TopTop
Begin typing your search above and press return to search.

തിരക്കഥാകൃത്ത് മരിച്ചിട്ടില്ല; പി എഫ് മാത്യൂസ് ഈ.മ.യൗവിലൂടെ തെളിയിക്കുന്നത്

തിരക്കഥാകൃത്ത് മരിച്ചിട്ടില്ല; പി എഫ് മാത്യൂസ് ഈ.മ.യൗവിലൂടെ തെളിയിക്കുന്നത്
യഥാർത്ഥത്തിൽ ഒരു സിനിമയുടെ രചയിതാവ് ആരാണ്? സിനിമയുടെ ചരിത്രത്തോളം തന്നെ പഴക്കമുള്ള ഒരു തർക്കം ആണിത്. Francis Truffaut കഹേദു സിനിമ എന്ന ഫ്രഞ്ച് ചലച്ചിത്ര മാസികയിലൂടെ മുന്നോട്ടുവെച്ച കാഴ്ചപ്പാട് ഡയറക്ടർ മാത്രമാണ് അതിന്റെ രചയിതാവ് എന്നാണ്. Auteur സിദ്ധാന്തം എന്ന പ്രസിദ്ധമായ ഈ വീക്ഷണത്തിന്റെ പ്രയോക്താക്കൾ ആയിരുന്നു ആൽഫ്രഡ് ഹിച്ച്കോക്ക്, ഇംഗ്മർ ബർഗ്മാൻ, വൂഡീ അലൻ തുടങ്ങിയ സംവിധായകർ. ഇവരിൽ പലരും തിരക്കഥാകൃത്തുക്കൾ ആയിരുന്നു അല്ലെങ്കിൽ തങ്ങളുടെ തിരക്കഥാകൃത്തുക്കളോടു സഹകരിച്ചിരുന്നു.

ബഹുഭൂരിപക്ഷം വരുന്ന സിനിമകളിലും അതിന്റെ നിർമാണത്തിൽ സഹകരിക്കുന്ന എല്ലാവരുടെയും കയ്യൊപ്പ് പതിയുന്നുണ്ട്. തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ്, ഛായാഗ്രഹകൻ, കലാസംവിധായകൻ, എഡിറ്റർ, അഭിനേതാക്കൾ, സംഗീതസംവിധായകൻ തുടങ്ങിയവരുടെയെല്ലാം കൂട്ടായ പ്രവർത്തിയാണ് ചലച്ചിത്രത്തിന് രൂപം നൽകുന്നത്. ടീമിന് നേതൃത്വം നൽകുന്നത് സംവിധായകനാണ് എന്നത് ശരിയാണെങ്കിലും ഇവരിൽ ആരെങ്കിലും ഇല്ലാതെ സിനിമ പൂർത്തിയാകുന്നുമില്ല. അപ്പോൾ ഒരു സിനിമയുടെ രചയിതാവ് അതിനു പിന്നിൽ പ്രവർത്തിക്കുന്ന ടീം ആണ് എന്ന് പറയാം. അപ്പോൾ പിന്നെ തിരക്കഥാകൃത്തിന്റെ സ്ഥാനം എവിടെയാണ്?

പി.എഫ് മാത്യൂസ് കഥയും തിരക്കഥയും രചിച്ച ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ എന്ന ചിത്രത്തെ ആസ്പദമാക്കി ഈ ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് പ്രവേശിക്കാം എന്ന് കരുതുന്നു. കൊച്ചിയിലെ ചെല്ലാനo എന്ന കടലോര ഗ്രാമത്തിലെ ലത്തീൻ കത്തോലിക്കരുടെ സാധാരണ ജീവിതത്തിൽ നിന്ന് മരണത്തെക്കുറിച്ചുള്ള ഒരു വിലാപ കാവ്യത്തിന്റെ അസാധാരണ തലത്തിലേക്ക് ഉയരുന്ന പ്രമേയമാണ് ഈ ചിത്രത്തിന്റേത്. അങ്ങേയറ്റം റിയലിസ്റ്റിക് ആയിരിക്കുമ്പോഴും സർറിയലിസ്റ്റിക് ആയ കൽപ്പനകൾ ചേർത്തു വച്ചുകൊണ്ടാണ് പി എഫ് മാത്യൂസ് പ്രമേയ പരിചരണം സാധ്യമാക്കുന്നത്. മരണം സൃഷ്ടിക്കുന്ന ദാർശനിക സമസ്യകൾക്കൊപ്പം സമകാലിക മലയാളിജീവിതത്തിന്റെ അല്പരത്തങ്ങളെ കുറിച്ചുള്ള സറ്റയർ സന്ദർഭങ്ങളും എഴുത്തുകാരൻ അനായാസമായി ഇഴചേർക്കുന്നു.

ഒരു മരണ വീടിന്റെ ദയനീയ ശോക ഭാവങ്ങളുമൊക്കെ എത്രയോ സിനിമകളിൽ നാം കണ്ടിരിക്കുന്നു. എന്നാൽ അവയിൽ നിന്നൊക്കെ ഈ.മ.യൗ വ്യത്യസ്തമാകുന്നത് വാസ്തവത്തിൽ എഴുത്തുകാരന്റെ രചനാകൗശലം കൊണ്ട് തന്നെയാണ്. എത്രയോ ഉദാഹരണങ്ങൾ ഇതിനെ സാധൂകരിക്കുന്നവയായി ഈ ചിത്രത്തിലുണ്ട്. അവയിൽ ചിലത് മാത്രം ഇവിടെ സൂചിപ്പിക്കട്ടെ.

1) ഈ ചിത്രത്തിലെ ഭ്രമ കല്പനകൾ എല്ലാം തന്നെ രചയിതാവിന്റെ സാന്നിധ്യവും മികവും ചൂണ്ടിക്കാണിക്കുന്നു. മരിച്ചവരുടെ ആത്മാക്കളെ സ്വർഗ്ഗ/നരകത്തിലേക്ക് ആനയിക്കുവാൻ എത്തുന്ന രണ്ടു യാനങ്ങളുടെ ദൃശ്യത്തിലാണ് ചിത്രം അവസാനിക്കുന്നത്. പാപ- മരണങ്ങളെ കുറിച്ചുള്ള ഈ ദാർശനിക പ്രസ്താവം എഴുത്തുകാരന്റെ ഭാവനാദീപ്തിയെ വെളിവാക്കുന്നു.

2) കടൽത്തീരത്ത് ഇടിഞ്ഞുപൊളിഞ്ഞ സ്ഥലരാശിയിൽ ഇരുന്ന് ചീട്ടുകളിക്കുന്ന രണ്ടുപേരുടെ അതിസാധാരണ ദൃശ്യം ഭ്രമാകത്മകമാകുന്നത് അവരുടെ സംഭാഷണങ്ങളിലൂടെയാണ്.

3) ജനപ്രതിനിധിയായ അയ്യപ്പൻ എന്ന കഥാപാത്രം സുഹൃത്തിൻറെ പിതാവിന്റെ മരണം സൃഷ്ടിച്ച കഠിനമായ ഞെരുക്കങ്ങളൂടെ വികാര വിക്ഷുബ്ധതകളിൽ കെട്ടഴിഞ്ഞു പോകുന്ന ഒരു രംഗം എഴുത്തുകാരന്റെ പ്രസക്തിയും പ്രാധാന്യവും വിളിച്ചോതുന്നുണ്ട്. പോലീസ് സ്റ്റേഷനിലെ യാത്രയപ്പ് രംഗത്തിലേക്ക് എത്തിപ്പെടുന്ന അയ്യപ്പനോട് രണ്ടുവാക്ക് സംസാരിക്കുവാൻ ആവശ്യപ്പെടുമ്പോൾ വാക്കുകൾ ഇടറി അയ്യപ്പൻ കരഞ്ഞു പോകുന്ന രംഗം എഴുത്തുകാരന്റെ ഭാവനാശേഷിയുടെ നിദർശനമാണ്.

4) ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന എല്ലാ കഥാപാത്രങ്ങളും എഴുത്തുകാരന്‍റെ കഥാപാത്രാവിഷ്ക്കരണപാടവം തെളിയിക്കുന്നു. ദോഷൈകദൃക്കായ ലാസർ, രണ്ടു ഭാര്യമാരുള്ള വാവച്ചൻ മേസ്തിരി, ഡിക്ടറ്റീവ് ആയി മാറുന്ന വികാരിയച്ചൻ, കണ്ണോക്കു പാട്ട് പാടുന്ന മേസ്തിരിയുടെ ഭാര്യ, അപ്പൻ മരിച്ച ദുഃഖത്തിൽ കാമുകനെ ആലിംഗനം ചെയ്യുന്ന ഇളയ മകളെ കാമത്തോടെ തഴുകുന്ന കാമുകൻ, മദ്യപാനിയായ കുഴിവെട്ടുകാരൻ, ചിത്രത്തിലുടനീളം മറഞ്ഞിരിക്കുന്ന ദൈവവും സാത്താനും എല്ലാവരും എഴുത്തുകാരന്റെ തൂലികയിൽ നിന്നും വെള്ളിവെളിച്ചത്തിലേക്ക് എത്തിയവരാണ്. മാത്രമല്ല ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കളുടെ അഭിനയം പലപ്പോഴും മികവുറ്റത് ആയിത്തീരുന്നത് അഭിനയശേഷിയാലല്ല, രചനാശേഷിയാലാണ്.

5) തികച്ചും പ്രാദേശികമായ ഒരു ഭാഷാഭേദം ഉപയോഗിച്ചുകൊണ്ടു് സാഹിത്യ ഭാഷയെ പുറത്തു നിർത്തിക്കൊണ്ട് ദാർശനിക മാനങ്ങളുള്ള ഒരു ചലച്ചിത്ര കൃതി സാക്ഷാത്കരിക്കുക അത്ര എളുപ്പമല്ല. പി.എഫ് മാത്യൂസ് എന്ന സാഹിത്യകാരന്റെ പ്രതിഭ തന്നെയാണ് ഇക്കാര്യത്തിൽ സംവിധായകന്‍റെ സഹായത്തിനെത്തുന്നത്.

അടുത്തിടെ ചില അഭിമുഖങ്ങളിൽ എഴുത്തുകാരന്റെ സ്ഥാനം സിനിമയിൽ വളരെ പിന്നിലാണ് എന്നു പി.എഫ്. മാത്യൂസ് പ്രസ്താവിച്ചിരുന്നു. അത് അദ്ദേഹത്തിൻറെ വിനയം കൊണ്ടാവാം. അദ്ദേഹത്തിൻറെ ആ പ്രസ്താവനയെ ഈ.മ. യൗ തിരുത്തുന്നുണ്ട് എല്ലാ അർത്ഥത്തിലും. പ്രിയപ്പെട്ട മാത്യൂസ് താങ്കളിൽ നിന്ന് മലയാള സിനിമ ഇനിയും ഒട്ടേറെ തിരക്കഥകൾ ആവശ്യപ്പെടുന്നുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories