TopTop
Begin typing your search above and press return to search.

സലിം കുമാര്‍, താങ്കള്‍ നല്ലൊരു മനുഷ്യനല്ലെന്ന് തെളിയിച്ചിരിക്കുന്നു

സലിം കുമാര്‍, താങ്കള്‍ നല്ലൊരു മനുഷ്യനല്ലെന്ന് തെളിയിച്ചിരിക്കുന്നു

ഒരു ചലച്ചിത്ര താരം എന്നതിലുപരി സാമൂഹ്യ വിഷയങ്ങളില്‍ എല്ലാക്കാലത്തും ശക്തമായ ഇടപെടല്‍ നടത്തുകയും ആ ഇടപെടലുകളിലൂടെ ഇവിടുത്തെ സാമൂഹിക മണ്ഡലത്തിലും സ്വന്തമായ ഇടമുണ്ടാക്കുകയും ചെയ്ത വ്യക്തിയാണ് സലിം കുമാര്‍. കുറിക്കുകൊള്ളുന്ന അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ വലിയ ചര്‍ച്ചാ വിഷയമായി തീരാറുമുണ്ട്. അതുകൊണ്ട് തന്നെ ഒരു നടന്‍ എന്നതിനപ്പുറമുള്ള ശ്രദ്ധ അദ്ദേഹത്തിന് കിട്ടാറുണ്ട്. അന്യം നിന്നുപോകുന്ന പൊക്കാളി കൃഷി ചെയ്തും അതിനെക്കുറിച്ച് സിനിമ സംവിധാനം ചെയ്തും സലിം കുമാര്‍ തന്റെ സാമൂഹിക പ്രതിബദ്ധത വ്യക്തമാക്കിയിട്ടുമുണ്ട്. താന്‍ ഒരു ഉറച്ച കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനാണ് എന്നും സലീംകുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സലിം കുമാര്‍ ഇതിന് കടകവിരുദ്ധമായ പ്രതിഛായയിലേക്ക് എത്തിയിരിക്കുകയാണ്. അദ്ദേഹം ചര്‍ച്ചയ്ക്ക് വച്ച വിഷയത്തിന്റെ ഗൗരവവും അതില്‍ അദ്ദേഹം സ്വീകരിച്ച തീര്‍ത്തും ഉത്തരവാദിത്വരഹിതമായ ഒരു നിലപാടുമാണ് ഇത്തരത്തിലൊരു നിരീക്ഷണത്തിന് കാരണം. ഒരു പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോകുകയും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത സംഭവത്തില്‍ നടന്‍ ദിലീപിന്റെ പേര് മാധ്യമങ്ങള്‍ വലിച്ചിഴച്ചതിനെ കുറിച്ചാണ് സലിം കുമാര്‍ അഭിപ്രായ പ്രകടനം നടത്തിയത്.

സലീംകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ; 'നടന്‍ ദിലീപിന്റെ സ്വകാര്യ ജീവിതത്തെ തകര്‍ക്കാന്‍ ഏഴു വര്‍ഷം മുന്‍പ് സിനിമാരംഗത്തുള്ള ഒരു പറ്റം സഹോദരിസഹോദരന്മാരാല്‍ രചിക്കപ്പെട്ട ഒരു തിരക്കഥയുടെ ക്ലൈമാക്‌സ് റീലുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നത്. അതിന്റെ ആദ്യ ട്വിസ്റ്റ് നമ്മള്‍ 2013 -ല്‍ കണ്ടതാണ്.ദിലീപ് -മഞ്ജു വാരിയര്‍ ഡിവോഴ്‌സ്. പിന്നീട് പലരാല്‍ പല വിധത്തില്‍ ആ കഥയ്ക്ക് മാറ്റം വരുത്തി. ഒരു പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ വരെ ദിലീപിന്റെ പേര് വലിച്ചിഴച്ചു. ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് ദിലീപിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല എന്നതും അദ്ദേഹത്തിന്റെ നിരപരാധിത്വം തന്നെയാണ് വെളിവാക്കുന്നത്. സംഭവം നടന്നു അഞ്ചു മാസങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് മറ്റൊരു വഴിത്തിരിവില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. പള്‍സര്‍ സുനി ജില്ലാ ജയിലില്‍ വെച്ച് ജയിലറുടെ സീലോടു കൂടി എഴുതിയ ഒരു കത്ത് ഇന്നലെ മുതല്‍ ചില ചാനലുകള്‍ തുടരെ തുടരെ കാണിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഈ സന്ദര്‍ഭത്തില്‍ നിയമത്തെ കുറിച്ച് യാതൊരു അറിവുമില്ലാത്ത എന്നെപോലുള്ളവര്‍ക്ക് ചില സംശയങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. അതിലൊന്ന് ജില്ലാ ജയിലില്‍ വെച്ച് ജയിലറിന്റെ സീലോടുകൂടി പള്‍സര്‍ സുനി എഴുതി എന്ന് പറയപ്പെടുന്ന ബ്ലാക്ക്‌മെയിലിങ് സ്വരമുള്ള ഈ കത്ത് ആദ്യം ഏല്‍പ്പിക്കേണ്ടത് പോലീസിനെയോ മജിസ്ട്രേറ്റിനെയോ അല്ലേ, അല്ലാതെ ചില ചാനലുകള്‍ക്ക് സംപ്രേഷണം ചെയ്യാന്‍ കൊടുക്കുകയാണോ വേണ്ടത്?

ഇതിനിടയില്‍ ദിലീപിനെ ഈ കേസില്‍ അകപ്പെടുത്തുവാന്‍ ശ്രമിക്കുന്നവരുടെ കൂട്ടത്തില്‍ രണ്ടു മൂന്ന് നടീനടന്മാരുടെ പേരുകളും കേള്‍ക്കുന്നുണ്ട്. ഇതും ഞാന്‍ വിശ്വസിക്കുന്നില്ല കാരണം 'പള്‍സര്‍ സുനി അന്തം വിട്ട പ്രതിയാണ്. അയാള്‍ എന്തും പറയും'.

ഈ സംഭവത്തില്‍ ദിലീപ് ആരുടെ മുന്നിലും ഒന്നും ഒളിച്ചു വെച്ചിട്ടില്ല, നാദിര്‍ഷാക്കും അപ്പുണ്ണിക്കും (ദിലീപിന്റെ പിഎ) വന്ന വിഷ്ണു എന്നയാളുടെ ഫോണ്‍ റെക്കോര്‍ഡും വാട്‌സാപ്പില്‍ വന്ന കത്തും ഡി.ജി.പി ക്ക് കൈമാറി കഴിഞ്ഞു.

ജീവിതത്തില്‍ താന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഒരാള്‍. ഒരിക്കല്‍ പോലും ഫോണില്‍ ബന്ധപെട്ടിട്ടില്ലാത്ത പള്‍സര്‍ സുനി എന്നൊരാള്‍ക്ക് ഒരു നടിയുടെ വീഡിയോക്ക് വേണ്ടി ഒന്നര കോടി രൂപ കൊടുക്കാം എന്ന് പറയാന്‍തക്ക വിവരമില്ലാത്തവനാണ് ദിലീപ് എന്ന് അദ്ദേഹത്തിന്റെ ശത്രുക്കള്‍ പോലും പറയില്ല. ഒരു കാര്യം സത്യമാണ് എല്ലാ ചരടുവലികളും കഴിഞ്ഞു ആരൊക്കെയോ അണിയറയില്‍ ഇരുന്ന് ചിരിക്കുന്നുണ്ട്. അത് ഇവിടെയിരുന്നുകൊണ്ട് എനിക്ക് കാണാം.

ഇത് ഒരു സ്‌നേഹിതന് വേണ്ടിയുള്ള വക്കാലത്തല്ല വേട്ടയാടപ്പെടുന്ന ഒരു നിരപരാധിയോടുള്ള സഹതാപമാണ് ഈ പ്രതികരണം എന്നോര്‍ക്കണം. ഞാന്‍ എഴുതുന്ന ഈ പോസ്റ്റിനു താഴെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചുപോയ അച്ഛനെയും അമ്മയെയും സ്മരിച്ചുകൊണ്ട് കുറച്ചു പേരെങ്കിലും കമന്റ് എഴുതും എന്ന് എനിക്കറിയാം. നിങ്ങള്‍ക്ക് സ്വാഗതം കാരണം പ്രതികരണം ഏതു രീതിയിലും ആവാമല്ലോ.

ദിലീപും നാദിര്‍ഷായും എന്റെ സ്‌നേഹിതന്മാരാണ്. അതില്‍ ഞാന്‍ അഹങ്കരിക്കുന്നു. ആ അഹങ്കാരം ഉള്ളില്‍ വെച്ചുകൊണ്ട് തന്നെ ഞാന്‍ പറയുന്നു. ഇവരെ രണ്ടു പേരെയും ഒരു ശാസ്ത്രീയ നുണ പരിശോധനക്കായി ഞാന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരാം. ഇവരെ ക്രൂശിലേറ്റാന്‍ ശ്രമിക്കുന്നവര്‍ ചെയ്യേണ്ടത് ഒരു കാര്യം മാത്രം, പള്‍സര്‍ സുനിയേയും ഇരയായ പ്രമുഖ നടിയെയും ഇതേ നിയമത്തിന്റെ മുന്നില്‍ നുണപരിശോധനക്കായി കൊണ്ടുവരിക. അവിടെ തീരും... അവിടെ തീരും എല്ലാം.

സിനിമാക്കാര്‍ക്ക് ഒരായിരം സംഘടനകള്‍ ഉണ്ട്; അതില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പതു സംഘടനകളിലും ദിലീപ് അംഗവുമാണ്. എന്തോ അവരാരും വേണ്ട രീതിയില്‍ പ്രതികരിച്ചു കണ്ടില്ല. എന്റെ അറിവില്‍ അദ്ദേഹം ഇല്ലാത്തത് ഈയടുത്ത കാലത്ത് തങ്ങളുടെ സുരക്ഷയ്ക്കായി സിനിമ രംഗത്തെ സ്ത്രീകള്‍ രൂപീകരിച്ച സംഘടനയിലാണ്. അവരെങ്കിലും ഇതില്‍ പ്രതികരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ദിലീപ് കുറ്റവാളി ആണെങ്കില്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം. പക്ഷെ നിരപരാധി ആണെങ്കില്‍ നമ്മള്‍ ഏല്‍പ്പിച്ച കളങ്കങ്ങള്‍ കഴുകി കളയേണ്ട ബാധ്യതയും നമുക്ക് തന്നെയാണ്. മാധ്യമങ്ങള്‍ സ്വന്തമായി വാര്‍ത്തകള്‍ സൃഷ്ടിച്ചു പ്രക്ഷേപണം ചെയ്യുന്ന ഈ കാലത്ത് ദിലീപിന്റെ ഈ അവസ്ഥ നമ്മളിലേക്കെത്താനും അധിക ദൂരമൊന്നുമില്ലെന്നറിയുക, ഭയപ്പെടുക, പ്രതികരിക്കുക.

'അവര്‍ ക്രിസ്ത്യാനികളെ തേടി വന്നു

ഞാന്‍ ഭയപ്പെട്ടില്ല , ഞാന്‍ ക്രിസ്ത്യാനി അല്ല.

അവര്‍ പ്രൊട്ടസ്റ്റന്റുകളെ തേടി വന്നു

ഞാന്‍ ഭയപ്പെട്ടില്ല , ഞാന്‍ പ്രൊട്ടസ്റ്റന്റ് അല്ല.

അവര്‍ കമ്മ്യൂണിസ്റ്റുകാരെ തേടി വന്നു

ഞാന്‍ ഭയപ്പെട്ടില്ല, ഞാന്‍ കമ്മ്യൂണിസ്റ്റ് അല്ല.

അവസാനം അവര്‍ എന്നെ തേടി വന്നു.

അപ്പോള്‍ എനിക്ക് വേണ്ടി ഭയപ്പെടാന്‍ ആരുമുണ്ടായില്ല .

എട്ട് വരികള്‍ മാത്രമെഴുതി ലോക പ്രശസ്തനായ പാസ്റ്റര്‍ നിമോളറുടെ വരികളാണ് ഇത്...

തല്‍ക്കാലം നിര്‍ത്തട്ടെ,

സലിംകുമാര്‍.'

ഇത്തരത്തിലൊരു കുറിപ്പ് എഴുതുമ്പോള്‍ സലിം കുമാറിനെ ഭരിച്ച വികാരമെന്താണെന്നതാണ് ഏറെ അത്ഭുതപ്പെടുത്തുന്നത്. ഒട്ടുമിക്ക വിഷയങ്ങളിലും ഏറെ പക്വതയോടെ തന്നെ ഇടപെടാറുള്ള സലിം കുമാര്‍ അപക്വമായ അഭിപ്രായമാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്നു തന്നെ പറയേണ്ടി വരും. അത് ആ നടിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. നടി പറയുന്നത് നുണയോ സത്യമോയെന്ന് തെളിയിക്കേണ്ടത് ദിലീപിന്റെയും സുഹൃത്തെന്ന നിലയില്‍ സലിംകുമാറിന്റെയും ഉത്തരവാദിത്വമായിരിക്കാം. എന്നാല്‍ ഇരയ്ക്ക് ലഭിക്കേണ്ട നീതിയെക്കുറിച്ച് ധാരണയുണ്ടായിരുന്നെങ്കില്‍ രാഷ്ട്രീയ പ്രബുദ്ധതയും പാരമ്പര്യവും അവകാശപ്പെടുന്ന സലിം കുമാര്‍ ഇത്തരത്തിലുള്ള വാക്കുകള്‍ പുറപ്പെടുവിക്കില്ലായിരുന്നു. ഇരയുടെ മൊഴിക്കാണ് ഇത്തരം കേസുകളില്‍ പോലീസും നമ്മുടെ നീതിന്യായ വ്യവസ്ഥയും വിലകല്‍പ്പിക്കുകയുള്ളൂവെന്ന തിരിച്ചറിവ് പോലും ഈ പോസ്റ്റിടാന്‍ നേരത്ത് സലിം കുമാറിന് നഷ്ടമായിരിക്കുന്നുവെന്ന് വേണം മനസിലാക്കാന്‍.

അദ്ദേഹം പോസ്റ്റില്‍ പറയുന്ന മറ്റുകാര്യങ്ങളെല്ലാം തന്നെ ഒരു സുഹൃത്തെന്ന നിലയിലോ സമൂഹവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന വ്യക്തിയെന്ന നിലയിലോ ഉള്ള അഭിപ്രായങ്ങളായി മാത്രം എടുക്കാം. എന്നാല്‍ ഒരു പെണ്‍കുട്ടിയാണ് ഇവിടെ ഇരയായിരിക്കുന്നത്. അതും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തക കൂടിയായ ഒരു ചലച്ചിത്ര നടി. പ്രമുഖ നടിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കിയാല്‍ അവിടെ തീരും എല്ലാം എന്ന് ഉറപ്പിച്ച് പറയുന്നിടത്ത് സലിം കുമാര്‍ എന്ന ദിലീപിന്റെ സുഹൃത്ത് മാത്രമാണ് പുറത്തുവരുന്നത്. ഒരു സുഹൃത്തെന്ന നിലയില്‍ ദിലീപ് ഒന്നും ഒളിച്ചുവയ്ക്കുന്നില്ലെന്ന് പറയാന്‍ സലിംകുമാറിന് അവകാശമുണ്ട്. എന്നാല്‍ നടി പറയുന്നത് നുണയാണെന്ന് പ്രഖ്യാപിക്കുന്നതില്‍ എന്ത് ധാര്‍മ്മികതയാണ് ഉള്ളത്? ഇവിടെ ഇരയായ തന്റെ സഹപ്രവര്‍ത്തകയെ അല്ലെങ്കില്‍ ഒരു പെണ്‍കുട്ടിയെ അപമാനിക്കുകയാണ് സലിം കുമാര്‍ ചെയ്തിരിക്കുന്നത്. ആ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് നുണ പറഞ്ഞെന്നല്ലേ അദ്ദേഹം ഇവിടെ ആരോപിക്കുന്നത്.

അഭിപ്രായ പ്രകടനങ്ങളിലെ കൃത്യതയിലൂടെ മികച്ച വായനയും രാഷ്ട്രീയ ബോധവുമുള്ള വ്യക്തിയെന്ന് പേരെടുത്ത സലിം കുമാര്‍ തികച്ചും സ്ത്രീവിരുദ്ധമായ ഒരു പ്രസ്താവന കൂടിയാണ് ഇവിടെ നടത്തിയിരിക്കുന്നത്. ഒരു പെണ്‍കുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചാല്‍ പെണ്‍കുട്ടിക്കാണ് അവിടെ പരിഗണന ലഭിക്കേണ്ടതെന്ന് അദ്ദേഹത്തിന് അറിയില്ലേ അതോ മറന്നതാണോ? സാമൂഹിക പ്രതിബദ്ധതയുള്ള ഒരാളില്‍ നിന്നും ഉയരേണ്ട വാക്കുകള്‍ ഒരിക്കലും ഇങ്ങനെയായിരുന്നില്ല. വേട്ടയാടപ്പെടുന്ന നിരപരാധിയോട് സഹതാപമുണ്ടെന്ന് പറയുന്ന സലിം കുമാര്‍ തന്നെ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെയും നുണ പരിശോധനയ്ക്ക് വിധേയയാക്കണമെന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്റേത് നീതിക്ക് വേണ്ടിയുള്ള വാക്കുകളല്ല, പകരം സുഹൃത്തിന് വേണ്ടിയുള്ള വാക്കുകളാണെന്ന് വ്യക്തമാകുകയാണ്. നടി ആക്രമിക്കപ്പെട്ട ദിവസങ്ങളിലൊന്നും ഇതേക്കുറിച്ച് പ്രതികരിക്കാതിരുന്ന വ്യക്തിയാണ് സലിം കുമാര്‍ എന്നതും ഓര്‍ക്കുക.

നടി നുണ പറയുകയാണെന്ന് ധ്വനിപ്പിക്കുന്ന വിധത്തില്‍ സംസാരിക്കുമ്പോള്‍ താന്‍ പറയുന്നതും ശ്രദ്ധിക്കുന്ന കുറെയാളുകള്‍ ഇവിടെയുണ്ടെന്ന് അദ്ദേഹം ഓര്‍ക്കണമായിരുന്നു.


Next Story

Related Stories