TopTop
Begin typing your search above and press return to search.

റിമ കല്ലിങ്ങല്‍, നിങ്ങളുടെ നിലപാടുകള്‍ക്ക് ഞങ്ങള്‍ കയ്യടിക്കുന്നു

റിമ കല്ലിങ്ങല്‍, നിങ്ങളുടെ നിലപാടുകള്‍ക്ക് ഞങ്ങള്‍ കയ്യടിക്കുന്നു
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ നിന്നും വിട്ടുനിന്ന പ്രമുഖ ചലച്ചിത്ര താരങ്ങളുടെ നടപടിയെ മുഖ്യമന്ത്രി വിമര്‍ശിക്കുമ്പോഴും റിമ കല്ലിങ്ങല്‍ എന്ന നടി കയ്യടി നേടുകയാണ്; ഒപ്പം വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയും. നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ഓണദിവസങ്ങളില്‍ പിന്തുണയര്‍പ്പിച്ച് താരങ്ങള്‍ കൂട്ടത്തോടെ ജയിലിലെത്തിയപ്പോള്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നതെങ്കില്‍ റിമയ്ക്ക് ഇന്നലെ അവാര്‍ഡ് ദാന വേദിയില്‍ പൂച്ചെണ്ടുകളാണ് ലഭിച്ചത്. അതിന് സദസില്‍ നിന്നുയര്‍ന്ന കയ്യടി മാത്രം മതി തെളിവ്. താരങ്ങള്‍ പങ്കെടുക്കാത്തതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പ്രതിഷേധം അറിയിച്ചപ്പോള്‍ സിനിമയിലെ വനിത കൂട്ടായ്മ തങ്ങളുടെ പ്രതിഷേധം പ്രകടമായി തന്നെ അറിയിച്ചു. ദിലീപിന് ലഭിക്കുന്ന പിന്തുണ സിനിമ രംഗത്തു നിന്നും ആക്രമിക്കപ്പെട്ട നടിക്ക് ലഭിക്കുന്നില്ലെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് മുഖ്യമന്ത്രി പങ്കെടുത്ത സര്‍ക്കാരിന്റെ അവാര്‍ഡ് ദാന ചടങ്ങില്‍ തന്നെ അവര്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.

തലശേരിയിലെ വേദിക്ക് പുറത്ത് വിമന്‍ ഇന്‍ സിനിമ കളക്ടീവ് ഒപ്പുശേഖരണ ക്യാമ്പെയ്‌നും 'കേരളത്തിലെ ജനങ്ങള്‍ അവള്‍ക്കൊപ്പം' എന്ന ഹാഷ്ടാഗ് പ്രചരണവും നടത്തി നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കൂടാതെ 'ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് നീതി ഉറപ്പാക്കുന്ന ജനകീയ സര്‍ക്കാരിന് അഭിവാദ്യങ്ങള്‍' എന്ന ബോര്‍ഡും പ്രവേശന കവാടത്തില്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. സിനിമയിലെ പല പ്രമുഖരും നടന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചോ അല്ലാതെയോ ചടങ്ങില്‍ നിന്നും വിട്ടുനിന്നയിടത്താണ് വനിതാ കൂട്ടായ്മയുടെ ഈ പ്രതിഷേധം ഉയര്‍ന്നത്. സിനിമയിലെ ആണ്‍മേല്‍ക്കോയ്മയ്‌ക്കെതിരെ ശബ്ദിക്കുന്ന സ്ത്രീകളുടെ വേറിട്ട ശബ്ദം ഉയരുന്നത് പലരെയും ഭയപ്പെടുത്തുന്നുണ്ടെന്ന് തന്നെ വേണം അവരുടെ അസാന്നിധ്യത്തില്‍ നിന്നും മനസിലാക്കാന്‍.

അതേസമയം എല്ലാവരെയും ഞെട്ടിച്ചത് റിമ കല്ലിങ്ങലാണ്. നൃത്തം അവതരിപ്പിച്ച ശേഷം 'അവള്‍ക്കൊപ്പം' എന്ന ബാനറും പിടിച്ച് റിമ സ്റ്റേജില്‍ എത്തുകയായിരുന്നു. വേദിക്ക് പുറത്ത് പ്രതിഷേധം നടക്കുന്നുണ്ടെങ്കിലും റിമ സ്റ്റേജില്‍ നടത്തിയ ഈ പ്രതിഷേധം അപ്രതീക്ഷിതമായിരുന്നു. എന്നാല്‍ നിറഞ്ഞ കയ്യടികളോടെ തന്നെ സദസ് ഈ പ്രതിഷേധത്തെ സ്വീകരിക്കുകയും ചെയ്തു. അവാര്‍ഡ് ദാന ചടങ്ങുകള്‍ പേക്കൂത്തുകളുടെ കൂടി അരങ്ങുകളാകുന്ന കാലത്താണ് വേറിട്ട ഒരു പ്രതിഷേധത്തിന്റെ കൂടി വേദിയാക്കാം ഇതെന്ന് റിമ തെളിയിച്ചത്. ഒരുപക്ഷെ ഏതെങ്കിലും ഒരു ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ തന്നെ നടക്കുന്ന ആദ്യത്തെ പ്രതിഷേധമാകാം ഇത്. വേറിട്ട ശബ്ദമുയര്‍ത്തുന്ന കലാകാരന്മാരും എഴുത്തുകാരും ചിന്തകരും പലയിടത്തും പലരീതിയില്‍ നിശബ്ദരാക്കപ്പെടുന്ന സമകാലിക ലോകത്തില്‍ റിമയുടെ പ്രതിഷേധം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. സിനിമയിലെ ആണ്‍മേല്‍ക്കോയ്മയെയാണ് റിമയും വനിതാ കൂട്ടായ്മയും ഇവിടെ ചോദ്യം ചെയ്യുന്നത്.

ഇത് ആദ്യമായല്ല റിമ സിനിമയിലെ പുരുഷാധിപത്യത്തിനെതിരെ പ്രതികരിക്കുന്നത്. തൊഴിലവസരത്തിനായി പോലും കിടക്ക പങ്കിടേണ്ടി വരുന്ന സമൂഹത്തില്‍ സ്ത്രീ മാത്രമാണ് കുറ്റക്കാരിയായി മുദ്ര കുത്തപ്പെടുന്നതെന്നാണ് ഒരിക്കല്‍ റിമ പറഞ്ഞത്. ബംഗളൂരു സ്വദേശിയായ ഈ നര്‍ത്തകി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് സിനിമയിലെത്തുന്നത്. പുരുഷാധിപത്യ സമൂഹത്തെ ചോദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്ന അസാമാന്യ ധൈര്യമുള്ള ഒരു നായിക കഥാപാത്രത്തെയാണ് ചിത്രത്തില്‍ റിമ അവതരിപ്പിക്കുന്നത്. പിന്നീടുള്ള റിമയുടെ പല സിനിമകളിലെ കഥാപാത്രങ്ങളിലും ഇത് തന്നെ കാണാം. സിനിമയില്‍ വന്ന കാലം മുതല്‍ പുരുഷാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തി ജീവിതത്തിലും താന്‍ ഏറെ ബോള്‍ഡ് ആണെന്ന് തെളിയിച്ച നടിയാണ് ഇവര്‍. ഒപ്പം നടനം സിനിമയില്‍ മാത്രമേയുള്ളൂവെന്നും ജീവിതത്തെ സധൈര്യം നേരിടണമെന്നും ഇവര്‍ പലപ്പോഴും തെളിയിച്ചു. സിനിമയ്ക്ക് പുറത്ത് ഈ സമൂഹത്തിലെ ഒരു സാധാരണക്കാരിയായ സ്ത്രീ മാത്രമായായിരുന്നു ഇവരുടെ ഇടപെടല്‍. ജനങ്ങളില്‍ നിന്ന് അകലം പാലിച്ചുള്ള പതിവ് താരജാഡകളും ഇവരില്‍ കാണാനാകില്ല.തനിക്ക് താന്‍ ആവശ്യപ്പെടുന്ന പ്രതിഫലം വേണമെന്നും സ്ത്രീ പുരുഷനേക്കാള്‍ താഴെയല്ലെന്നും മലയാള സിനിമയില്‍ ഉറക്കെ പ്രഖ്യാപിച്ചതും റിമയാണ്. കൂടാതെ സ്‌ക്രിപ്റ്റ് പൂര്‍ണമായും വായിച്ചാലല്ലാതെ അഭിനയിക്കാന്‍ തയ്യാറല്ലെന്ന് വാശിപിടിക്കുന്ന ഒരു നടിയും റിമയാണ്. ഷൂട്ടിംഗ് സെറ്റുകളില്‍ സ്ത്രീകള്‍ നേരിടുന്ന അവഗണനയ്‌ക്കെതിരെയും ഒരു പുരുഷ താരത്തിന് ലഭിക്കുന്ന അതേ പരിഗണന നടിയ്ക്കും വേണമെന്നും വാശിപിടിക്കുന്ന നടിയാണ് ഇവര്‍. പൊതു ഇടങ്ങളില്‍ മാത്രമല്ല ഷൂട്ടിംഗ് സെറ്റുകളില്‍ പോലും മൂത്രമൊഴിക്കാന്‍ സ്ത്രീകള്‍ വിഷമിക്കുന്ന കാലമാണ് ഇത്. പഴയ കാലത്തേതു പോലെ പരിചയമില്ലാത്ത ഒരു വീടിനെ ബാത്ത്‌റൂമിനായി ആശ്രയിക്കാന്‍ ഇക്കാലത്ത് കഴിയില്ല. മൊബൈല്‍ ഫോണും രഹസ്യ ക്യാമറുകളുമെല്ലാം വ്യാപകമായിരിക്കുന്ന ഇക്കാലത്ത് പ്രത്യേകിച്ചും സിനിമ താരങ്ങള്‍ക്ക്. ഇക്കാര്യം റിമ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ഇത്തരം തുറന്നു പറച്ചിലുകള്‍ കൊണ്ട് തന്നെ ഇവര്‍ അഹങ്കാരിയെന്ന് മുദ്രകുത്തപ്പെടുകയും അവസരങ്ങള്‍ നഷ്ടമാകുകയും ചെയ്തു. എന്നിരുന്നാലും അതിനെയൊന്നും വകവയ്ക്കാതെ തന്റെ നിലപാടുകളില്‍ ഉറച്ചുതന്നെയാണ് താനെന്ന് ഇന്നലെ അവാര്‍ഡ്ദാന ചടങ്ങിലെ അപ്രതീക്ഷിത നീക്കത്തിലൂടെയും അവര്‍ തെളിയിച്ചിരിക്കുന്നു.

സിനിമയില്‍ ഒരു അവസരത്തിനായി എന്തു ചെയ്യണം എന്ന് ആലോചിച്ചു നടക്കുന്ന പലര്‍ക്കും റിമ ഒരു അത്ഭുതമായിരിക്കും. ബംഗളൂരുവില്‍ നര്‍ത്തകിയായിരിക്കെ തന്നെ ഒറ്റയ്ക്ക് ലോകം മുഴുവന്‍ ചുറ്റുകയും വിവിധയിടങ്ങളില്‍ ഡാന്‍സ് പ്രോഗ്രാമുകള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട് അവര്‍. സിനിമയെക്കുറിച്ചുള്ള വ്യത്യസ്തമായ സമീപനം ലഭ്യമാകുന്നത് ഇത്തരത്തിലുള്ള യാത്രകളില്‍ നിന്നും ചലച്ചിത്ര ആസ്വദനങ്ങളില്‍ നിന്നും മികച്ച വായനയിലൂടെയുമാണ്. പിന്തുണയുമായി സമാനമനസ്‌കനായ ഭര്‍ത്താവ് ആഷിഖ് അബുവുണ്ടെങ്കിലും അദ്ദേഹത്തിന്റെ നിഴലില്‍ നില്‍ക്കാതെ സ്വതന്ത്രമായി നിലനില്‍ക്കാന്‍ സാധിക്കുന്നതും ഇതിനാലാണ്. ഈ റിമയില്‍ നിന്നും ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ സംഭവിച്ചില്ലങ്കിലേ അത്ഭുതപ്പെടാനുള്ളൂ. എങ്കിലും ഇന്നലത്തെ ആ പ്രകടനത്തിന് ഹാറ്റ്‌സ് ഓഫ്.

Next Story

Related Stories