TopTop
Begin typing your search above and press return to search.

ഹിച്ച്ക്കി; ശാരീരിക വെല്ലുവിളികളെ കരച്ചിലും കോമഡിയുമല്ലാതെ പറയാന്‍ ഇന്ത്യന്‍ സിനിമ പഠിച്ചു തുടങ്ങിയിരിക്കുന്നു

ഹിച്ച്ക്കി; ശാരീരിക വെല്ലുവിളികളെ കരച്ചിലും കോമഡിയുമല്ലാതെ പറയാന്‍ ഇന്ത്യന്‍ സിനിമ പഠിച്ചു തുടങ്ങിയിരിക്കുന്നു

റാണി മുഖർജി ചെറിയൊരു ഇടവേളയ്ക്കു ശേഷം വെള്ളിത്തിരയിൽ എത്തുന്ന സിനിമ എന്നതായിരുന്നു ആദ്യ ഘട്ടത്തിൽ ഹിച്ച്ക്കിയെ ശ്രദ്ധേയമാക്കിയ കാര്യം. സിദ്ധാർഥ് മൽഹോത്രയുടെ ഈ സംവിധാന സംരംഭത്തിന് സംവിധായകനടക്കം നാല് പേർ ചേർന്നാണ് കഥയും തിരക്കഥയും എഴുതിയത്. ലോക പ്രശസ്ത അധ്യാപകനും മോട്ടിവേഷണൽ സ്പീക്കറുമാണ് അമേരിക്കക്കാരനായ ബ്രാഡ് കോഹൻ. റ്റിയൂററ്റസ് സിൻഡ്രോം എന്ന കടുത്ത സംസാര വൈകല്യത്തെ ഇച്ഛാശക്തി കൊണ്ട് മറികടന്നാണ് കോഹൻ അധ്യാപകനും പ്രാസംഗികനും ആയത്. മരണം വരെ പരിഹാരമില്ലാത്ത ഒരു ഞരമ്പ് തകരാറാണ് റ്റിയൂററ്റസ് സിൻഡ്രോം. തലച്ചോറിലെ ഞരമ്പുകൾ അനിയന്ത്രിതമായി വലിയുന്നതും പേശികൾ ഇതുമൂലം അപ്രതീക്ഷിതമായി ചലിക്കുന്നതുമാണ് രോഗ കാരണം. നമ്മുടെ നിയന്ത്രണത്തിൽ അല്ലാത്ത ശബ്ദങ്ങൾ നമ്മളിൽ നിന്നും ഈ രോഗം മൂലം പുറത്തുവരുന്നു. തൊണ്ടക്കു കടുത്ത വേദനയും ഉണ്ടാവുന്നു. മറ്റു പ്രവർത്തനങ്ങളെയോ ബുദ്ധിയെയോ ബാധിക്കാത്ത പരിഹാരമില്ലാത്ത ഈ രോഗത്താൽ താൻ എങ്ങനെയെല്ലാം അപമാനിക്കപ്പെട്ടു എന്നും ഒരു അധ്യാപകൻ ആകുക എന്ന തന്റെ സ്വപ്നത്തെ ഈ രോഗം എങ്ങനെയെല്ലാം തടയിടാൻ ശ്രമിച്ചു എന്നും എല്ലാത്തിനെയും മറികടന്നു താൻ എങ്ങനെ തന്റെ സ്വപ്നങ്ങൾക്ക് പുറകെ പോയി എന്നും ബ്രാഡ് കോഹൻ 'ഫ്രന്റ് ഓഫ് ദി ക്ലാസ്സിൽ' പറയുന്നുണ്ട്. ലോകത്താകമാനം പ്രേക്ഷകർ കണ്ട ടി വി സിനിമയാണ് 2008 ൽ പുറത്തിറങ്ങിയ ഫ്രന്റ് ഓഫ് ദി ക്ലാസ്. കോഹന്റെ ആത്മകഥാംശമുള്ള പുസ്തകത്തിന്‍റെ സ്വന്തന്ത്ര പുനരാവിഷ്കാരമാണ് ഹിച്ച്ക്കി.

ബ്രാഡ് കോഹന്റെ അനുഭവ പരിസരത്തിൽ കൂടി കടന്നു പോകുന്ന ഇന്ത്യക്കാരിയായ ടീച്ചറുടെ അനുഭവങ്ങൾ എന്തൊക്കെയാവും എന്ന രസകരമായ അന്വേഷണമാണ് ഹിച്ച്ക്കി. നൈന മാധുർ (റാണി മുഖർജി)കുട്ടികാലം മുതൽ റ്റിയൂററ്റസ് സിൻഡ്രോം കാരണം പുറത്തു വരുന്ന ശബ്ദങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന ആളാണ്. ഈ ശബ്ദങ്ങൾ കാരണം ഒരു ഡസൻ സ്കൂളുകളിൽ നിന്ന് പുറത്താക്കിയതും നിരന്തരം അപമാനിക്കപ്പെട്ടതും ഒക്കെയാണ് നൈനയുടെ കുട്ടിക്കാല ഓർമ്മകൾ. അമ്മയുടെയും അച്ഛന്റെയും വിവാഹമോചനവും തന്നെ ഭാരമായി കരുതുന്ന അച്ഛനും ഒക്കെ നൈനക്ക് വിഷമങ്ങൾ ഉണ്ടാവുന്നു. ബി എഡ് എടുത്തു അദ്ധ്യാപിക ആകുക എന്ന സ്വപ്നത്തിനു പുറകെ പോകുകയാണ് നൈന. ഉയർന്ന അക്കാദമിക് യോഗ്യത ഉണ്ടായിട്ടും സംസാര വൈകല്യത്തിന്റെ പേരിൽ നൈന പോയിടത്തു നിന്നെല്ലാം പുറന്തള്ളപ്പെടുന്നു. അപ്രതീക്ഷിതമായാണ് തന്റെ കുട്ടിക്കാലത്തെ നല്ല ഓർമകളുടെ കൂടി ഭാഗമായ നഗരത്തിലെ വലിയ സ്‌കൂളുകളിൽ ഒന്നായ സെയ്ന്‍റ് നോട്ട്റിക്ക് സ്‌കൂളിൽ നിന്നും നൈനക്ക് അധ്യാപികയാകാൻ ക്ഷണം ലഭിക്കുന്നത്. ഏറെ സന്തോഷത്തോടെ അവിടെ പോയ നൈനയെ കാത്തിരുന്നത് അപ്രതീക്ഷിതമായ ജോലി ആയിരുന്നു. മാനേജ്മെന്റിലെ ഒരു വിഭാഗത്തിനും സഹ അധ്യാപകരിൽ ചിലർക്കും നൈനയുടെ നിയമനത്തോട് എതിർപ്പുണ്ടായിരുന്നു. ഇതിനെയൊക്കെ മറികടന്നു നൈന വെല്ലുവിളി ഏറ്റെടുക്കുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളും ആണ് ഹിച്ച്ക്കി.

നൈന എന്ന ഇന്ത്യൻ സ്ത്രീയുടെ ജീവിതമായി അമേരിക്കക്കാരനായ ബ്രാഡ് കോഹന്റെ ജീവിതം മാറ്റുമ്പോൾ എന്തൊക്കെ സംഭവിക്കും എന്ന കൗതുകം തന്നെയാണ് ഹിച്ച്ക്കി നല്ലൊരു കാഴ്ച്ചാനുഭവമായി മാറ്റുന്നത്. പ്രാഥമികമായി സിനിമ സംസാരിക്കുന്നതും നൈനയുടെ ശാരീരികാവസ്ഥയെ പറ്റിയാണ്. പക്ഷെ അതിനൊപ്പം തന്നെ പ്രാധാന്യത്തോടെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പരിമിതികളെ കുറിച്ചും ഹിച്ച്ക്കി പറയുന്നു. ഒരു ചേരിയിലെ കുട്ടികൾ നിർബന്ധിത സാഹചര്യത്തിൽ നഗരത്തിലെ വലിയൊരു പബ്ലിക്ക് സ്കൂളിൽ പഠിക്കാൻ എത്തുന്നു. വലിപ്പ ചെറുപ്പങ്ങൾ ഏറ്റവുമധികം ഉള്ളത് അവിടത്തെ അധ്യാപകർക്കാണ്. അത്തരം ഒരു അവസ്ഥ സ്കൂൾ ജീവിതത്തിൽ കണ്ടോ കേട്ടോ അനുഭവിക്കാതെയോ കടന്നു പോയവർ കുറവാകും. പഠിക്കുന്ന കുട്ടി/പഠിക്കാത്ത കുട്ടി എന്ന പ്രാഥമിക വേർതിരിവ് മുതൽ അധ്യാപകർ കുട്ടികളെ അറിഞ്ഞും അറിയാതെയും ശീലിപ്പിക്കുന്ന എത്രയോ വേർതിരിവുകൾ ഉണ്ട്. ജാതി പറഞ്ഞ അധ്യാപകർ, ഭിന്നശേഷികളെ കളിയാക്കിയ അധ്യാപകർ, ദാരിദ്ര്യത്തെ അപഹസിച്ച അധ്യാപകർ, സാമൂഹ്യ സാഹചര്യങ്ങളെ പരദൂഷണ വിഷയമാക്കിയ അധ്യാപകർ തുടങ്ങി സംഭവങ്ങൾ നമ്മളിൽ പലർക്കും കേവല വാർത്ത മാത്രം അല്ലല്ലോ. വിദ്യാഭ്യാസം എന്നാൽ സിലബസിൽ കുറെ പാഠങ്ങൾ തലമുറകൾക്കു കാണാപാഠം പഠിപ്പിച്ചു മാർക്ക് വാങ്ങി കൊടുക്കൽ ആണ് എന്ന ബോധ്യത്തിൽ നിന്നും ഇന്നും ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗം പോലും മുക്തമല്ല. ഇന്നും ഡോക്ടറോ എഞ്ചിനിയറോ ഏറിയ പങ്ക് ടീച്ചറോ ആവാൻ ശ്രമിക്കാത്തവരെ ഒറ്റപ്പെടുത്തുന്ന മധ്യവർത്തി സമൂഹം ആണ് ഇവിടെ നിലനിൽക്കുന്നത്. അത്തരം ഒരു സമൂഹത്തെ കൂടി പരിഹസിക്കുന്നുണ്ട് ഹിച്ച്ക്കി.

നൈന എന്ന അദ്ധ്യാപിക നേരിടുന്ന ശാരീരികമായ വെല്ലുവിളി സിനിമയിൽ സഹതാപത്തിന്റെയോ കോമഡിയുടെയോ സാധ്യതകളെ ഉപയോഗിക്കൽ അല്ല. വളരെ ആസ്വാദ്യകരമായി സ്വാഭാവികമായി ആ അവസ്ഥയെ ഹിച്ച്ക്കിയിൽ അവതരിപ്പിക്കുന്നു. സങ്കട പശ്ചാത്തല സംഗീതവുമായി നൈന നടന്നു വരുന്ന ക്‌ളീഷേ രംഗങ്ങളൊന്നും സിനിമയിൽ ഇല്ല. പൊട്ടിച്ചിരിപ്പിക്കുന്ന കോമഡി ആയി അവരുടെ ബുദ്ധിമുട്ടിനെ ഉപയോഗിച്ചിട്ടും ഇല്ല. ആദ്യം പ്രേക്ഷകർക്കുണ്ടാവുന്ന പകപ്പിനെ പിന്നീട് വളരെ സ്വാഭാവികമായി നൈനയുടെ സംസാര രീതിയുമായി ശീലപ്പെടുത്തുന്നു. സ്കൂളിൽ നൈനയെ കണ്ടു ശീലപ്പെട്ടവർക്ക് എന്ന പോലെ പ്രേക്ഷകർക്കും അവർ ഒരു ഫീൽ ഗുഡ് സാന്നിധ്യമാകുന്നു. ഒറ്റ കേൾവിയിൽ അത്ര വലിയ കാര്യമായി തോന്നില്ല. പക്ഷെ ഇന്ത്യൻ പോപ്പുലർ സിനിമ ശാരീരിക ദൗർബല്യങ്ങളെ ഉപയോഗിക്കുന്ന രീതിയിൽ മാറ്റം വരുന്നത് ചെറിയ കാര്യമല്ല. പ്രത്യേകിച്ച് ബോളിവുഡ് പോലെ ഒരു ശക്തമായ വ്യവസായം ഒരു സിനിമ ഹിച്ച്ക്കി പോലെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത് തീർച്ചയായും നല്ല മാറ്റങ്ങളുടെ തുടർച്ചയാണ്. അധ്യാപക വിദ്യാർത്ഥി ബന്ധത്തോടൊപ്പം ഇതും ഹിച്ച്ക്കിയെ നല്ലൊരു കാഴ്ച്ചാനുഭവമാക്കുന്നു.

റാണി മുഖർജിയുടെ പ്രകടനമാണ് സിനിമയെ മനോഹരമാക്കുന്ന മറ്റൊരു ഘടകം. സിനിമയുടെ ഫ്രഷ്‌നെസ്സ് ആദ്യം മുതൽ ഒരേ അളവിൽ തുടർന്നു കൊണ്ടുപോയി വളരെ വിശ്വസനീയമായി അവർ നൈന ആകുന്നു. അതിഭാവുകത്വമോ അമിതാഭിനയമോ ഒന്നും എവിടെയും ഇല്ല. ദുഃഖപുത്രിമാരായ സ്ത്രീകളും കാഴ്ചവസ്തുക്കളായ പ്രണയിനി പെൺകുട്ടികളും ആണ് മലയാള ജനപ്രിയ സിനിമയിൽ ഇപ്പോഴും അധികവും. സാധ്യതകളെ ഹിച്ച്ക്കി പോലുള്ള സിനിമകളാക്കുന്ന മാജിക് ഇവിടെയും വരും എന്ന് പ്രതീക്ഷിക്കാം. കുട്ടികളുടെ ചില സംഭാഷണങ്ങൾ മാത്രമാണ് ഹിച്ച്ക്കിയിൽ മുഴച്ചു നിൽക്കുന്ന ഒരേയൊരു കാര്യം.

ബ്രാഡ് കോഹനെ അറിയാത്തവർ കുറവാകും. അദ്ദേഹത്തിന്‍റെ വാചകങ്ങൾ വലിയ സ്വാധീന ശക്തി ആയി കൊണ്ട് നടക്കുന്നവർ ഉണ്ട്. ബ്രാഡ് കോഹൻ ഒരു ഇന്ത്യൻ മധ്യവർത്തി സ്ത്രീ ആയാൽ എങ്ങാനെയാകും എന്ന അന്വേഷണമാണ് ഹിച്ച്ക്കി. ഒപ്പം ഇവിടെ എന്താണ് വിദ്യാഭ്യാസം എന്ന ഒരു തുറന്നുകാട്ടലും. വലിയ വിഷയങ്ങൾ പറയുന്ന ബുദ്ധിജീവി പ്രകടനപരതകളെ ഒഴിവാക്കി വളരെ പതിയെ ഒഴുകുന്ന ഒരു കാഴ്ച്ചാനുഭവം കൂടിയാണ് ഈ സിനിമ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories