TopTop
Begin typing your search above and press return to search.

നമ്മുടെ മുറിവുകളില്‍ മരുന്നു പുരട്ടുന്ന 'കൂടെ'

നമ്മുടെ മുറിവുകളില്‍ മരുന്നു പുരട്ടുന്ന കൂടെ

സംവിധായിക ഇന്ദിരയുടെ അനുസ്മരണ ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകനും ഡോക്യുമെന്ററി സംവിധായകനുമായ നീലന്‍ പറഞ്ഞതാണ് ഓര്‍മ്മ വന്നത്. “ഇന്ദിര ഈ ലോകം വിട്ടുപോയിട്ടില്ല. അവരുമായി നമുക്ക് ഇടപെടാനുള്ള ടെറിട്ടറി ആണ് ഇല്ലാതായത്”

നീലന്‍ പറഞ്ഞ ആ ‘ടെറിട്ടറി’യാണ് അഞ്ജലി മേനോന്റെ കൂടെ. പൃഥ്വിരാജിന്റെ ജോഷ്വാ അകാലത്തില്‍ പൊലിഞ്ഞ അനുജത്തി ജെന്നിയുടെ ലോകത്തേക്ക് നടത്തുന്ന യാത്ര.

സിനിമ തുടങ്ങുന്നത് മണലാരണ്യത്തിലാണ്. പ്രവാസിയുടെ കഠിന ജീവിത വ്യഥകള്‍ മാത്രമല്ല നായക കഥാപാത്രമായ ജോഷ്വ എന്താണെന്ന് വ്യക്തമാക്കി തരുന്നുണ്ട് ആ സീക്വന്‍സ്. ഫോണില്‍ 'പപ്പ' എന്ന പതിഞ്ഞ വിളിയും ജോലി സ്ഥലത്തെ മേധാവിയോട് തപ്പി തടഞ്ഞു പറയുന്ന ഹിന്ദി സംസാരവും അല്ലാതെ മറ്റൊരു സംഭാഷണവുമില്ലാത്ത ആദ്യ സീനുകളില്‍ അതിഗംഭീരമായ പരകായ പ്രവേശമാണ് പൃഥ്വിരാജ് നടത്തിയിരിക്കുന്നത്. ശരീരികവും മാനസികവുമായ വിഷാദം അനുഭവിക്കുന്ന ഒരാളാണ് നായകന്‍ എന്ന സൂചന തരാന്‍ സംവിധായികയ്ക്കും നടനും ഇവിടെ സാധിച്ചിടത്ത് കൂടെയുടെ വിജയ യാത്ര തുടങ്ങുകയായി.

ദുരന്ത വാര്‍ത്തയുടെ പിന്നാലെ നാടായ ഊട്ടിയിലെത്തുകയാണ് ജോഷ്വ. നേരെ സെമിത്തേരിയിലേക്ക്. അവിടെ അവന്റെ അപ്പനും, കണ്ണുനീരണിഞ്ഞു അവന്റെ മമ്മയും ഉണ്ട്. അവരോടൊന്നും ഒരു വാക്ക് പോലും ഉരിയാടുന്നില്ല ജോഷ്വാ. പുരോഹിതന്റെ നിര്‍ദ്ദേശ പ്രകാരം അവസാനമായി ആ മുഖം കണ്ട് കുഴിയിലേക്ക് മണ്ണിടുമ്പോഴേക്കും ആര്‍ത്തലച്ചെത്തുകയായി മഴ.

നാലു വര്‍ഷം കൂടുമ്പോള്‍ ഒരിക്കല്‍ നാട്ടിലെത്തുന്ന ജോഷ്വായ്ക്ക് ആ വീട്ടില്‍ ഒരു മുറി പോലുമില്ല സ്വന്തമായി. അങ്ങനെ കിടക്കാന്‍ കിട്ടിയ ജെന്നിയുടെ മുറിയും ജെന്നിയുടെ ആംബുലന്‍സായി ഉപയോഗിച്ച ഫോക്സ്‌വാഗൺ കോമ്പിയും ബ്രൌണി എന്ന ജെന്നിയുടെ പ്രിയ നായയുമൊക്കെ ചേര്‍ന്ന് മറ്റൊരു ലോകത്തേക്ക് ജോഷ്വായെ കൂട്ടിക്കൊണ്ടുപോകുന്നു. അവിടെ വെച്ചു സ്വയം കണ്ടെത്തുകയാണ് ജോഷ്വാ. ജെന്നിയിലൂടെ തന്നിലേക്ക് തന്നെയായിരുന്നു ജോഷ്വാ സഞ്ചരിച്ചത്. ആ യാത്രയില്‍ ബാല്യകാല കാമുകി സോഫിയും അപ്പനും മമ്മയും ഫുട്ബോള്‍ കോച്ച് അഷ്റഫ് സാറുമൊക്കെ പുതിയ വെളിച്ചവും വെളിപാടുകളുമായി അവന്റെ ഇരുള്‍ മൂടിയ നിരാശാഭരിതമായ മനോലോകത്തിലേക്ക് വരുന്നു. ജോഷ്വായുടെ മനസിനുള്ളില്‍ പതിയെ പതിയെ പ്രകാശം വന്നു നിറയുന്നത് അനുഭവിപ്പിക്കാന്‍ കഴിയുന്നിടത്താണ് തിരക്കഥാകൃത്തും സംവിധായികയുമായ അഞ്ജലി മേനോന്റെ കയ്യൊപ്പ് പതിഞ്ഞിരിക്കുന്നത്.

ഓരോ മനുഷ്യരും ജീവിച്ചു തീർക്കുന്ന ജീവിതത്തിന്റെ പുറം കാഴ്ചകൾക്കുമപ്പുറം അവർ അനുഭവിക്കുന്ന ആന്തരിക സംഘർഷങ്ങളാണ് കൂടെ നമ്മെ അനുഭവിപ്പിക്കുന്നത്. പല കാരണങ്ങൾകൊണ്ട് ജീവിതം യാന്ത്രികമായിപ്പോകുന്ന കുറേ മനുഷ്യർ. ഉള്ളിലുറയുന്ന സ്നേഹം അതെയളവിൽ പരസ്പരം പങ്കുവെക്കാൻ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് കഴിയാതെ പോകുന്നവർ. അവരുടെ ഉള്ളിലെ മുറിവുകള്‍. ഈ മുറിവുകളില്‍ പരസ്പരം മരുന്നു പുരട്ടുമ്പോഴാണ് ജീവിതം ആഹ്ളാദ പൂര്‍ണ്ണമാകുന്നത് എന്ന് പറഞ്ഞുവെക്കുകയാണ് കൂടെ.

പൃഥ്വിരാജിന്റെ ജോഷ്വായെ കൂടാതെ കൂടെയില്‍ എടുത്തു പറയേണ്ട മറ്റ് രണ്ട് കഥാപാത്രങ്ങള്‍ നസ്രിയയുടെ ജെന്നിയും പാര്‍വ്വതിയുടെ സോഫിയയുമാണ്. രണ്ടു പേരും തങ്ങളുടെ വേഷങ്ങള്‍ അത്യുജ്ജ്വലമാക്കി എന്ന് പറയാതിരിക്കാനാവില്ല. ജോഷ്വായുടെ മായക്കാഴ്ചയില്‍ പ്രത്യക്ഷപ്പെടുന്ന ജെന്നിയുടെ കുറുമ്പുകളും കളിതമാശകളും നൊമ്പരങ്ങളും ഒട്ടും ക്ലീഷേയാകാതെ അവതരിപ്പിക്കാന്‍ നസ്രിയയ്ക്ക് സാധിച്ചിട്ടുണ്ട്. ഓം ശാന്തി ഓശാനയിലും ബാംഗ്ലൂര് ഡെയ്സിലുമൊക്കെ കണ്ട ആ നടിയുടെ ഫ്ലെക്സിബിലിറ്റി കൂടെയിലും തുടരുന്നു.

വിവാഹമോചിതയായ ഉള്ളില്‍ ഒരു അഗ്നിപര്‍വ്വതവുമായി നടക്കുന്ന സോഫി പാര്‍വ്വതിയുടെ ഇരുത്തം വന്ന പ്രകടനം കൊണ്ട് മികച്ച അനുഭവമായി. ജോഷ്വായെ മായക്കാഴ്ചയില്‍ നിന്നും ജീവിതത്തിലേക്ക് കൈ പിടിച്ചുയര്‍ത്തുന്നത് സോഫിയാണ്. തിരിച്ചു ആത്മഹത്യാ മുനമ്പില്‍ നില്‍ക്കുമ്പോള്‍ ജോഷ്വാ നീട്ടിയ കയ്യാണ് അവള്‍ക്ക് പുനര്‍ജന്മം നല്‍കുന്നതും.

രഞ്ജിത്ത് എന്ന സംവിധായകനിലെ നടനെ മനോഹരമായി ഉപയോഗിച്ചിരിക്കുന്നു അഞ്ജലി മേനോന്‍ കൂടെയില്‍. ജോഷ്വായുടെ അപ്പനായി ജീവിത ക്ലേശങ്ങളിലൂടെ കടന്നു പോകുന്ന ഈ ഓട്ടോമൊബൈല്‍ മെക്കാനിക്ക് അനുഭവിക്കുന്ന കുറ്റബോധവും അന്തസംഘര്‍ഷങ്ങളും പകര്‍ന്നുതരാന്‍ രഞ്ജിത്തിന് സാധിച്ചിട്ടുണ്ട്. മമ്മയുടെ വേഷത്തില്‍ മാല പാര്‍വ്വതി, ശൂന്യതയോട് സംസാരിക്കുന്ന വല്യമ്മച്ചി ആയെത്തുന്ന നിലമ്പൂര്‍ ആയിഷ, ജോഷ്വായുടെ അപ്പന്റെ സഹോദരി പോളി വല്‍സന്‍ അങ്ങനെ ഓരോരുത്തരും എടുത്തുപറയേണ്ട അഭിനേതാക്കള്‍ തന്നെ. ജോഷ്വായുടെ ബാല്യകാല മോഹങ്ങള്‍ക്ക് ചിറക് നല്കിയ ഫുട്ബോള്‍ കോച്ച് അഷറഫിന്റെ വേഷത്തില്‍ അതുല്‍ കുലക്കര്‍ണിയും തീയറ്റര്‍ വിട്ടാലും കൂടെ പോരുന്ന കഥാപാത്രമായി.

എടുത്തുപറയേണ്ടുന്ന മറ്റൊന്നു കൂടെയുടെ ക്യാമറക്കാഴ്ച തന്നെ. മരുഭൂമിയില്‍ നിന്നും ഹൈറേഞ്ചിലേക്കും അവിടെ നിന്നു ഊട്ടിയിലേക്കുമുള്ള ദൃശ്യസഞ്ചാരം വെയിലും മഴയും മഞ്ഞും അനുഭവിച്ചു പ്രേക്ഷകരെ കൊതിപ്പിക്കുക തന്നെ ചെയ്യും. ഛായാഗ്രാഹകന്‍ ലിറ്റില്‍ സ്വയമ്പ് ഒരു വലിയ കയ്യടി അര്‍ഹിക്കുന്നുണ്ട്. കഥയുടെ ആഖ്യാനത്തെ തടയാതെ കടന്നു പോകുന്ന രഘു ദീക്ഷിത് സംഗീതം നല്‍കിയ പാട്ടുകളും സിനിമയെ വിജയിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

കൂടെ അഞ്ജലി മേനോന്റെ നാലാമത്തെ മുഴുനീള ചിത്രമാണ്. മഞ്ചാടിക്കുരു, ഉസ്താദ് ഹോട്ടല്‍, ബംഗ്ലൂര്‍ ഡേയ്സ് എന്നിവയാണ് മുന്‍ ചിത്രങ്ങള്‍. കൂടാതെ കേരള കഫെയിലെ ഹാപ്പി ജേര്‍ണി എന്ന ചെറു ചിത്രവും. കലാപരമായും സാമ്പത്തികമായും മലയാള സിനിമയില്‍ മുദ്ര പതിച്ച ചിത്രങ്ങളാണ് ഇവയെല്ലാം തന്നെ. കൂടെയും മറ്റൊരു മികച്ച അഞ്ജലി മേനോന്‍ സിനിമാനുഭവമാണ് എന്ന് ഉറപ്പിച്ച് പറയാം.


Next Story

Related Stories