TopTop
Begin typing your search above and press return to search.

മണിരത്നത്തിന്റെ വെടി തീർന്നുവോ എന്നറിയാൻ സെക്ക സിവന്ത വാനം-ശൈലന്‍ എഴുതുന്നു

മണിരത്നത്തിന്റെ വെടി തീർന്നുവോ എന്നറിയാൻ സെക്ക സിവന്ത വാനം-ശൈലന്‍ എഴുതുന്നു

"തീർത്തും പഴകിത്തേഞ്ഞ ഒരു ഗ്യാംഗ്സ്റ്റർ സ്റ്റോറി" "മണിരത്നം ഇതേത് നൂറ്റാണ്ടിലാണ്" "ഇയാളുടെ വീട്ടിലെന്താ കലണ്ടറില്ലേ" എന്നിങ്ങനെയൊക്കെ ഉള്ള ടൈറ്റിലുകൾ ആയിരുന്നു 'സെക്കസിവന്ത വാനം' എന്ന ഇന്ന് റിലീസായ മണിരത്നം കണ്ടോണ്ടിരുന്നപ്പോൾ തൊണ്ണൂറുശതമാനം നേരവും ഈ റിവ്യൂവിനിടാനായി ഉയർന്നുവന്നുകൊണ്ടിരുന്നത്. എന്നാൽ പടം തീർന്നപ്പോൾ എനിക്ക് അങ്ങനെ ശീർഷകമെഴുതാൻ തോന്നുന്നില്ല. മാത്രവുമല്ല ക്ലൈമാക്സ് കഴിഞ്ഞ ശേഷവും ടൈറ്റിൽസ് എഴുതിത്തീരുന്നത് വരെ സീറ്റിൽ ഇരിക്കുകയും ചെയ്തു.

നായകനാര്.. വില്ലനാര്.. ശരിയേത്.. തെറ്റേത് എന്നൊന്നും ഒരിക്കൽ പോലും തെളിച്ച് പറയാതെയും സൂചന നൽകാതെയും രണ്ടേകാൽ മണിക്കൂറിലധികം നേരം ഡാർക്ക് ഷെയ്ഡിൽ മുന്നോട്ടുപോവുന്ന സെക്കസിവന്ത വാനം വാലിഡാവുന്നതും വാല്വബിൾ ആവുന്നതും ഈ അവസാന പത്തുമിനിറ്റ് നേരം കൊണ്ട് മാത്രമാണ്. ട്വിസ്റ്റ്, ട്വിസ്റ്റിന്മേൽ ട്വിസ്റ്റ് എന്നൊക്കെ പറയാവുന്ന സാധാരണ കമേഴ്സ്യൽ നമ്പറുകളിൽ നിന്നും ആ പത്തുമിനിറ്റ് നേരം വ്യത്യസ്തമാവുന്നതാവട്ടെ മുകളിൽ പറഞ്ഞ ആ നായകനാരെന്നോ വില്ലനാരെന്നോ ഒരുഘട്ടത്തിലും സൂചന തരാത്തതുകൊണ്ടുമാണ്.

ട്രെയിലറിൽ കേൾക്കുന്ന വിജയ് സേതുപതിയുടെ വോയ്സ് ഓവറോട് കൂടി പടം തുടങ്ങുന്നു. "പാമ്പ് പടം പൊഴിക്കും പോലെ നഗരം പത്തുകൊല്ലം കൂടുമ്പോഴേക്കും അതിന്റെ ആവരണചർമ്മം മുഴുവൻ പൊഴിച്ച് കളഞ്ഞ് പൂർണമായും പുതുക്കിപ്പണയലിന് വിധേയമാവുന്നു. എല്ലാം മാറുമ്പോഴും നഗരത്തിന്റെ ക്രിമിനൽ വ്യവസ്ഥ അതേ പോലെ നിലനിൽക്കുന്നു.. ഇപ്പോൾ സിറ്റിയിലുള്ള ക്രിമിനൽസിന് പല പേരുണ്ട്.. തൊഴിൽ മാഫിയ, മണൽ മാഫിയ, റിയല്‍ എസ്റ്റേറ്റ് കിംഗ്ഡം,..,സേനാപതി" എന്ന യമണ്ടൻ ഇൻട്രോയോട് കൂടി പ്രകാശ് രാജിന്റെ സേനാപതിയെ രാജകീയമായി കാണിക്കുമ്പോൾ പടത്തിന് ഒരു ക്ലാസ് ഒക്കെ ഫീൽ ചെയ്യും.പ്രകാശ് രാജിന്റെ സമാനതകളില്ലാത്ത പ്രണയവും ശൃംഗാരവും ബഹുവിധഭാവങ്ങളുമൊക്കെയായി ഇൻട്രോ സീനൊന്ന് പുരോഗമിച്ച് വരുമ്പൊഴേക്ക് തന്നെ വെടിവെപ്പും ബോംബുസ്ഫോടനവുമൊക്കെയായി പടം വേറെ ട്രാക്കിലേക്കെത്തുകയും ചെയ്യും.

ഹോസ്പിറ്റലിലായ സേനാപതിയുടെ മക്കളുടെയും അവരുടെ പരിവാരങ്ങളുടെയും വരവാണ് പിന്നെ. അതേ ഗ്യാംഗിലെതന്നെ ചീഫ് ബ്രിഗേഡിയറായ വരദൻ, ദുബായിൽ ബിസിനസ് പരിപാടികളുമായി പോവുന്ന ത്യാഗു, സെർബിയയിൽ ആയുധക്കച്ചവടക്കാരനായ എത്തിരാജ്, അവരുടെയൊക്കെ ഭാര്യമാർ, കാമുകിമാർ, മക്കൾ, എതിർ ഗ്യാംഗിന്റെ തലവനായ ചിന്നപ്പദാസ്, പ്രതികാരം, ചെയ്സിംഗ്, വെടിയോട് വെടി... അങ്ങനെയങ്ങോട്ട് വെറുത്തുപോവും.. ഇന്റർവെല്ലിനിറങ്ങുമ്പോൾ നല്ല തലവേദന ബാക്കിയുമാവും..

ഇന്റർവെൽ പഞ്ച് എന്ന മട്ടിൽ മരിക്കും മുൻപ് സേനാപതി ഭാര്യയോട് പറയുന്ന ഒരു വാചകം തുടർന്നുള്ള പടത്തെ മുന്നോട്ട് നയിക്കുന്നു. തനിക്ക് നേരെ ഉണ്ടായ ആക്രമണം ചിന്നപ്പദാസിൽ നിന്നോ ശത്രുക്കളിൽ നിന്നോ അല്ല മറിച്ച് പാളയത്തിൽ നിന്ന് തന്നെയാണ്, അതാരെന്ന് പറയട്ടെ എന്ന് ചോദിക്കുമ്പോൾ ഭാര്യ വേണ്ടെന്ന് നിരസിക്കുകയും ആ നിമിഷം സേനാപതി അന്ത്യശ്വാസം വലിക്കുകയുമാണ്. ആരെന്ന് ഒരു ക്ലൂവും നമ്മൾക്ക് കിട്ടാത്തത് സ്ക്രിപ്റ്റിന്റെ മികവായി പറയാമെങ്കിലും തലവേദന സമ്മാനിക്കും മട്ടിൽ തന്നെയാണ് തുടർന്നും വാനത്തിന്റെ പോക്ക്. ഒടുവിൽ അവസാനത്തെ പത്ത് മിനിട്ട് നേരം മാത്രം ആശ്വാസമാവുകയും എണീറ്റ് പോരുമ്പോൾ ചെറിയൊരു ത്രിൽ സമ്മാനിക്കുകയും ചെയ്യും.

പുതുമയൊന്നുമില്ലാത്തതാണെങ്കിലും സേനാപതി പ്രകാശ രാജിന്റെ സ്റ്റൈലൻ ക്യാരക്റ്ററാണ്. മക്കളായി വരുന്ന അരവിന്ദ് സ്വാമി, അരുൺ ഗോവിന്ദ്, എസ് ടി ആർ (യഥാക്രമം വരദൻ, ത്യാഗു, എത്തിരാജ്) എന്നിവരും തന്തയ്ക്കൊത്തവരാണ്. സ്വാമി തന്നെയാണ് ഏറ്റവും ക്ലാസ്. അരുൺ വിജയിന് എന്നൈ അറിന്താലിന് ശേഷം കിട്ടുന്ന മികച്ച രണ്ടാമത്തെ റോൾ, വരദന്റെ കൂട്ടുകാരനായ റസൂലിന് വിജയ് സേതുപതിയിലൂടെ നല്ല റെസ്പോൺസ് കിട്ടുന്നു. കാലഘട്ടത്തിനൊപ്പം നിൽക്കുന്ന ഏക കഥാപാത്രവും അതാണെന്ന് തോന്നുന്നു. വരദന്റെ ഭാര്യയായി വരുന്ന ജ്യോതിക ചുമ്മാ പൊളിയാണ്. അദിതി റാവു എന്ന കാമുകിയുമുണ്ട് പുള്ളിക്ക്. ഐശ്വര്യ രാജേഷ്, ഡയാന ഇരപ്പ എന്നിവർ യഥാക്രമം ത്യാഗുവിന്റെയും എത്തിയുടെയും ജോഡികൾ.. കഥാപാത്രങ്ങൾ കുറച്ചൊന്നുമല്ല പടത്തിൽ. ആരും മോശമായിട്ടൊന്നുമില്ല. പക്ഷെ, പണ്ടു മുതൽക്കേ മണിരത്നം സിനിമകളിൽ പാർപ്പുറപ്പിച്ചവർ തന്നെയാണ് ഈ ക്യാരക്റ്ററുകളൊക്കെ എന്നതിനാൽ പുതുമ മാത്രമില്ല.

സ്ക്രിപ്റ്റിന്റെയും മെയ്ക്കിംഗിന്റെയും കാര്യം അങ്ങനെ തന്നെ. മണിയുടെ കൂടെ ശിവാ ആനന്ദും കൂടി ചേർന്നാണ് എഴുത്തു വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. ആ അവസാനത്തെ പത്തുമിനിറ്റല്ലാതെ അപ്രതീക്ഷിതമായി യാതൊന്നും ബാക്കി നേരങ്ങളിൽ ഇല്ല. എല്ലാം സ്ഥിരം ചേരുവകൾ തന്നെ.‍ റഹ്മാന്റെ കമ്പോസിംഗ്, സന്തോഷ് ശിവന്റെ ക്യാമറ ഒക്കെ കിട്ടിയാൽ മറ്റേത് കൊമേഴ്സ്യൽ സംവിധായകനും ഇതിനേക്കാളേറെ പുതുമ സൃഷ്ടിക്കാൻ ഇക്കാലത്ത് കഴിയുമെന്ന് തോന്നുന്നു. ഒന്നും മോശമായി എന്ന അർത്ഥത്തിൽ അല്ല പറയുന്നത്.

സെക്ക സിവന്ത വാനം എന്നാൽ സന്ധ്യാനേരത്തെ ചുവന്ന ആകാശമാണ്. സ്വയം ട്രോളിക്കൊണ്ടാണോ മണി ഇങ്ങനെ ഒരു പേരിട്ടതെന്ന് അറിയില്ല. ടൈറ്റിലിൽ ഉള്ള ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ആ അവസാന പത്തുമിനിറ്റ് സഹായകമാവുമോ എന്ന് എനിക്കറിയില്ല താനും. ഒരുകാര്യം പക്ഷെ, ഉറപ്പാണ്, ശൈലി മണിയ്ക്ക് ഒരു കനത്ത ബാധ്യത തന്നെ ആയി മാറിയിരിക്കുന്നു. അത് മൂത്ത് മൂത്ത് സന്ധ്യയും പിന്നിട്ട് ഇരുട്ടാൻ വെമ്പി നിൽക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories