TopTop
Begin typing your search above and press return to search.

രക്ഷാധികാരി ബൈജുവിന്റെ കുമ്പളം ബ്രദേഴ്സ്; കുട്ടികള്‍ കളിക്കാത്ത നാടിനുള്ള ഓര്‍മപ്പെടുത്തലാണിത്

രക്ഷാധികാരി ബൈജുവിന്റെ കുമ്പളം ബ്രദേഴ്സ്; കുട്ടികള്‍ കളിക്കാത്ത നാടിനുള്ള ഓര്‍മപ്പെടുത്തലാണിത്

വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ക്കേ രഞ്ജന്‍ പ്രമോദ് തിരക്കഥ ഒരുക്കിയിട്ടുള്ളൂ എങ്കിലും മലയാളി സിനിമാ പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച എഴുത്തുകാരനാണ് അദ്ദേഹം. പത്മരാജന്റെ കള്ളന്‍ പവിത്രനോളം വരില്ലെങ്കിലും ചേക്കിലെ കള്ളന്‍ മാധവനും, അച്ചുവും അമ്മയും, പിന്നെ മോഹന്‍ലാലിന്റെ സ്വതസിദ്ധ പ്രകടനം കൊണ്ട് ബോക്സോഫീസ് അത്ഭുതമായ നരനും ഒക്കെ ഒരു എഴുത്തുകാരന്റെ കരസ്പര്‍ശനം പതിഞ്ഞ രചനകളായിരുന്നു. സത്യന്‍ അന്തിക്കാടിന്റെ തന്നെ മനസിനപ്പുറം, തിങ്കളാഴ്ച നല്ല ദിവസം പോലെ മനസിനെ നൊമ്പരപ്പെടുത്തിയ വാര്‍ദ്ധക്യത്തിന്റെ ആവിഷ്കാരം കൂടിയായിരുന്നു.

മറ്റുള്ളവര്‍ക്ക് എഴുതിക്കൊടുക്കുന്നത് അവസാനിപ്പിച്ച് ഫോട്ടോഗ്രാഫര്‍ എന്ന മോഹന്‍ ലാല്‍ ചിത്രം സംവിധാനം ചെയ്തുകൊണ്ട് രഞ്ജന്‍ പ്രമോദ് സംവിധാന നിരയിലേക്ക് കയറിയത് 11 കൊല്ലങ്ങള്‍ക്ക് മുന്‍പാണ്. നല്ല ചിത്രം എന്ന പേര് സമ്പാദിച്ചിട്ടും സിനിമയുടെ ബോക്സോഫീസ് പരാജയം രഞ്ജന്‍ പ്രമോദിന്റെ കരിയറിനെ ബാധിച്ചു. പിന്നീട് 7 വര്‍ഷങ്ങള്‍ക്ക് ശേഷം റോസ് ഗിത്താറിനാല്‍ എന്ന പുതുമുഖ ചിത്രവുമായി വന്നെങ്കിലും അതും ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ പുതിയ ബിജുമേനോന്‍ ചിത്രം രക്ഷാധികാരി ബൈജു (ഒപ്പ്) മീശമാധവനില്‍ നമ്മള്‍ കണ്ട രഞ്ജന്‍ പ്രമോദിനെ തിരിച്ചു കൊണ്ടുവന്നിരിക്കുന്നു എന്നുറപ്പിച്ചു പറയാം. ബിജുമേനോന്റെ അനായാസ പ്രകടനം കൊണ്ട് പ്രേക്ഷക പ്രീതി നേടിക്കൊണ്ടിരിക്കുന്ന ചിത്രം തീര്‍ച്ചയായും മലയാള സിനിമയിലെ രഞ്ജന്‍ പ്രമോദ് എന്ന കഴിവുറ്റ ചലച്ചിത്രകാരന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പായിരിക്കും എന്നുറപ്പിക്കാം.

"എല്ലാർക്കും അവരവരുടെ മക്കളെ എഞ്ചിനീയറും ഡോക്ടറുമാക്കണം. അതിനു കെട്ടിടങ്ങൾ വേണം, ആശുപത്രികൾ വേണം. രോഗികൾ വേണം. കളിച്ചു നടന്നാൽ രോഗികളുണ്ടാവില്ലല്ലോ അല്ലേ!" എന്ന കുമ്പളം ബൈജുവിന്റെ ചോദ്യം നമ്മുടെ പൊതുബോധത്തിന് മേല്‍ ഒരു ചാട്ടുളി പോലെയാണ് വന്നു പതിച്ചത്. നിര്‍ദ്ദോഷമായ തമാശകളിലൂടെ അന്ത്യം വരെ പ്രേക്ഷകരെ രസിപ്പിച്ച ഒരു സിനിമയ്ക്ക് ഇത്രയും ശക്തമായ ഒരു ട്വിസ്റ്റ് ഉണ്ടാകുമെന്ന് ആരും കരുതിയിരിക്കില്ല. കണ്ടുമറന്ന ഗ്രാമീണ ജീവിതത്തിന്റെ ഗൃഹാതുരതയും മധുരിക്കുന്ന ഓര്‍മ്മകളും പ്രണയവും ഹൃദയ ബന്ധങ്ങളും ഒക്കെ കൊണ്ട് തീയറ്റര്‍ വിട്ടാല്‍ മണിക്കൂറുകള്‍ മാത്രം ആയുസുണ്ടായേക്കാവുന്ന ഒരു സിനിമയ്ക്കാണ് മൂര്‍ച്ചയേറിയ ഒരു ചോദ്യത്തിലൂടെ സംവിധായകന്‍ ജീവന്‍ പകര്‍ന്നത്.

കുമ്പളം ബ്രദേഴ്സ് എന്ന ഗ്രാമീണ കാലാ കായിക ക്ലബ്ബിന്റെ ആത്മാവും പരമാത്മാവുമാണ് ബൈജു. സ്കൂളില്‍ പഠിക്കുന്ന ഒരു മകള്‍ ഉണ്ടെങ്കിലും ബൈജുവിന്റെ കൂട്ടുകാര്‍ എല്ലാം നാട്ടിലെ കുട്ടികളും യുവാക്കളുമാണ്. അവരോടൊപ്പം ക്രിക്കറ്റ് കളിച്ചും, ക്ലബിന്റെ വാര്‍ഷികാഘോഷം സംഘടിപ്പിച്ചും, നാടകം കളിച്ചും തല അജിത്തിന്റെ സിനിമയുടെ പുലര്‍ച്ചയുള്ള ആദ്യ പ്രദര്‍ശനം കാണാന്‍ പോയും ആഹ്ളാദകരമായ ജീവിതമാണ് ബൈജു നയിക്കുന്നത്. അമേരിക്കയില്‍ നിന്നു വന്ന ബാല്യകാല സുഹൃത്ത് പറയുന്നുണ്ട്, ഞാനാണ് ഏറ്റവും സന്തോഷവാനായ ആളെന്നാണ് കരുതിയത്. ഇപ്പോള്‍ എനിക്ക് മനസിലായി ലോകത്തിലെ ഏറ്റവും സന്തോഷവനായ മനുഷ്യന്‍ ബൈജുവാണെന്ന്. കൂട്ടുകാരായ കുട്ടികളുടെ എന്താവശ്യത്തിന് ബൈജു കൂടെയുണ്ടാകും. ക്രിക്കറ്റ് കളിയില്‍ വലിയ ജ്ഞാനമൊന്നും ഇല്ലെങ്കിലും കുമ്പളം ബ്രദേഴ്സ് ടീമിന്റെ ക്യാപ്റ്റനാണ് അദ്ദേഹം. ടീമിലെ മികച്ച കളിക്കാരനായ പയ്യന് രഞ്ജി സെലെക്ഷന്‍ കിട്ടിയപ്പോള്‍ ക്രിക്കറ്റ് കിറ്റ് വാങ്ങിക്കാനുള്ള പണം കൊടുക്കുന്നത് ബൈജു, പ്രോവിഡന്‍റ് ഫണ്ടില്‍ നിന്ന് ലോണെടുത്തിട്ടാണ്. അതും വീട്ടുകാര്‍ അറിയാതെ. മകനെ ഡോക്ടറോ എഞ്ചിനീയറോ ആക്കാന്‍ വേണ്ടി മിനക്കെടുന്ന പയ്യന്റെ പലിശക്കാരനായ അച്ഛന്‍ വീട്ടില്‍ വന്ന് ചീത്ത പറയുമ്പോഴാണ് വീട്ടുകാര്‍ കാര്യം അറിയുന്നതു തന്നെ.

വൈകുന്നേരങ്ങളില്‍ ബൈജുവും സംഘവും ഒത്തുകൂടുന്ന കളിക്കളത്തിലാണ് സിനിമയുടെ ഭൂരിഭാഗവും. അവിടെ നടക്കുന്ന തമാശകളും കഥകളുമൊക്കെയാണ് സിനിമയെ നയിക്കുന്നത്. ഒടുവില്‍ ആ കളിക്കളത്തിന് സംഭവിക്കുന്ന ദുരന്തമാണ് സിനിമയെ നോവുന്ന അനുഭവമാക്കി മാറ്റുന്നതും.

നഷ്ടപ്പെട്ടു പോകുന്ന നമ്മുടെ നാട്ടിടങ്ങളെ കുറിച്ചും കൂട്ടായ്മകളെ കുറിച്ചുമുള്ള ഹൃദയസ്പൃക്കായ ആഖ്യാനമാണ് രക്ഷാധികാരി ബൈജു. കളിക്കളങ്ങള്‍ ഇല്ലാത്ത, കുട്ടികള്‍ കളിക്കാത്ത നാടിനെ എന്താണ് കാത്തിരിക്കുന്നത് എന്ന ഭീതിപ്പെടുത്തുന്ന ചോദ്യം ചിത്രമുയര്‍ത്തുന്നുണ്ട്. നാട്ടിലെ കൂട്ടായ്മകളെ മതസംഘടനകള്‍ ഹൈജാക്ക് ചെയ്യുന്ന കാലത്താണ് കുമ്പളം ബ്രദേഴ്സ് പോലുള്ള മതേതര ഇടത്തെ ഓര്‍മ്മിപ്പിച്ച് കൊണ്ട് രഞ്ജന്‍ പ്രമോദ് വരുന്നത് എന്നതാണ് ഈ ചിത്രത്തിന്റെ രാഷ്ട്രീയ പ്രാധാന്യം.

കുട്ടികളെ വ്യക്തികളായി പരിഗണിക്കാതിരുന്ന മലയാള മുഖ്യധാര സിനിമ ഇടത്തിലേക്ക് അവര്‍ക്ക് വേണ്ടി ചില സിനിമകള്‍ ഉണ്ടാകുന്നു എന്നതാണ് സന്തോഷകരമായ കാര്യം. സ്കൂള്‍ ബസ്, ഗപ്പി, ആന്‍മരിയ കലിപ്പിലാണ്, ജോ ആന്ഡ് ദി ബോയ്, എബി തുടങ്ങിയ ചിത്രങ്ങള്‍ സമീപകാല ഉദാഹരണങ്ങളാണ്. ഈ കൂട്ടത്തില്‍ കുട്ടികളുടെ മനസിനെ തൊടാന്‍ ശ്രമിക്കുന്ന ഒരു സിനിമ എന്ന നിലയില്‍ രക്ഷാധികാരി ബൈജുവിന് പ്രസക്തിയുണ്ട്. ഫോട്ടോഗ്രാഫറില്‍ ആദിവാസി ബാലനായ മണിയെ മോഹന്‍ ലാലിനൊപ്പം തുല്യ കഥാപാത്രമായി അവതരിപ്പിച്ച സംവിധായകനാണ് രഞ്ജന്‍ പ്രമോദ് എന്നതും ഓര്‍ക്കുക.

നിറയെ പുതുമുഖങ്ങള്‍ ഉള്ള ചിത്രം എന്ന നിലയില്‍ പുതുമയുള്ള കാഴ്ചാനുഭവം നല്കുന്നുണ്ട് ഈ ചിത്രം. ബിജുമേനോന്‍, അജുവര്‍ഗ്ഗീസ്, അലന്‍സിയര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, ജനാര്‍ദ്ദനന്‍ തുടങ്ങി വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ പരിചിതരായുള്ളൂ. മറ്റുള്ളവരില്‍ ചെറിയ കുട്ടികള്‍ മുതല്‍ ഓരോ ചെറു സീനില്‍ വന്നു പോകുന്നവര്‍ പോലും മനസില്‍ തട്ടുന്ന പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.

നിരവധി കഥാപാത്രങ്ങള്‍ ഉണ്ടെങ്കിലും ബിജുമേനോന്‍ ആത്യന്തം നിറഞ്ഞു നില്‍ക്കുന്ന ചിത്രമാണ് രക്ഷാധികാരി. ഹാസ്യവും ഗൌരവവും നന്നായി മിക്സ് ചെയ്ത് അവതരിപ്പിക്കുന്നതില്‍ തന്നെ വെല്ലാന്‍ മലയാള സിനിമയില്‍ അധികമാരും ഇല്ലെന്നു ഒരിക്കല്‍ കൂടി തെളിയിക്കുന്നുണ്ട് ബിജുമേനോന്‍ ഈ കഥാപാത്രത്തിലൂടെ. സഹജീവികളോടുള്ള ബൈജുവിന്റെ എല്ലാ സ്നേഹവും കരുതലും ആവിഷ്ക്കരിക്കാനും തന്റെ ഉള്ളിലെ സംഘര്‍ഷങ്ങള്‍ പ്രേക്ഷകര്‍ക്ക് അനുഭവിപ്പിക്കാനും ബിജുമേനോന് സാധിച്ചിട്ടുണ്ട്.

ഇതില്‍ എടുത്തു പറയേണ്ട ചിലര്‍ അലന്‍സിയര്‍, ജനാര്‍ദ്ദനന്‍, അജുവിന്റെ പിന്നാലെ പ്രണയാഭ്യര്‍ത്ഥനയുമായി നടക്കുന്ന പെണ്‍കുട്ടി തുടങ്ങിയവരുടെ പ്രകടനങ്ങളാണ്. കൂടാതെ അമേരിക്കയില്‍ നിന്നെത്തുന്ന കുമ്പളം ബ്രദേഴ്സ് സ്ഥാപകാംഗം ദിലീഷ് പോത്തന്‍റെ കഥാപാത്രം എടുത്തു പറയേണ്ടുന്ന ഒന്നാണ്.

വികസനത്തിന്റെ ബുള്‍ഡോസര്‍ പാച്ചിലില്‍ നഷ്ടപ്പെട്ടുപോകുന്ന ഗ്രാമീണ നന്മകളെയും അതിന്റെ കാവലാളുകളായ ഒരു കൂട്ടം മനുഷ്യരെയും ഓര്‍മ്മപ്പെടുത്തല്‍ പോലെ അവതരിപ്പിച്ച രഞ്ജന്‍ പ്രമോദും ടീമും വലിയ കയ്യടി അര്‍ഹിക്കുന്നുണ്ട്.


Next Story

Related Stories