TopTop
Begin typing your search above and press return to search.

പറവ ദേശാതീതമായ ആകാശത്തിന്റെ വിശാലതയാണ്

പറവ ദേശാതീതമായ ആകാശത്തിന്റെ വിശാലതയാണ്

കൊച്ചി നിരന്തരം കാണാന്‍ തുടങ്ങിയിട്ട് ഇരുപത്തിയഞ്ച് കൊല്ലമായി. എന്നാലും എനിക്കിപ്പോഴും വഴിതെറ്റും. റോഡിലൂടെ വരുമ്പോള്‍ തോപ്പുംപടി കഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞാല്‍ മുതല്‍ പരിഭ്രമമാണ്. ബോട്ടിന് വരുമ്പോള്‍ ജെട്ടിയിലിറങ്ങി ഇടത്തോട്ട് തിരിച്ച് ചെറുപാലത്തിനപ്പുറം ടിപ്പുസുല്‍ത്താന്‍ ഹോട്ടല്‍ പിന്നിട്ട് മാര്‍ക്കറ്റ് റോഡിലൂടെ നടക്കുന്നതിനിടയില്‍ വലത്തോട്ട് ഒരു വഴികേറാന്‍ സംശയമാണ്. ജെട്ടിയില്‍ നിന്ന് വലത്തോട്ട് കല്‍വത്തി റോഡിലൂടെ സീഗളും പിന്നിട്ട് ബസ്സ്റ്റാന്‍ഡിലെത്തി ഒന്നകത്തേയ്ക്ക് നടന്നാലോ, പിന്നേയും തെറ്റി. കാരണം എല്ലാക്കാലത്തും കൊച്ചിയുടെ ഞരമ്പുകളെല്ലാം, ശ്വാസമെടുക്കുന്ന സ്വാഭാവികതയോടെ അറിയുന്ന മനുഷ്യരുടെ, ചങ്ങാതിമാരുടെ, കൈപിടിച്ചാണ് ഞാന്‍ കഴിഞ്ഞ രണ്ടരപതിറ്റാണ്ടീ ദേശം കണ്ടിട്ടുള്ളത്. ഒരോ വഴിയിലും ഭക്ഷണശാലകളും ചങ്ങാതിമാരും പുതിയ കഥകളും ചിരപരിചിതമായ സൗഹാര്‍ദ്ദവുമായി കാത്തിരിപ്പുണ്ടാകും.

ഇച്ചാപ്പിയും അസീബും സൈക്കിളിലും ഓടിയും നടന്നുമായി സഞ്ചരിക്കുന്ന വഴികളുണ്ടല്ലോ, എനിക്കത് അറിയില്ലെങ്കിലും അതീവ പരിചിതമാണ്. എനിക്കറിയാവുന്ന കൊച്ചിയല്ല കൊച്ചി എന്നുള്ള പരിചിതത്വമാണ് അത്. കാണികളായി വന്നിട്ടുള്ള ആര്‍ക്കുമറിയില്ല കൊച്ചി, മട്ടാഞ്ചേരി ഭൂപ്രദേശം. അത് ദേശത്തിനുള്ളിലെ ഒരു ദേശമാണ്. കൊച്ചിയുടെ പുറം മോടികള്‍ കണ്ട് നഷ്ടപ്രതാപത്തില്‍ ഖനനം ചെയ്ത് കാണികള്‍ക്ക് തിരിച്ചുപോകാം. നിങ്ങളറിയില്ല ഈ ദേശം. അതിന് വിരുന്നുകാരുടെ അവധിദിനങ്ങളും കാഴ്ചകളും മതിയാകില്ല.

പരിചയമുള്ള കാലം മുതല്‍ പ്രാവു വളര്‍ത്തുന്നതിന്റെ കൊച്ചിക്കഥകള്‍ സൗബിന്‍ പറഞ്ഞറിയാം. നാസ്ത കഴിക്കലിലും ബാബി എന്ന വിളിയിലും അലസമായ സഞ്ചാരങ്ങളിലും ഭാവിയെ കുറിച്ചുള്ള കുറഞ്ഞ ആശങ്കകളിലും 'എടാ എന്നെയൊരിക്ക മുഖത്തടിച്ചു' വെന്ന് കൂട്ടുകാരന്‍ കരയുമ്പോള്‍, കരയുന്ന കൂട്ടുകാരനേക്കാള്‍ ചെറിയവന്‍ കൈയ്യില്‍ കിട്ടിയ വടിയുമായി ചോദിക്കാനിറങ്ങിലിലും ആ ദേശമുണ്ട്. പഠനത്തെ കുറിച്ചോ, ദൈനംദിനലോകത്തെ കുറിച്ചോ ഉള്ള ആശങ്കകളുടെ തോതും രീതിയും വേറെയാണ്. ഭക്ഷണത്തിന്റെ മണം വന്നാല്‍ നിന്റെ വീട്, എന്റെ വീട് എന്നൊന്നുമില്ല. മകന്റെ കൂട്ടുകാരന്‍ മരിച്ച വാര്‍ത്തയറിയുമ്പോള്‍ മകനോട്, 'നീ പോയാ എനിക്കിത്ര വിഷമമില്ലായിരുന്നു'വെന്ന വാപ്പയുടെ കരച്ചില്‍ ആ നെഞ്ചിന്റെ പിടപ്പോളം സ്വഭാവികമാണ്. വീടു പുതുക്കി പണിയുമ്പോള്‍ ബാക്കിയാകുന്ന പഴയ ഫര്‍ണീച്ചറുകള്‍ പോലെയാണ് തോറ്റ കുട്ടികള്‍. അവരെ മുന്‍നിരയിലരുത്തി, പ്രധാനമാക്കുന്ന കരവിരുതുണ്ടല്ലോ, സ്‌നേഹത്തിനൊപ്പം കുരുത്തക്കേടും കൂടി നിറഞ്ഞ ടീച്ചര്‍ മനസുകള്‍ക്ക് മാത്രം സാധ്യമാകുന്നവ! (ഉണ്ണിമായ മുത്താണ്). സ്‌ക്കൂളിലല്ലെങ്കിലും തോറ്റവരും ജയിച്ചവരും തമ്മിലെന്ത് വ്യത്യാസം? സ്ലോറെയ്സില്‍ വേഗമോടിച്ച് ആദ്യമെത്തിയ ശേഷം ഫസ്റ്റായേ എന്ന് സന്തോഷിക്കുന്ന അസീബിനറിയില്ലേ അത് സ്ലോറെയ്‌സ് ആണെന്ന്. ഉവ്വാന്നേ, ചുമ്മാ ഒരു രസം! അവന് ഇച്ചാപ്പിയെ പോലെ സൈക്കിളിന്റെ ഫ്രണ്ട് വീല്‍ പൊന്തിച്ച് ഓടിക്കാനറിയില്ല, പടവുകളിലൂടെ സൈക്കിള്‍ ഓടിച്ചിറക്കാന്‍ അറിയില്ല, അവന്‍ പടവെത്തുമ്പോള്‍ ചാടിയിറങ്ങി സൈക്കിള്‍ തള്ളിയിറക്കും. അസീബിന്റെ ഉമ്മയെവിടെ, കൈയ്യില്‍ കിട്ടിയ മൊന്തയോ പാത്രമോ അവനെ എടുത്തെറിഞ്ഞ് അടിക്കാന്‍ ഓടിച്ചിടുന്ന ഒറ്റ സീനിലുണ്ട് മാക്‌സിയിട്ട, തലയില്‍ തട്ടമിട്ട ആ രൂപത്തിന്റെ മിന്നല്‍ പാച്ചില്‍. എന്തിനാണ് അധികം? എന്തൊരു വ്യക്തതയാണ് അവന്റെ ജീവിതത്തിന്?

ഹസീബ് എന്ന അസീബ് തുണ്ടുകടലാസ് സമയത്തിന് കൊടുക്കാത്തത് കൊണ്ട് ഒരു വര്‍ഷം നഷ്ടമായ ഒന്‍പതാം ക്ലാസുകാരനാണ് ഇര്‍ഷാദ് എന്ന ഇച്ചാപ്പി. (എന്താടാ അവനും കൂടി കൊടുക്കായിരുന്നില്ലേ, എന്ന ഇച്ചാപ്പിയുടെ ഉമ്മച്ചിയുടെ ചോദ്യത്തിലുണ്ട്, പരീക്ഷകള്‍ക്കൊക്കെ ആ ജീവിതം കൊടുക്കുന്ന വില). നന്നായി സൈക്കിള്‍ ചവിട്ടും. കരണം മറിഞ്ഞ് ചാടും. അവനും ഹസീബിനും കൂടി പ്രാവുകളുടെ ഒരു ശേഖരമുണ്ട്. മീനുകളുടേയും. പ്രാവുകളേയും മീനുകളേയും മോഷ്ടിച്ചുകൊണ്ടുപോകുന്ന വിരുതരുടെ കയ്യില്‍ നിന്ന് അത് തിരിച്ചു പിടിക്കാനവര്‍ക്കറിയാം. നാട്ടിലെ ഏത് ഇക്കമാരേയും വെല്ലുന്ന ത്രാണിയുണ്ട്, പ്രാവുകളെ വളര്‍ത്തുന്നതിനും പറപ്പിക്കുന്നതിനും. അതൊരു തൊഴിലായി നടത്തുന്ന മുതിര്‍ന്നവരുടെ ഒരു സംഘത്തിനെ സംബന്ധിച്ച് തുല്യരായ എതിരാളികളാണ് ഇച്ചാപ്പിയും ഹസീബും. ഒരു കളിയാക്കലുമില്ല, ഒരു കുറച്ചുകാണലുമില്ല. അവരെ എതിര്‍ ടീമായി കണ്ട്, അവരുടെ തന്ത്രങ്ങള്‍ക്ക് എതിര് മെനയുക എന്നതാണ് അവരുടെ ലോകം.

ഇതാണ് ലോകം. അവിടെ ഒരു ഇമ്രാനുണ്ടായിരുന്നു. സ്വയമടിച്ച സിക്‌സര്‍ അത്ഭുതമായിരുന്നുവെന്നും ശരിക്കും ബാറ്റ് ചെയ്യുന്നവന്‍ തന്റെ അനുജനേപ്പോലുള്ള കൂട്ടുകാരാണ് എന്നുറപ്പുള്ള ക്യാപ്റ്റനിക്ക. അവന്‍ യത്തീമായിരുന്നോ? ആയിരുന്നിരിക്കണം. അവന്‍ എല്ലാവരുടെയും സ്വന്തമായിരുന്നു. എല്ലാവരുടെയും പ്രിയപ്പെട്ടവനായിരുന്നു. ഈമാനുള്ള ചെറുപ്പക്കാരനായിരുന്നു. ലോകത്തെ കുറിച്ചുള്ള കരുതലായിരുന്നു അവന്‍. അവന്‍ മക്കളേക്കാള്‍ പ്രിയപ്പെട്ടവനായിരുന്നു വാപ്പമാര്‍ക്കും ഉമ്മമാര്‍ക്കും. അവന്റെ ഓര്‍മ്മയുണ്ട് അവന്റെ പിന്‍മുറക്കാര്‍ക്ക്. അവന്റെ മുന്‍ തലമുറക്കാര്‍ക്കും. ആണുങ്ങളാണ്, പക്ഷേ ഭയങ്കരന്മാരായ ആണുങ്ങളൊന്നുമല്ല. വിപ്ലവം നടത്തിയവരല്ല, ലോകത്തെ മാറ്റിയവരല്ല. ഒരാള്‍ക്ക് എന്തോ കച്ചവടമുണ്ട്, ഒരാള്‍ക്ക് പലചരക്ക് കടയുണ്ട്, ഒരാള്‍ക്ക് മീന്‍ കച്ചവടമുണ്ട്, ഒരാള്‍ക്ക് സെക്യൂരിറ്റി പണിയുണ്ട്. ഒറ്റടിക്ക് ചോദിച്ചാല്‍ പോക്കറ്റില്‍ ഒരഞ്ഞൂറു രൂപ തികച്ചെടുക്കാന്‍ ആര്‍ക്കുമില്ല. ആണ്‍മക്കളുണ്ട്. മുതിര്‍ന്നിട്ടും മുതിരാത്തവര്‍. ആശങ്കയൊന്നും വാപ്പമാര്‍ക്കില്ല. അവരും ഇങ്ങനെയൊക്കെയാ മുതിര്‍ന്നത്. എങ്കിലും ജീവിതം പിടിച്ചിടത്ത് നില്‍ക്കാത്തപ്പോ ഒരു ബേജാറുണ്ട്. അത്രേയുള്ളൂ.

കാലമെന്നൊരു മാജിക്കുണ്ട്. മുടി ഒരു സ്‌റ്റയിലില്‍ ചീകി വച്ചിട്ട് ഹെല്‍മെറ്റ് വയ്ക്കാന്‍ പറ്റാത്തയാള്‍ പിന്നീട് താടി വളര്‍ത്തും. ഏതു കാലത്ത്? താടിവളര്‍ത്തിയവരൊക്കെ തീവ്രവാദികളാകുന്ന, നീണ്ട താടി ആത്മീയ വാര്‍ദ്ധക്യത്തിന്റെ ചിഹ്നമായി എണ്ണുന്ന കാലത്ത്. ക്രിക്കറ്റ് കളിക്കാനിഷ്ടമുണ്ടായിരുന്ന ആ ചെറുപ്പക്കാരന് നോക്കി ആശ്വസിക്കാന്‍ ഇംഗ്ളണ്ടിന്റെ മോഈന്‍ അലിയല്ലേയുള്ളൂ. വാപ്പാ ഐസ് വാങ്ങാന്‍ പോകാന്‍ തുടങ്ങുമ്പോ ജങ്ഷനിലേയ്ക്ക് വണ്ടിയെടുത്ത് ഓടാന്‍ വെമ്പുന്ന ചെറുപ്പം പിന്നീട് ഹെല്‍മെറ്റ് വച്ച് പുറകില്‍ മീനുമായി ഉത്തരവാദിത്തത്തോടെ ജീവിക്കും. ഏതു ക്ലബ്ബിലും മനാഫുണ്ടാകും. വെറുതെ കലപില കലപില പറയുന്ന മനാഫ്. ഷെയ്ന്‍ ഇല്ലേ, ഇച്ചാപ്പിയുടെ ഇക്ക, അവനുണ്ട്. തങ്കം പോലൊരുത്തനാണ്. എന്തൊരു സുന്ദരന്‍! സ്‌നേഹത്തിന്റെ മാനിഫെസ്റ്റേഷന്‍ എന്താണന്നറിയാത്തവന്‍, സ്വയം മാപ്പുകൊടുക്കാത്തവന്‍, എന്നിട്ടും സ്വഭാവം മാറ്റാനാനറിയാത്തവന്‍, വാപ്പയുടെ സ്വന്തം മൂത്തവന്‍. ഓ! അവനെ ചേര്‍ത്ത് പിടിച്ചിട്ടുള്ള ആ വാപ്പയുടെ നടത്തമുണ്ട്. സിദ്ദീഖ് എന്തൊരു പ്രസന്‍സാണ്! എന്തൊരു ആക്ടറാണടവേ!

സ്‌ക്കൂളിലെ ഒരു പെണ്‍കുട്ടിയുണ്ട്, ഒരു സ്‌ക്കൂള്‍ പ്രേമമുണ്ട്. അവളുടെ കളര്‍ തട്ടമുണ്ട്, അവളുടെ ഗ്യാങ്ങുണ്ട്. അവരുടെ ചിരിയുണ്ട്, അവരുടെ ഉച്ചനേരങ്ങളുണ്ട്. കര്‍ശനമായ പ്രഖ്യാപനങ്ങളുണ്ട്. അവളുമാരുടെ വലുതാവലുണ്ട്. എന്നാലും ചെറുതാകാത്ത ചെറുപ്പമുണ്ട്. ഒരു കയ്യടിക്കുമ്പോള്‍ പറന്നുയരുന്ന പ്രാവിന്‍ കൂട്ടമുണ്ട്, ചെറു പൂവാലന്മാരുണ്ട്. പറയാന്‍ മറന്നുപോകുന്ന ഡയലോഗുകളുണ്ട്. സ്‌പോര്‍ട്‌സുണ്ട്, ഡ്രില്ല് മാഷുണ്ട്, ഓണാഘോഷമുണ്ട്, അതുകഴിഞ്ഞുള്ള മാറ്റിനി എ പടമുണ്ട്, അതിന്റെ നാണമുണ്ട്, കൗതുകമുണ്ട്, അബദ്ധമുണ്ട്.

അങ്ങനെ കെട്ടിയൊരുക്കാത്ത കല്യാണപ്പുരയുണ്ട്, അത്രയും മധുരമല്ലാത്ത, ചിലമ്പിച്ച ശബ്ദമുള്ള മൈലാഞ്ചി പാട്ടുണ്ട്. ബിരിയാണിയേക്കാള്‍ പൊളിയായ ഇറച്ചിച്ചോറുണ്ട്. ബീഫ് കറിയുടെ മണമുണ്ട്. അതിനൊപ്പമുള്ള അപ്പവും ആ അപ്പം കൊണ്ടുള്ള പൂക്കളവും അതിന് നടുവിലേയ്ക്ക് ഒഴിക്കുന്ന തേങ്ങാപ്പാലുമുണ്ട്. കുടുകുടെ ചിരിക്കുന്ന ഒരു ഇത്താത്തയുണ്ട്. അവളുടെ തകര്‍പ്പന്‍ ഹ്യൂമര്‍ സെന്‍സും തയ്യല്‍ മെഷീനുമുണ്ട്. മറ്റൊരു വീട്ടില്‍ മറ്റൊരു കാലത്ത് മറ്റൊരു ഇത്താത്തയുണ്ട്. കണ്ണില്‍ ബേജാറും ഉത്കണ്ഠയും ഉള്ളവള്‍. പക്ഷേ രണ്ടു പേരും പണിയെടുക്കാതെ നടക്കുന്ന ആങ്ങളമാര്‍ക്ക് പകരം, പണിയെടുത്ത് കുടുംബത്തിന് പിന്തുണ നല്‍കുന്നവരാണ്. രണ്ടുപേരുടെ ഉള്ളിലും അടിസ്ഥാനപരമായി ഒരു ഹ്യൂമര്‍ സെന്‍സുണ്ട്. പെണ്ണുങ്ങള്‍ക്കൊക്കെയുണ്ട്. ഉമ്മമാര്‍ക്കുണ്ട്. റ്റീച്ചര്‍മാര്‍ക്കുണ്ട്. പെങ്ങമ്മാര്‍ക്കുണ്ട്. കാമുകിമാര്‍ക്കുണ്ട്. ആണുങ്ങള്‍ പറയുന്ന കഥയാണ്. അവര്‍ക്കറിയില്ല ആ പെണ്ണുങ്ങളുടെ കഥയെന്തെന്ന്. പക്ഷേ അവര്‍ കഥയ്ക്ക് വിരുന്നൊരുക്കുന്ന തൊഴിലാളികള്‍ മാത്രമല്ല. അവര്‍ മട്ടാഞ്ചേരിയിലെ ജീവിതം ജീവിക്കുന്നവരാണ്. പ്രാവിനോട് വര്‍ത്തമാനം പറയുന്ന ഉമ്മച്ചിയുടെ പറച്ചിലിനേയും അടുപ്പിനേയും മാറിമാറി നോക്കുന്ന പ്രാവിന്റെ നോട്ടമുണ്ട്.

ഇത് കൊച്ചിയാണ്. പറവ ഇവിടെ പക്ഷിയെന്നതിന്റെ പര്യായമല്ല. സ്വന്തം ചുണ്ടില്‍ നിന്ന് പറവ ചുണ്ടിലേയ്ക്ക് വെള്ളം പകരുന്നത് എത്രയോ സ്വാഭാവികമാണ്. പറവയുടെ ഇണയെ കുറിച്ചുള്ള കരുതല്‍ പ്രാരംഭകൗമാരത്തിലുള്ള പിള്ളേര്‍ക്കുണ്ട്. അവര്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങളെ പറക്കലിന്റെ വഴികള്‍ ശീലിപ്പിക്കാന്‍ അറിയാം. ഒരു കിടു പറവയെ വഴിയില്‍ കണ്ടാല്‍ കൂടെയുള്ള പറവകളെ പറത്തി ചാടിച്ച് കൂട്ടത്തിലെത്തിക്കാനുള്ള വിരുതുണ്ട്. മട്ടാഞ്ചേരിയുടെ, പടിഞ്ഞാറന്‍ കൊച്ചിയുടെ ഇടവഴികള്‍ മാത്രമല്ല, ആകാശങ്ങളിലെ, ഉയരങ്ങളിലെ വഴികളും അറിയാവുന്നവരാണ്. എത്രയോ സ്വഭാവികമായി അസ്‌ലാമു അലൈക്കുമെന്ന അഭിവാദ്യമുണ്ട്, എത്രയോ സ്വഭാവികമായി പള്ളീ പോയിട്ട് വരാമെന്ന പറച്ചിലുണ്ട്. നമ്മള്‍ അയല്‍പ്പക്കങ്ങളില്‍ മാത്രം കാണുകയും തീയേറ്റുകളിലും ടി.വി സ്‌ക്രീനിലും കാണാതിരിക്കുകയും ചെയ്യുന്ന ജിവിതമുണ്ട്.

മട്ടാഞ്ചേരിയിലെ സിനിമാറ്റിക് ഡാന്‍സുകാരുടെ ഒരു സംഘമുണ്ട്. അതിലൊരു സൗബിനും ഭാസിയുമുണ്ട്. അവരുടെ ജീവിതത്തിലേയ്ക്ക് തെറിച്ചുവന്ന ഒരു സംഘത്തോടുള്ള അവരുടെ ആറ്റിറ്റ്യൂഡ് ഉണ്ട്. വിജയകുമാര്‍ അവതരിപ്പിക്കുന്ന ഒരു മെഡിക്കല്‍ ഷോപ്പ് മാനേജറുണ്ട്, ഇവിടുത്തെ ബട്ടര്‍ഫ്‌ളൈ ഇഫക്റ്റുകാരന്‍. അവന്റെ വഷളത്തരത്തിന്റെ ആഫ്റ്റര്‍ ഇഫക്റ്റാണ് മട്ടാഞ്ചേരിയിലെ ഒരു കൂട്ടം കുടുംബങ്ങളെ ചുറ്റിപ്പറ്റിനില്‍ക്കുന്ന വിഷാദം.

ഒറ്റവാക്കില്‍ പറഞ്ഞാല്‍ 'പറവ' മലയാളത്തില്‍ നിന്ന് ഈയടുത്തുണ്ടായിട്ടുള്ള ഇന്റര്‍നാഷണല്‍ സിനിമകളിലൊന്നാണ്. നമ്മുടെ ആകാശങ്ങള്‍ വിട്ട് പറക്കുന്ന പറവ. പറത്തിവിടുന്ന കൈകളേ നമ്മള്‍ കാണുന്നുള്ളൂ. പക്ഷേ ആ പറക്കലിന്റെ ആകാശമുണ്ടല്ലോ, അതിനൊരതിരുമില്ല. പറന്നുപൊങ്ങുന്ന സിനിമയെ ചാണ്ടിയിറക്കാന്‍ സൗബിനോ അന്‍വറിനോ പറ്റില്ല. അവരുടെ കൈവിട്ട് പറക്കുന്ന സ്വപ്‌നമാണത്. മലയാളം പോപ്പുലര്‍ ഴോണറിലുണ്ടാകാത്ത പരീക്ഷണം. തൊണ്ണൂറുകളില്‍ ഇറാനിന്‍ നിന്നൊക്കെ വന്നുകൊണ്ടിരുന്ന, അവര്‍ പിന്നീടാവര്‍ത്തിച്ച് പരാജയപ്പെട്ട രീതിയില്‍ നിന്ന് വ്യത്യസ്തമായി, മട്ടാഞ്ചേരി എന്ന ദേശത്തിനേയും രണ്ട് കുട്ടികളേയും ഒരു കൂട്ടം പ്രാവുകളേയും അലങ്കാരമത്സ്യങ്ങളേയും പട്ടങ്ങളേയും വച്ച്, അവരുടെ ലളിത യുക്തികള്‍ വച്ച് ദേശാതീതമാക്കുന്ന സിനിമ.

ഇതിനോടകം തന്നെ പറവ പല തരത്തില്‍ കാണപ്പെട്ടിട്ടുണ്ട്. അസാധാരണമായ ഒരു വിഷാദമുണ്ട് ലളിതമായ, അലങ്കാരമില്ലാത്ത ഈ സിനിമയ്ക്കും ആ സിനിമ അവതരിപ്പിക്കുന്ന ലോകത്തിനും. മനസില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ വിസമ്മതിക്കുന്ന ഒരു ലോകം. നമ്മുടെ സിനിമയ്ക്ക് ഗ്രാമമെന്നാല്‍ പാടവും വരമ്പും പൂക്കളും ശ്യാമളകോമളതയും മാത്രമായിരുന്നു. നഗരങ്ങള്‍ക്കുള്ളിലെ ഗ്രാമങ്ങള്‍, വൃത്തങ്ങള്‍ക്കുള്ളിലെ വൃത്തങ്ങള്‍, അവിടത്തെ മുസ്ലീം ജീവിതം, അത് സിനിമകള്‍ക്ക് വിഷയമേ ആയിരുന്നില്ല. നമ്മുടെ ബോളിവുഡ് ഏതാണ്ട് രണ്ടര പതിറ്റാണ്ടായി കറങ്ങുന്നത് മൂന്ന് ഖാന്‍മാര്‍ക്ക് ചുറ്റുമാണ്. പക്ഷേ എത്ര മുസ്ലീം ജീവിതങ്ങള്‍ നമ്മള്‍ ഹിറ്റായ സിനിമകളില്‍ കണ്ടുകാണും? പ്രേക്ഷകരില്‍ വലിയ ഭൂരിപക്ഷം അവരാണ്. കേരളത്തില്‍ വ്യത്യസ്തമാണോ? താരങ്ങളില്‍, നിര്‍മ്മാതാക്കളില്‍, പ്രേക്ഷകരില്‍, സംവിധായകരില്‍, എഴുത്തുകാരില്‍, നമ്മുടെ ആര്‍ട്ടിസ്റ്റുകളില്‍ എല്ലാം പകുതിയിലധികം മുസ്ലീങ്ങളായിട്ടും നമ്മുടെ ഹിറ്റ് സിനിമകളില്‍ എത്രശതമാനം കേരളത്തിലെ മുസ്ലീം ജീവിതം അവതരിപ്പിച്ചുണ്ട്? കാലങ്ങളോളം തീയേറ്റര്‍/ഫിലിം എക്‌സിബിഷന്‍ ബിസിനസിലുള്ളവരോട് ചോദിച്ചു നോക്കൂ, മുസ്ലീം സബ്ജറ്റ് അല്ലേ, ഡള്ളായിരിക്കും എന്നാകും മറുപടി.

അവിടേക്കാണ് പറവയുടെ വരവ്. ഒറ്റനോട്ടത്തില്‍ ഒരു പിതാവും അയാളുടെ രണ്ട് ആണ്‍മക്കളും അവരുടെ സുഹൃത്തുക്കളും അവര്‍ക്കു ചുറ്റുമുള്ള ജീവിതവും മാത്രമാണ് ഇതിവൃത്തം. നമ്മളത് കേള്‍ക്കാത്തതോ കാണാത്തതോ അല്ല. പക്ഷേ സുപരിചതമാണ് എന്ന് നമ്മള്‍ സമ്മതിക്കാത്ത ഒരു ലോകത്തിന്റെ മുകളിലെ മൂടുപടമെടുത്ത് മാറ്റി അതിനിടയിലൂടെ ഇറങ്ങി നടക്കുകയാണ് ഈ സിനിമ. അക്ഷരാര്‍ത്ഥത്തില്‍ കാഴ്ചകള്‍ അത്രമേല്‍ സ്വഭാവികമായി സംഭവിക്കുകയാണ്. മാനോടൊപ്പം ചാടി, മീനോടൊപ്പം നീന്തി സഞ്ചരിക്കുന്ന ക്യാമറ. പറവയോടൊപ്പം പറക്കുകയും ചെയ്യുന്നത്. ലിറ്റില്‍ സ്വയമ്പ് എന്ന പുതുമുഖത്തിന്റെ പേര് എഴുതിക്കാണിക്കുമ്പോള്‍ എഴുന്നേറ്റ് നിന്ന് കയ്യടിക്കണം. എഡിറ്റര്‍ പ്രവീണ്‍ പ്രഭാകര്‍ എന്ന് എഴുതിക്കാണിക്കുമ്പോഴും. ഇത്രമേല്‍ സുന്ദരമായി എഡിറ്റ് ചെയ്യപ്പെട്ട സിനിമ അടുത്ത് കണ്ടിട്ടില്ല. പട്ടവും പ്രാവിന്‍ കൂടും കഴുകീട്ടും കഴുകീട്ടും അഴുക്ക് പിടിക്കുന്ന പഴയ വാഷ് ബേസിനും ക്ലാസ് മുറികളും വീടിന്നകവും ക്ലബ്ബും... അജയന്‍ ചാലിശ്ശേരി എന്നൊരു ആര്‍ട് ഡയറക്ടര്‍, ആ ലോകത്തെ ഉടുപ്പിച്ച മസര്‍ ഹംസ, പാട്ടുകൊണ്ട്, പശ്ചാത്തലമായി വരുന്ന ഉഗ്രന്‍ മ്യൂസിക്ക് കൊണ്ട് കോരിത്തരിപ്പിച്ച റെക്‌സ് വിജയന്‍... കയ്യടി കിട്ടണ്ട ആളുകള്‍ ഇനിയുമുണ്ട്. ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ഇച്ചാപ്പിയും അസീബുമായി മാറുന്ന വിരുതന്മാര്‍, ശ്രിന്ദ അടക്കുമുള്ള ചെറുപ്പക്കാരികളും മുതിര്‍ന്നവരുമായ സുന്ദരിമാര്‍... സര്‍വ്വോപരി ദുല്‍ഖര്‍ എന്ന ആക്റ്റര്‍. താരമല്ല, അതിഥിയല്ല. അഭിനേതാവ്.

പാഷന്‍ എന്നതാണ് പറവയിലെ സീനുകള്‍ കമ്പോടുകമ്പെടുത്തു നോക്കുമ്പോള്‍ കാണുന്നത് . ജീവിതത്തില്‍ ആകെ പടരുന്ന വിധത്തില്‍, സര്‍വ്വഞരമ്പുകളേയും ഉന്മത്തമാക്കുന്ന വിധത്തില്‍ സിനിമ എന്ന പാഷന്‍ വഹിക്കുന്ന മനുഷ്യരുടെ ജീവിതത്തില്‍ നിന്ന് സൃഷ്ടിക്കപ്പെടുന്നതാണ് ഇത്. ഇതൊരു സിനിമ നിരൂപണമൊന്നുമല്ല, കണ്ടിട്ടുമതിയാകാത്ത പ്രേക്ഷകന്റെ സന്തോഷമാണ്. സിനിമയുടെ പുറകില്‍ രണ്ട് വര്‍ഷം നടന്ന ഒട്ടുമിക്കവരേയും അവരുടെ പാഷനേയും കണ്ടു നിന്ന സുഹൃത്തിന്റെ സന്തോഷമാണ്. സൗബിനിലെ സംവിധായകനെ കണ്ട് ആഹ്ലാദിക്കുന്ന സുഹൃത്തിന്റെ എഴുത്താണ്. അന്‍വര്‍ റഷീദെന്ന സിനിമാക്കാരന്റെ സൂക്ഷ്മത കാലങ്ങളായി അടുത്തുനിന്ന് കണ്ടാസ്വദിക്കുന്ന ചങ്ങാതിയുടെ സന്തോഷമാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories