TopTop

സിനിമയിൽ നിന്ന് എന്തായാലും ഒരിക്കൽ മാറിനിൽക്കേണ്ടി വരുമെന്ന് എനിക്കറിയാമായിരുന്നു: സലിം കുമാർ

സിനിമയിൽ നിന്ന് എന്തായാലും ഒരിക്കൽ മാറിനിൽക്കേണ്ടി വരുമെന്ന് എനിക്കറിയാമായിരുന്നു: സലിം കുമാർ
മലയാളികളെ എന്നും ചിരിപ്പിക്കുന്ന താരമാണ് സലിം കുമാർ. ചെറിയ ഇടവേളക്ക് ശേഷം വീണ്ടും മുഴുനീള ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് തിയേറ്ററിൽ പൊട്ടിച്ചിരി പടർത്തുകയാണ് താരം. മമ്മൂട്ടി നായകനായി എത്തിയ മധുരരാജയിൽ പ്രേക്ഷകരെ ഏറ്റവും കൂടുതൽ ചിരിപ്പിച്ചതും സലിം കുമാർ തന്നെയാണ്. മധുരാജക്ക് ശേഷം ദുൽഖർ സല്‍മാന്‍ നായകനായി എത്തുന്ന ഒരു യമണ്ടൻ പ്രേമകഥ എന്ന ചിത്രവുമായി ഈ വാരം തിയേറ്ററിൽ എത്തുകയാണ്.

ദേശീയ അവാർഡ് കിട്ടിയതിനു ശേഷം കൂടുതലും അത്തരത്തിലുള്ള സിനിമകളും ഗൗരവമുള്ള കഥാപാത്രങ്ങളുമൊക്കെയായിരുന്നു തനിക്ക് ലഭിച്ചിരുന്നതെന്നും ഇപ്പോൾ വീണ്ടും കോമഡി കഥാപാത്രങ്ങൾ ധാരാളമായി വരുന്നുണ്ടന്നും അദ്ദേഹം പറയുന്നു.ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

"ദേശീയ അവാർഡ് കിട്ടിയതിനു ശേഷം കൂടുതലും അത്തരത്തിലുള്ള സിനിമകളും ഗൗരവമുള്ള കഥാപാത്രങ്ങളുമൊക്കെയായിരുന്നു കൂടുതലും വന്നു കൊണ്ടിരുന്നത്. ഇപ്പോൾ വീണ്ടും കോമഡി കഥാപാത്രങ്ങൾ ധാരാളമായി വരുന്നുണ്ട്. പിന്നെ ആ പഴയ ഐറ്റം നമ്മുടെ കയ്യിൽ തന്നെ ഇരിപ്പുണ്ടല്ലോ. അതൊന്നു പൊടിതട്ടി മിനുസപ്പെടുത്തി ഇറക്കിയാൽ പോരേ? 

'ഒരു യമണ്ടൻ പ്രേമകഥ’യിൽ മുഴുനീള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പാഞ്ചിക്കുട്ടൻ എന്ന പെയിന്റ് കോൺട്രാക്ടറുടെ കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പാഞ്ചിക്കുട്ടന്റെ ഒപ്പമുള്ള ഒരു പണിക്കാരനാണ് ദുൽഖറിന്റെ കഥാപാത്രം. ദുൽഖർ, സൗബിൻ, വിഷ്ണു, ഞാൻ- ഞങ്ങൾ നാലുപേരാണ് ചിത്രത്തിലെ കോമ്പിനേഷൻ. ആ ഗ്യാങ്ങിന്റെ ബോസ്സ് എന്നു വിശേഷിപ്പിക്കാവുന്ന, കുറച്ചു വ്യത്യസ്തമായൊരു കഥാപാത്രമാണ് പാഞ്ചിക്കുട്ടൻ'",
 സലിം കുമാർ പറയുന്നു

"അസുഖവും ചികിത്സയുമൊക്കെയായി മാറി നിന്നതായിരുന്നു. ഇപ്പോൾ എല്ലാം ഓകെ ആയി. സിനിമയിൽ നിന്നു മാറി നിന്നപ്പോഴും പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ല. ഞാൻ ആ അവസ്ഥയോട് പെട്ടെന്ന് തന്നെ താദാത്മ്യം പ്രാപിച്ചു. സിനിമയിൽ നിന്ന് എന്തായാലും ഒരിക്കൽ മാറിനിൽക്കേണ്ടി വരുമെന്ന് എനിക്കറിയാമായിരുന്നു. ആ സമയമാവും ഇതെന്ന് വിശ്വസിച്ച് മുന്നോട്ടുപോയി.

ആ സമയത്ത് ഞാൻ മരിച്ചു എന്ന രീതിയിലുള്ള മരണവാർത്തകൾ നിറയെ വന്നിരുന്നു. ഈ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർ അവർക്കും ഒരു മരണമുണ്ടെന്ന് ഓർക്കാതെയാണ് ഇതൊക്കെ ചെയ്യുന്നതെന്നാണ് വസ്തുത. താൻ മാത്രം ചിരഞ്ജീവി ആണെന്ന ഒരു തോന്നലോടെയാണ് പലപ്പോഴും ഇത്തരം പ്രചരണം. ഞാനത് മൈൻഡ് ചെയ്യാൻ പോയില്ല. പറയുന്നവർ പറയട്ടെ എന്നു വിചാരിച്ചു. എനിക്ക് ചെയ്യാൻ ധാരാളം ജോലികൾ ഉണ്ടായിരുന്നു. എത്ര പേരാണ് എന്നെ വിളിച്ചതെന്നറിയോ, മരിച്ചോ എന്നു ചോദിച്ചിട്ട്. എന്തു വിഡ്ഡിത്തരമാണത്. നല്ല മനസ്സുള്ള ഒരാൾക്ക് ഒരു വ്യാജ മരണവാർത്ത ആഘോഷിക്കാൻ പറ്റില്ല, അത്തരമൊരു വാർത്ത ഷെയർ ചെയ്യാൻ കൂടി തോന്നില്ല
", അദ്ദേഹം പറയുന്നു

'മറ്റൊരുവന്റെ മരണം നമുക്ക് ആനന്ദമായിരിക്കാം, അതായിരിക്കാം അങ്ങനെയൊക്കെ ചെയ്യുന്നത്. ആരെങ്കിലും മരിച്ചെന്നു കേൾക്കുമ്പോൾ അയ്യോ പാവം എന്നൊക്കെയാണ് നമ്മളും പറയുക. നാളെ നമ്മളെ കുറിച്ച് മറ്റുള്ളവർ പറയുന്ന ഡയലോഗുകൾ ആണിതെന്ന് ഓർക്കില്ല. അല്ലെങ്കിൽ ഒന്നു ഓർത്തു നോക്കൂ, ഒരാളുടെ പതനമാണ് ഒരർത്ഥത്തിൽ മരണം. മരണത്തോടെ ഒരാൾ ഈ ഭൂതലത്തിൽ നിന്ന് ഇല്ലാതായി പോവുകയാണ്. ഒരു മരണത്തിന് അത്രയും ആളുകൾ തടിച്ചുകൂടുന്നു എന്നു വെച്ചാൽ അത്രയും ആളുകൾ അവന്റെ പതനം കാണാൻ വന്നു എന്നു കൂടിയാണ്. ഒരു പിച്ചക്കാരൻ മരിച്ചാൽ ഇത്രപേര് കൂടുമോ? അവന്റെ പതനം കാണാൻ ആർക്കും താൽപ്പര്യമില്ല എന്നാണ്", സലിം കുമാർ കൂട്ടിച്ചേര്‍ത്തു.

Next Story

Related Stories