TopTop
Begin typing your search above and press return to search.

അരവിന്ദന്റെ അതിഥികൾ; അന്യം നിന്നുപോയ കാഴ്ചാ ശീലങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഒരു കൊച്ചുചിത്രം

അരവിന്ദന്റെ അതിഥികൾ; അന്യം നിന്നുപോയ കാഴ്ചാ ശീലങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഒരു കൊച്ചുചിത്രം

കഥ പറയുമ്പോൾ, മാണിക്യക്കല്ല് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എം മോഹനൻ. വളരെ ലളിതമായ പ്ലോട്ടുകളും 90കളിലെ സിനിമാ കാഴ്ചകളെ ഓർമിപ്പിക്കുന്ന പശ്ചാത്തലവും ഉള്ള സിനിമകളാണ് മോഹനന്റേത്. ഒരു ദശാബ്ദത്തിലേറെ സത്യൻ അന്തിക്കാടിന്റെ സഹ സംവിധായകനായി പ്രവർത്തിച്ചത് കൊണ്ടാണോ എന്നറിയില്ല മോഹനനറെ സിനിമകൾക്ക് ആദ്യ കാല സത്യൻ അന്തിക്കാട് സിനിമകളുടെ സ്വാധീനമുണ്ട്. അരവിന്ദന്റെ അതിഥികളും ഒരു ലഘുവായ ഫീൽ ഗുഡ് സിനിമയുടെ മൂഡിൽ തന്നെയാണ് കാണികൾക്ക് മുന്നിൽ എത്തുന്നത്. ശ്രീനിവാസനും വിനീത് ശ്രീനിവാസനും ലവ് 24x7 ലൂടെ ശ്രദ്ധേയായ നിഖിലാ വിമലും ഒക്കെയാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഒരിടവേളക്ക് ശേഷം മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച നടിമാരിൽ ഒരാളായ ഉർവശി ഒരു മുഴുനീള വേഷത്തിൽ എത്തുന്ന സിനിമ കൂടി ആണ് അരവിന്ദന്റെ അതിഥികൾ. കെ പി എസ് സി ലളിത, ശ്രീജയ, അജു വർഗീസ്, പ്രേം കുമാർ, ബിജുക്കുട്ടൻ, ശാന്തീകൃഷ്ണ തുടങ്ങി വലിയ താര നിര തന്നെ സിനിമയിൽ ഉണ്ട്.

കൊല്ലൂർ മൂകാംബികാ ദേവി ക്ഷേത്ര പരിസരമാണ് അരവിന്ദന്റെ അതിഥികളുടെ കഥാപരിസരം. അഞ്ചാം വയസിൽ അരവിന്ദനെ അമ്മ അവിടെ ഉപേക്ഷിക്കുന്നു. ഒരു നവരാത്രി തിരക്കിൽ ഒറ്റപ്പെട്ട അരവിന്ദൻ അവിടെ ഒരു ലോഡ്ജ് നടത്തുന്ന മോഹനന് കിട്ടുന്നു. ശ്രീനിവാസനാണ് മോഹനൻ ആകുന്നത്. കമ്മ്യുണിസ്റ്റും അവിശ്വാസിയും ആണ് മോഹനൻ. പഠനത്തിന് ശേഷം അരവിന്ദൻ മോഹനനൊപ്പം ലോഡ്ജിൽ അതിഥികളെ നോക്കി ജീവിക്കുന്നു. അമ്മയെ നഷ്ടപ്പെട്ടത് ഇപ്പോഴും അവിടത്തെ ഉത്സവ കാല ഓർമയായി മോഹനനെ വേദനിപ്പിക്കുന്നുണ്ട്. ആരുമില്ലാത്തവരും നട തള്ളിയവരും ഒക്കെയായി ഒരു സംഘം അവരോടൊപ്പം ഉണ്ട്. തന്നെ അമ്മ ഉപേക്ഷിച്ച നവരാത്രിയും ഉത്സാഘോഷങ്ങളും വേദനയായി അരവിന്ദൻ ഉള്ളിൽ പേറുന്നുണ്ട്. അമ്പലം അയാൾക്ക് അത്ര പ്രിയപ്പെട്ടതല്ലാത്ത സാന്നിധ്യമാണ്. ഒരിക്കൽ അരവിന്ദന്റെ അതിഥികളായി വരദയും (നിഖില) അമ്മയും (ഉർവശി) എത്തുന്നു. കലാമണ്ഡലത്തിൽ പഠനം കഴിഞ്ഞ വരദയുടെ നൃത്ത അരങ്ങേറ്റം ആണ് ലക്‌ഷ്യം. എന്നാൽ യാദൃശ്ചികമായി ഉണ്ടായ ചില തടസങ്ങൾ കാരണം അരങ്ങേറ്റം നടന്നില്ല. തിരിച്ചു പോകാനാവാത്ത അവസ്ഥ ആയതുകൊണ്ട് അമ്മയ്ക്കും മകൾക്കും അരവിന്ദന്റെ അതിഥികൾ ആയി തുടരേണ്ടി വരുന്നു. പിന്നീട് ഇവർക്കെല്ലാം ഇടയിൽ ഉണ്ടാകുന്ന ആത്മബന്ധവും തുടർന്ന് നടക്കുന്ന സംഭവങ്ങളും ആണ് അരവിന്ദന്റെ അതിഥികൾ.

ലോകത്തെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് മൂകാംബിക. അമ്പലവും കുടജാദ്രിയിലേക്കുള്ള ട്രെക്കിങ്ങും ഒക്കെ നിരവധി തീർത്ഥാടകരെ ആകർഷിക്കുന്നുണ്ടെങ്കിലും നഗരവത്കരണവും ഭക്തി ടൂറിസത്തിന്റെ പരിഷ്കൃത രീതികളും മൂകാംബികയെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. മൂകാംബികയുടെയും ചുറ്റുമുള്ള ഭൂമികയുടെയും അത്തരത്തിലുള്ള സത്യസന്ധമായ ആവിഷ്കാരം ഉള്ള ഒരു സിനിമ ആണിത്. മറ്റൊരു തരത്തിൽ മൂകാംബികയിൽ വച്ച് നടക്കാൻ സാധ്യതയുള്ള ഒരു കഥ എന്ന ധാരണ പ്രേക്ഷകർക്ക് ഉണ്ടാക്കാൻ തക്കവണ്ണമുള്ള ഒരു മേക്കിങ് രീതി ഉണ്ട് അരവിന്ദന്റെ അതിഥികൾക്ക്. ചില റെഫെറൻസുകൾ അല്ലാതെ മൂകാംബിക ഒരു മുഴുനീള ലൊക്കേഷൻ ആയ സിനിമകൾ മലയാളത്തില്‍ കുറവാണ്. അത്തരം ഒരു ഫ്രഷ്‌നെസ്സ് എവിടെയോ കാണികൾക്ക് തരാൻ ഈ സിനിമക്ക് ആവുന്നുണ്ട്. മൂകാംബികയിൽ ഒരിക്കലെങ്കിലും പോയവർക്കറിയാം എത്ര അസൗകര്യങ്ങൾ നിറഞ്ഞ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് അവിടത്തെ ലോഡ്ജ്, ഹോട്ടലുകൾ പ്രവർത്തിക്കുന്നതെന്ന്. ആ കാഴ്ചയെ അതെ പടി പുനരാവിഷ്കരിച്ചിട്ടുണ്ട് അരവിന്ദന്റെ അതിഥികളിൽ. വളരെ ശാന്തമായ ഒരു ഇടത്തിലെ സ്വസ്ഥമായ കാഴ്ചകളുടെ സ്വാഭാവികത ഉണ്ട് സിനിമയിൽ ഉടനീളം. അത് വളരെ വിരളമായേ മലയാള സിനിമകളിൽ കാണാറുള്ളൂ.

അരവിന്ദന്റെ അതിഥികൾ വളരെ ചെറിയ ഒരു സിനിമ ആണ്. പ്രേമേയപരമായോ മേക്കിങ് രീതികളിലോ യാതൊരു തരത്തിലും ആർഭാടം കാണിക്കാതെ വളരെ ചെറിയ ക്യാൻവാസിൽ പറഞ്ഞു തീർത്ത സിനിമ. കഥാപാത്രങ്ങൾക്ക് ജൈവികതയുണ്ട്. അവർ തമ്മിൽ ഉള്ള സംഭാഷണങ്ങളിൽ യാതൊരു കൃത്രിമത്വവും ഇല്ല. ഇത്രയും സ്വാഭാവികമായ സംഭാഷണങ്ങൾ പോപ്പുലർ മലയാള സിനിമയിൽ വളരെ കുറവാണു. എം മോഹനന്റെ കഥ പറയുമ്പോഴിലും മാണിക്യ കല്ലിലും ഒക്കെ വേരുകൾ വലിയ പ്രശ്നമാണ്. 'ഈരാറ്റുപേട്ടേന്ന് വേറിട്ട ബാലനും' പഴയ ഹെഡ്മാസ്റ്ററുടെ മകനായ സ്‌കൂൾ മാഷും ഒക്കെ അദ്ദേഹം ചെയ്തു പ്രേക്ഷകർ ഇഷ്ട്ടപ്പെട്ട കഥാപാത്രങ്ങൾ ആണ്. അരവിന്ദൻ അതിന്റെ ഒരു തുടർച്ചയാണ്. അച്ഛനും കൂട്ടുകാരനും മാറി അമ്മ ആകുന്നുണ്ട് ആ അന്വേഷണത്തിന്റെ കേന്ദ്രബിന്ദു. 'ഉപേക്ഷിക്കുക' എന്ന സംജ്ഞയുടെ ഭാരം ഒക്കെ കളഞ്ഞു, ആരെയും പ്രതി സ്ഥാനത്തു നിർത്താതെ കഥ പറഞ്ഞവസാനിപ്പിക്കുന്നുണ്ട് അരവിന്ദന്റെ അതിഥികൾ. ക്ലൈമാക്സിനു ശേഷം അരവിന്ദന്റേയും അയാളുടെ ജീവിതത്തിന്റെ ഭാഗമായവരുടെയും കഥബാക്കികൾ പ്രേക്ഷകർക്ക് വിട്ടു കൊടുത്ത് സിനിമ അവസാനിക്കുന്നു. അതിൽ കാര്യമായി അയുക്തികൾ ഒന്നുമില്ല. നായകൻ പാടാനും പഠിക്കാനും കഴിവുള്ള സകല കലാ വല്ലഭനായി നിൽക്കണം എന്ന ക്‌ളീഷേ അല്ലാതെ പോപ്പുലർ സിനിമാ യുക്തികളൊന്നും അരവിന്ദന്റെ അതിഥികൾ പിന്തുടരുന്നില്ല. യാന്ത്രികമായി ഒരു തുടർച്ച ഉണ്ടാക്കുന്ന രീതിയും സിനിമയിൽ ഇല്ല.

അഭിനയിക്കുന്നവരാണ് ഇത്തരം ചെറിയ ക്യാൻവാസിൽ ഉള്ള സിനിമകളെ തിരക്കഥ കഴിഞ്ഞാൽ മുന്നോട്ടു നയിക്കുന്നത്. അരവിന്ദന്റെ അതിഥികളിലെ താരങ്ങൾ എല്ലാം സ്വന്തം ഇടങ്ങളിൽ നിന്ന് വളരെ വൃത്തിയായി സിനിമയെ മുന്നോട്ട് കൊണ്ട് പോകുന്നുണ്ട്. മുല്ലപ്പൂ വേണോ എന്ന് ചോദിക്കുമ്പോൾ അയ്യോ വേണ്ട എനിക്കെന്റെ കല്യാണം ഓർമ വരും എന്ന് ഒരു നിമിഷം താമസിക്കാതെ കൗണ്ടർ പറയുന്ന ഉർവശി പഴയകാല കഥാപാത്രങ്ങളുടെ വൈവിധ്യത്തെ ഓർമിപ്പിച്ചു. ഉർവശിയോളം നല്ല റോളുകൾ വളരെ നന്നായി പ്രേക്ഷകരിലേക്ക് എത്തിച്ച നടിമാർ മലയാളത്തിൽ കുറവാണ്. സൂപ്പർ താര പരിവേഷങ്ങൾക്ക് പ്രെഫിക്സുകൾ ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും അഭിനയത്തിന്റെ കാര്യത്തിൽ ഉർവശി ഒരു സൂപ്പർതാരമാണ്. അരവിന്ദന്റെ അതിഥികളിൽ മണ്ടത്തരങ്ങൾ പറയുന്ന പൊങ്ങച്ചങ്ങൾ പറയുന്ന ഒരു വീട്ടമ്മ ആയി അവരെ തോന്നുമെങ്കിലും വളരെ പക്വത ഉള്ള ജീവിതാനുഭവങ്ങൾ നയിക്കുന്ന ഒരു സ്ത്രീയാണവർ. രണ്ടാം വരവിൽ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ ശാന്തികൃഷ്ണ ഒരിക്കൽക്കൂടി കയ്യടി അർഹിക്കുന്നു. സിനിമ കണ്ടു കഴിയുമ്പോൾ അവരുടെ പ്രകടനം ബാക്കിയാവുന്നു. നായകന്‍റെ വേരുകൾ അന്വേഷിച്ചു പോകുന്ന നായികയും അയാളുടെ കൂട്ടുകാരനുമെല്ലാം അരവിന്ദനെക്കാൾ അധികം സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്നു.

അരവിന്ദന്റെ അതിഥികൾ തന്നെ ആണ് സിനിമയിലെ ടൈറ്റിൽ കഥാപാത്രങ്ങൾ. ശ്രീനിവാസൻ-വിനീത് കോമ്പിനേഷൻ കാണിക്കാൻ എടുത്ത രംഗങ്ങളും ഒട്ടും മുഴച്ചു നിൽക്കാതെ ആണ് സിനിമയിൽ ഉള്ളത്. വളരെ ശാന്തമാണ് സിനിമയിലെ ഓരോ കഥാപാത്രങ്ങളുടെയും താളം. അവർക്കൊക്കെ ജീവിതവും ഉണ്ട്. നായികയുടെ മണ്ടൻ ഊഹങ്ങളിലെ ചില ഭാഗങ്ങൾ മാത്രമാണ് സിനിമയുടെ മൊത്തം സ്വാഭാവികതയ്ക്ക് ചെറിയ വെല്ലുവിളി ആകുന്നത്. പൊതുബോധം, ആൾക്കാരെ വിധിക്കുന്ന മനുഷ്യ സ്വഭാവ൦ ഒക്കെ ചെറിയ രീതിയിൽ പ്രശ്നവത്കരിക്കുന്നുണ്ട് അരവിന്ദന്റെ അതിഥികളിൽ. പക്ഷെ അതൊന്നും സിനിമയുടെ ഒഴുക്കിനെ തടസപ്പെടുത്തുന്നില്ല.

വളരെ ചെറിയ ക്യാൻവാസിൽ, ചെറിയ ഒരു തിരക്കഥ കൊണ്ട് ഭാരങ്ങൾ ഒന്നും താരത്തെ കഥ പറഞ്ഞവസാനിപ്പിക്കുന്ന രീതി മലയാള സിനിമയിൽ അന്യം നിന്ന് പോയ ഒന്നാണ്. അത്തരം കാഴ്ച ശീലങ്ങൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെ ഒരിക്കലും അരവിന്ദന്റെ അതിഥികൾ മടുപ്പിക്കില്ല


Next Story

Related Stories