Top

അതിക്രമിച്ചു കയറാൻ ആരെയും സമ്മതിക്കില്ല എന്നുപറയാന്‍ ഇത്രയും പൗരുഷത്തിന്റെ ആവശ്യമുണ്ടോ? വരത്തനെ കുറിച്ചുതന്നെ

അതിക്രമിച്ചു കയറാൻ ആരെയും സമ്മതിക്കില്ല എന്നുപറയാന്‍  ഇത്രയും പൗരുഷത്തിന്റെ ആവശ്യമുണ്ടോ? വരത്തനെ കുറിച്ചുതന്നെ
സമീപകാലത്തു പുറത്തുവന്ന ഒരു ജോയ്‌ മാത്യു സിനിമയായിരുന്നു അങ്കിൾ; നിലനിൽക്കുന്ന മൂല്യബോധങ്ങളെ കൃത്യമായി ചോദ്യം ചെയ്യുകയും ഉശിരുള്ള പെൺ കഥാപാത്രങ്ങളെ കാട്ടിത്തന്നുകൊണ്ട് 'പുരുഷത്വധാരണ'കളെ നിഷ്പ്രഭമാക്കുകയും ചെയ്യുന്ന സിനിമ. പ്രായപൂർത്തിയാകാത്ത സ്വന്തം മകൾക്ക് വന്നു ചേരാവുന്ന 'പേരുദോഷങ്ങളെ' ഭയക്കാതെ, 'അത് നിങ്ങളുടെ കാഴ്ചയുടെ പ്രശ്നമാണ്' എന്ന് ഉറക്കെ പറയുന്ന അമ്മ ഒരുതരം ഊർജ്ജം പകർന്നു തരുന്ന ഒന്നായിരുന്നു. മകളുടെ നേർക്ക് തിരിയുന്ന കാമറകളെ കാലിലെ ചെരുപ്പൂരി അടിക്കാനോങ്ങിക്കൊണ്ട് മുത്തുമണി ചെയ്ത വേഷം, 'കുലീന അമ്മ' കഥാപാത്രങ്ങൾക്കുണ്ടാക്കുന്ന 'പേരുദോഷ'വും ചില്ലറയല്ല. പറഞ്ഞു വരുന്നത് സദാചാരമൂല്യങ്ങളെ 'സംരക്ഷിക്കാനു'ള്ള എല്ലാ സാധ്യതകളും ഒത്തു ചേർന്നിട്ടും സമൂഹത്തിന്റെ കയ്യ് പിടിച്ച്, അതല്ല ശരി എന്നു പറയാനുള്ള രാഷ്ട്രീയ ബോധ്യവും ഒതുക്കവും കാണിച്ച സിനിമയായിരുന്നു അങ്കിൾ. പക്ഷേ, ഇത് അങ്കിളിനെ കുറിച്ചല്ല, മറിച്ച് ഒരു സിനിമ ബാക്കി വയ്ക്കുന്നത് എന്താണ് എന്ന് ആലോചിക്കുമ്പോള്‍ തെളിഞ്ഞുവന്ന ചില കാര്യങ്ങള്‍ക്ക് ആമുഖമായി പറഞ്ഞതാണ്. അങ്ങനെ നോക്കുമ്പോള്‍ ഒരുപാട് നിറക്കൂട്ടുകളും സംഗീതവും സാങ്കേതിക വിദ്യയും ഒക്കെ അനുഭവിക്കുന്ന ഒന്നാകുമ്പോഴും ഹൃദയത്തിലേക്ക് കേറാനുള്ള ഒന്നും തന്നെ അവശേഷിപ്പിക്കുന്നില്ല 'വരത്തന്‍' എന്നതാണ് ഒറ്റ വരിയിൽ പറയാവുന്നത്. ഒരുപാട് ഘടകങ്ങൾ സിനിമ സമ്മാനിക്കുമ്പോൾ സമൂഹം പറഞ്ഞു വച്ചതിന് പുറത്തേക്കൊന്നും പോകാതെ പഴഞ്ചനാവുന്നു 'വരത്തൻ' എന്നതു കൊണ്ടാണ് 'അങ്കിളി'ന്റെ പേര് മുകളില്‍ പരാമര്‍ശിച്ചത്.

വരത്തനും ഇത്രയും കാലം പറഞ്ഞു വച്ച ഗ്രാമീണ കാല്പനികതകളെ ചോദ്യം ചെയ്യുന്നുണ്ട്. പക്ഷേ ഇത്തവണ നന്മ മുഴുവൻ കൊടുത്തിരിക്കുന്നത് നഗരജീവികള്‍ക്കാണ് എന്ന് മാത്രം. ഇത്തരം ദ്വന്ദ്വ നിര്‍മിതികളെ ചോദ്യം ചെയ്യുന്നതിന് പകരം ഇവ പരസ്പരം തിരിച്ചിട്ട് ദ്വന്ദങ്ങൾ പുനർനിർമ്മിക്കുന്നു. കോൺട്രാക്ടറുടെയും തൊഴിലാളിയുടെയും മക്കൾ ഒരേ സ്കൂളിൽ പഠിക്കുന്നതിലൂടെ ഒരു രീതിയിൽ നമ്മളൊക്കെ പരിചയിച്ചിട്ടുള്ളതോ കടന്നുപോന്നിട്ടുള്ളതോ ആയിട്ടുള്ള ഗ്രാമാന്തരീക്ഷം കാണിക്കുന്ന സിനിമ, അതേസമയം ഗ്രാമ ജീവിതങ്ങള്‍ക്കുള്ളിൽ നിലനിൽക്കുന്ന ജാതി, മത ഉച്ച നീചത്വങ്ങളെ കാണിക്കുന്നുമുണ്ട്. പക്ഷേ ഇത്തരം വിമർശനങ്ങൾ നഗരങ്ങൾക്ക് നേരെയോ, വരത്തനോ ഭാര്യക്കോ നേരെയോ ഉയർത്താനോ സിനിമ മുതിരുന്നില്ല.

പതിനെട്ടാം മൈലിൽ ഗ്രാമീണരും ചെറുപ്പക്കാരും കൂടി പ്രിയക്കെതിരെ നടത്തുന്ന വലിയ ഗൂഡാലോചന ഒരൽപം കല്ലുകടിയാണ്. ബെന്നി എന്ന് പേരുള്ള ദിലീഷ് പോത്തൻ അവതരിപ്പിച്ച കഥാപാത്രം മാത്രമാണ് പതിനെട്ടാം മൈലിലെ ആകെക്കൂടിയുള്ള ഒരു നല്ല മനുഷ്യൻ! ചുറ്റുപാടുമുള്ള മനുഷ്യരുമായും ഒരു രീതിയിലും സംവേദനം സാധ്യമല്ലാത്ത രീതിയിലാണ് വരത്തനും ഭാര്യയും ജീവിക്കുന്നത്. ഗൃഹാതുരത്വം എന്ന് പറയുന്നത് സ്വന്തം വീടായി മാത്രം ചുരുങ്ങുകയും, മറ്റു മനുഷ്യരെല്ലാം പ്രിയക്ക് പണ്ടേ അറിയാവുന്ന തനി 'പിഴകൾ' മാത്രമാവുകയും ചെയ്യുന്നുണ്ട്. ഇത്തരം സംവേദനങ്ങൾക്ക് മുതിര്‍ന്ന എബിയാണെങ്കിൽ ദയനീയമായി പരാജയപ്പെടുകയും ചെയ്യുന്നു. പറഞ്ഞു വരുമ്പോൾ കോൺട്രാക്ടറും വരത്താനാകുമെങ്കിലും, കയ്യൂക്കും ഗുണ്ടായിസവും മാത്രം കൈമുതൽ ആയതുകൊണ്ട് യഥാർത്ഥ വരത്തനായ എബിയെക്കാളും ഒരുപടി താഴെത്തന്നെയാണ് അത്.

എടുത്ത് പറയേണ്ടത് പ്രിയ പോൾ, എബി തുടങ്ങിയ കഥാപാത്രങ്ങളുടെ സൃഷ്ടിയാണ്. ആഢ്യത്വം, പണം, ജോലി തുടങ്ങി പ്രിയയുടെ കഥാപാത്രത്തെ കൃത്യമായി വേരുറപ്പിക്കുന്നുണ്ട് സിനിമ. ജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാ അവസരങ്ങളിലും പ്രിയ എബിയെക്കാളും ശക്തയാണ്- ശരിയാവാതെ പോകുന്ന ആദ്യത്തെ ഗര്‍ഭധാരണം, ജോലി പോകുന്ന എബിയുടെ അവസ്ഥയിലെ ആശ്വാസം, നേരിടേണ്ടി വന്ന ലൈംഗികചൂഷണത്തെ നേരിട്ട ധീരത... ഇത്തരം തീരുമാനങ്ങളിലേക്ക് പ്രിയയെ എത്തിക്കുന്നത് അവളുടെ സുരക്ഷിതവും സൗഭാഗ്യപൂർണ്ണവുമായ കുട്ടിക്കാലവും മറ്റു പ്രിവിലേജുകളുമാണ്‌. അച്ഛനും അമ്മയും സ്നേഹവും സുരക്ഷിതത്വവും കൊടുത്തു തന്നെ വളർത്തിയ പെൺകുട്ടിയാണ് പ്രിയ, അതുകൊണ്ട് തന്നെ മുതിർന്നപ്പോളും അത്തരം സുരക്ഷിത ബോധ്യങ്ങൾ പ്രിയക്കുണ്ട്. തീരുമാനങ്ങളും തിരിച്ചറിവും ഉണ്ട്.

അതേസമയം അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ലാത്ത, ബോർഡിങ് സ്കൂളിൽ പഠിച്ച, ഗൃഹാതുരത്വം എന്ന് പറയാൻ പോലും അറിയാത്ത എബി എന്തുകൊണ്ട് പ്രിയയുടെ അത്ര ശക്തനല്ല എന്നതു വ്യക്തമാണ്. ഒരേസമയം പ്രിയ അവളുടെ അച്ഛന്റേയും അമ്മയുടെയും ജീവിതം അവളിലൂടെ പുനര്‍നിര്‍മ്മിക്കുകയോ തുടരുകയോ ചെയ്യുമ്പോൾ എബി സ്വന്തമായി ഒരു ജീവിതം പടുത്തുയർത്തുകയാണ്. അവിടെ എബിക്ക് അനുകരിക്കാൻ ഉദാഹരണങ്ങളോ അനുഭവങ്ങളോ ഒന്നുമില്ല. അവിടെ പ്രിയ എബിക്ക് വളരെ പ്രിയപ്പെട്ടവളാകുന്നു, അവളുടെ തീരുമാനങ്ങൾ, അഭിപ്രായങ്ങൾ എല്ലാം തന്നെ വളരെ ഗൗരവത്തോടെ എടുക്കുന്നു. ജോലി നഷ്ടപ്പെടുമ്പോഴും ദുബായ് മടുക്കാത്ത എബിക്ക്, അതിലും മെച്ചപ്പെട്ടതൊന്നും പരിചയമില്ല, കാരണം യാന്ത്രികത എബിയുടെ ജീവിതത്തിന്റെ ഭാഗമാണ്. പക്ഷെ പ്രിയക്ക് കുറച്ചു കൂടി മെച്ചപ്പെട്ട ജീവിതം നാട്ടിൽ കാത്തിരിക്കുന്നുണ്ട്. കൃത്യമായി വേരുകൾ ഉറപ്പിച്ച ഇവരാണ് സിനിമയിൽ ഞാൻ കണ്ട ആകർഷണങ്ങള്‍. ഒരു കഥാപാത്രം എവിടെ നിന്ന് വരുന്നു, എങ്ങനെ പെരുമാറുന്നു എന്നൊക്കെ കൃത്യമായി പെരുമാറ്റങ്ങളിലൂടെ വ്യക്തമാകുന്നുണ്ട്, അല്ലാതെ കഥാപാത്രങ്ങൾ ആകാശത്തു നിന്ന് പൊട്ടി വീഴുന്നതല്ല.

സിനിമയിൽ എടുത്തു പറയേണ്ട വേറൊരു പ്രത്യേകത നായികക്ക് നേരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമം ഏറ്റവും ഒതുക്കത്തോടെ ചിത്രീകരിച്ചു എന്നുള്ളതാണ്. ഈ ഒരു രംഗം മലയാള സിനിമയിൽ എല്ലാ കാലത്തും ഓർമ്മിക്കപ്പെട്ടേക്കാം. ഈ ഒരു സൂക്ഷ്മതയ്ക്ക് പ്രത്യേകം അഭിനന്ദനവും അർഹിക്കുന്നുണ്ട്. ഊഷ്മളമായ പ്രണയം, പാട്ടുകൾ, ഐശ്വര്യ ലക്ഷ്മിയുടെ അഭിനയവും അതിമനോഹരമായ കോസ്റ്റ്യൂമും, ദിലീഷ് പോത്തന്റെ സാന്നിധ്യം എന്നിവയൊക്കെ മികച്ച നിലവാരം പുലർത്തുന്നുണ്ട്. സദാചാര പൊലീസിങ്, സ്ത്രീകൾക്കുണ്ടാകുന്ന അരക്ഷിതാവസ്ഥ, ആൺ പ്രമാണിത്തം, ഗ്രാമത്തെ കുറിച്ചുള്ള കാല്പനികത എന്നിവയെ ഒക്കെ പ്രതിപാദിക്കുന്നുണ്ട് സിനിമ. പക്ഷെ, പുരുഷാധിപത്യം ഉണ്ടാക്കിയെടുത്ത എല്ലാത്തിനേയും ചോദ്യം ചെയ്യുന്നതും അതെ പുരുഷബോധത്തിൽ നിന്നുകൊണ്ടാണ് എന്നതാണ് സിനിമയെ ചുരുക്കി ഒന്നുമില്ലാതാക്കുന്നത്.

എന്റെ പപ്പ ഉണ്ടായിരുന്നേൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലാരുന്നു എന്ന് പറയുന്ന നായിക, എബിയെക്കൊണ്ട് ഒന്നിനും പറ്റില്ല എന്നു പറയുന്നുമുണ്ട്. മായാനദിയിലെ അപർണ്ണയിൽ നിന്നും ഒരുപാട് കാലം പിന്നോട്ട് പോകുന്നുണ്ട് ഇതിലെ പ്രിയ പോൾ. ഓരോ ദിവസവും ഒരു സമരമായാണ് അപർണ്ണ കാണുന്നത്, അതുകൊണ്ടു തന്നെ അപ്പു എന്ന അപർണ്ണ അതിശക്തയും ഉറപ്പുള്ളവളുമാണ്. ഒരു ഭാഗത്ത് പ്രിയ ശക്തയാവുമ്പോൾ തന്നെ മറുഭാഗത്ത് സാമ്പ്രദായിക ഭർതൃസങ്കല്‍പ്പങ്ങളിൽ നിന്ന് പുറത്തു വന്നിട്ടുമില്ല. സ്വന്തം അപ്പനുമായുള്ള പ്രിയയുടെ താരതമ്യത്തിൽ നിന്നാണ് ഫഹദ് സംരക്ഷക റോളിലേക്ക് മാറുന്നത്. ഇത്തരം ഒരവസ്ഥയിൽ എന്തുതരം നിലപാടാണ് സിനിമ എടുക്കുന്നത് എന്നതാണ് സിനിമ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം. അല്ലാതെ ഒന്നോ രണ്ടോ കഥാപാത്രങ്ങൾ പറയുന്ന സംഭാഷണങ്ങൾ അല്ല. സ്വന്തം ഇൻസെക്യൂരിറ്റി കൊണ്ട് പ്രിയ പറയുന്ന ഒരു പ്രതികരണമാണ് എന്നു കരുതിയാല്‍ക്കൂടി അതിന് മറുപടിയായി സാമ്പ്രദായിക ഭർത്താവായി ഫഹദിനെ മാറ്റിത്തീര്‍ക്കുകയായിരുന്നോ ചെയ്യേണ്ടിയിരുന്നത് എന്നാതാണ് മുകളിലെ അങ്കിള്‍ ഉദാഹരണത്തിലൂടെ പറയാന്‍ ശ്രമിച്ചത്.

അവസാനത്തെ മുപ്പതു മിനിറ്റ് ആണ് സിനിമ എന്ന് പറയുന്നവരുണ്ടത്രേ! ഫഹദിന്റെ കഥാപാത്രത്തിന് സംഭവിക്കുന്ന ഈ മാസ്സ് പരകായ പ്രവേശമാണ് ആളുകളെ കൈയ്യടിപ്പിക്കുന്നതും ആവേശം കൊള്ളിക്കുന്നതും. എന്നാല്‍ അവസാനത്തെ ഈ സൂപ്പർമാൻ കളി ചിലര്‍ക്കെങ്കിലും അരോചകമായാണ് തോന്നുക. തന്റെ സ്പേസിലേക്ക് അതിക്രമിച്ചു കയറാൻ ആരെയും സമ്മതിക്കില്ല എന്നതാണ് പറയാൻ ഉദ്ദേശിച്ചതെങ്കിൽ, അതിന് ഇത്രയും പൗരുഷത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ബിഗ്‌ ബി, സാഗർ എലിയാസ് ജാക്കി തുടങ്ങി കൈയ്യടി സിനിമകൾ സംവിധാനം ചെയ്‌തിട്ടുള്ള അമൽ നീരദ്‌ അത്തരം ഒരു താരപരിവേഷം തന്നെ ഫഹദിന് കൊടുക്കുന്നു എന്നതാണ് മനസ്സിലാക്കേണ്ടത്. എന്നാൽ ഈ പറഞ്ഞ സിനിമകളിൽ നിന്നും വ്യത്യസ്തമായ പ്ലോട്ട് ചെയ്യുന്ന വരത്തൻ കൂടുതൽ സൂക്ഷ്മതയും വിമർശങ്ങളും അർഹിക്കുന്നുണ്ട്.

https://www.azhimukham.com/cinema-sangh-parivar-threaten-real-hindus-should-not-watch-fahad-faasil-movies-but-varathan-running-successfully/

https://www.azhimukham.com/film-fahadfasil-starring-varathan-review-by-subeesh/

Next Story

Related Stories