TopTop

പാലാ ഹീറോയിസത്തിലേക്ക് ചുരുക്കിക്കെട്ടിയ സര്‍വ്വോപരി പാലാക്കാരന്‍

പാലാ ഹീറോയിസത്തിലേക്ക് ചുരുക്കിക്കെട്ടിയ സര്‍വ്വോപരി പാലാക്കാരന്‍
പലതലത്തില്‍ പ്രേക്ഷക പ്രതീക്ഷകള്‍ നിറഞ്ഞ ഒരു പറ്റം സിനിമകള്‍ക്കൊപ്പമാണ് 'സര്‍വ്വോപരി പാലാക്കാരന്‍' റിലീസായത്. തീയേറ്ററുകളില്‍ വളരെ അപൂര്‍വ്വമായി കണ്ടിരുന്ന ട്രെയിലര്‍ അല്ലാതെ കാര്യമായ പ്രമോഷനൊന്നും സിനിമക്കുണ്ടായിരുന്നില്ല. പേരിലെ കൗതുകം കൊണ്ടൊക്കെ മാത്രമാണ് പ്രേക്ഷകര്‍ ആദ്യ ദിവസങ്ങളില്‍ തീയേറ്ററുകളില്‍ എത്തിയത്. വേണുഗോപനാണ് സംവിധായകന്‍. സുരേഷ് ബാബുവിന്റേതാണ് തിരക്കഥ.

അനൂപ് മേനോനാണ് പാലാക്കാരന്‍ ജോസായി എത്തുന്നത്. സ്ത്രീകളുടെ അടക്കവുമൊതുക്കവും ഒക്കെ കുറച്ചധികം നോക്കുന്ന ഇയാള്‍ ദീര്‍ഘകാലത്തെ പെണ്ണുകാണലിനു ശേഷം ലിന്റെ (അനു സിതാര) എന്ന പെണ്‍കുട്ടിയെ കല്യാണം കഴിക്കാന്‍ തീരുമാനിക്കുന്നു. പൊലിസ് ഉദ്യോഗസ്ഥനായ ഇയാള്‍ ഒരു സെക്‌സ് റാക്കറ്റ് കേസ് അന്വേഷിക്കാന്‍ തൃശൂരിലെത്തുന്നു. അവിടെ വച്ച് അനുപമ (അപര്‍ണ ബാലമുരളി) എന്ന നാടക പ്രവര്‍ത്തകയെ ഡ്യൂട്ടിക്കിടയില്‍ യാദൃശ്ചികമായി പരിചയപ്പെടുന്നു. ചുംബന സമര നേതാവും സ്വതന്ത്രയായ സ്ത്രീയുമായ അവരെ അയാള്‍ക്ക് അംഗീകരിക്കാനെ പറ്റുന്നില്ല. പിന്നീടും പക്ഷെ അവളെ അയാള്‍ കണ്ടു കൊണ്ടേയിരുന്നു. പിന്നീടുണ്ടാകുന്ന സംഭവങ്ങളാണ് സിനിമ.പാലായില്‍ ചുറ്റിക്കറങ്ങിയാണ് സിനിമയുടെ ആദ്യ പകുതി മുന്നോട്ടു പോകുന്നത്. പാലാക്കാരന്‍ അച്ചായന്‍, വെള്ള മുണ്ടും ഷര്‍ട്ടും, വീട്ടിലെ കള്ളുകുടി സഭകള്‍, തമാശകള്‍, കോട്ടയം അച്ചായനാകാന്‍ ഉള്ള അനൂപ് മേനോന്‍ ശ്രമങ്ങള്‍ അങ്ങനെ സിനിമ മുന്നോട്ടു പോകുന്നു. പുതുമകള്‍ അങ്ങനെ കാര്യമായില്ലെങ്കിലും സിനിമ ഇവിടെ മടുപ്പിക്കുന്നില്ല. പിന്നീട് സെക്‌സ് റാക്കറ്റ് റേപ്പ് കേസ് കയറി വരുന്നു. മലയാളിയല്ലാത്ത ഇരയെ റാക്കറ്റില്‍ കുരുക്കുന്ന ഏജന്റിനെ അന്വേഷിച്ച് പോകുന്ന ജോസിന് മലയാള സിനിമയിലെ എല്ലാ പൊലിസ് ഉദ്യോഗസ്ഥരുടെയും 'ബ്രില്യന്‍സ്' ഉണ്ട്. എവിടെയും ജീവിച്ചിരിക്കുന്ന സര്‍വൈവറുടെ പേര് പറഞ്ഞ് വാര്‍ത്തകള്‍ വരാറില്ല. പക്ഷെ സിനിമയില്‍ പത്രത്തലക്കെട്ടും ടി.വി വാര്‍ത്തയും എല്ലാം അങ്ങനെയാണ്. പോലിസ് ചേസിങ്ങ് ഒന്നും ഒട്ടും ചലനാത്മകമല്ല.

ഒരു മെയില്‍ ഷോവനിസ്റ്റ് - സ്വതന്ത്ര സ്ത്രീ യുദ്ധം എന്തായാലും വൃത്തികെട്ട രീതിയില്‍ ഏകതാനമാക്കിയിട്ടില്ല. ചുംബന സമരത്തിനൊക്കെ പോയിട്ടും കഥ തീരും വരെ കുറ്റബോധമൊന്നും ആ കഥാപാത്രത്തിനില്ല. വളരെ വ്യത്യസ്തമായ ഒരു ഭൂതകാലം ഈ കഥാപാത്രത്തിനുണ്ട്. സിനിമയില്‍ അപര്‍ണ ബാലമുരളിയുടെ അനുപമയ്ക്ക് കൃത്യമായ സ്‌ക്രീന്‍ സ്‌പേസും ഉണ്ട്. പക്ഷെ പ്രണയ സൗഹൃദ സങ്കല്‍പ്പങ്ങളില്‍ ക്ലാര-രാധ-ജയകൃഷ്ണന്‍ സങ്കല്‍പ്പങ്ങളില്‍ പെട്ടുപോയിട്ടുണ്ട് മലയാള സിനിമ. മഴയും ക്ലാരയും ഈ സിനിമയിലെ സിംബോളിക്ക് റെഫറന്‍സാണ്. അനൂപ് മേനോന്‍ തിരക്കഥയെഴുതുന്ന സിനിമകളിലെ പോലെ ഇവിടെയും അറിഞ്ഞോ അറിയാതെയോ തൂവാനത്തുമ്പികളും മഴയും ക്ലാരയും രാത്രിയുമൊക്കെ കയറി വന്നു.ഒരു റേപ്പ് കേസും ബന്ധത്തിലെ ആശയക്കുഴപ്പങ്ങളുമൊക്കെ ഇടകലര്‍ത്തി കഷ്ടപ്പെടുന്ന അവസ്ഥയാണ് പിന്നീട് സിനിമയില്‍. പത്മരാജന്‍ കഥയിലെന്ന പോലുള്ള അച്ഛന്‍-മകള്‍ ബന്ധത്തിലേക്ക് കഥയേയും സന്ദര്‍ഭത്തെയും കൊണ്ടു ചെന്നെത്തിക്കാന്‍ സിനിമ നല്ലവണ്ണം കഷ്ടപ്പെട്ടു. എഡിറ്റിങ്ങിലെ അപാകതകള്‍ സിനിമയുടെ തുടക്കം മുതലേ മുഴച്ചു നിന്നു. പാലാക്കാരനിലാണോ അച്ഛനും മകളിലുമാണോ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്ന സംശയം സംവിധായകനും തിരക്കഥാകൃത്തിനും ഉണ്ടായി. മൂന്നു നാലു നായികമാര്‍ എന്നെ ഇങ്ങോട്ടു പ്രണയിക്കട്ടെ എന്ന സരോജ് കുമാര്‍ ലൈനിലുള്ള ക്ലൈമാക്‌സ് പതനം പൂര്‍ത്തിയാക്കി.

സര്‍വ്വോപരി പാലാക്കാരന്‍ എന്നു പേരിട്ടതു കൊണ്ട് വ്യത്യസ്തമായ ഒരു ത്രെഡിനെ ഇടയ്ക്കു വച്ച് ഇല്ലാതാക്കി പാലാ ഹീറോയിസത്തിന്റെ വാര്‍പ്പു രീതികളിലേക്ക് ചുരുങ്ങിയ ഒരു ദൃശ്യാനുഭവമാണ് സര്‍വ്വോപരി പാലാക്കാരന്‍ എന്നു പറയാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories