Top

അഭിമുഖം: സനല്‍കുമാര്‍ ശശിധരന്‍ - രസമുകുളങ്ങള്‍ മരവിച്ചുപോയവര്‍ക്ക് നല്ല സിനിമ മനസ്സിലാവില്ല

അഭിമുഖം: സനല്‍കുമാര്‍ ശശിധരന്‍ - രസമുകുളങ്ങള്‍ മരവിച്ചുപോയവര്‍ക്ക് നല്ല സിനിമ മനസ്സിലാവില്ല
ഒഴിവു ദിവസത്തെ കളിക്ക് ശേഷം സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ചിത്രമാണ് സെക്സി ദുർഗ. ഒട്ടേറെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ഈ ചിത്രം റോട്ടർഡാം ചലച്ചിത്ര മേളയിലെ ഏറ്റവും വലിയ പുരസ്‌കാരമായ ഹിവോസ് ടൈഗർ നേടി. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ ഈ ചിത്രത്തിന്‌ അർഹിക്കുന്ന തലത്തിലുള്ള ഒരു പരാമർശം പോലും ഇത്തവണത്തെ കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ വന്നില്ല എന്നത് ചർച്ച ചെയ്യപ്പെട്ടിരുന്നു. ചിത്രം 'കലാപരമായി സംവേദിക്കുന്നില്ല' എന്നു ജൂറി അഭിപ്രായപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാന പുരസ്കാര നിര്‍ണ്ണയത്തെ കുറിച്ചും സെക്സി ദുര്‍ഗ്ഗയെ കുറിച്ചും പുതിയ ചിത്രത്തെ കുറിച്ചും
സനൽ കുമാർ ശശിധരൻ
സംസാരിക്കുന്നു.


സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ നിന്നും സെക്സി ദുർഗയെ പാടേ അവഗണിച്ചതിനെ കുറിച്ച് എന്ത് പറയുന്നു?

നാക്കിലെ രസമുകുളങ്ങൾ മരവിച്ചു നശിച്ചു പോയ ഒരാളുടെ അടുത്ത് പോയിട്ട് എത്ര സ്വാദിഷ്ടമായ ഭക്ഷണം കൊടുത്താലും അയാളത് ചവച്ചു തുപ്പി കളയുകയേ ഉള്ളൂ. സിനിമയുടെ കാര്യത്തിലായാലും സംഗീതത്തിന്റെ കാര്യത്തിലായാലും ഒക്കെ ഇത് തന്നെയാണ് അവസ്ഥ. ഉദാത്തമായ സംഗീതം കേട്ടാൽ പലർക്കും മനസിലായെന്നു വരില്ല. ഇതെന്ത് പാട്ടാണെന്ന് ചോദിച്ചേക്കും ചിലപ്പോൾ. അതു പോലെ തന്നെയാണ് സിനിമയുടെ കാര്യവും. അതിന്റെതായ സെൻസിബിലിറ്റിയോടെ, ലോകത്തിന്റ മാറ്റത്തിനനുസരിച്ചുള്ള സിനിമയുടെ മാറ്റങ്ങൾ ഒക്കെ മനസിലാക്കാൻ പറ്റുന്ന ആരെങ്കിലും ഉണ്ടെങ്കിലേ സിനിമയുടെ ശരിയായ വിലയിരുത്തലുകൾ നടക്കൂ. അതല്ല അവർക്ക് സിനിമ അത് ആസ്വദിക്കാൻ പറ്റുന്നില്ല, മനസിലാകുന്നില്ല എങ്കിൽ മുൻപിൽ ഉള്ള ഏക ഉപാധി എന്നു പറയുന്നത് കൊള്ളില്ല എന്നു പറയലാണ്. അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ലോകത്ത് എക്കാലവും നിലനിൽക്കുന്ന ഒരു സംഗതിയാണ്.

അവാർഡ് ജൂറിയിലുള്ളവർക്ക് ഒരു വ്യക്തിപരമായ രാഷ്ട്രീയം ഉണ്ട്. ആ രാഷ്ട്രീയം സിനിമയെ പ്രതികൂലമായല്ലേ ബാധിക്കുന്നത്?

കുറേ കാലമായി സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണല്ലോ. ഒരു തരം വീതം വെപ്പ്. പൊളിറ്റിക്കല്ലി കറക്റ്റ് ആണെന്ന് തോന്നുന്ന തരത്തിലുള്ള വീതം വെപ്പാണ് കുറെ കാലമായി ചലച്ചിത്ര അവാർഡിൽ ഒക്കെ സംഭവിക്കുന്നത്. സിനിമയെന്ന കലാരൂപത്തെ പരിഗണിച്ചു കൊണ്ടല്ല പലപ്പോഴും അവാർഡുകൾ കൊടുക്കുന്നത്. രണ്ട് തവണ എനിക്ക് അവാർഡ് കിട്ടി, ആ സമയത്ത് ഞാൻ ചിന്തിച്ചിട്ടുണ്ട് എനിക്ക് അവാർഡ് കിട്ടിയ സമയത്തും കിട്ടാൻ അര്‍ഹതയില്ലാത്ത എത്രയോ പേർക്ക് അവാർഡ് കിട്ടിയിട്ടുണ്ടെന്ന്. ആ സമയത്ത് ഞാൻ ഒരു ന്യായീകരണ വസ്തു ആയിരുന്നു. അത് പോലെ സുദേവന്റെ പടത്തിന് അവാർഡ് കിട്ടിയ സമയത്തും ഇതേ അവസ്ഥയായിരുന്നു. അന്ന് സുദേവൻ ആയിരുന്നു ന്യായീകരണ വസ്തു. അതായത്‌ വിമർശനത്തെ എല്ലാം അടച്ചു കൊണ്ട് കൃത്യമായെങ്ങനെ വീതം വെക്കാമെന്നാണ് അവാർഡ് കമ്മിറ്റി എല്ലായ്പ്പോഴും നോക്കുന്നത്. അല്ലാതെ കലയുടെ മാനദണ്ഡത്തെ പറ്റിയൊന്നുമല്ല അവർ ചിന്തിക്കുന്നത്.

http://www.azhimukham.com/filmnews-ksfdc-denied-subsidy-to-unmadhiyutemaranam-sanalkumar-writes-open-letter-to-akbalan/

സ്വതന്ത്ര സിനിമയോടുള്ള കേരള സർക്കാറിന്റെ നിലപാട്‌ എന്താണ്?

തികച്ചും പരിതാപകരമാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് ഇവിടെയൊക്കെ നോക്കി കഴിഞ്ഞാൽ അവിടെ ഉണ്ടാകുന്ന കലാമൂല്യമുള്ള സിനിമകൾക്ക് സർക്കാർ കൊടുക്കുന്ന സാമ്പത്തിക സഹായവും, അതല്ലാതേയുള്ള സഹായമൊക്കെ കണ്ടാൽ നമ്മുടെ പ്രബുദ്ധമായ കേരളം അതിന്റ വാലിൽ തൂക്കിയിടാൻ മാത്രം പോലും കാര്യങ്ങൾ ചെയ്യുന്നില്ല എന്നതാണ് സത്യം. കേരളത്തിൽ നിന്ന് ഒരു സിനിമ ലോകം അംഗീകരിച്ചു കഴിഞ്ഞാൽ ഇവിടെയുള്ള രാഷ്ട്രീയക്കാരായാലും സിനിമാക്കാരായാലും ഒക്കെ എങ്ങനെ അതിനെ കലാമൂല്യമില്ലാത്ത സിനിമ, കൊള്ളിലാത്ത സിനിമ എന്നൊക്കെ പറഞ്ഞു ചവിട്ടിയൊതുക്കാമെന്നാണ് ചിന്തിക്കുന്നത്. ഇതേ സംഗതി മഹാരാഷ്ട്ര, ഗുജറാത്ത് ഇവിടെയൊക്കെ ആണ് സംഭവിച്ചിരുന്നതെങ്കിൽ സത്യത്തിൽ എനിക്ക് അടുത്ത സിനിമ ചെയ്യുവാൻ സർക്കാർ തന്നെ ഫണ്ട് തരുമായിരുന്നു. പക്ഷെ ഇവിടെ എന്റെ അടുത്ത സിനിമക്കുള്ള സബ്‌സിഡി 5 ലക്ഷം നിഷേധിച്ചു കൊണ്ടാണ് ഇവർ പ്രതികരിച്ചിരിക്കുന്നത്.

http://www.azhimukham.com/cinema-indrans-an-actor-and-a-good-person-rakeshsanal/

12 അന്താരാഷ്ട്ര അവാർഡുകൾ നേടുകയും 50 ഓളം ഫിലിം ഫെസ്റ്റിവലുകളിൽ പോയ സിനിമയാണ് സെക്സി ദുർഗ. എന്നിട്ടും കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ അര്‍ഹമായ പരിഗണന കിട്ടിയില്ലല്ലോ ചിത്രത്തിന്?

അത് എന്റെ സിനിമകൾക്ക്‌ മാത്രമുള്ള പ്രശ്നമല്ല അത്. നമ്മുടെ നാട്ടിൽ ഒരു തരം വല്ലാത്ത അരക്ഷിതാവസ്ഥയും ഒരു തരം ആത്മവിശ്വാസം ഇല്ലായ്മയും ഒക്കെ കലാകാരന്മാർക്കിടയിൽ തന്നെയുണ്ട്. ഒരു തരം വലിയൊരു ഓട്ട മത്സരം ആണ് കേരളത്തിലെ കലാപ്രവർത്തനം. ആരാണ് ഏറ്റവും വലിയ ആൾ, ആരാണ് ഏറ്റവും വലിയ കലാകാരൻ എന്നൊക്കെയാണ് പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്. അല്ലാതെ ഇവിടത്തെ മികച്ച കലാ സൃഷ്ടി ഏതാണ് എന്ന ചോദ്യമൊന്നും ഉണ്ടാകുന്നില്ല. അതുകൊണ്ട് തന്നെ ഒരു സിനിമ വന്നു കഴിഞ്ഞാൽ അല്ലെങ്കിൽ അതിനെ പറ്റി എന്തെങ്കിലും ഒരു ചർച്ച വന്നു കഴിഞ്ഞാൽ അതിനെ/ആ കലാകാരനെ എങ്ങനെ അവഗണിക്കാം എന്നാണ് ഇവിടെയുള്ള ആളുകൾ നോക്കുകയുള്ളൂ.

http://www.azhimukham.com/cinema-mk-arjunan-best-music-director-state-film-award/

ജൂറി വ്യക്തിതാത്പര്യം വെച്ച് മാത്രം സിനിമ അംഗീകരിച്ചു കഴിഞ്ഞാൽ ഫെസ്റ്റിവൽ ലക്ഷ്യം വെച്ച് സിനിമ എടുക്കുന്നവർക്ക് അത് നിരാശയല്ലേ ഉണ്ടാക്കുന്നത്?

തീർച്ചയായും. കഴിഞ്ഞ 30 വർഷത്തിനിടയിൽ മലയാളത്തിൽ നിന്ന് ഒരൊറ്റ സിനിമയും ഒരു അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ പോയിട്ട് പ്രൈസ് നേടിയിട്ടില്ല. വളരെ ടാലന്റ് ഉള്ള ആളുകൾ ഇവിടെ ഉണ്ടായിട്ടും അവരെ പ്രോത്സാഹിപ്പിക്കാൻ ആരും മുൻപോട്ട് വരുന്നില്ല എന്നതാണ് വാസ്തവം. എനിക്ക് വളരെ വ്യക്തമായി അറിയുന്ന ആളാണ് ഷാനവാസ് നാരായണിപ്പുഴ. വളരെ പ്രതീക്ഷ നല്‍കുന്ന ഒരു ഫിലിം മേക്കർ ആയിരുന്നു അയാൾ. പുള്ളിയെ മൊത്തത്തിൽ അവഗണിച്ചു. സുദേവന്റെ ആദ്യ സിനിമയെ പരിഗണിച്ചു എന്നല്ലാതെ പിന്നീട് യാതൊരു തരത്തിലുള്ള പരിഗണനയും സുദേവനും കൊടുത്തില്ല. ഇതൊക്കെ ഏറെ നിരാശയല്ലേ ഉണ്ടാക്കുന്നത്.

http://www.azhimukham.com/trending-warning-of-sanal-kumar-sasidharan-to-government-of-india/

സെക്സി ദുർഗ മലയാളികൾ കാണാനാഗ്രഹിക്കുന്ന സിനിമയാണ്. ഒരു സമാന്തര പ്രദർശനം ഉടൻ പ്രതീക്ഷിക്കാമോ?

സെക്സി ദുർഗ റെഗുലർ ആയിട്ടുള്ള തീയേറ്ററുകളിൽ തന്നെ റീലീസ് ചെയ്യും. പക്ഷെ ഒരു സമാന്തരമായ രീതിയിൽ ആയിരിക്കും പ്രദർശനം. നമ്മൾ ആലോചിക്കുന്നത് ഓരോ സ്ഥലത്തും ഓരോ ഗ്രൂപ്പ്/യൂണിറ്റ് രൂപീകരിച്ചു ഒരു ലോക്കൽ distribution ശൃംഖല ഉണ്ടാക്കാനാണ്. ഇത്തരം സിനിമകൾക്ക് എല്ലാം അത് ഉപകരിക്കും.

പുതിയ സിനിമ?

"ഉന്മാദിയുടെ മരണം" എന്ന സിനിമ പൂർത്തിയാക്കി. എന്നോടുള്ള രാഷ്ട്രീയ വൈരാഗ്യം കൊണ്ട് ആ സിനിമക്ക് സബ്‌സിഡി തരില്ല എന്ന് നിശ്ചയിച്ചിരിക്കുകയാണ്. ഇത് ഒരു വലിയൊരു പാർട്ടി പൊളിറ്റിക്സ് ആണ്. ഇതിനെ പ്രതിരോധിക്കുക എന്നുപറഞ്ഞാല്‍ ആ സിനിമ എത്രയും വേഗത്തില്‍ പൂർത്തിയാക്കുക എന്നതാണ്.

http://www.azhimukham.com/anuragkashyap-praises-sanalkumars-upcoming-movie-sexy-durga/

Next Story

Related Stories