര്‍ശിക്കുകയും പിന്നാലെ നടന് ജാമ്യം ലഭിക്കുകയും ചെയ്താല്‍ തനിക്കെതിരേ ഗൂഢാലോചന നടക്കുന്നുണ്ടെന്ന നടന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്നും അതില്‍ അന്വേഷണ സംഘത്തിനും പങ്കുണ്ടെന്ന ആക്ഷേപം ശരിയാണെന്നും വരുത്തി തീര്‍ക്കാന്‍ ജാമ്യത്തിനു കഴിയുമായിരുന്നു. അകാരണമായാണ് താനിതുവരെ ജയിലില്‍ കിടന്നതെന്ന ദിലീപിന്റെ വാക്കുകള്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ അനുകൂലികളെ അദ്ദേഹത്തിനു നേടിക്കൊടുക്കുകയും ചെയ്യുമായിരുന്നു.

എന്നാല്‍ ഈ സാഹര്യങ്ങളെല്ലാം മുന്നില്‍ കണ്ടുകൊണ്ടു തന്നെയായിരുന്നു പ്രോസിക്യൂഷന്റെ വാദം. മുന്‍പ് ഹൈക്കോടതിയില്‍ നടന്ന പ്രതിഭാഗത്തിന്റെ വാദങ്ങളെ തളര്‍ത്താനും കോടതിയെ കാര്യങ്ങള്‍ ബോധിപ്പിക്കാനും കഴിഞ്ഞതുപോലെ തന്നെ ഇത്തവണയും പ്രോസിക്യൂഷന്‍ വിജയിച്ചു. ഹൈക്കോടതിയില്‍ പ്രതിഭാഗം ഉയര്‍ത്തിയ കാരണങ്ങളെ തെളിവുകള്‍ നല്‍കിയാണ് പ്രോസിക്യൂഷന്‍ പ്രതിരോധിച്ചത്. അടച്ചിട്ട കോടതിയില്‍ നല്‍കിയ തെളിവുകള്‍ ഗൗരവമുള്ളതു തന്നെയായിരുന്നു. ഗൂഢാലോചനയില്‍ നടന്റെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്നതും അതില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നും പേരുകള്‍ സഹിതം പ്രോസിക്യൂഷനു തെളിവുകള്‍ നല്‍കാന്‍ കഴിഞ്ഞു. ഇവിടെയും അതേ കാര്യങ്ങള്‍, കൂടുതലായി തന്നെ പ്രോസിക്യൂഷനു കോടതിയെ ബോധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്നതിന്റെ ഫലമായിരുന്നു ഇന്നുണ്ടായ ജാമ്യം തള്ളല്‍.

ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ നീക്കാന്‍ നടനു കഴിയുമെന്നു കോടതിയെ ബോധിപ്പിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞു. പ്രമുഖരായവര്‍ ഉള്‍പ്പെടെ ജയിലില്‍ വന്നു നടനെ കാണുകയും പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയുമൊക്കെ ചെയ്തത് അദ്ദേഹത്തിനു തന്നെ തിരിച്ചടിയായെന്നും അനുമാനിക്കുന്നു.

കേസ് അന്വേഷണം നീളുന്നുവെന്ന ആക്ഷേപത്തെയും പ്രതിരോധിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചു. ദിലീപിനെതിരേ കൂട്ടമാനഭംഗം അടക്കമുള്ള കുറ്റങ്ങളാണ് നിലനില്‍ക്കുന്നതെന്നും അന്വേഷണം പൂര്‍ത്തിയാക്കാന്‍ 90 ദിവസം വരെ സമയമുണ്ടെന്നും ഇതിനിടയില്‍ നടന്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. ഈ വാദം മാത്രമല്ല, തെളിവുകള്‍ തന്നെയാണ് ഇന്നും ദിലീപിനു ജയിലിനു പുറത്തിറങ്ങാന്‍ വഴിയൊരുക്കാതിരുന്നതെന്നതാണ് വാസ്തവം.

നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി ദിലീപ് നടി രമ്യ നമ്പീശന്റെ വീട്ടിലേക്ക് ഫോണ്‍ വിളിച്ചിരുന്നതായി പ്രോസിക്യൂഷന്‍ പറയുന്നു. രാത്രി പത്തുമണിയോടെ നടിയുടെ വീട്ടിലെ ലാന്‍ഡ് ഫോണിലേക്കാണ് വിളിച്ചത്. ഈ വിളി സംശയാസ്പദമാണ്. മാത്രമല്ല, രാത്രി 12.30 വരെ പലരുമായി ദിലീപ് ഫോണില്‍ സംസാരിച്ചിരുന്നു അന്നേ ദിവസം. ഇതെല്ലാം ദിലീപിനെ കൂടുതല്‍ സംശത്തിലാക്കുകയാണെന്നാണ് പ്രോസിക്യൂഷന്‍ പറഞ്ഞത്. ഇതിനെ പ്രതിഭാഗം പ്രതിരോധിച്ചത് സംഭവം അറിഞ്ഞതുകൊണ്ട് വിവരം മനസിലാക്കാനാണ് ദിലീപ് ഫോണ്‍ ചെയ്തതെന്നായിരുന്നു. ഈ വാദം കോടതിയംഗീകരിച്ചില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. ഹൈക്കോടതിയില്‍ കഴിഞ്ഞ തവണ ജാമ്യം പരിഗണിച്ചപ്പോള്‍ കിംഗ് ലയര്‍ എന്നാണ് പ്രോസിക്യൂഷന്‍ ദിലീപിനെ കുറ്റപ്പെടുത്തിയതെങ്കില്‍ ഇത്തവണ പറഞ്ഞത് പള്‍സര്‍ സുനി ചെയ്ത എല്ലാ കുറ്റങ്ങള്‍ക്കും ദിലീപും ഉത്തരവാദിയാണെന്നാണ്.

ഇനി ദിലീപിന്റെ മുന്നിലുള്ള വഴികള്‍ കൂടുതല്‍ ദുര്‍ഘടമാണ്. ഒരിക്കല്‍ കൂടി ഹൈക്കോടതിയെ സമീപിക്കുമെന്നു കരുതാം. പക്ഷേ അതെത്രമാത്രം ആത്മവിശ്വാസത്തോടെയായിരിക്കുമെന്നത് സംശയമാണ്. മജിസ്‌ട്രേറ്റ് കോടതിയില്‍ പറഞ്ഞ കാരണങ്ങള്‍ തന്നെയായിരിക്കണം ഹൈക്കോടതിയിലും പറയാന്‍ കഴിയുക. അതേസമയം പ്രോസിക്യൂഷന്‍ കൂടുതല്‍ തെളിവുകളുമായി നടനെ കുരുക്കുകയാണ്. ഇനി 22 ദിവസങ്ങള്‍ കൂടി അന്വേഷണസംഘത്തിനു മുന്നില്‍ ഉണ്ട്. അന്വേഷണം അവസാനഘട്ടത്തിലേക്ക് കടന്നുവെന്ന് പൊലീസ് അറിയിക്കുന്നത് കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നതിന്റെ അറിയിപ്പ് കൂടിയാണ്. ഒരുപക്ഷേ അടുത്ത ജാമ്യാപേക്ഷയുമായി നടന്‍ എത്തുന്നതിനു മുന്നേ കുറ്റപത്രവുമായി അന്വേഷണസംഘം കോടതിയില്‍ എത്തും. ആ കുറ്റപത്രത്തില്‍ നടന്‍ രണ്ടാം പ്രതിയായിരിക്കുമെന്ന സൂചനയാണുള്ളത്. അതായത് 20 വര്‍ഷം വരെ ജയിലില്‍ കിടക്കാവുന്ന കുറ്റങ്ങള്‍. എന്തായാലും ഇനിയുള്ള ദിനങ്ങള്‍ നടന് വളരെ നിര്‍ണായകമാണ്... കടന്നുപോയവയേക്കാള്‍.


Next Story

Related Stories