TopTop
Begin typing your search above and press return to search.

ഇയർ ഔട്ടുകള്‍ക്കും സപ്ലിമെന്ററികള്‍ക്കുമപ്പുറം ചിലത് പറയുന്നുണ്ട് ബി ടെക്ക്

ഇയർ ഔട്ടുകള്‍ക്കും സപ്ലിമെന്ററികള്‍ക്കുമപ്പുറം ചിലത് പറയുന്നുണ്ട് ബി ടെക്ക്

നടനും സഹ സംവിധായകനും ഒക്കെയായി സിനിമയിൽ സജീവമായിരുന്ന മൃദുൽ നായരുടെ കന്നി സംവിധാന സംരംഭം ആണ് ബി ടെക്ക്. ബംഗളൂരു ഫ്രീഡം പാർക്കിൽ വച്ച് ജൂനിയർ ആർട്ടിസ്റ്റുകളുമായി ബന്ധപ്പെട്ട സംഘർഷങ്ങളായിരുന്നു മലയാളികൾ ആ സിനിമയെ കൂടുതൽ ശ്രദ്ധിക്കാനുള്ള കാരണം. കർണാടകയിൽ നിന്നുള്ള ജൂനിയർ ആർട്ടിസ്റ്റുകൾ ലാത്തി ഉപയോഗിച്ച് ആസിഫ് അലിയെയും അപർണ ബലമുരളിയേയും ഒക്കെ മർദിച്ചതും അതിനെ തുടർന്നുണ്ടായ വിവാദങ്ങളും ഒക്കെ വാർത്ത ആയിരുന്നു. ഇതിനു ശേഷം ഒരു പുതിയ കാല ക്യാമ്പസ് സിനിമ എന്ന രീതിയിലാണ് പ്രേക്ഷകർ ഈ സിനിമയെ കാത്തിരുന്നത്. അവധിക്കാല റിലീസ് ആയി തീയറ്ററുകളിൽ എത്തി. ആസിഫ് അലിയെയും അപർണ ബലമുരളിയേയും കൂടാതെ അർജുൻ അശോകൻ, അനൂപ് മേനോൻ, നിരഞ്ജന അനൂപ്, അലൻസിയർ, ശ്രീനാഥ് ഭാസി, ദീപക്ക്,അജു വർഗീസ്, നീന കുറുപ്പ്, ജാഫർ ഇടുക്കി തുടങ്ങീ താര നിര കൊണ്ട് സമൃദ്ധമാണ് ബി ടെക്ക്. ഹൊറർ പിക്ച്ചർ പോലുള്ള കന്നഡ സിനിമകളിലൂടെ ശ്രദ്ധേയനായ ഹരീഷ് രാജെയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ബംഗളുരുവിലെ ഒരു സ്വാശ്രയ കോളേജിൽ എട്ടു വർഷമായി ബി ടെക്ക് പാസാവാതെ നിൽക്കുന്ന ഒരു സുഹൃദ് സംഘത്തെ ചുറ്റി പറ്റിയാണ് കഥ തുടങ്ങുന്നത്. അർജുൻ (ആസിഫ് അലി), നിസാർ (ദീപക്ക്), ജോജോ (ശ്രീനാഥ് ഭാസി) എന്നിവരുടെ നേതൃത്വത്തിലുള്ള സുഹൃദ് സംഘം ആണത്. താത്പര്യമില്ലാതെ പഠിക്കാൻ വന്നവരും കോഴ്സ് തീർന്നില്ലെന്നു വീട്ടിൽ പറയാൻ പറ്റാത്തവരും ആയ അവർ നഗര ജീവിതം ആഘോഷിക്കുകയാണ്. ബി ടെക്ക് പഠിച്ചിറങ്ങിയിട്ടും ജോലി കിട്ടാതെ രണ്ടു മക്കളുള്ള പ്രശാന്തും (സൈജു കുറുപ്പ്) ഇവരുടെ കൂട്ടിനെത്താറുണ്ട്. സെയ്ദാലിക്കയുടെ (അലൻസിയർ)ഹോട്ടലിനെ ചുറ്റി പറ്റിയാണ് ഇവരുടെ താമസവും ഭക്ഷണവുമൊക്കെ. ഇവരെയൊക്കെ സ്വന്തം മക്കളെ പോലെ കാണുന്ന ആളാണ് സെയ്ദാലിക്ക. ആനന്ദിനൊപ്പം പഠിച്ചു ഇപ്പോൾ ജോലിയെടുക്കുന്ന പ്രിയയും (അപർണ ബാലമുരളി)യും അയാളും തമ്മിൽ പ്രണയമുണ്ട്. ഇതിനിടയിൽ മുഹമ്മദ് ആസാദ് (അർജുൻ അശോകൻ) എന്ന ആദ്യ വർഷ വിദ്യാർത്ഥി ഇവർക്കിടയിൽ താമസം തുടങ്ങുന്നു. വളരെ മിടുക്കനായ വിദ്യാർത്ഥി ആണ് ആസാദ്. ഇവർക്കിടയിൽ ഉണ്ടാകുന്ന ആത്മബന്ധവും തുടർന്ന് നടക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങളും ഒക്കെയാണ് സിനിമ.

ഒരു ക്യാമ്പസ് സിനിമ എന്ന ഗണത്തിൽ ഒരർത്ഥത്തിലും തളച്ചിടാവുന്ന സിനിമ അല്ല ബി ടെക്ക്. പുതിയൊരു കാലത്ത് ബി ടെക്ക് ബിരുദധാരികളുടെ എണ്ണം കുമിഞ്ഞു കൂടുന്ന അവസരത്തിൽ വളരെ റിയലിസ്റ്റിക്ക് ആയി ആ അവസ്ഥയെ സിനിമയിൽ വരച്ചു കാട്ടുന്നുണ്ട്. രക്ഷിതാക്കളുടെയോ മറ്റേതെങ്കിലും സാഹചര്യങ്ങളുടെയോ സമ്മർദം കൊണ്ട് കേരളത്തിന് പുറത്തെ സ്വാശ്രയ കോളേജുകളിൽ പഠിക്കാൻ പോകുന്ന പതിനായിരക്കണക്കിന് കുട്ടികൾ ഉണ്ട്. ഇയർ ഔട്ട് ആയും സപ്ലിമെന്ററി പരീക്ഷകൾ കൊണ്ട് നിറഞ്ഞും അവിടെ തന്നെ തൊഴിലന്വേഷിക്കാൻ നിർബന്ധിതരായും നിരവധി മലയാളികൾ കേരളത്തിന് പുറത്തു അലഞ്ഞു നടക്കുന്നുണ്ട്. കേരളത്തിനകത്തും സാങ്കേതിക വിദ്യാഭ്യാസം അതെ അവസ്ഥയിലാണ്. ആനന്ദം, ഹാപ്പി വെഡിങ്, ചങ്ക്‌സ്, ക്വീൻ തുടങ്ങി ശ്രദ്ധിക്കപ്പെട്ടതും അല്ലാത്തതുമായ നിരവധി പുതിയ ക്യാമ്പസ് സിനിമകൾ എൻജിനിയറിങ് കോളജുകളിൽ നിന്ന് രൂപം കൊണ്ടതാണ്. സപ്ലിമെന്ററി പരീക്ഷകളും പിന്തുടർന്നെത്താനാവാത്ത സിലബസും സെൽഫ് ഫൈനാൻസിങ് കോളേജിലെ അന്തരീക്ഷവും എല്ലാം ഈ സിനിമകളിൽ ഉണ്ട്. ബി ടെക്കും ആദ്യ ഘട്ടത്തിൽ അത്തരം ഒരു ജീവിതത്തിന്റെ തുടർച്ചയാണ്. അടിപിടികളും ജയപരാജയങ്ങളും പ്രണയങ്ങളും ആഘോഷങ്ങളും ആയി സിനിമ ഒഴുകി നീങ്ങുന്നു. നിരവധി സംഭവ വികാസങ്ങൾ തുടർച്ചായി നടന്നു കൊണ്ടേ ഇരിക്കുന്നു.

എന്നാൽ വളരെ ഗൗരവമുള്ള ഒരു വിഷയം പറയാനുള്ള ഒരു പശ്ചാത്തലം വളരെ ബുദ്ധിപരമായി ഒരുക്കുകയാണ് സംവിധായകൻ ഇവിടെ ചെയ്തതെന്ന് പിന്നീട് നമുക്ക് മനസിലാവും. സിനിമയിലെ അനാവശ്യമായ വലിച്ചു നീട്ടൽ ആയേക്കാവുന്ന വിഷയങ്ങൾക്ക് യുക്തിപരമായ തുടർച്ച ഉണ്ടാക്കി ബി ടെക്ക് മുന്നോട്ട് പോകുന്നു. ആദ്യം മുതൽ കഥാഗതിയെ കുറിച്ചുള്ള പ്രകടമായ സൂചനകൾ തരുമ്പോഴും അതൊക്കെ മറന്നു ഒരു എന്റർറ്റൈനർ ആയി പ്രേക്ഷകരെ സിനിമയിലേക്ക് കൊണ്ട് വരാൻ മൃദുൽ നായർക്ക് കഴിയുന്നു. 'ആസാദി മൂവ്മെന്റും ഫാബ്രിക്കേറ്റഡ് കുറ്റപത്രങ്ങളും ഒക്കെ പോപ്പുലർ മലയാള സിനിമ ഇത് വരെ ചർച്ച ചെയ്യാത്ത തലത്തിൽ തന്നെ ബി ടെക്ക് ചർച്ച ചെയ്യുന്നുണ്ട്. എന്നാൽ ഒരു തരം പ്രസംഗമായി സിനിമ മുഷിപ്പിക്കുന്നില്ല. കർണാടക പോലൊരു സംസ്ഥാനത്ത് ബംഗളൂരു പോലൊരു നഗര കേന്ദ്രത്തെ സിനിമയുടെ പശ്ചാത്തലമായി ബുദ്ധിപരമായി ഉപയോഗിക്കുന്നു. കർണാടകയോളം കഥാപരിസരത്തെ വിശ്വസനീയമായി അവതരിപ്പിക്കാൻ പറ്റിയ ഇടങ്ങൾ ഇല്ല. അവിടെ പോകുന്ന മലയാളി വിദ്യാർത്ഥികളുടെ എണ്ണവും വളരെ കൂടുതൽ ആണ്. ഈ രണ്ടു സാധ്യതകളും സിനിമയെ യുക്തിഭദ്രമായ ഒരു കാഴ്ച്ചാനുഭവമാക്കുന്നു. ഓരോ സംഭവങ്ങൾക്കും തുടർച്ച കണ്ടെത്തുന്ന രീതിയും മികവുള്ളതാണ്.

കർണാടക പോലൊരു സംസ്ഥാനത്ത് ഫാബ്രിക്കേറ്റഡ് കേസുകൾ ദിനംപ്രതി എന്നവണ്ണം ഉണ്ടാവുന്നുണ്ട്. ബീഫ് കഴിക്കുന്നവരെ ശത്രുതയോടെ നോക്കുന്ന ഇടങ്ങൾ അവിടെയുണ്ട്. അത്തരമൊരു ഇടത്തെ കുറിച്ച്, അത്തരം ഒരു സെൻസിറ്റിവ് ആയ സംഭവത്തെ കുറിച്ച് സൂക്ഷ്മമായി പറയുന്നുണ്ട് ബി ടെക്ക്. സേഫ് സോണുകളിൽ അധികം നിൽക്കാതെ, കാര്യാ ഗൗരവം ചോരാതെ കാണികൾക്കു മുന്നിൽ ഇത്തരം ഒരു വിഷയം അവതരിപ്പിക്കുന്നത് എളുപ്പമല്ല. അത്തരം ഒരു കഥാഗതിയുടെ ഗൗരവത്തെ ഉൾക്കൊണ്ടു തന്നെ ഒരു എന്റർടൈൻമെന്റ് ട്രാക്ക് സിനിമക്ക് ഉണ്ടാകുന്നതും എളുപ്പമല്ല. പരിചിതമായ പ്രത്യക്ഷ ബന്ധമില്ലാത്ത രണ്ടു കഥാഗതികളിലെ ബുദ്ധിപരമായി നൂലുകളിൽ കൂട്ടി ഇണക്കി സംവിധായകൻ അവതരിപ്പിക്കുന്നു. സിനിമയിൽ എവിടെയും ഒരു പുതുമുഖത്തിന്റെ പതർച്ച സംവിധായകൻ കാണിക്കുന്നില്ല. മഹേഷ് നാരായണന്റെയും അഭിലാഷിന്റേയും എഡിറ്റിങ് ആണ് സിനിമയെ മുന്നോട്ട് നയിക്കുന്ന മറ്റൊരു ഘടകം. ചില വിദ്യാർത്ഥി മൂവ്മെന്റുകൾ പെട്ടെന്നുണ്ടാകുന്ന സംഭവ വികാസങ്ങളുടെ തുടർച്ചയിൽ സംഭവിച്ചു പോകുന്നതാണ്. ബി ടെക്കിലെ ആസാദി മൂവ്മെന്റും ഇത്തരത്തിൽ അധികം പരിക്കുകൾ ഇല്ലാതെ അവതരിപ്പിക്കുന്നു. ആദ്യ പകുതി ക്യാമ്പ്‌സും രണ്ടാം പകുതി കോർട്ട് റൂം ഡ്രാമയും എന്ന കണക്കു സമീപ കാലത്തു പ്രേക്ഷക ശ്രദ്ധ നേടിയ ക്യൂനിനെ ഓർമ്മിപ്പിക്കാൻ ഉള്ള സാധ്യത ഉണ്ടായിരുന്നു. പക്ഷെ ബി ടെക്ക് കുറച്ചു കൂടി ക്രാഫ്റ്റ് ഉള്ള സിനിമയായി ഒറ്റയ്ക്ക് മാറി നിൽക്കുന്നു.

ആസിഫ് അലിക്ക് കൊടുത്ത ഹീറോയിസം ആണ് സിനിമയിൽ ചെറിയ രീതിയിൽ മുഴച്ചു നിൽക്കുന്നത്. ആനന്ദും പ്രിയയും തമ്മിലുള്ള ബന്ധവും പൂർണതയോടെ സിനിമയിൽ അവതരിപ്പിച്ചിട്ടില്ല. ആനന്ദിന്റെ മാസ്സ് ഹീറോ പരിവേഷം, ആനന്ദ് സുബ്രമണ്യൻ എന്ന പേര് ഒക്കെ രക്ഷാധികാരി സ്വഭാവം, ബാലൻസിങ് ആരോപണങ്ങളിൽ കുടുങ്ങാൻ ഉള്ള സാധ്യത കൂടി മുന്നോട്ടു വെക്കുന്നു. നല്ല ഹിന്ദു-മോശം ഹിന്ദു, നല്ല മുസ്ലിം- ചീത്ത മുസ്ലിം യുക്തി സേഫ് സോൺ ആണെന്ന് ആരോപിക്കുന്നവരുടെ വിമർശനങ്ങളെ മറികടക്കാനും സിനിമക്ക് ആവും എന്ന് തോന്നുന്നില്ല. ബ്രാഹ്മണിക്കൽ ചിഹ്നങ്ങളെ പ്രകടമാക്കിയത് കൊണ്ട് പ്രത്യേകിച്ചും അത്തരം ഒരു വിമർശനത്തിനുള്ള സാധ്യത സിനിമ ഇരട്ടിയാക്കുന്നു. അധികം സിനിമകളുടെ വലിപ്പം ഇല്ലാഞ്ഞിട്ടും ഹരീശ്രീ അശോകന്റെ മകനായ അർജുൻ നല്ല സ്ക്രീൻ സ്പേസോടു കൂടി നിറഞ്ഞു നിൽക്കുന്നു. ആസിഫ് അലിയുടെ നേതൃത്വം എന്നതിലുപരി വളരെയധികം കെമിസ്ട്രിയോടെ അയാൾക്ക്‌ ചുറ്റും നിന്ന താരങ്ങൾ ആണ് സിനിമയെ ഭംഗിയുള്ളതാക്കുന്നത്. രാഹുൽ രാജിന്റെ സംഗീതവും സിനിമയുടെ മൂഡിനോട് ചേർന്ന് നിന്നു.

തികച്ചും ജനപ്രിയമായ ഒരു സിനിമയിൽ എങ്ങനെ ഗൗരവമായ വിഷയത്തെ അവതരിപ്പിക്കാം എന്നതിന്റെ സമീപ കാലത്തെ മികച്ച ഉദാഹരങ്ങളിൽ ഒന്നാണ് ബി ടെക്ക്. യുക്തിപരമായ തുടർച്ചകൾ ഉള്ള തിരക്കഥയും സിനിമക്കുണ്ട്. രാഷ്ട്രീയ ശരികളുടെ സൂക്ഷ്മം ആയ കണക്കെടുപ്പുകൾക്കപ്പുറം ഇവ രണ്ടും നല്ല സിനിമയുടെ ലക്ഷണങ്ങൾ ആണെന്ന് തോന്നുന്നവർക്ക് ബി ടെക്കിനു കയറാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories