TopTop
Begin typing your search above and press return to search.

അഭയാർത്ഥികള്‍ക്കും ഹീറോയിസത്തിനും ഇടയിലെ മലയാള സിനിമയുടെ അതിര്‍ത്തികള്‍

അഭയാർത്ഥികള്‍ക്കും ഹീറോയിസത്തിനും ഇടയിലെ മലയാള സിനിമയുടെ അതിര്‍ത്തികള്‍

മലയാളത്തിലെ മികച്ച ക്രാഫ്റ്റ്‌സ്മാന്മാരിൽ ഒരാളായാണ് അമൽ നീരദ് അറിയപ്പെടുന്നത്. ഏറെ ചർച്ചയായ ഇയോബിന്റെ പുസ്തകം ഇറങ്ങി മൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് അമൽ സിഐഎയുമായി വരുന്നത്. കോമ്രേഡ് ഇൻ അമേരിക്ക എന്ന സിഐഎ അമൽ - ദുൽഖർ സൽമാൻ കൂട്ടുകെട്ടിലെ ആദ്യ സിനിമ എന്ന രീതിയിലും ശ്രദ്ധ നേടിയിരുന്നു. ഒരു മാസ്സ് മസാല - കമ്മ്യൂണിസ്റ് ഹീറോ - ആക്ഷൻ പടം എന്ന് തോന്നിച്ച ട്രെയിലറും, നിങ്ങൾ സ്നേഹത്തിനു വേണ്ടി എത്ര ദൂരം പോകും എന്ന കാപ്‌ഷനും ഒക്കെ പ്രേക്ഷകർ സ്വീകരിച്ചിരുന്നു. സാധാരണ അമൽ നീരദ് സിനിമകളിൽ നിന്ന് വ്യത്യസ്തമായ പേസ് ആയിരുന്നു ട്രെയിലറിന്.

പാലായിലാണ് സിനിമ തുടങ്ങുന്നത്. 2015-ലെ കെ.എം മാണി വിവാദങ്ങളെ ഓർമിപ്പിച്ച ഒരു തുടക്കമാണ് സിനിമയ്ക്ക്. കോര എം എന്ന മന്ത്രി ഗുരുതരമായ അഴിമതി വിവാദങ്ങളിൽപ്പെട്ട കാലം ഒക്കെ പാലായിലെ അന്നത്തെ രാഷ്ട്രീയ സാഹചര്യത്തെ ഓര്‍മിപ്പിക്കുന്നുണ്ട്, പ്രത്യക്ഷമായി തന്നെ. കോര സാറിന്റെ വിശ്വസ്ത അനുയായിയാണ് മാത്യു (സിദ്ധിക്ക്). മാത്യുവിന്റെ മകൻ അജി ആയാണ് ദുൽഖർ എത്തുന്നത്. കറ കളഞ്ഞ കമ്മ്യൂണിസ്ററ് അനുഭാവിയായ അജി നാട്ടിലെ സമരങ്ങൾക്കൊക്കെ സജീവ സാന്നിധ്യമാണ്. ഇതിനിടെ അജി പ്രണയത്തിലും ആവുന്നുണ്ട്‌.

ട്രെയിലറിൽ കണ്ടതിന്റെ വിശദീകരണം പോലെയാണ് ആദ്യ പകുതിയിൽ സിനിമ മുന്നോട്ടു പോകുന്നത്. നായകൻറെ അടിയും സമരവും പഞ്ച് ഡയലോഗുകളും എല്ലാം ഇപ്പോഴത്തെ പുതിയ മലയാള സിനിമാ ട്രെൻഡ് ആയ കമ്മ്യൂണിസ്റ്റ് ഹീറോ മൂവി ഗണത്തിൽപ്പെട്ട മറ്റൊരു സിനിമയാണ് സിഐഎ എന്ന് തോന്നിച്ചു. പക്ഷെ കുറച്ചു കൂടി താത്വിക മാനങ്ങൾ സിനിമക്ക് കൊടുക്കാൻ സംവിധായകനും തിരക്കഥാകൃത്തും ശ്രമിച്ചിട്ടുണ്ട്. മാർക്സും ലെനിനും സ്റ്റാലിനും ചെഗുവേരയും ഒക്കെ സിനിമയിൽ വരുന്നത് ആശയങ്ങളുടെ കൂടി ബലത്തിലാണ്. സിനിമയ്ക്ക് ഇടക്കൊരു മാജിക്കൽ റിയലിസം കലർന്ന അന്തരീക്ഷവും കൈവരുന്നുണ്ട്. മൂലധനവും പ്രണയവും ഒക്കെ വായിക്കുന്നുണ്ട് നായകൻ. ഫേസ് ബുക്കിൽ തെറി വിളിക്കാതെ അടിത്തട്ടിൽ പ്രണയിക്കാനൊക്കെ തനിക്കു ശേഷമുള്ള തലമുറ സഖാക്കളെ ഉപദേശിക്കുന്നുണ്ട്. പക്ഷെ ഇതൊക്കെ താത്ക്കാലിക പ്രതിഭാസങ്ങളാണ്. ഇതിനൊക്കെ ശേഷവും ഏതാണ്ട് അമാനുഷികനായി നായകൻ അടി തുടരുന്നുണ്ട്.

വിചിത്രമായ, ദുർഘടമായ വഴികളിലൂടെയുള്ള അജിയുടെ യാത്രയും ആ യാത്രയിൽ ഉടനീളവും തുടർന്നും അജി അനുഭവിക്കേണ്ടി വന്ന നല്ലതും ചീത്തയുമായ കാര്യങ്ങളും ഒക്കെയാണ് സിനിമയുടെ രണ്ടാം പകുതിയെ മുന്നോട്ട് നയിക്കുന്നത്. പ്രണയത്തെ തേടി അപകടം നിറഞ്ഞ വഴികളിലൂടെയാണ് നായകൻ യാത്ര ചെയ്യുന്നത്. അയാൾക്ക് കൂട്ടായി ജീവിതം പലതരത്തിൽ വഴിമുട്ടിച്ച പല രാജ്യങ്ങളിൽ നിന്നുള്ള സംഘവും ഉണ്ട്. ഇവർക്കിടയിൽ അതിർത്തികൾ ഇല്ല എന്നൊക്കെയാണ് പറയാൻ ശ്രമിക്കുന്നത്. നാട്ടിലെ പ്രിയപ്പെട്ട അന്തരീക്ഷത്തിൽ നിന്നുള്ള ആ മാറ്റം അയാളുടെ ജീവിതത്തെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്നു കൂടി ഈ ഭാഗം പറഞ്ഞു വെക്കാൻ ശ്രമിക്കുന്നു. പ്രണയത്തെ അപ്രത്യക്ഷമാക്കി അഭയാർഥിത്വം എന്നൊരു അവസ്ഥയിലേക്ക് സിനിമയുടെ ഫോക്കസ് മാറുന്നു. വഴികാട്ടിയാവുന്ന ചൈനയുടെ ജിപിഎസും വിസ നിഷേധിക്കപ്പെട്ട പാകിസ്താനിയും ഒക്കെ ചില ധാരണകളെ പൊളിക്കാൻ ഉദ്ദേശിച്ചെടുത്ത കാഴ്ചകളാണ്.

പക്ഷെ, വളരെ നീളം കൂടി എന്ന് തോന്നുന്ന, അതിഭീകരമായ അതിർത്തികടക്കലിന് പോന്ന ഒന്നും അജിയും കാര്‍ത്തിക മുരളീധരന്‍ അവതരിപ്പിക്കുന്ന സാറയുമായുള്ള പ്രണയത്തിൽ പ്രേക്ഷകർക്ക് അനുഭവപ്പെടാൻ സാധ്യതയില്ല. ഒരു പാട്ടും ഒന്നോ രണ്ടോ രംഗങ്ങളും മാത്രമാണ് ഇവരുടെ പ്രണയത്തിനുള്ളത്. ഈ ദുർഘടമായ വഴിയിൽ കുറെ രാഷ്ട്രീയങ്ങളുണ്ട്. മെക്സിക്കൻ - അമേരിക്കൻ അതിർത്തി ഈ അടുത്ത് ട്രമ്പിനൊപ്പം വീണ്ടും ചർച്ചാ വിഷയം ആയതുമാണ്. മുപ്പതിലധികം ചെക്ക് പോസ്റ്റുകൾ ഉള്ള, ലോകത്തെ ഏറ്റവും വലിയ സുരക്ഷാ സംവിധാനങ്ങൾ ഉള്ള ഒരു അതിർത്തിയെ അജി മറികടന്നത് ഒട്ടും വിശ്വസനീയമായല്ല. നമ്മൾ കണ്ട അതിർത്തി ദൃശ്യങ്ങളെ അതപോലെ പുനരാവിഷ്കരിച്ചത് കയ്യടി അർഹിക്കുന്നുണ്ട്. പക്ഷെ അത് മറികടക്കാൻ ഉണ്ടായ കാരണവും മറികടന്ന രീതിയും ഒട്ടും വിശ്വസനീയമല്ല. അത്രയും ദൂരം താണ്ടിയ വിധം വിചിത്രമാണ്. കൊമേഴ്സ്യൽ ചേരുവ എന്നാണെങ്കിൽ അതിന് ഒട്ടും ചേർന്ന അവസ്ഥയല്ല ആ അതിർത്തിയിലും സിനിമയിലെ ആ രംഗങ്ങളിലും ഉള്ളത്.

മലയാള സിനിമയുടെ ഈയടുത്ത വളരെ ജനകീയമായ സംഭാവനയാണ് 'തേപ്പ്' എന്ന വാക്ക്. 'തേക്കുന്ന പെണ്ണ്' കാണികൾ ഇഷ്ടപ്പെടുന്ന ഒരു ഫോർമുല ആണെന്ന് തോന്നുന്നു. മലയാളികൾ പൊതുവെ മനുഷ്യ ബന്ധങ്ങളെ കാണുന്ന കാഴ്ചയുടെ പ്രതിഫലനമാണ് ഈ രംഗങ്ങളും അതിന്റെ സ്വീകാര്യതയും. ലോകത്തെ അഭയാർത്ഥികൾക്ക് വേണ്ടി സമർപ്പിച്ച ഒരു സിനിമയിലും ഇത്തരം കാര്യങ്ങള്‍ വാണിജ്യ ഘടകങ്ങൾ ആയത് അത്ഭുതമാണ്. പ്രണയവും പ്രണയഭംഗവും ഈ മന:സ്ഥിതിയിൽ നിന്ന് രക്ഷ നേടേണ്ടത് അനിവാര്യമാണ്. ആ അനിവാര്യതയെ മറികടക്കാൻ സിഐഎക്കും സാധിച്ചിട്ടില്ല. അഭയാർത്ഥി രംഗങ്ങളിൽ ഇറങ്ങിപ്പോയി തിരിച്ചു വരുന്ന, അശ്രദ്ധമായി സിനിമയെ കാണുന്ന കാണികൾ, തേപ്പ് രംഗങ്ങളിൽ ഹീറോ ആയി മുണ്ട് മടക്കി ഉടുക്കുന്നവനെ നോക്കി കയ്യടിക്കുകയാണ്. ഈ അവസ്ഥയെ പ്രശ്നവത്ക്കരിക്കുക എളുപ്പവുമല്ല.

സാങ്കേതിക മികവും അഭിനേതാക്കളുടെ മികവും സിനിമയ്ക്കുണ്ട്. പക്ഷെ ദുൽഖർ ക്‌ളീഷേകൾ ആവർത്തിക്കപ്പെടുന്നു. ആംഗ്രി യങ് മാൻ തന്നെയാണ് ഏറിയും കുറഞ്ഞും അയാൾ ഈ സിനിമയിലും. വീട് വിട്ടിറങ്ങുന്നു, അച്ഛനോട് കലഹിക്കുന്നു, കൂട്ടുകാരെ ജീവനായി കരുതുന്നു. മിനിമം ഗാരന്റിയുള്ള പ്രകടനമാണ് ഇത്തരം അവസ്ഥകളിൽ എല്ലാം ദുൽഖറിന്റേത്. പക്ഷെ ആവർത്തന വിരസത നടൻ എന്ന രീതിയിൽ അയാൾ വളരുന്നതിൽ നിന്നും തടയുന്നുണ്ട്. ഒരു മാസ്സ് ഹീറോയെക്കാൾ സാധ്യത, നീണ്ട കാലത്തെ കരിയർ ഉദ്ദേശിക്കുന്ന നടനുണ്ട്. ആ സാധ്യത കൂടി തിരിച്ചറിയാൻ അദ്ദേഹത്തിന് സാധിക്കട്ടെ. പ്രണയം തേടിയുള്ള യാത്ര നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിയിൽ കണ്ടിട്ടുണ്ട്. ദുൽഖറിന്റെ തന്നെ റൊമാന്റിക്ക് റോഡ് മൂവി മുന്നേ വന്നിട്ടുണ്ട്. സിദ്ദിഖ് - സൗബിൻ - ദിലീഷ് പോത്തൻ തുടങ്ങിയവരുടെ സ്ക്രീൻ പ്രെസൻസും അഭിനയ മികവും സിനിമക്ക് ഗുണം ചെയ്തു. പല നാടുകളിൽ നിന്നുള്ള അഭയാർത്ഥികളായവരും നന്നായി അഭിനയിച്ചു. നായികയായ കാർത്തികയ്ക്ക് ഒന്നും ചെയ്യാനില്ല. ഇതിലെ പ്രണയിനി അയാളെ ദൂരേക്ക് എത്തിക്കുന്ന ഒരു സാന്നിധ്യമാണ്. ആ സാന്നിധ്യത്തിന് രൂപം ഇല്ല, രൂപം ആവശ്യവും ഇല്ല. പശ്ചാത്തല സംഗീതം സിനിമയുടെ മൂഡിനോട് ചേർന്ന് നിൽക്കുന്നു. പാട്ടുകൾ സ്പർശിക്കുന്നേ ഇല്ല. അതിർത്തിയെ ദൃശ്യവത്ക്കരിച്ച രീതി വളരെ സൂക്ഷ്മമാണ്

അഭയാർഥിത്വം ലോകത്തെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ്. ഏറ്റവും മനുഷ്യത്വരഹിതമായ അവസ്ഥകളിലൂടെയാണ് അതിർത്തികളിൽ എത്തുന്ന, അവിടെ അകപ്പെടുന്ന മനുഷ്യരുടെ ജീവിതം കടന്നു പോകുന്നത്. ഒരു രാജ്യത്തിന്റെ 'അഭിമാനം' സംരക്ഷിക്കാൻ, നിസഹായരായ നിരവധി മനുഷ്യരുടെ ജീവിതമാണ് അതിർത്തികൾക്കു പറയാനുള്ള കഥ. എന്നാല്‍ മലയാള സിനിമയും പൊതുബോധവും വരച്ചിട്ട ചില അതിര്‍ത്തികള്‍ കൂടി താണ്ടാന്‍ ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ട്.


Next Story

Related Stories