TopTop
Begin typing your search above and press return to search.

അഴകന്‍ എന്ന ദളിത് കമ്യൂണിസ്റ്റിന്റെ ജീവിതം; അടിമുടി രാഷ്ട്രീയം പറയുകയാണ് ടിവി ചന്ദ്രന്റെ 'പെങ്ങളില'

അഴകന്‍ എന്ന ദളിത് കമ്യൂണിസ്റ്റിന്റെ ജീവിതം; അടിമുടി രാഷ്ട്രീയം പറയുകയാണ് ടിവി ചന്ദ്രന്റെ പെങ്ങളില

പെങ്ങളിലയിലെ നായിക രാധ എന്നു വിളിക്കുന്ന രാധാ ലക്ഷ്മിയാണ്. വയസ്സ് 8. ആ കൊച്ചുകുട്ടി കഥയിലുടനീളം അയ്യങ്കാളിയെ കുറിച്ചും താഴ്ന്ന ജാതിക്കാര്‍ക്ക് വഴി നടക്കാന്‍ സാധിക്കാത്തതിനെ കുറിച്ചും വിമോചന സമരത്തെ കുറിച്ചും അടിയന്തരാവസ്ഥയെ കുറിച്ചുമൊക്കെ ചോദിച്ചുകൊണ്ടേയിരിക്കുന്നു. എന്തിനാണ് ഈ കൊച്ചുകുട്ടിയെ കൊണ്ട് വായില്‍ക്കൊള്ളാത്ത ബുദ്ധിജീവി ചോദ്യങ്ങള്‍ ചോദിപ്പിക്കുന്നത് എന്നു പ്രേക്ഷകന് തോന്നിയേക്കാം. അതിനുള്ള ഉത്തരമാണ് സഖാവ് അഴകന്‍ എന്ന ദളിത് കമ്യൂണിസ്റ്റിന്റെ പച്ചയായ ജീവിതം.

90കളുടെ മധ്യത്തിലാണ് രാധ ഈ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്. ഈ കാലയളവിലാണ് നമ്മുടെ രാജ്യവും ആഗോളവത്ക്കരണത്തിന്റെ പാതയിലേക്ക് ചുവടുവെക്കുന്നത്. യുവത്വം മറ്റൊരു ദിശയിലേക്ക് നീങ്ങിത്തുടങ്ങുന്നത്. ചരിത്രത്തില്‍ നിന്നും അവര്‍ വിച്ഛേദിക്കപ്പെടുന്നത്. ആ അന്തരാള ഘട്ടത്തിലാണ് മെട്രോ നഗരത്തില്‍ നിന്നും എത്തിയ രാധയുടെ മുന്‍പില്‍ അഴകന്‍ നാടന്‍ പാട്ടും ഒരു തൂമ്പയും തോളില്‍ ഒരു തോര്‍ത്തുമായി പ്രത്യക്ഷപ്പെടുന്നത്. എഴുതപ്പെടാത്ത ചരിത്രമായ അയാളാണ് രാധയെ കൊണ്ട് ചരിത്രത്തിലേക്ക് നോക്കി ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രേരിപ്പിക്കുന്നത്. പുതിയ തലമുറ ചോദ്യങ്ങള്‍ ചോദിച്ചു തന്നെ ചരിത്രത്തെ അറിയണം എന്ന രാഷ്ട്രീയ ബോധ്യമാണ് വിമോചന സമരക്കാലത്ത് ഒരു കൊച്ചു പയ്യനായിരുന്ന ടി വി ചന്ദ്രന്റെ കാഴ്ചപ്പാട്. ആ ഓര്‍മ്മകളുടെ ആത്മകഥാംശമുള്ള ചിത്രമാണ് 1995ല്‍ ഇറങ്ങിയ ഓര്‍മ്മകളുണ്ടായിരിക്കണം. ആ സിനിമ ഇറങ്ങിയ വര്‍ഷം മുതലാണ് രാധയുടെ കഥ ആരംഭിക്കുന്നതും. (ഓര്‍മ്മകളുണ്ടായിരിക്കണം എന്ന സിനിമയില്‍ നിന്നുള്ള ഭാഗങ്ങള്‍ പെങ്ങളിലയില്‍ ആവര്‍ത്തിക്കുന്നുണ്ട്. ആ സിനിമയില്‍ ഇ എം എസ് സര്‍ക്കാരിനെതിരെയുള്ള പ്രകടനം നോക്കിനില്‍ക്കുന്നവരുടെ കൂട്ടത്തില്‍ അഴകനും ഉണ്ട്.)

സ്വാതന്ത്ര്യ സമര പോരാട്ടങ്ങളാലും കര്‍ഷക പ്രക്ഷോഭങ്ങളാലും ജാതി വിരുദ്ധ കലാപങ്ങളാലും പ്രക്ഷുബ്ദമായ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ലാല്‍ അവതരിപ്പിക്കുന്ന അഴകന്‍റെ ജീവിതം ആരംഭിക്കുന്നത്. കേരളം കടന്നു പോയ സംഘര്‍ഷത്തിന്റെ കാലങ്ങളിലെല്ലാം ചുവന്ന കൊടിയും പിടിച്ച് അഴകനുണ്ടായിരുന്നു. വിമോചന സമരക്കാലത്ത് പ്രണയാതുരനായ യുവാവായിരുന്നെങ്കിലും ഭരിക്കുന്നത് തന്റെ സര്‍ക്കാരാണ് എന്ന ബോധ്യമുള്ളവനായിരുന്നു. സര്‍ക്കാരിനെതിരെ ദിവസ കൂലിക്ക് ജാഥയ്ക്ക് പങ്കെടുക്കാന്‍ പോയ അഴകന്‍റെ കാമുകി മാല കൊല്ലപ്പെടുകയാണ്. അടിയന്തരാവസ്ഥ കാലത്തും ഫാക്ടറി പടിക്കലെ തൊഴിലാളി സമരങ്ങളുടെ മുന്‍നിരയിലും ഭൂമിക്ക് വേണ്ടിയുള്ള സമരത്തിലും അഴകനുണ്ടായിരുന്നു. അടിയന്തരവസ്ഥ കാലത്ത് തനിക്കൊപ്പം ജയിലില്‍ കിടന്ന സഖാവ് കോശി വലിയ റിയല്‍ എസ്റ്റേറ്റ് മുതലാളിയായി ഫ്ലാറ്റ് സമുച്ചയം പണിയാന്‍ നാട്ടിലെത്തിയപ്പോള്‍ ഒഴിപ്പിക്കാന്‍ നോക്കിയത് അഴകന്‍റെ കോളനിയും. അതിനെതിരെയും അഴകന്‍ നിരാഹാര സമരം കിടന്നു. കോശിയുടെ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് രാധയുടെ അച്ഛന്‍ വിനോദ്. ഭര്‍ത്താവിനോട് പിണങ്ങി സ്വന്തം വീട്ടിലേക്ക് പോകുന്ന അമ്മയ്ക്കൊപ്പം രാധ അഴകനെയും ആ നാടിനെയും വിട്ട് പോകുന്നത് അഴകന്‍ നിരാഹാരം കിടക്കുന്ന ആ ദിവസങ്ങളിലാണ്.

സി വി ശ്രീരാമന്റെ മാടയും ടിവി ചന്ദ്രന്‍ അതിനെ അടിസ്ഥാനമാക്കി സംവിധാനം ചെയ്ത പൊന്തന്‍മാടയുമാണ് ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോകുന്ന ദളിത് ജീവിതം ആവിഷക്കരിക്കപ്പെട്ട ചില മുന്‍ രചനകള്‍. പൊന്തന്‍മാടയില്‍ മാട ചരിത്രത്തിന്റെ മൂകസാക്ഷിയാണെങ്കില്‍ അഴകന്‍ ചരിത്രത്തില്‍ ഇടപെടുന്നുണ്ട്. രേഖപ്പെടുത്തപ്പെടുന്നില്ലെങ്കിലും. ഭൂപരിഷ്ക്കരണത്തില്‍ വെള്ളത്തിലും കരയിലും ജീവിച്ച ജലജീവി മാടയ്ക്ക് എന്തുകിട്ടിയെന്നു മുന്‍ കമ്യൂണിസ്റ്റ് നേതാവ് ചോദിക്കുന്നത് ഓര്‍ക്കുക.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ചെറുതല്ലാത്ത പങ്കുവഹിക്കുകയും എന്നാല്‍ വ്യവസ്ഥാപിത ഇടതുപക്ഷ ചരിത്രത്തിലൊന്നും രേഖപ്പെടുത്തപ്പെടാതെ പോവുകയും ചെയ്ത കറപ്പന്‍ എന്ന ദളിതന്റെ കഥ പറഞ്ഞ ‘കറപ്പന്‍’ എന്ന അശോകന്‍ ചരുവിലിന്റെ നോവലാണ് പെങ്ങളിലയ്ക്ക് സമാനമായ മറ്റൊരു രചന.

“ചരിത്രം നിന്‍റമ്മയ്ക്ക് സ്ത്രീധനം കിട്ടിയതാണെന്നാണോ നീ വിചാരിച്ചത്? നീ എന്തു ചരിത്രമാണ് സൃഷ്ടിക്കാന്‍ പോണത്? ഞാനും കോളേജില്‍ ചരിത്രാണ് പഠിച്ചത്. പി ജി‌ കഴിഞ്ഞ് എംഫിലിന് പഠിക്കുമ്പോഴാ പോലീസില്‍ കിട്ട്യേത്. ഞാന്‍ പഠിച്ച ചരിത്രത്തിനപ്പുറത്ത് നിന്റെ ചരിത്രമൊന്നും സൃഷ്ടിക്കണ്ടടാ നായെ.” അടിയന്തരാവസ്ഥക്കാലത്ത് കോളേജില്‍ നിന്നു അറസ്റ്റ് ചെയ്ത ഒരു വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചുകൊണ്ടു പോലീസുകാരന്‍ ആ നോവലില്‍ പറയുന്ന വാചകങ്ങളാണിത്. കോളേജില്‍ പഠിക്കുന്ന ചരിത്രവും അതിന് സമാന്തരമായി ഒഴുകുന്ന, ‘സൃഷ്ടിക്കപ്പെടുന്ന’ ചരിത്രവും ഉണ്ടെന്ന വ്യക്തമായ പ്രഖ്യാപനമാണ് എഴുത്തുകാരന്‍ പോലീസുകാരനിലൂടെ നടത്തിയത്. അത് ഭരണകൂടം നിര്‍മ്മിക്കുന്ന ടെക്സ്റ്റ് ബുക്ക് ചരിത്രമാകാം. അല്ലെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഔദ്യോഗിക പാര്‍ട്ടി ക്ലാസ് ചരിത്രമാകാം. അതില്‍ എവിടെയാണ് ദളിതനായ കറപ്പന്‍ എന്ന് അന്വേഷിക്കുകയാണ് അശോകന്‍ ചരുവില്‍.

ടിവി ചന്ദ്രന്‍ അഴകനിലൂടെ നടത്തുന്ന അന്വേഷണവും അത് തന്നെയാണ്. ഇവിടെ മുഖ്യധാര ഇടതുപക്ഷം മാത്രമല്ല വിമര്‍ശന വിധേയമാവുന്നത്. പുകള്‍പ്പെറ്റ ഇടതു സാംസ്കാരിക മേഖലയും വിമര്‍ശിക്കപ്പെടുന്നുണ്ട്. ഫിലിം ക്ലബ് ഉണ്ടാക്കുകയും ആര്‍ട്ട് ഫിലിമുകള്‍ ആസ്വദിക്കുകയും അത്തരം സിനിമകളെ കുറിച്ച് മദ്യപാന സദസുകളില്‍ ഘോരഘോരം ചര്‍ച്ച ചെയ്യുകയും മേമ്പൊടിയായി പാട്ടുപാടാന്‍ ഒരുങ്ങുമ്പോള്‍ 'സന്യാസിനി' മാത്രം വായില്‍ വരികയും ചെയ്യുന്ന 90കളിലെ മധ്യ വര്‍ഗ്ഗ ബുദ്ധിജീവികളെ കണക്കിനു കളിയാക്കുന്നുണ്ട് സിനിമ. അവരുടെ ഇടയിലേക്കാണ് അലോസരമായി അഴകന്‍റെ നാടന്‍ പാട്ട് കടന്നുവരുന്നത്.

80 വര്‍ഷക്കാലത്തെ അഴകന്‍റെ ജീവിതമാണ് പെങ്ങളില. യഥാര്‍ഥത്തില്‍ അഴകന്‍ കേരള രാഷ്ട്രീയ ചരിത്രം തന്നെയാണ്. അഴകന്‍റെ പ്രിയപ്പെട്ട പെങ്ങള്‍ മഞ്ഞയും കാമുകിയും മരിക്കുന്നത് കേരളത്തിന്റെ നിര്‍ണ്ണായക ചരിത്ര ഘട്ടങ്ങളിലാണ്. ഉന്നത ജാതിക്കാരുടെ കുളത്തില്‍ കാല്‍ കഴുകാന്‍ ഇറങ്ങിയതിനു സവര്‍ണ്ണ ജാതിക്കാര്‍ പേടിപ്പിച്ചതിനെ തുടര്‍ന്ന് പനി പിടിച്ചാണ് മഞ്ഞ മരിക്കുന്നത്. എന്തിനാണ് കുളത്തിലിറങ്ങാനും നിരത്തിലൂടെ നടക്കാനും അനുവദിക്കാതിരിക്കുന്നത് എന്നു എത്ര ആലോചിച്ചിട്ടും രാധയ്ക്ക് മനസിലായില്ല. ആ രാധയ്ക്കാണ് അഴകന്‍ അയ്യങ്കാളിയുടെയും പഞ്ചമിയുടെയും കഥ പറഞ്ഞു കൊടുക്കുന്നതു. അത് കേട്ടിട്ടാണ് അമ്മയെ കൊണ്ട് രാധ അയ്യങ്കാളിയെ കുറിച്ചുള്ള പുസ്തകം ലൈബ്രറിയില്‍ നിന്നെടുപ്പിക്കുന്നതും വായിച്ചു കേള്‍ക്കുന്നതും. ഇതേ പുസ്തകം എടുത്തു മറച്ചു നോക്കി എന്തിനാ ഇത്തരം പുസ്തകങ്ങള്‍ രാധയ്ക്ക് വായിച്ചു കേള്‍പ്പിച്ചുകൊടുക്കുന്നതെന്ന് അച്ഛന്‍ വിനോദിന്റെ ചോദ്യം ലക്ഷണയുക്ത മധ്യവര്‍ഗ്ഗിയുടേതാണ്. രാധയുടെ ചരിത്രാന്വേഷണങ്ങള്‍ ഓരോന്നിനും ഉത്തരമായി പ്രത്യക്ഷപ്പെടുന്നത് അഴകനാണ്.

ജനാധിപത്യം അതിന്റെ 80 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോഴും സ്വന്തമായി ഭൂമിയില്ലാതെ നിരന്തരം പലായനം ചെയ്യുന്നവരാണ് അഴകന്‍ പ്രതിനിധാനം ചെയ്യുന്ന കീഴാള സമൂഹം. അവരുടെ പലായനങ്ങളെല്ലാം 'വികസന'ത്തിന് വേണ്ടിയാണ് എന്നതാണ് വൈരുദ്ധ്യം. കേരളത്തില്‍ ഇന്നുയരേണ്ട രാഷ്ട്രീയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് അഴകന്‍ എന്നു പറഞ്ഞുവെക്കാനാണ് ടി വി ചന്ദ്രന്‍ തന്റെ പുതിയ ചിത്രമായ പെങ്ങളിലയിലൂടെ ശ്രമിക്കുന്നത്. നവോത്ഥാനത്തെ കുറിച്ച് കുട്ടികളെ പഠിപ്പിക്കാന്‍ പുത്തന്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്ന ഘട്ടത്തില്‍ ഈ ചിത്രം സന്ദര്‍ഭോചിതം എന്നു പറയാതിരിക്കാന്‍ ആവില്ല.

കവി അയ്യപ്പന്റെ കവിതയിലെ പ്രയോഗമാണ് പെങ്ങളില. സച്ചിദാനന്ദന്റെ 'പുലയപ്പാട്ട്' എന്ന കവിത ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. കവി അന്‍വര്‍ അലി എഴുതിയ പാട്ടും മനോഹരമാണ്. അഴകനെ അവതരിപ്പിച്ച ലാലും രാധയെ അവതരിപ്പിച്ച അക്ഷര കിഷോറും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ടി വി ചന്ദ്രന്റെ മുന്‍ സിനിമകളെ അപേക്ഷിച്ച് ക്രാഫ്റ്റിന്‍റെ കാര്യത്തില്‍ മികച്ചത് എന്നു പറയാന്‍ സാധിക്കില്ലെങ്കിലും രാഷ്ട്രീയ അനുഭവം എന്ന നിലയില്‍ പെങ്ങളില ശക്തമായ രചന തന്നെയാണ്.


Next Story

Related Stories